പൂന്താനത്തിന്റെ ഭക്തി
Sunday 8 December 2019 6:42 am IST
ജ്ഞാനപ്പാനാകര്‍ത്താവായ പൂന്താനം ഒരു പരമഭക്തനായിരുന്നു . കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ ജനിച്ച ഒരു സാധുബ്രാഹ്മണന്‍ . ഗുരുവായൂരപ്പന്റെ എണ്ണിയാലൊടുങ്ങാത്ത ഭക്തരില്‍ ഒരാള്‍. ആ ഭക്തിയിലെ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും ഭഗവാന്‍ തിരിച്ചറിഞ്ഞു . അതിനെ പരമഭക്തിയുടെ/നിഷ്‌കാമഭക്തിയുടെ തലത്തിലേക്ക് ഉയര്‍ത്തുവാന്‍ ഭഗവാന്‍ ഉത്സാഹിച്ചു. നമ്മുടെ ഭക്തി നിഷ്‌കാമ /പരമ തലത്തിലേയ്‌ക്കെത്തിയാലുള്ള അവസ്ഥ എന്താണെന്നറിയാമോ? നമ്മള്‍ അത് അനുഭവിച്ചിട്ടുണ്ടാകും. പക്ഷെ ഭക്തി ഭഗവാനോടായിരുന്നില്ല എന്നുമാത്രം.
കൗമാരത്തില്‍ എതിര്‍ലിംഗകാരോട് സവിശേഷമായൊരു ഇഷ്ടം തോന്നാത്തവര്‍ വളരേ ചുരുക്കമാണല്ലോ. ആ ദിവസങ്ങളില്‍ നമ്മുടെ മാനസികാവസ്ഥ എന്തായിരുന്നു. കാണുന്നതെല്ലാം ആ പ്രേമരൂപം ... കേള്‍ക്കുന്നതെല്ലാം ആ മോഹനനാദം... ചെയ്യുന്നതിലെല്ലാം ആ അദൃശ്യസാന്നിധ്യം... അല്ലേ .. ? നമ്മുടെ അകത്തും പുറത്തും ആ മോഹനചൈതന്യം മാത്രമേയുള്ളൂ. നമ്മുടെ ചിന്തകളും ലോകവും ആ ഒറ്റനക്ഷത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ ഭാസുരമാകുന്നു. ഹാ... എത്ര സുന്ദരമായ ലോകം !! എന്തൊരു ആനന്ദകരമായ നിമിഷങ്ങള്‍ !!. പക്ഷെ ...ഇതെല്ലാം അല്പകാലമേയുള്ളൂ .. കാരണം ഈ സ്‌നേഹം കാമമെന്ന ശത്രുവിന് അടിമപ്പെട്ടതായിരുന്നു. പ്രണയം/ ആരാധന /ഭക്തി ആ കാമത്തിന്റെ അടിമയായിരുന്നു. ഈ പ്രണയം ഉള്ളിന്റെയുള്ളിലെ ശുദ്ധചൈതന്യത്തോടാണെങ്കിലോ? നിത്യമായതും നഷ്ടപ്പെടാത്തതുമായ പ്രണയാവസ്ഥയും അതിലൂടെ കിട്ടുന്ന പരമാനന്ദലഹരിയും എന്നുമെന്നും അനുഭവിക്കാം. അത്തരം പ്രണയമാണ് പരമഭക്തി. അത് ഏതെങ്കിലും രൂപത്തോടോ കലയോടോ ആകാം. അത്തരം പ്രണയം യാതൊന്നിനും അടിമയല്ല . പ്രണയിക്കുന്നവനും പ്രണയിക്കപ്പെടുന്നതും തമ്മിലുള്ള ഒരു ആനന്ദാവസ്ഥയാണ് ഭക്തി . അതെങ്ങനെ എന്നു അല്പജ്ഞാനികളായ നമുക്ക് തോന്നിയേക്കാം. നമ്മുടെ ഉള്ളിലുള്ള അപരിമേയമായ ശക്തിയ്ക്ക് ഇതൊക്കെ സാധ്യമാകും. അതിന് നമ്മുടെ ശത്രുക്കളെ തോല്പിച്ചാല്‍മാത്രം മതിയാകും. എനിക്ക് ആരും ശത്രുക്കളായില്ല.എന്ന് ചിന്തിക്കുകയും പറയുകയും ചെയ്യുന്നവരല്ലേ നമ്മളില്‍ ചിലര്‍ .? അങ്ങനെ ഉറപ്പിച്ചുപറയാന്‍ വരട്ടെ. നമ്മുടെ ജീവിതം ഒരു യുദ്ധമാണ്. ശത്രുക്കളോട് നിരന്തരം പടവെട്ടി തളര്‍ന്നുപോകുന്ന നമ്മളെ നാം അറിയുന്നതേയില്ല.
ജീവിതമെന്ന യുദ്ധഭൂമിയില്‍ ആരാണ് നമ്മുടെ ശത്രുക്കള്‍? സഹജീവികളല്ല . മറ്റുജീവജാലങ്ങളോ പ്രകൃതിയോ ഒന്നുമല്ല. കാമം , ക്രോധം , മോഹം , ലോഭം , മദം , മത്സരം... ഇവരാണ് നമ്മുടെ ശത്രുക്കള്‍ . ഇവര്‍ നമ്മെ കീഴടക്കി അടിമകളാക്കി വച്ചിരിക്കുന്നു. ഇവരുടെ കീഴില്‍ ഇവരുടെ കളിപ്പാവകളായി നമ്മള്‍ അബോധാവസ്ഥയില്‍ പേക്കൂത്തുകളാടികൊണ്ടേയിരിക്കുന്നു. ഇവരില്‍നിന്നും മോചിതരാകുക എന്നത് വളരെ വിഷമകരമായ കാര്യമാണ്.
No comments:
Post a Comment