Thursday, December 05, 2019

ദേവി തത്ത്വം-55

സമാധിയെന്നാൽ എന്താ? ശരീരം, മനസ്സ്, ബുദ്ധി, ഞാനെന്ന വ്യക്തിത്വം എല്ലാം ഇല്ലാതായി ശുദ്ധമായ പ്രജ്ഞാനം ബോധം തെളിഞ്ഞ് പ്രകാശിക്കലാണ്. അങ്ങനെയൊരു അനുഭവം ശ്രീരാമകൃഷ്ണന് കുട്ടിക്കാലത്ത് തന്നെ ഉണ്ടായിരിക്കുന്നു പലവട്ടം. അദ്ദേഹം അത് ബീജ രൂപത്തിൽ ഉൾക്കൊണ്ടാണ് ലോകത്തിൽ വന്നിരിക്കുന്നത്. ബ്രഹ്മാനുഭവത്തിന്റെ ബീജം അദ്ദേഹത്തിന്റെ ഉള്ളിൽ കുട്ടിക്കാലം മുതൽക്കെ കിടക്കുന്നുണ്ട്. എന്നിരുന്നാലും തന്റെ ഉള്ളിലുള്ള അനുഭവത്തിനെ കണ്ടെത്താൻ സമയമെടുക്കും. കാളിയെ ഉപാസിച്ച് ഏകാഗ്രപ്പെട്ട മനസ്സിനെ യോഗ സ്ഥിതിയിൽ നിർത്തുകയും ഒക്കെ ചെയ്തു അദ്ദേഹം. കാളി അദ്ദേഹത്തിന് സർവ്വസ്വമായി തീർന്നു. കാളിയോട് വർത്തമാനം പറയുക. കാളി എന്തെങ്കിലും ചോദിച്ചാൽ ഉത്തരം പറയുമത്രേ. സത്യത്തിൽ ഉത്തരം പറയുന്നത് ഉള്ളിലുള്ള അന്തർയാമിയാണ്.

വിവേകാനന്ദ സ്വാമികൾ പറഞ്ഞിരുന്നു ഞാൻ പലവട്ടം എന്റെ ജീവിതത്തിൽ വിഷമങ്ങൾ വരുമ്പോൾ കരയുകയും പ്രാർത്ഥിക്കുയും ഒക്കെ ചെയ്തു. എനിക്ക് എവിടെ നിന്നെങ്കിലും സഹായം കിട്ടണമെന്ന് യാചിച്ചു. അപ്പോഴൊക്കെ എനിക്ക് സഹായം കിട്ടിയിട്ടുണ്ട്. പുറത്ത് എവിടെ നിന്നുമല്ല എന്റെ ഉള്ളിൽ നിന്ന് തന്നെ. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം നമ്മുടെ ഉള്ളിലുണ്ട്. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അകമേയുണ്ട്. നമ്മൾ ഉപാസിക്കുന്ന ദേവതകൾ ഒക്കെ നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. നമ്മുടെ അന്തർയാമിയെ തന്നെയാണ് ആ ദേവതയായിട്ട് നമ്മൾ കാണുന്നത്. അതിനുള്ള ആദ്യത്തെ പടിയായി ദേവതയെ ആ പ്രത്യേക ഭാവത്തിൽ അഥവാ കാളിയുടെ രൂപത്തിൽ നമ്മൾ കണ്ടു ഉപാസിച്ചു. കാളിയെ പ്രത്യക്ഷത്തിൽ കണ്ടു. ഇങ്ങനെ ഒരു ഘട്ടം കഴിഞ്ഞാൽ അദ്ധ്യാത്മ യാത്രയിൽ അടുത്ത ഘട്ടത്തിലേയ്ക്ക് നമ്മളെ കൂട്ടി കൊണ്ടു പോകാൻ ആള് വരും.

ഗുരുവില്ല എന്ന് പറഞ്ഞ് ആരുടേയും അദ്ധ്യാത്മ സാധനയ്ക്ക് വിഘ്നം വരില്ല. ഒരു ഗുരു നമ്മുടെ സാമർത്ഥ്യം കൊണ്ട് ഉണ്ടാകുന്നതോ  നമ്മളായിട്ട് കണ്ടു പിടിക്കുന്നതോ അല്ല. നമ്മൾ ഏത് പക്വമായ നിലയിൽ നിൽക്കുന്നുവോ അവിടെ നിന്ന് മുന്നോട്ട് കൂട്ടി കൊണ്ട് പോകാനുള്ള ഏർപ്പാടുകളൊക്കെ പ്രകൃതിയിലുണ്ട്. കാരണം പ്രകൃതിയുടെ മുഖ്യ ഉദ്ദേശം തന്നെ ഏതെങ്കിലും ഒരു ജീവൻ പൂർണ്ണമാവുക എന്നതാണ്. പൂർണ്ണമാകാൻ ഒരു ജീവൻ തയ്യാറെടുത്താൽ ആ ജീവനെ വഴി നടത്തി കൊണ്ട് പോകാനുള്ളതെല്ലാം പ്രകൃതി ചെയ്തോളും. ഇതാണ് പ്രകൃതിയുടെ അനുഗ്രഹ ശക്തി എന്ന് പറയുന്നത്. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം. ആ അനുഗ്രഹ ശക്തി അഥവാ സദാശിവ തത്ത്വം ഏതെങ്കിലും രൂപത്തിൽ വന്ന് വഴി കാണിക്കും. ശ്രീരാമ കൃഷ്ണന്റെ ഈ കാളിയുടെ ആരാധന പൂർണ്ണമായ ഘട്ടത്തിൽ ഓരോ ഗുരുക്കൻമാരായിട്ട് വരികയായി. ഈ ഉപാസന പല തരത്തിലുള്ള രോഗങ്ങളും വിഷമങ്ങളും ഉണ്ടാക്കി ശരീരത്തിൽ. അതിനുള്ള പരിഹാരം കാണിച്ച് കൊടുക്കാനും ആളുകൾ മുന്നിൽ വന്നെത്തി. ഭൈരവി ബ്രാഹ്മണി മുന്നിൽ വന്ന് പല തരത്തിലുള്ള ഉപാസനകൾ ചെയ്യിപ്പിച്ചു. അത് കഴിഞ്ഞ് ജഡാ ധാരിയായ ഒരാൾ ഒരു രാമന്റെ വിഗ്രഹവുമായി വന്നു. ആ രാമനെ വച്ച് ഉപാസിക്കാൻ തുടങ്ങി . കുറച്ച് കഴിഞ്ഞ് ഇതൊക്കെ കളഞ്ഞിട്ട് തോത്താപുരിയെന്ന ഒരു നഗ്നനായ അവധൂതൻ അവിടെ വന്നെത്തി. ശ്രീരാമകൃഷ്ണനെ കണ്ടതും അദ്ദേഹത്തിന് മനസ്സിലായി പഴുത്ത് വീഴാറായ പഴമാണെന്ന്. പക്വത വന്ന ശ്രീരാമകൃഷ്ണന് ബ്രഹ്മോപദേശം നൽകാനാണ് തന്നെ ഇങ്ങോട്ട് അയച്ചിരിക്കുന്നതെന്ന് ആ അവധൂതന് മനസ്സിലായി.

Nochurji 🙏🙏
Malini dipu 

No comments:

Post a Comment