Wednesday, December 11, 2019

ഭഗവദ്ദര്‍ശന സായൂജ്യമറിഞ്ഞ പൂന്താനം

Wednesday 11 December 2019 5:05 am IST
വിനയശീലനായ,ശുദ്ധാത്മാവായ,നിര്‍ദ്ധനനായ, പൂന്താനത്തിന്റെ ഭക്തിയെയും  ഭഗവാന്‍  കടഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്  ഗുരുവായൂര്‍ക്ഷേത്രത്തില്‍നിന്നും ഇല്ലത്തേയ്ക്ക് പോകണമെന്നില്ലാതായി .  പത്‌നിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോകാതിരിക്കാനും  തോന്നുന്നില്ല . മനമില്ലാമനസ്സോടെ പൂന്താനം ഇടയ്ക്കിടെ ഇല്ലത്തേയ്ക്ക് പോയിവരാറുണ്ടായിരുന്നു .
എല്ലാ തിങ്കളാഴ്ചയും  ഗുരുവായൂരില്‍ ഭജന നടത്തുന്ന പതിവ് പൂന്താനത്തിനുണ്ടായിരുന്നു. എത്ര അവശതയായാലും അത് മുടക്കാറില്ല. അതുമാത്രമല്ല, പൂന്താനത്തിന്റെ  ഭാണ്ഡക്കെട്ടില്‍  എപ്പോഴും ഒരു കൃഷ്ണവിഗ്രഹം ഉണ്ടാകുമായിരുന്നു. ഗുരുവായൂര്‍ വരാന്‍ പറ്റാത്ത സമയത്ത് അദ്ദേഹം ഈ വേണുഗോപാലവിഗ്രഹത്തെ പുറത്തെടുത്ത് ഗുരുവായൂരപ്പനായി സങ്കല്പിച്ച് പൂജ നടത്തുമായിരുന്നു. അങ്ങനെ  ഉപാസനാമൂര്‍ത്തിയെ ഒരുനിമിഷംപോലും വിട്ടുപിരിയാതെ പൂന്താനം ജീവിച്ചു .
ജരാനരകളും വാര്‍ദ്ധക്യവും നമ്മുടെ ശരീരത്തെ തളര്‍ത്തും. കൃഷ്ണപ്രിയനായ  പൂന്താനത്തിനും അത് ബാധകമായിരുന്നു. അല്ലെങ്കില്‍ത്തന്നെ  ഭഗവാന്‍  ശ്രദ്ധിക്കുന്നത്  ഭക്തന്റെ  ദേഹമല്ലല്ലോ,  ദേഹിയെ  മാത്രമാണല്ലോ .  വാര്‍ദ്ധക്യത്താല്‍ അവശനായ പൂന്താനത്തിന്  യാത്ര ചെയ്യുവാന്‍ പറ്റാതെയായി. തന്റെ കയ്യിലെ കൃഷ്ണവിഗ്രഹം  ആഞ്ഞം മാധവന്‍ നമ്പൂതിരിപ്പാടിന്  പൂന്താനം സമ്മാനമായി നല്‍കി. ഗുരുവായൂരിലുള്ള  സ്വന്തം ഗൃഹത്തില്‍ (നാരായണാലയം) അദ്ദേഹം ആ വിഗ്രഹം കൊണ്ടുവച്ച് ആരാധിച്ചിരുന്നു.
വാര്‍ദ്ധക്യത്തിന്റെ അവശതമൂലം  പൂന്താനം ഇല്ലത്തുതന്നെ ഒതുങ്ങി. പ്രിയപത്‌നിയുടെ  വിയോഗവും  ഗുരുവായൂരില്‍ ചെന്ന്  ഉണ്ണിക്കണ്ണനെ കാണാന്‍ സാധിക്കുന്നില്ലല്ലോ എന്ന ദുഃഖവും  പൂന്താനത്തിന് അസഹനീയമായിരുന്നു. രോഗശയ്യയില്‍ കിടന്ന്  അദ്ദേഹം  ഗുരുവായൂരപ്പനെ  പാദാദികേശമായും  കേശാദിപാദമായും  വര്‍ണിച്ച്  സ്തുതിച്ചു .  ഒരുനാള്‍  ഭഗവാന്‍ പൂന്താനത്തിന് ദര്‍ശനം നല്‍കി പറഞ്ഞു .
'ഇനി എന്നെ കാണാന്‍  ഗുരുവായൂര്‍ക്ക് വരണമെന്നില്ല. പൂന്താനത്തിനെ കാണാന്‍ ഞാന്‍ ഇങ്ങോട്ട് വരും. പൂന്താനത്തിന്റെ ഇടത്തുപുറത്ത്  ഞാനുണ്ടാകും .'
പൂന്താനത്തിനു സന്തോഷമായി. ഇല്ലത്തിന്റെ  ഇടതുഭാഗത്ത്  ഭഗവാന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്തു  പൂന്താനം പണിയിച്ച ക്ഷേത്രമാണ് വാമപുരം (ഇടത്തുപുറം).  ചതുര്‍ബാഹുവായ മഹാവിഷ്ണുവിനെ  അവിടെ  പ്രതിഷ്ഠിച്ചിരിക്കുന്നു  ഈ വാമപുരത്തപ്പനെ പ്രാര്‍ഥിച്ചുകൊണ്ടാണ്  തൊണ്ണൂറാം വയസ്സില്‍ അദ്ദേഹം ' ശ്രീകൃഷ്ണകര്‍ണ്ണാമൃതം' രചിച്ചത്.

No comments:

Post a Comment