Monday, December 23, 2019

സപ്തഭൂമികകൾ

ശുഭേച്ഛ
-----------

ഞാൻ അജ്ഞാനിയായി എത്രകാലമാണ് നഷ്ടപ്പെടുത്തിയത്. ഇത്രകാലമായിട്ടും എൻ്റെ അജ്ഞാനം നശിച്ചില്ലല്ലോ. ഇനിയെങ്കിലും അദ്ധ്യാത്മ ശാസ്ത്ര വാക്യങ്ങളെ ഗ്രഹിച്ച് അനുഷ്ഠിച്ചും സജ്ജനങ്ങളെ ആശ്രയിച്ചും അജ്ഞാന നാശത്തിനും ജ്ഞാനപ്രാപ്തിക്കും വേണ്ടി ഞാൻ ശ്രമിക്കുന്നുണ്ട് ഇപ്രകാരം വൈരാഗ്യ ത്തോടുകൂടി ഉള്ള മോക്ഷേച്ഛയാണ് ശുഭേച്ഛ.

വിചാരണ
----------------

അദ്ധ്യാത്മ ശാസ്ത്രങ്ങളോടും ജ്ഞാനികളായ സജ്ജനങ്ങളോടുമുള്ള സമ്പർക്കവും തീവ്രവൈരാഗ്യവും കുറച്ചുകാലമഭ്യസിക്കുമ്പോൾ സൽകർമങ്ങളെ കൊണ്ടുമാത്രമേ സദ്വാസനകൾ വളരൂ എന്നും സദ്വാസനകൊണ്ടേ ചിത്തശുദ്ധി വന്നു ജ്ഞാനം പ്രകാശിക്കുകയുള്ളൂ എന്നും ബോധ്യം വരും അതു ഹേതുവായിട്ട് സദാചാരനിഷ്ഠമായ ഒരു ജീവിതം നയിക്കാൻ തുടങ്ങും അതാണ് വിചാരണ എന്ന ഭൂമിക

തനുമാനസി
-------------------

ശുഭേച്ഛയും വിചാരണയും ആകുന്ന ആദ്യത്തെ രണ്ട് ഭൂമികകൾ കുറച്ചുകാലം ശ്രദ്ധയോടുകൂടി അഭ്യസിക്കുമ്പോൾ ഇന്ദ്രിയങ്ങളുടെ വിഷയങ്ങളായ ശബ്ദാദികളിലുള്ള (ശബ്ദം,,സ്പർശം,രസം,രൂപം,ഗന്ധം,)താൽപര്യം കുറഞ്ഞു വരാൻ തുടങ്ങും അതാണ് മൂന്നാമത്തെ ഭൂമികയായ തനുമാനസിയുടെ ലക്ഷണം. വിഷയങ്ങളിലുള്ള താൽപര്യമാണ് മനസ്സിനെ പോഷിപ്പിക്കുന്നത് അവയിൽ താല്പര്യം കുറയുന്തോറും മനസ്സും സൂക്ഷ്മമായി തീരും അങ്ങനെ മനസ്സ് സൂക്ഷ്മതയെ പ്രാപിക്കുന്നത് കൊണ്ടാണ് ഈ ഭൂമികക്ക് തനുമാനസി എന്ന പേര് ഉണ്ടാവാൻ കാരണം.

സത്വാപത്തി
-------------------

ആദ്യത്തെ മൂന്ന് ഭൂമികകളും(ശുഭേച്ഛ, വിചാരണ,തനുമാനസി) വീണ്ടും വീണ്ടും അഭ്യസിക്കുന്നത് കൊണ്ട് ചിത്തം വിഷയങ്ങളിൽ നിന്ന് നിവർത്തിക്കുകയും ശുദ്ധമായ ആത്മാവിന്നഭിമുഖമായി തീരുകയും ചെയ്യും. സത്വാപത്തി എന്നാണ് ഈ ഭൂമികക്ക് പേര്.

അസംസക്തി
---------------------

നാല് ഭൂമികകളും ശ്രദ്ധയോടുകൂടി അഭ്യസിക്കുന്നത് കൊണ്ടുണ്ടാകുന്ന വൈരാഗ്യം ഹേതുവായിട്ട് ചിത്തത്തിൽ സത്വഗുണം വളരാനിടയായിത്തീരും.സത്വഗുണം വളരുന്നതോടെ മറ്റ് എല്ലാത്തിനോടുമുള്ള ചേർച്ചയെ വിട്ട് ആത്മാവിൽ ഉറച്ചുനിൽക്കും അഞ്ചാമത്തേതായ ഈ ഭൂമികയുടെ പേര് അസംസക്തി

പദാർത്ഥാഭാവന
-------------------------

അഞ്ച് ഭൂമികകളെ (ശുഭേച്ഛ, വിചാരണ,തനുമാനസി,സത്വാപത്തി,അസംസക്തി)അഭ്യസിക്കുന്ന സാധകൻ ആത്മാവിൽത്തന്നെ ആനന്ദിക്കാൻ തുടങ്ങും.ആത്മാനന്ദം കൂടുതൽ കൂടുതൽ അനുഭവപ്പെടുംതോറും പുറമേയുള്ള പദാർത്ഥങ്ങളേയും മനസ്സിലുള്ള സങ്കല്പങ്ങളെയും വിസ്മരിക്കും. ആത്മാരാമത്വം ദൃഢപ്പെടുന്നതോടെ അകത്തും പുറത്തുമുള്ള ഒന്നിനെയും ഓർമിക്കാതാവും. ആത്മാരാമാനായി സമാധിയിൽമുഴുകിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ വളരെ പ്രയത്നിച്ചാൽ മാത്രമേ സമാധിയിൽ നിന്ന് ഉണർത്താൻ കഴിയൂ. അങ്ങനെ മറ്റുള്ളവരുടെ പ്രേരണകൊണ്ട് മാത്രം ചിലപ്പോൾ ബാഹ്യലോകസ്മരണയുണ്ടായിക്കൊണ്ടും മറ്റുള്ള സമയത്തെല്ലാം ആത്മാരാമനായി സമാധിയിൽ മുഴുകി കൊണ്ടുള്ള അവസ്ഥയെയാണ് പദാർത്ഥഭാവന എന്ന ആറാമത്തെ ഭൂമിക എന്നു പറയുന്നത്.

തുര്യഗ
----------

ആറു ഭൂമികകളിലും വളരെക്കാലം അഭ്യസിക്കുന്ന മുമുക്ഷുവിന് സകല ഭേദഭാവങ്ങളും നീങ്ങും തൻ്റെ വാസ്തവസ്വരൂപമായിതന്നെയുള്ള സ്ഥിതിയാണ് പിന്നെ അനുഭവം. അതിനെയാണ് തുര്യഗ എന്ന ഏഴാമത്തെ ഭൂമികയായി പറയുന്നു. ജാഗ്രത് സ്വപ്ന സുഷുപ്തി ഇവയ്ക്ക് അതീതമായ അവസ്ഥയാണ് ഈ ഭൂമികയിലെ അനുഭവം.

(ജ്ഞാനഭൂമികകൾ)
സ.വേ.സി.സാ.സംഗ്രഹം
സ്വാമി ജ്ഞാനാനന്ദ സരസ്വതി.
Vipinkumar 

No comments:

Post a Comment