Tuesday, December 10, 2019

ജഗദംബികയില്‍നിന്നും ഭിക്ഷയും വാങ്ങി ഭഗവാന്‍

Tuesday 10 December 2019 5:06 am IST
സര്‍വചരാചരങ്ങളുടേയും അന്തര്യാമിയായ ഭഗവാന്‍ പങ്കജാക്ഷന്‍, ചതുര്‍ബാഹുവായി മഞ്ഞപ്പട്ടുടുത്ത് ശംഖചക്രഗദാധരനായി അദിതിദേവിയുടെ മുന്നില്‍ അവതരിച്ചപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു നിന്നു. പിന്നെ നമസ്‌ക്കരിച്ചു. 
അന്തര്യാമിയായതിനാല്‍ ദേവിയുടെ താത്പര്യമെന്തെന്ന് ആ ക്ഷേത്രജ്ഞന്  വ്യക്തമാണ്. പയോവ്രതാനുഷ്ഠാനത്തിന്റെ വരപ്രസാദം കാത്തിരിക്കുകയാണ് അദിതിദേവി. 
' ഉപധാവ പതിം ഭദ്രേ 
പ്രജാപതി മകല്‍മഷം
മാം ച ഭാവയതീ പത്യാ-
വേവം രൂപമവസ്ഥിതം'
ഹേ മംഗളശീലേ, നീ നിന്റെ ഭര്‍ത്താവിനെ, കശ്യപപ്രജാപതിയെ നിഷ്‌കളങ്കമായിത്തന്നെ സേവിച്ചു കൊള്ളൂ. നിന്റെ പതിയായി വന്നിരിക്കുന്നത് ഞാന്‍ തന്നെയെന്ന് മനസ്സിലാക്കി സേവിക്കൂ. കശ്യപപ്രജാപതിയില്‍ ഞാന്‍ സ്വയം സ്വാംശത്താല്‍ അവതരിച്ച് നിന്നിലൂടെ പുത്രഭാവത്തില്‍ വന്ന് നിന്റെ പുത്രന്മാരെ കാത്തു രക്ഷിക്കും. 
കശ്യപപ്രജാപതിയാകട്ടെ സമാധിയോഗത്തിലൂടെ ഭഗവാനുമായി സമധീയിലെത്തി ആ ചൈതന്യത്തില്‍ ആനന്ദത്തില്‍ ലയിച്ചു. ആ ചൈത
ന്യം കശ്യപനിലൂടെ അദിതീ ഗര്‍ഭത്തിലെത്തി. 
'ശ്രോണായാം ശ്രവണദ്വാദശ്യാം 
മുഹൂര്‍ത്തേളഭിജിതിപ്രഭുഃ 
സര്‍വേ നക്ഷത്രതാരാദ്യാ-
ശ്ചക്രു സ്തജ്ജന്മ ദക്ഷിണഃ '
ശ്രാവണമാസ (ചിങ്ങ) ത്തിലെ ശ്രാവണ (തിരുവോണ)  നക്ഷത്രത്തില്‍ അഭിജിത് എന്ന മധ്യാഹ്ന മുഹൂര്‍ത്തത്തില്‍ താരാഗ്രഹങ്ങളെല്ലാം അനുകൂലമായിരിക്കുമ്പോള്‍ ഭഗവാന്‍ വാമനമൂര്‍ത്തി അവതാരം ചെയ്തു. വിജയദ്വാദശി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദിനം തന്നെയാണ് കേരളത്തില്‍ ഓണമായി ആഘോഷിക്കുന്നത്. അവതരിച്ച ഉടന്‍ തന്നെ ശിശു വാമനരൂപത്തിലേക്കെത്തുകയായിരുന്നു. 
തം വടും വാമനം ദൃഷ്ട്വാ മോദമാനാ മഹര്‍ഷയഃ
കര്‍മാണി കാരയാമാസുഃ പുരസ്‌കൃത്യ പ്രജാപതിം
മഹര്‍ഷിമാരുടെ നേതൃത്വത്തില്‍ ആ വാമനമൂര്‍ത്തിക്കുള്ള സംസ്‌ക്കാര കര്‍മങ്ങള്‍  
നിര്‍വഹിച്ചു. ദേവന്‍ തന്നെ ഗായത്രീ മന്ത്രം  ഉപദേശിച്ചു. കശ്യപന്‍ ചരടുകെട്ടുകര്‍മം നടത്തി. ഭൂമീദേവി മാന്‍തോല്‍ നല്‍കി. ശശാങ്കന്‍ യോഗദണ്ഡു നല്‍കി. കൗപീനാദികള്‍ അദിതീദേവിയും കുട ആകാശവും പ്രദാനം ചെയ്തു. 
വിധാതാവു തന്നെയാണ് കമണ്ഡലു നല്‍കിയത്. സപ്തര്‍ഷികള്‍ ദര്‍ഭപ്പുല്ലു കൊടുത്തു. ശ്രീ സരസ്വതീ ദേവി തന്നെ  രുദ്രാക്ഷമാലയും നല്‍കി. യക്ഷരാജനായ വൈശ്രവണന്‍ ഭിക്ഷാപാത്രം നല്‍കിയപ്പോള്‍ ജഗദംബികയായ ഉമാദേവി തന്നെ ആദ്യ ഭിക്ഷ ദാനം ചെയ്തു. ഇത്തരത്തില്‍ ഈ വാമനമൂര്‍ത്തിക്കു വേണ്ടി പ്രകൃതി തന്നെ എല്ലാം നല്‍കുകയായിരുന്നു. 
അവതാരം ചെയ്തപ്പോള്‍  പിന്നെ ഒട്ടും തന്നെ താമസം വരുത്തിയില്ല. മഹാബലിയുടെ യാഗശാലയിലേക്ക് യാത്രയാരംഭിച്ചു. ഓരോ കാല്‍വെപ്പും വളരെ ദൃഢമായിരുന്നു. 
നര്‍മദാ നദീതടത്തിലെ യാഗശാലയിലേക്ക് നടക്കുമ്പോള്‍ ആ മുഖത്തെ മഹത്തായ പ്രകാശമണ്ഡലം കണ്ട ഋത്വിക്കുകള്‍ മറ്റൊരു സൂര്യന്‍ അവതരിച്ചിരിക്കുകയാണോ എന്ന് അതിശയിച്ചു. ആരാണീ നടന്നു വരുന്നത്?  ഇത് ഉദയസൂര്യനാണോ? അതോ അഗ്നിദേവന്‍ തന്നെയോ! അതുമല്ലെങ്കില്‍ സാക്ഷാത് സനത്കുമാര മഹര്‍ഷി തന്നെയാണോ!   ഈ അശ്വമേധയാഗത്തെ പരിശുദ്ധമാക്കാന്‍ സാക്ഷാല്‍ ഭഗവാന്‍ തന്നെ ദിവ്യമായ നിയോഗം നടത്തിയിരിക്കുകയാണെന്ന് നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഭൃഗുക്കളും ശിഷ്യന്മാരും മറ്റു ഋത്വിക്കുകളുമെല്ലാം എഴുന്നേറ്റ് മുന്നോട്ടു ചെന്ന് ആ അതിഥിയെ സ്വാഗതം ചെയ്തു.

No comments:

Post a Comment