Tuesday, December 31, 2019

ശ്രീകൃഷ്ണനെന്ന പരമാത്മബന്ധു.
ശ്രീകൃഷ്ണ ഭഗവാനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമായി കടന്നുവരുന്ന ചിന്തകളും വാക്കുകളും എന്തായിരിക്കുമെന്ന് പറയുക പ്രയാസമാണ്. കാരണം നമ്മുടെ ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും പിടിതരാത്ത ആളാണ് കൃഷ്ണന്‍. അവിടുത്തെ ലീലകള്‍ മധുരമാണ്, മോഹനമാണ്, സുന്ദരമാണ്. മയില്‍പ്പീലിയുടെ മനോഹാരിതയും ഓടല്‍ക്കുഴല്‍ നാദത്തിന്റെ മാധുര്യവും ഹരിചന്ദനത്തിന്റെ ഹൃദ്യതയും, തുളസിയുടെ നൈര്‍മല്യവും കൃഷ്ണന്റെ രൂപത്തില്‍ മാത്രമല്ല ഭാവത്തിലും കര്‍മ്മത്തിലും നിറഞ്ഞു നില്‍ക്കുന്നു
കൃഷ്ണന്റെ അനന്തഭാവങ്ങളെ കുറിച്ച് കവികള്‍ വാഴ്ത്താറുണ്ട്. അതുല്യനായ ധര്‍മ്മരക്ഷകന്‍, സമര്‍ത്ഥനായ രാഷ്ട്രതന്ത്രജ്ഞന്‍, മഹത്തായ ഗീതയുടെ ഉപദേശകന്‍, അജയ്യനായ പോരാളി… എല്ലാം ശരിയാണ്. എന്നാല്‍ ഇവക്കെല്ലാമുപരിയായി കൃഷ്ണന്‍ പ്രേമസ്വരൂപനാണ്. പ്രേമദായകനാണ്. ആ പ്രേമസ്വരൂപന്റെ ആകര്‍ഷണ വലയത്തില്‍ ഗോപികമാരും ഗോപന്‍മാരും മാത്രമല്ല സര്‍വ്വചരാചരങ്ങളും അധീനരായി. യഥാര്‍ത്ഥത്തില്‍ ഭഗവാന്‍ അവതരിക്കുന്നതു തന്നെ ഭക്തര്‍ക്കുവേണ്ടിയാണ്. ഈശ്വരപ്രേമം ജനഹൃദയങ്ങളില്‍ ഉണര്‍ത്താന്‍ വേണ്ടിയാണ്.
സാധാരണയായി ഒരു ശിശു ജനിച്ച ഉടനെ കരയുന്നു. എന്നാല്‍, 5200 ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ കരയുകയല്ലാ, ചിരിക്കുകയാണ് ചെയ്തത്. കാരാഗൃഹത്തില്‍ ജനിച്ച ആ കുട്ടി ജനിച്ച അന്നു തന്നെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ടു. അച്ഛന്‍ വൃന്ദാവനത്തിലേക്ക് അവനെ എടുത്തുകൊണ്ടുപോകുന്ന സമയത്ത് പ്രളയമായിരുന്നു. ഉയര്‍ന്നു പൊങ്ങിയ യമുനാനദി കടക്കവേ വെള്ളത്തില്‍ മുങ്ങാതെ രക്ഷപ്പെട്ടുവെന്നു മാത്രം! ആ കുട്ടിയുടെ ജീവിതത്തില്‍ ഒന്നിനു പുറകെ ഒന്നായി വെല്ലുവിളികള്‍ മാത്രമാണുണ്ടായിരുന്നത്. പക്ഷേ, അതൊന്നും അവന്റെ പുഞ്ചിരി മായ്ച്ചുകളഞ്ഞില്ല. ആ വ്യക്തിത്വം മനസ്സിലാക്കുക ബുദ്ധിമുട്ടായിരുന്നു. അതായിരുന്നു ശ്രീകൃഷ്ണന്‍! ജീവിതം ശരിക്കും ആസ്വദിച്ച അദ്ദേഹം തീര്‍ത്തും അനാസക്തനായിരുന്നു. വിരാഗിയും, യോഗിയും, ബ്രഹ്മചാരിയുമായിരുന്നെങ്കിലും കൃഷ്ണന് നിരവധി സുഹൃത്തുക്കളാണുണ്ടായിരുന്നത്. ഒരു വശത്ത്, അദ്ദേഹം യോഗിയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ യോഗിയായി കണ്ടാല്‍, അദ്ദേഹം പറയും “അല്ല, ഞാന്‍ ദൈവികതയാണ,് പരമാത്മാവാണ് എന്ന.് ദൈവികതയെ പ്രാപിക്കാന്‍ ശ്രമിക്കുകയാണ് യോഗി ചെയ്യുന്നത്. കൃഷ്ണന്‍ പറയുന്നു,ഞാന്‍ ദൈവികതയാണ്, എന്തിനാണ് ഞാന്‍ യോഗ ചെയ്യുന്നത്?
ഭോഗിയായി കരുതിയാല്‍ അദ്ദേഹം പറയും, ഇല്ല, ഞാന്‍ യോഗിയാണ് എന്നാല്‍ യോഗിയായി കരുതിയാലോ? ഞാന്‍ ഈശ്വരനാണ്; സൃഷ്ടിയെ മുഴുവന്‍ ഞാന്‍ ആസ്വദിക്കുന്നു” ഇതൊക്കെക്കൊണ്ടുതന്നെ, മനസ്സിലാക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് കൃഷ്ണന്റേത്. അദ്ദേഹം പരിപൂര്‍ണ്ണതയുട പ്രകാശനമായിരുന്നു; ബോധത്തിന്റെ സമ്പൂര്‍ണ്ണ പ്രകാശനം!
കൃഷ്ണന്‍ കുറ്റമറ്റ ആചാര്യനായിരുന്നു. അദ്ദേഹം സ്വന്തം വിദ്യാര്‍ത്ഥികളോട് പറഞ്ഞു, “അവിടെയുമിവിടെയും നോക്കാതെ എന്നെ മാത്രം ശ്രദ്ധിക്കൂ. ലോകത്തില്‍ ആകര്‍ഷകമായ വസ്തുക്കള്‍ നിലനില്‍ക്കുന്നത് ഞാന്‍ അവിടെയെല്ലാം ഉള്ളതുകൊണ്ടാണ്. ഞാന്‍ ഉള്ളപ്പോള്‍ എന്തിനാണ് അവിടേക്കും ഇവിടേക്കും പോകുന്നത്.ഇങ്ങനെ അദ്ദേഹം സ്വന്തം വിദ്യാര്‍ത്ഥികളുടെ മനം കവര്‍ന്നു.
ഒരിക്കല്‍ ഭഗവാന്‍ കണ്ണാടിയുടെ മുമ്പില്‍ നിന്ന് സ്വയം അലങ്കരിക്കുകയായിരുന്നു. ശിരസ്സില്‍ പലതരത്തിലുള്ള കിരീടങ്ങള്‍ മാറി മാറി അണിഞ്ഞു നോക്കി. മനോഹരങ്ങളായ ആഭരണങ്ങള്‍ ധരിച്ചു. പുറത്ത് തേരുമായി അദ്ദേഹത്തിന്റെ തേരാളി കുറെ നേരമായി കാത്ത് നില്‍ക്കുകയാണ്. സാധാരണ കൃഷ്ണന്‍ വേഗം വരാറുണ്ട്. ഇന്നെന്തു പറ്റി എന്ന് തേരാളി വിചാരിച്ചു. കൗതുകം സഹിക്കാന്‍ വയ്യാതെ എന്തുപറ്റി എന്ന് അന്വേഷിക്കാന്‍ അകത്തേക്കു പോയി. പരിപാടി വല്ലതും മാറ്റിയോ എന്നറിയില്ല. കൃഷ്ണനല്ലേ, എപ്പോള്‍ മാറും എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ! തേരാളി അകത്തു ചെന്നു നോക്കിയപ്പോള്‍ കൃഷ്ണന്‍ കണ്ണാടി നോക്കി സ്വന്തം രൂപം ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്.
അയാള്‍ ഭവ്യതയോടെ ചോദിച്ചു.’ഭഗവാനേ അങ്ങ് എന്തിനാണ് ഇന്ന് ഇത്രയ്ക്കധികം വേഷം അണിയുന്നത്?’ എവിടേയ്ക്കാണ് നമ്മളിന്ന് പോകുന്നത്? ‘ദുര്യോധനനെ കാണാനാണ് ഞാന്‍ പോകുന്നത്’- കൃഷ്ണന്‍ പറഞ്ഞു.
‘ദൂര്യോധനനെ കാണാനാണോ അങ്ങ് ഇത്രയ്ക്കധികം അണിഞ്ഞൊരുങ്ങുന്നത്?’ തേരാളി അത്ഭുതപ്പെട്ടു. ‘ദൂര്യോധനന് എന്റെ ഉള്ളിലേക്ക് നോക്കാന്‍ കഴിയുന്നില്ല, എന്റെ പുറമേയ്ക്കുള്ള സൗന്ദര്യമേ ആസ്വദിക്കാന്‍ കഴിയൂ, അതുകൊണ്ട് എന്റെ വേഷഭൂഷാദികളില്‍ മാത്രമാണ് അയാള്‍ മയങ്ങുക.’
“’അങ്ങ്, ദുര്യോധനന്റെ അടുത്തേയ്ക്ക് പോവുകയാണെന്നോ? തേരാളി പരിഭ്രാന്തിയോടെ ചോദിച്ചു. ‘അങ്ങ് പോവരുത്; അയാള്‍ അങ്ങയുടെ അടുത്തേക്കാണ് വരേണ്ടത്”അങ്ങയുടെ പദവിയും, അയാളുടെ പദവിയും നോക്കൂ. അങ്ങ് ലോകത്തിന്റെ നാഥനാണ്. അയാള്‍ ഇങ്ങോട്ട് വരട്ടെ’
ഭഗവാന്‍ തിരിഞ്ഞ് തേരാളിയെ നോക്കി പുഞ്ചിയോടെ പറഞ്ഞു.“’അന്ധകാരം ഒരിക്കലും പ്രകാശത്തിന്റെ ഉള്ളിലേക്ക് വരില്ല, പകരം, പ്രകാശമാണ് അന്ധകാരത്തിലേക്കാഴ്ന്നിറങ്ങുക!’ ഈ ചെറിയ വാക്കുകള്‍ തേരാളിയെ നിശ്ശബ്ദനാക്കി.
സമാധാന ശ്രമങ്ങള്‍ക്കായി ഭഗവാന്‍ മൂന്നുപ്രാവശ്യം കൗരവസന്നിധിയിലേക്കു പോയിരുന്നു. പക്ഷേ, അദ്ദേഹം അതില്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയാണുണ്ടായത്. ഒരു വശത്ത് ഭഗവാന്‍ വിജയത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാകുമ്പോള്‍ മറുവശത്ത് പരാജയവും സംഭവിക്കുന്നുണ്ട്. എന്നാല്‍ കൃഷ്ണന് വിജയവും പരാജയവും ഒരു പോലെയാണ്. ഈ രണ്ട് അവസ്ഥകളും ഭഗവാന്റെ മനസ്സിനെ ബാധിക്കുന്നതേയില്ല.
ഭഗവാന്‍ തന്റെ ജീവിതത്തിലൂടെ മനുഷ്യര്‍ക്ക് അനേകം ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രധാനം ഇതാണ്: പുഞ്ചിരിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം സ്വജീവിതം നയിക്കുക. നിരാശ, വിഷാദം, കുണ്ഠിതം തുടങ്ങിയ നിഷേധാത്മക ഭാവങ്ങള്‍ക്ക് അടിമപ്പെട്ടു തളര്‍ന്നു പോകാതിരിക്കുക. മറിച്ച്, ഉത്സാഹം, ഉന്മേഷം, ഉല്ലാസം തുടങ്ങിയവയെ ജീവിതദര്‍ശനങ്ങളാക്കുക.

ആന്തരികമായി തികഞ്ഞ സന്ന്യാസി ആയിരുന്നെങ്കിലും ബാഹ്യമായി ഗൃഹസ്ഥനായാണ് അവിടുന്നു ജീവിച്ചത്. ഗൃഹസ്ഥധര്‍മ്മത്തിന്റെ ഭാഗമായി ഭര്‍ത്താവ്, പുത്രന്‍, പിതാവ് തുടങ്ങിയ എല്ലാ വേഷങ്ങളും അവിടുന്ന് അണിഞ്ഞു. തന്റെ ബന്ധുമിത്രാദികളോടെല്ലാം ഒരു ലൗകികനെപ്പോലെത്തന്നെ ബന്ധപ്പെട്ട് ഏവരേയും തൃപ്തരാക്കി. ഒപ്പം ശുകനാരദാദി സര്‍വ്വസംഗപരിത്യാഗികളായ സന്ന്യാസിവര്യന്മാര്‍ക്ക് ആരാധ്യനായ യതിരാജനുമായി.
ഇപ്രകാരം ഭാഗവതത്തിലെ ശ്രീകൃഷ്ണ ചരിതം ജീവിതത്തെ എങ്ങനെ സമഗ്രമായി സമീപിക്കണമെന്ന് വ്യക്തമാക്കുന്നു. ഭഗവാന്‍ ജീവിച്ചു കാണിച്ച ആദര്‍ശം വരച്ചു കാട്ടുന്നു. ഭഗവദ്ഗീതയാകട്ടെ അവിടുത്തെ ഉപദേശങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്നു. സമ്പൂര്‍ണ്ണ ശ്രേയസ്സാഗ്രഹിക്കുന്നവര്‍ക്ക് ഈ രണ്ടു ഗ്രന്ഥങ്ങളുടെയും പഠനവും മനനവും വളരെ ഗുണം ചെയ്യും.
പൂര്‍ണ്ണപുണ്യാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയില്‍ വന്നത് ധര്‍മ്മം സ്ഥാപിക്കാനാണ്. ഇതിനായി അവിടുന്നു ദുഷ്ടനിഗ്രഹവും, ശിഷ്ടരക്ഷണവും ചെയ്തു. ഭഗവാന്റെ ഉപദേശസാരം ഗീതയാണ്. അവിടുത്തെ ജീവചരിത്രം ശ്രീമദ് ഭാഗവതവും.
ഭഗവദ്ഗീത എല്ലാതരത്തിലുമുള്ളവര്‍ക്കും വഴികാട്ടിയാണ്. ശൈവം, വൈഷ്ണവം, ശാക്‌തേയം തുടങ്ങിയ വിവിധ സാധനകള്‍ അനുസരിക്കുന്നവര്‍ക്കും യോഗം, സാംഖ്യം, വേദാന്തം തുടങ്ങിയ ഭിന്നദര്‍ശനങ്ങള്‍ പിന്തുടരുന്നവര്‍ക്കുമൊക്കെ ഗീത വെളിച്ചം പകരുന്നു. ഗീതയുടെ ഭാഷ സംസ്‌കൃതമാണ്. അത്യന്തം സരളമായ സംസ്‌കൃതം . ശൈലി വളരെ സരസവും മധുരവുമാണ്. ഗീതയുടെ പശ്ചാത്തലം ആകര്‍ഷകമാകയാല്‍ ആര്‍ക്കും ഇതില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യം ജനിക്കുന്നു. ശ്രീകൃഷ്ണാര്‍ജ്ജുന സംവാദരൂപത്തിലുള്ള പ്രതിപാദനം, ഗീതാതത്ത്വങ്ങള്‍ എളുപ്പം ശ്രദ്ധിക്കാനും മനസ്സിലാക്കാനും വഴിയൊരുക്കുന്നു. ഗീതാരസം ആസ്വദിക്കുന്തോറും രുചി വര്‍ദ്ധിക്കുകയും ചെയ്യും.
ഭഗവദ് ഗീതയുടെ പ്രതിപാദ്യം സര്‍വ്വധര്‍മ്മസാരമാണ്. ജീവിതത്തില്‍ സമബുദ്ധിയും താളലയവും കൊണ്ടുവരാനുതകുന്നതാണ് ഗീതാദര്‍ശനം. ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിവയെപ്പറ്റിയുള്ള ഗഹനമായ ആശയങ്ങള്‍ ഗീത സുഗമമായ രീതിയില്‍ അവതരിപ്പിക്കുന്നു. തന്റെ മതം- സന്ദേശം-അനുഷ്ഠിക്കുന്ന മനുഷ്യരെല്ലാം സര്‍വ്വ ബന്ധനങ്ങളില്‍ നിന്നും മുക്തരാകുന്നു എന്നു ഗീതയില്‍ത്തന്നെ ഭഗവാന്‍ പറഞ്ഞിട്ടുള്ളത് ഇവിടെ ഉല്ലേഖനീയമാണ്.

യേ മേ മതമിദം നിത്യം
അനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോ ള നസൂയന്തോ
മുച്യന്തേ തേ ള പി കര്‍മ്മഭിഃ.

ആരൊക്കെയാണോ എന്റെ വാക്കുകള്‍ വിശ്വസിച്ച് എന്നില്‍ ദോഷം ദര്‍ശിക്കാതെ എന്റെ ഈ അഭിപ്രായമനുസരിച്ച് നടക്കാന്‍ യത്‌നിക്കുന്നത്, അവര്‍ എല്ലാ കര്‍മ്മ ബന്ധങ്ങളില്‍ നിന്നും മുക്തരായിത്തീരുന്നു.”അവിടുന്ന് തന്റെ വിശ്വരൂപം ദുര്യോധനനും അര്‍ജ്ജുനനും കാട്ടിക്കൊടുത്തു. ദുര്യോധനന്‍ അത് കണ്‍കെട്ടാണെന്ന് പറഞ്ഞു പുച്ഛിച്ചു. അര്‍ജ്ജുനനാകട്ടെ, വിശ്വാസപൂര്‍വ്വം അവിടുത്തെ പാദങ്ങളില്‍ തന്നെത്തന്നെ സമര്‍പ്പിച്ചു. ആ വിശ്വാസവും വിനയവുമാണ് പാണ്ഡവപക്ഷത്തിനു വിജയം നേടിക്കൊടുത്തത്. കൗരവരുടെ ഭാഗത്ത് നിന്നു എത്രമാത്രം അധര്‍മ്മങ്ങള്‍ ഉണ്ടായിട്ടും പാണ്ഡവര്‍ അത്രയും ക്ഷമിക്കുവാന്‍ കാരണം, ഭഗവാന്റെ സാന്നിദ്ധ്യമാണ്.
കൃഷ്ണസങ്കല്പം പോലെ മനസ്സിലാക്കാന്‍ ഒരേ സമയം എളുപ്പവും വിഷമകരവുമായ ഒരു ദൈവ സങ്കല്പം ലോകത്തെ മറ്റൊരു മതത്തിലുമില്ല. എല്ലാ മത- ദൈവ സങ്കല്പങ്ങള്‍ക്കും അതീതനാണ് ശ്രീകൃഷ്ണന്‍. കൃഷ്ണന്റെ സാമാന്യസങ്കല്പത്തിലെ ചിത്രമോ, ശില്പമോ നോക്കുമ്പോള്‍, ബുദ്ധന്റെ ചിത്രം നല്‍കുന്ന ശാന്തതയല്ല അതില്‍. ആയുധധാരിയായി ഒരു കൈകൊണ്ട് അനുഗ്രഹം ചൊരിയുന്ന ദുര്‍ഗയുടെ ഭയഭക്തി തോന്നിക്കുന്ന രൂപവുമല്ല. നാഗാഭരണഭൂഷിതനും ചന്ദ്രകലാജടാധാരിയുമായ ശിവന്റെ രൂപം സൃഷ്ടിക്കുന്ന, ഒരു പിതാവിനൊടെന്നm പോലെ അകല്‍ച്ചയുള്ള ബഹുമാനവും കൃഷ്ണനോടില്ല. ഒരുപക്ഷേ, നമ്മുടെ സ്വന്തമെന്നതോന്നലാവും ശ്രീകൃഷ്ണനെ ഇത്ര സ്വീകാര്യനാക്കിയത്. ജീവിതത്തിലെ എല്ലാ ഘട്ടത്തിലും കൃഷ്ണനെപ്പോലുള്ള ഒരു പുരുഷന്‍ ഒപ്പമുണ്ടാകണമെന്ന് മനസ്സിലെങ്കിലും തോന്നാ ത്ത സ്ത്രീകള്‍ കുറവാകും.
കുസൃതി നിറഞ്ഞ ഉണ്ണിക്കണ്ണനായി തന്റെ കുഞ്ഞിനെ സങ്കല്പിക്കാത്ത ഏത് അമ്മയാണ് ലോകത്തുള്ളത്? ആ പ്രസരിപ്പും പ്രണയവും നിഷ്‌കളങ്കതയും കൗമാരകുതൂഹലങ്ങളും ആരെയാണ് ആകര്‍ഷിക്കാത്തത്?
ഒരുപക്ഷേ, ഇതര ദൈവങ്ങളില്‍ നിന്നു വ്യത്യസ്തമായ പ്രവൃത്തികള്‍ ചെറുപ്പകാലത്ത് ശ്രീകൃഷ്ണന്‍ ചെയ്തിട്ടുണ്ടാകാം. ഗോപികമാരുടെ വസ്ത്രാപഹരണം മുതല്‍ രാധയോടുള്ള ഉജ്ജ്വലപ്രണയംവരെ മറ്റെവിടെയും കാണാനാകില്ല. കുസൃതി നിറഞ്ഞ ഒരു പുഞ്ചിരിയോടെ ഇതൊക്കെ ചെയ്യുന്ന കൃഷ്ണനെ പിന്നീടു നാം പാഞ്ചാലിയുടെ പ്രിയമിത്രമായും കാണുന്നു. അഞ്ചു ഭര്‍ത്താക്കാന്മാരോടു പറയാന്‍ പറ്റാത്തതു പോലും ദ്രൗപദി കൃഷ്ണനോടു പറയുന്നുണ്ട്. വിവാഹത്തിനുശേഷം സഹോദര നിര്‍വിശേഷമായ സൗഹൃദം തേടുന്ന ഏതൊരു സ്ത്രീയുടെയും മാതൃകാ തോഴനാകുന്നു ശ്രീകൃഷ്ണനിവിടെ.
ശ്രീകൃഷ്ണ ഭഗവാന്റെ ഏതെങ്കിലുമൊരു ശില്പമോ, ചിത്രമോ ഒന്നു കൂടി ശ്രദ്ധിക്കുമ്പോള്‍, കൈകളില്‍ ഭയപ്പെടുത്തുന്ന ആയുധങ്ങളില്ല. പകരം സംഗീതം പൊഴിയുന്ന ഓടക്കുഴല്‍. ശിരസ്സില്‍ കിരീടമില്ല. പകരം അനുരാഗം തൂകുന്ന മയില്‍പ്പീലി. മുഖത്ത് വിരക്തി ഭാവമില്ല, വിഷാദവുമില്ല. പകരം കുസൃതി നിറഞ്ഞ ചിരി. ഇതെല്ലാമാണ് നാമറിയാതെ ഈ ദൈവത്തെ ഇഷ്ടപ്പെട്ടു പോകുന്നത്.
ശ്രീകൃഷ്ണന്‍ പ്രണയമാണ.് ഈ പ്രപഞ്ചത്തോടും അതിലുള്ള എല്ലാ ചരാചരങ്ങളോടുമുള്ള നിര്‍മലമായ സ്‌നേഹമാണ് ആ പ്രണയം. ഓരോ നിമിഷവും ജീവിതത്തില്‍ നമുക്കൊപ്പമുള്ള ഇഷ്ടതോഴനായാണ് കൃഷ്ണന്‍ നമ്മെ സ്വാധീനിക്കുന്നത്. കാലങ്ങള്‍ കടന്നും നമുക്കൊപ്പം സഞ്ചരിക്കുന്നത്. മനുഷ്യന് ജീവിത്തോടുള്ള അടങ്ങാത്ത അനുരാഗത്തിന് വഴികാട്ടുന്നത് ഈ ധന്യതയാണ്.

അഷ്ടമിരോഹിണി ആഘോഷങ്ങള്‍

ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യരൂപത്തില്‍ ഭൂമിയില്‍ ഭൂജാതനായത് അഷ്ടമിരോഹിണി നാളിലാണ്. മലയാളികള്‍ മാത്രമേ അഷ്ടമി രോഹിണി എന്നു പറയാറുള്ളൂ.

No comments:

Post a Comment