Monday, December 09, 2019

കര്‍മ്മഫലം

Monday 9 December 2019 5:29 am IST
ഒരു പ്രത്യേക കര്‍മ്മ (കര്‍മ്മവര്‍ഗണാ)ത്തിന്റെ ഫലം ഉണ്ടായി അനുഭവിച്ചു കഴിഞ്ഞാല്‍ അത് ആത്മാവില്‍ നിന്നും വേരോടെ നീക്കം ചെയ്യപ്പെടുന്നു. ഈ പ്രക്രിയക്ക് നിര്‍ജരാ എന്നു പറയുന്നു. പുതിയ കര്‍മ്മം ഒന്നും ഉണ്ടായില്ലെങ്കില്‍ നിലവിലുള്ള മറ്റു കര്‍മ്മങ്ങളുടെയും ക്രമത്തിലുള്ള നിവാരണത്താല്‍ ആത്മാവ് കര്‍മ്മദ്രവ്യത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാകുമായിരുന്നു. പക്ഷേ അനുഭവത്തില്‍ ചില കര്‍മ്മദ്രവ്യങ്ങള്‍ ഇപ്രകാരം നീക്കം ചെയ്യപ്പെട്ടാലും മറ്റു കര്‍മ്മദ്രവ്യങ്ങള്‍ തുടര്‍ച്ചയായി ആത്മാവിലേക്ക് ഒഴുകി എത്തുന്നതു മൂലം അതായത് കര്‍മ്മദ്രവ്യങ്ങളുടെ ഈ നീക്കം ചെയ്യലും ഒട്ടിച്ചേരലും സമകാലികമായി തുടരുന്നതു മൂലം ജീവാത്മാവ് ജന്മമരണങ്ങളാകുന്ന ഭൗതികചക്രത്തില്‍ ചുറ്റിത്തിരിയാന്‍ നിര്‍ബന്ധിതമാകുന്നു. 
ഓരോ വ്യക്തിയുടേയും മരണശേഷം, അല്‍പ്പസമയത്തിനുള്ളില്‍ ആ വ്യക്തിയുടെ ആത്മാവ് കാര്‍മ്മണശരീരത്തോടൊപ്പം പുതിയ സ്ഥലത്ത് എത്തുകയും പുതിയശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ആ പുതിയ ശരീരത്തിന്റെ വലുപ്പചെറുപ്പമനുസരിച്ച് ആ ആത്മാവ് മുകളില്‍ പറഞ്ഞതുപോലെ തന്റെ വലുപ്പത്തെ ക്രമീകരിക്കുകയും ചെയ്യുന്നു. സാധാരണമായി കര്‍മ്മഫലം ഉണ്ടായി അനുഭവിക്കുന്ന അവസ്ഥക്ക്് ഔദയികം എന്നു പറയുന്നു. ശരിയായ പരിശ്രമത്തിലൂടെ കര്‍മ്മഫലം രൂപപ്പെടുന്നത് തടയാന്‍ കഴിയും. അപ്പോഴും കര്‍മ്മം നിലനില്‍ക്കുന്നുണ്ടാകും. ഈ അവസ്ഥക്ക് ഔപശമികം എന്നു പറയുന്നു. കര്‍മ്മഫലം മാത്രമല്ല കര്‍മ്മവും നശിപ്പിക്കപ്പെടുന്ന അവസ്ഥക്ക് ക്ഷായികം എന്നാണു പേര്. ഈ അവസ്ഥയില്‍ നിന്നാണ് മോക്ഷം ലഭിക്കുന്നത്. നല്ലവരായ ചില മനുഷ്യരുടെ ചില കര്‍മ്മങ്ങള്‍ നശിച്ചു കാണും, ചില കര്‍മ്മങ്ങള്‍ നിര്‍വീര്യമാക്കപ്പെട്ടിരിക്കും. പക്ഷേ ചിലത് ജാഗ്രത്തായിരിക്കും. ഈ നാലാമത്തെ അവസ്ഥക്ക് ക്ഷായോപശമികം എന്നു പറയുന്നു.
കര്‍മ്മ,  സ്രവ, നിര്‍ജരാദികള്‍ ദേവന്മാര്‍, മനുഷ്യര്‍, മൃഗങ്ങള്‍, പ്രാണികള്‍ എന്നിങ്ങനെയുള്ള പല തരം യോനികളിലുള്ള ജന്മ, പുനര്‍ജന്മങ്ങളിലൂടെ ഈ പ്രപഞ്ചപ്രക്രിയയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ക്കുനാം നിര്‍ബന്ധിതമാകുന്നത് കര്‍മ്മം കാരണം ആണ് എന്നുനാം കണ്ടു. ഈ കര്‍മ്മങ്ങളാകട്ടെ അതിസൂക്ഷ്മങ്ങളായ ദ്രവ്യകണികകള്‍ ആണ്. ഈ കര്‍മ്മകണികകളുടെ ആത്മാവിലേക്കുള്ള സംക്രമണത്തെ ആണ് ആസ്രവം എന്ന് ഈ ദര്‍ശനത്തില്‍ പറയുന്നത്. ശരീരം, മനസ്സ്, വാക്ക് എന്നീ മൂന്നിലൂടെ ആണ് കര്‍മ്മം ഉണ്ടാകുന്നത്. ഒരു തടാകത്തിലേക്ക് വെള്ളം ഒഴുകി എത്തുന്ന ചാലുകള്‍ പോലെ കര്‍മ്മം ആത്മാവിലേക്ക് ഒഴുകി എത്തുന്ന ചാലുകളാണ് ഈആസ്രവങ്ങള്‍. ഈ ചാലുകളും കര്‍മ്മവും രണ്ടും രണ്ടാണ്. ആസ്രവം ഭാവാസ്രവം എന്നും കര്‍മ്മാസ്രവം എന്നും രണ്ടു തരത്തിലുണ്ട്. കര്‍മ്മകണികകള്‍ ആത്മാവിലെത്താന്‍ ഇടയാക്കുന്ന ബുദ്ധിവ്യാപാര (ചിന്തകള്‍)ങ്ങള്‍ ആണ് ആദ്യത്തേത്.കര്‍മ്മാസ്രവങ്ങളാകട്ടെ ആത്മാവില്‍ കര്‍മ്മകണികകളുടെ യഥാര്‍ത്ഥപ്രവേശനം തന്നെ ആണ്. 

No comments:

Post a Comment