Friday, December 27, 2019

സ്വധര്‍മം ത്യജിക്കരുത്

Friday 27 December 2019 7:50 am IST
ശ്രദ്ധാത്രയവിഭാഗയോഗം
ഓരോ വ്യക്തിയും അവനുമായി ബന്ധപ്പെട്ട വികാര വിചാരങ്ങളും കര്‍മങ്ങളും എപ്രകാരമുള്ളതായിരിക്കണമെന്നും ശാസ്ത്രവിധി പ്രകാരം ഓരോ വ്യക്തിക്കുമുണ്ടായിരിക്കേണ്ട നിഷ്ഠ എന്തായിരിക്കണമെന്നും അര്‍ജുനന്‍ ചോദിച്ച ചോദ്യത്തിന് കൃഷ്ണന്‍ മറുപടി പറയുന്നു. 
പല വ്യക്തികളുടേയും ശ്രദ്ധ സാത്വികമായും രാജസികമായും താമസികമായും മൂന്നു വിധത്തിലുണ്ട്. അതുപോലെ ഭക്തിയും, തപസ്സും, ആഹാരവും, യജ്ഞവും, വാക്കുകളും, മനസ്സും, ദാനവും... എല്ലാം സാത്വികമായിട്ടുള്ളതുണ്ട്. രാജസികവും താമസികവുമായിട്ടുള്ളതുമുണ്ട്. ഈ മൂന്നു വിധത്തില്‍ പെടുന്നവരില്‍ ഓരോരുത്തര്‍ക്കും അതിന്റേതായ പ്രത്യേകതകളും ഗുണദോഷഫലങ്ങളും പരിണതഫലങ്ങളും ശ്രീകൃഷ്ണന്‍ വിവരിക്കുന്നുണ്ട്. ഇവയിലോരോന്നും ജീവിതത്തില്‍ വിവരിക്കുമ്പോഴുണ്ടാകുന്ന നന്മതിന്മകളും വിവരണങ്ങളില്‍ പെടുന്നു. (ഇതില്‍ നമുക്ക് കൂടുതല്‍ സാത്വിക നന്മകളുണ്ടായിരിക്കണം. കുറച്ച് രാജസികതയും അല്‍പം മാത്രം താമസികതയും ഉണ്ടായിരിക്കണം. 
മോക്ഷ സംന്യാസയോഗം
സംന്യാസമെന്നാല്‍ എന്താണെന്നറിഞ്ഞാല്‍ കൊള്ളാമെന്ന അര്‍ജുനന്റെ അഭ്യര്‍ഥനയനുസരിച്ച് കൃഷ്ണന്‍ സംന്യാസത്തെക്കുറിച്ച് വിവരിക്കുന്നു. സംന്യാസത്തെ രണ്ടു വിധത്തില്‍ നിര്‍വചിക്കുന്നവരുണ്ട്. എല്ലാ കര്‍മങ്ങളും ഉപേക്ഷിക്കുകയോ അഥവാ കര്‍മം നിരന്തരം ചെയ്ത് കര്‍മഫലങ്ങള്‍ ത്യജിക്കുകയോ ചെയ്യുന്നത് സംന്യാസമത്രേ. അങ്ങനെ രണ്ടു പക്ഷമുണ്ടാകാന്‍ അതിന്റേതായ കാരണമുണ്ട്. എന്നാല്‍ യഥാര്‍ഥ സംന്യാസവും ത്യാഗവും വ്യക്തമായിട്ടറിയേണ്ടതാണ്. ഏതു തരം കര്‍മത്യാഗവും കര്‍മഫലത്യാഗവും തന്നെ ബന്ധനമില്ലാതെ ചെയ്യണം. സ്വധര്‍മം ഒരിക്കലും ത്യജിക്കരുത്. ത്യജിക്കുന്നത് ആലസ്യം കൊണ്ടോ സ്വാര്‍ഥതകൊണ്ടോ ആകരുത്. കര്‍മം ത്യജിക്കുന്നതിനേക്കാള്‍ സംന്യാസിക്ക് കര്‍മഫലം ത്യജിക്കലാണ് ഉത്തമം.   

No comments:

Post a Comment