Tuesday, December 31, 2019

വേണുവൂതി പശുക്കളെ മേച്ചുനടക്കുന്ന കൃഷ്ണസങ്കല്‍പ്പം. വൃന്ദാവനത്തിന്റെ വശ്യസൗന്ദര്യം പശ്ചാത്തലം. ഗോകുലബാലന്മാര്‍ക്കും ഗോപികമാര്‍ക്കുമൊപ്പം ആടിത്തിമിര്‍ത്ത ഭഗവദ്‌ലീല. ഒരോടക്കുഴലും ഒരു മയില്‍പ്പീലിത്തുണ്ടും മതി എല്ലാ പ്രണയഭക്തിഭാവങ്ങളെയും മുഗ്ധമാക്കാന്‍.  പ്രണവമാകുന്ന ഓംകാരമാണ് ഭഗവാന്റെ ഓടക്കുഴല്‍ നാദം. പശുക്കളെ മേയ്ക്കുമ്പോഴാണ് കൃഷ്ണന്‍ ഓടക്കുഴല്‍ ഊതിയിരുന്നത്. അത് കേട്ട് അവ കൂടുതല്‍ പാല്‍ ചുരത്തുമെന്നാണ് കഥ. ആ വേണുനാദം ശ്രവിച്ചായിരുന്നു പശുക്കള്‍ എല്ലാ കര്‍മങ്ങളും അനുഷ്ഠിച്ചിരുന്നത് . അവയെപ്പോഴും  ഭഗവാന്റെ സംരക്ഷണ വലയത്തിലായിരുന്നു. അതിന്റെ പരിധിവിട്ട് മേയാന്‍ പോയ പശുക്കളൊന്നും തിരിച്ചെത്താനാവാതെ ഒറ്റയ്ക്കായി പോകുന്ന അവസ്ഥയിലെത്തും. ശ്രവണമധുരനാദം പൊഴിക്കുന്ന കേവല സംഗീതോപകരണമായിരുന്നില്ല ഭഗവാന്റെ ഓടക്കുഴല്‍. നവദ്വാരങ്ങളുള്ള ഓടക്കുഴല്‍ നവ ദ്വാരങ്ങളുള്ള മനുഷ്യശരീരത്തിന്റെ പ്രതീകമാണ്. അതിനുള്ളില്‍ ആത്മാവായി ഭഗവാന്‍ കുടികൊള്ളുന്നു. പുണ്യാത്മാക്കളായ മനുഷ്യര്‍, ഓടക്കുഴല്‍നാദത്തിന്റെ പരിധിക്കുള്ളില്‍ മേയുന്ന പശുക്കളെപോലെ ഭഗവാന്റെ രക്ഷാവലയത്തിനകത്തായിരിക്കും. അത് ഭേദിച്ചു പോകുന്നവര്‍ ചിലപ്പോള്‍ എത്രയോ ജന്മങ്ങള്‍ ലക്ഷ്യമില്ലാതെ അലയേണ്ടി വരും.
കര്‍മങ്ങള്‍ എന്തുതന്നെ അനുഷ്ഠിക്കുമ്പോഴും ആത്മാവിനുള്ളില്‍ നിറയുന്ന ആ പ്രണവനാദത്തെ സദാ സ്മരിക്കുക. കൈവിടില്ല കണ്ണന്‍.
uma

No comments:

Post a Comment