Monday, December 09, 2019

സംപുഷ്ടം സംസ്‌കൃതം

Monday 9 December 2019 5:20 am IST

അതിപ്രാചീന ഭാഷകളില്‍ ഒന്നാമതാണ് ദേവഭാഷയെന്ന് സ്തുതിക്കപ്പെടുന്ന സംസ്‌കൃതം. അത് നമ്മുടെ സംസ്‌ക്കാരത്തിന്റെ കലവറയും സംഗീതവുമാകുന്നു. സംസ്‌കൃതത്തിന്റെ ദേവഭാഷാ വിശേഷണം പലപ്പോഴും തെറ്റായി വ്യഖ്യാനിക്കപ്പെടാറുണ്ട്. അണിമ, ഗരിമ, ലഘിമ തുടങ്ങിയ അഷ്ടസിദ്ധൈശ്വര്യങ്ങളോടു കൂടിയ ഭാഷ എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. സംസ്‌കൃതപഠനത്തിന്റെ പ്രസക്തിയെക്കുറിച്ച് പറയുമ്പോള്‍ ഈ ഭാഷയുടെ ദേശീയോദ്ഗ്രഥന ശക്തിവിശേഷം തന്നെയാണ് പരമപ്രധാനം. ഭാരതത്തിന്റെ പാരമ്പര്യവും പൗരാണികതയും തൊട്ടറിയാന്‍ സംസ്‌കൃത പഠനം അനിവാര്യമാണ്. ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങി ആധ്യാത്മിക ചിന്താപദ്ധതികള്‍ ചരിത്രാതീത കാലം മുതല്‍ക്കേ വളര്‍ന്നു പുഷ്ടിപ്പെട്ടതു കൊണ്ടാണ് ഭാരതീയ സംസ്‌ക്കാരത്തിന് ഇത്രയും മഹത്വമുണ്ടായത്. ജ്ഞാനതപോനിഷ്ഠരായ  ഋഷിമാര്‍ അന്തര്‍ദൃഷ്ടിയാല്‍ മനനം ചെയ്ത പ്രപഞ്ചരഹസ്യങ്ങള്‍.  വേദോപനിഷത്തുകളിലൂടെ അവര്‍ അവയത്രയും വെളിപ്പെടുത്തി. കാലപ്രവാഹത്തെ അതിജീവിച്ച് സാമൂഹിക ജീവിതത്തിന്റെ സമരണികളിലും അടിയൊഴുക്കുകളായി നിലനിന്നു. മഹത്തായ ഈ പാരമ്പര്യത്തിന്റെ അവബോധം നമ്മെ ദേശസ്‌നേഹികളും ദേശാഭിമാനികളുമാക്കിത്തീര്‍ത്തു. ഇത് സംസ്‌കൃതപഠനത്തിന്റെ പ്രാധാന്യത്തെ ഓര്‍മപ്പെടുത്തുന്നു. 
സാഹിത്യസമ്പത്ത് 
സംസ്‌കൃതത്തിന്റെ സാഹിത്യ സമ്പത്ത് മഹത്തരമാണ്. വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും ഇതിഹാസങ്ങളും കാവ്യങ്ങളും ഈ മഹത്തായ ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ധര്‍മശാസ്ത്രം, അര്‍ഥശാസ്ത്രം തുടങ്ങിയവും സംസ്‌കൃതത്തിന്റെ സംഭാവനയാണ്. ലക്ഷത്തിലധികം ശ്ലോകങ്ങളുള്ള മഹാഭാരതം വിശ്വസാഹിത്യത്തിലെ തന്നെ മഹനീയ ഗ്രന്ഥമാണ്. യാതൊന്ന് ഇതിലുണ്ടോ അത് എല്ലായിടത്തുമുണ്ട്.  യാതൊന്ന് ഇതിലില്ലയോ അത് ഒരിടത്തുമില്ല എന്ന് മഹാഭാരത കര്‍ത്താവായ വ്യാസന്‍ തന്നെ പ്രസ്താവിച്ചിരിക്കുന്നു. ആദികാവ്യമായ രാമായണവും സംസ്‌കൃതത്തിലാണ് പിറവിയെടുത്തത്. കാളിദാസകൃതികളും ഈ ഗണത്തില്‍ ചേര്‍ത്തു വെയ്ക്കാം. സ്വര്‍ഗത്തെയും ഭൂമിയെയും കൂട്ടിയിണക്കിയ മഹാനായ കവി എന്നാണ് വിശ്വമഹാകവിയായ 'ഗോയ്‌ഥേ' കാളിദാസനെ വിശേഷിപ്പിച്ചത്. നമ്മുടെ സാഹിത്യ ബോധത്തെ കാളിദാസ കൃതികള്‍ പോലെ ഇത്രമാത്രം അഗാധമായും വ്യാപകമായും സ്വാധീനിച്ച രചനകള്‍ വിരളമാണ്. ഈ സാഹിത്യ  സുധാപ്രവാഹത്തിന്റെ തീരത്താണ് കാളിദാസനു ശേഷം വന്ന മുഴുവന്‍ ശ്രേഷ്ഠ കവികളും തങ്ങളുടെ മഹാസൗധങ്ങള്‍ പടുത്തുയര്‍ത്തിയത്. 
ധര്‍മസൂചികകള്‍ 
ഉപനിഷത്തുകളും പുരാണേതിഹാസങ്ങളും മിത്രങ്ങളെപ്പോലെ നമുക്ക് ധര്‍മത്തെയും ഹിതത്തെയും ഉപദേശിച്ചു തരുന്നു. സമുദായ ക്രമം പുലര്‍ത്തുന്നത് ധര്‍മമാണ്. ഇതു തന്നെയാണ് നീതി നിലനിര്‍ത്തുന്നത്. ക്ഷാത്രശക്തിയെ അഥവാ രാഷ്ട്രീയ ശക്തിയെ നിയന്ത്രിക്കുന്ന പരമശക്തി ധാര്‍മിക നിയമമാണ്. ഈ നിയമം പൂര്‍ണമായി അനുസരിക്കപ്പെടുമ്പോള്‍ വസുധൈവകുടുംബകം എന്ന ബോധം തെളിയുന്നു. പരോപകാരഃ പുണ്യായ, പാപായ പരപീഡനം എന്ന സത്യമാണ് പുരാണ കര്‍ത്താവായ വ്യാസന്‍ തന്റെ പതിനെട്ടു പുരാണങ്ങളിലും ഉദ്‌ഘോഷിക്കുന്നത് നമ്മുടെ സ്വഭാവ രൂപീകരണത്തില്‍ ഈ ഉത്കൃഷ്ട സൃഷ്ടികള്‍ക്കുള്ള പങ്ക് വിവരണാതീതമാണ്.
വിനയേനാന്വിതാ വിദ്യാസതാം സമ്മാനമര്‍ഹതി-വിനയത്തോടുകൂടിയ വിദ്യ സജ്ജനങ്ങളുടെ ആദരവിന് പാത്രമാകുന്നു എന്നൊരു ചൊല്ലുണ്ട്. വിനയമില്ലാത്ത വിദ്യകൊണ്ട് എന്ത് പ്രയോജനം ? നമുക്ക് വിനയവും വിവേകവുമുള്ള ഉന്നത ബൗദ്ധിക നിലവാരം പുലര്‍ത്തുന്ന ഒരു തലമുറയാണ് ആവശ്യം. ഇത് സാധ്യമാക്കുന്നതിനുള്ള പങ്ക് ബോധ്യപ്പെടുത്താന്‍ ആയിരം നാവുള്ള അനന്തന്‍ വേണമെന്നില്ല. 
സാഹിത്യധര്‍മ്മം
സാഹിത്യത്തിന്റെ ധര്‍മ്മം സഹൃദയ ഹൃദയാഹ്ലാദകത്വം മാത്രമല്ല സമൂഹത്തില്‍ മാറ്റം വരുത്താനുള്ള ഉപാധി കൂടിയാണ് സാഹിത്യമെന്ന് വൈദിക സാഹിത്യം മുതല്‍ ലൗകിക സാഹിത്യം വരെ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. മാക്‌സ്മുള്ളര്‍ വേദത്തെ ആദ്യമനുചന്റെ ആദ്യ ഭാഷണം എന്ന് നിര്‍വ്വഹിച്ചിട്ടുണ്ട്. ഇന്തോ-യൂറോപ്യന്‍ വംശത്തിന്റെ ഏത് ഉപശാഖയെടുത്താലും ഏറ്റവും പഴക്കമേറിയ സാഹിത്യം വേദം തന്നെയാണ്. വേദങ്ങളില്‍, വിശിഷ്യ ഉപനിഷത്തുക്കളില്‍ കാണുന്ന മഹത്തായ ഉള്‍ക്കാഴ്ച സാമൂഹിക നിയന്ത്രണത്തിന്റെ പാരമ്പര്യങ്ങളായി വികസിച്ചു. (തുടരും)

No comments:

Post a Comment