Monday, December 09, 2019

വിനായകന്‍ സകലരുടെയും നായകന്‍

Saturday 7 December 2019 5:34 am IST
ശിവനെ പരിചരിക്കുന്ന ഭൂതഗണങ്ങളെ നയിക്കാന്‍ അവരുടെ നായകനായി ഒരു ദേവനെ തെരഞ്ഞെടുക്കാന്‍ ഒരവസരത്തില്‍ ദേവന്മാരുടെ ഇടയില്‍ ഒരു മത്സരപരീക്ഷണം ഏര്‍പ്പെടുത്തുകയുണ്ടായി. ഭൂലോകത്തെ ഒരു തവണ വലം വെച്ച് ആരാണോ ശിവന്റെയരികില്‍ ആദ്യം തിരിച്ചെത്തുന്നത് ആ ദേവനായിരിക്കും വിജയി. എല്ലാ ദേവന്മാരും ഉത്സാഹത്തോടെ അവനവന്റെ വാഹനത്തില്‍ കയറി യാത്രയായി. ശിവപുത്രനായ ഗണപതിയും മത്സരത്തില്‍ പങ്കുകൊള്ളാനുള്ള ഉത്സാഹത്തോടെ പുറപ്പെട്ടു. പക്ഷേ ഒരു കാര്യം. അദ്ദേഹത്തിന്റെ തല ആനത്തലയോളം വലിപ്പമുള്ളതാണ്. വാഹനമോ വെറുമൊരു മൂഷികന്‍. അതിനാല്‍ യാത്രയില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം പിന്നിലായിപ്പോയി. അധികദൂരം പോകുന്നതിനു മുമ്പുതന്നെ നാരദന്‍ അടുത്തെത്തി. 'എങ്ങോട്ടെയ്ക്കാണ് യാത്ര?'  എന്നു തിരക്കി. ഗണപതിക്കു വല്ലാതെ ദേഷ്യം തോന്നി. കാരണമുണ്ട്. ശകുനം ചീത്തയാണ്; രണ്ട് വിധത്തില്‍. ഒന്നാമത് ഒറ്റപ്പെട്ടവര്‍. ബ്രഹ്മപുത്രനാണല്ലോ നാരദര്‍. അതിനാല്‍ ഒറ്റ ബ്രാഹ്മണനാണ് എതിരെ വന്നത്. പിന്നെ ഒരു യാത്ര തിരിക്കുമ്പോള്‍ എങ്ങോട്ടേയ്ക്കാണ് എന്നു ചോദിക്കുന്നത് ശുഭസൂചകമല്ല. അതാണ് നാരദര്‍ ചോദിച്ച ചോദ്യം. എന്നിരുന്നാലും ഗണപതിയുടെ ദേഷ്യം ശമിപ്പിക്കാന്‍ നാരദര്‍ക്കു കഴിഞ്ഞു. അദ്ദേഹത്തില്‍ നിന്ന് യാത്രോദ്ദേശ്യവും തന്റെ ക്ലേശകാരണവും മനസ്സിലാക്കിയ നാരദന്‍ ഗണപതിയോടു പറഞ്ഞു 'രാമ'എന്ന മൂലമന്ത്രത്തില്‍ നിന്നാണ് ഈ വിശ്വം തന്നെ ഉത്ഭവിച്ചത്. ആ 'രാമ'എന്ന മന്ത്രം തറയിലെഴുതിയിട്ട് അങ്ങ് അത് ഒരു തവണ പ്രദക്ഷിണം വെച്ച ശേഷം ശിവസന്നിധിയിലേക്ക് വേഗം എത്തുക. താന്‍ ആദ്യം മടങ്ങിയെത്തി മത്സരപരീക്ഷയില്‍ ഒന്നാമനായി വിജയിച്ചിരിക്കുന്നതിനാല്‍ സമ്മാനാര്‍ഹനാണ് എന്നറിയിക്കുക'  എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. ഗണപതി അതു പ്രകാരം ചെയ്തു താത സന്നിധിയില്‍ എത്തി. 'ഇത്രവേഗം മടങ്ങിയെത്തിയത് ഏതു വിധത്തില്‍' എന്നു ചോദിച്ചപ്പോള്‍ നാരദന്റെ ഉപദേശ പ്രകാരം താന്‍ എന്തു ചെയ്തു എന്ന വസ്തുത അറിയിച്ചു. നാരദന്റെ ഉപദേശം വളരെ നല്ലതു തന്നെ എന്നു പറഞ്ഞ് ശിവന്‍ തന്റെ മകനെ ഗണപതി( ഗണങ്ങളുടെ അധിപന്‍)യായും വിനായകന്‍ (എല്ലാപേരുടേയും നായകന്‍) ആയും വാഴിച്ചു. 
(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)  
സമ്പാ:  എം. എസ്. സംഗമേശ്വരന്‍ 

No comments:

Post a Comment