Friday, January 31, 2020

കര്‍മങ്ങള്‍ കാമനപ്രേരിതങ്ങളാകരുത്

Thursday 30 January 2020 4:30 am IST
ശ്ലോകം 68

ശൃണുഷ്വാവഹിതോ വിദ്വന്‍
യന്മയാ സമുദീര്യതേ
തദേതത് ശ്രവണാത്  സദ്യോ
ഭവ ബന്ധാത്  വിമോക്ഷ്യതേ
വിദ്വാനായവനെ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക. അത് കേട്ടാല്‍ സംസാര ബന്ധനത്തില്‍ നിന്ന് മുക്തനാവും. ഗുരുവിന്റെ ഉപദേശത്തെ ശ്രദ്ധയോടെ കേട്ട് അതിന്റെ ലക്ഷാര്‍ത്ഥത്തെ വിചാരം ചെയ്താല്‍ ജന്മസാഫല്യം നേടാമെന്ന് ശിഷ്യന് ഉറപ്പ് നല്‍കുന്നു. വെറുതേ കേട്ടതുകൊണ്ട് മാത്രം മുക്തി കിട്ടുമോ? 
അത്യുത്തമ അധികാരികളെ സംബന്ധിച്ചിടത്തോളം ശ്രവണം കൊണ്ടു തന്നെ മുക്തനാവാന്‍ കഴിഞ്ഞേക്കും. ഇവിടത്തെ ശിഷ്യന്‍ അത്തരമൊരാളാണ്. ഈ അവസ്ഥയിലേക്ക് ഉയര്‍ന്ന ഓരോ സാധകനും ഗുരുവിന്റെ ഉറപ്പ് ബാധകമാണ്. അല്ലാതെ കേട്ടാല്‍ മാത്രം മതി എങ്കില്‍ എല്ലാവരും മുക്തരാകുമായിരുന്നു. അധികാരികളില്‍ ഉത്തമ ,മന്ദ, അതിമന്ദ തുടങ്ങിയ നിലവാരത്തിലുള്ളവരും കണ്ടേക്കാം. വെറും ശ്രവണം കൊണ്ട് മുക്തി കിട്ടില്ല. ശ്രദ്ധയോടെ കേള്‍ക്കല്‍ ഒരു പ്രധാന കാര്യമാണ്.അങ്ങനെ ശ്രദ്ധിച്ചു കേള്‍ക്കാനുള്ള യോഗ്യത ശിഷ്യന് ഉണ്ടാകണം.
ശാസ്ത്രവാക്യങ്ങള്‍ ആദ്യം കേള്‍ക്കുമ്പോള്‍ പരുക്കനായി തോന്നുമെങ്കിലും പിന്നീട് മണിനാദം പോലെ മധുരതരമായി തീരും. ശാസ്ത്ര ഉപദേശത്തെ വേണ്ടപോലെ കേള്‍ക്കാനുള്ള യോഗ്യത ശിഷ്യന്‍ സ്വയം ആര്‍ജിക്കണം. മനനം, ധ്യാനം, ഏകാഗ്രത, ഭക്തി, ആത്മനിയന്ത്രണം, ബ്രഹ്മചര്യം, ഉദ്ദേശ ശുദ്ധി, സദാചാരം എന്നിവ പരിശീലിക്കുന്നതിലൂടെ ആ നില കൈവരിക്കാം. കേള്‍ക്കുന്നതില്‍ മാത്രം പൂര്‍ണ്ണ ശ്രദ്ധയെ കൊടുക്കുന്ന തരത്തില്‍ അനന്യ ചിന്തയോടെ വേണം ശ്രവണം ചെയ്യാന്‍.'ശ്രുണുഷു അവഹിതോ...'എന്നത് ഇതിനെ കുറിക്കുന്നു.
 കേള്‍ക്കുന്നതിലെ സൂക്ഷ്മാര്‍ത്ഥത്തെയും ആദ്ധ്യാത്മിക സന്ദേശത്തേയും ഗ്രഹിക്കാനും കഴിയണം. ഗുരു ഉപദേശത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളലാണ് വേണ്ടത്. ഇതാണ് നല്ലൊരു ശിഷ്യന്റെ യോഗ്യത.
ബ്രഹ്മ നിഷ്ഠനായ ഗുരുവും അന്തഃകരണ ശുദ്ധി നേടിയ ശിഷ്യനും തമ്മിലാണ് ഇവിടെ സംവാദം നടക്കുന്നത്. അതിനാല്‍ തന്നെ ഗുരുവിന്റെ ഉപദേശം ശിഷ്യനെ സംസാര ബന്ധനത്തില്‍ നിന്ന് ഉടനെ തന്നെ മുക്തനാക്കുകയും ചെയ്യും.സമര്‍ത്ഥനായ ശിഷ്യന് അതിന് കഴിയുമെന്നത് ശ്രുതി സമ്മതവുമാണ്.

 ശ്ലോകം 69

മോക്ഷസ്യ ഹേതുഃ പ്രഥമോ നിഗദ്യതേ
വൈരാഗ്യമത്യന്തമനിത്യവസ്തുഷു
തതഃ ശമശ്ചാപി ദമസ്തിതിക്ഷാ
ന്യാസഃ പ്രസക്താഖില കര്‍മ്മണാം ഭൃശം
അനിത്യ വസ്തുക്കളില്‍ അത്യന്ത വൈരാഗ്യമാണ് മോക്ഷത്തിന് ഒന്നാമതായി വേണ്ടത്.തുടര്‍ന്ന് ശമം, ദമം,തിതിക്ഷ, എല്ലാ കര്‍മ്മങ്ങളേയും വെടിയല്‍ എന്നിവയും വേണംആത്മജ്ഞാനമുദിക്കണമെങ്കില്‍ സാധകന്റെയുള്ളില്‍  ഉണ്ടാകേണ്ട അവസ്ഥാവിശേഷങ്ങളെയാണ് ഇവിടെ പറയുന്നത്. അനിത്യങ്ങളായവയാണ് വിഷയവസ്തുക്കളെന്ന് മനസ്സിലാക്കി അവയിലുള്ള ആസക്തി വെടിയണം. 
പൂര്‍ണ വൈരാഗ്യമുദിക്കുമ്പോഴാണ് വിഷയങ്ങളോടുള്ള താല്പര്യം കുറയുകയും ആത്മജ്ഞാനത്തില്‍ രുചിയുണ്ടാവുകയും ചെയ്യുക. വിഷയങ്ങള്‍ ക്ഷണികങ്ങളും ദുഃഖപ്രദങ്ങളുമാണെന്ന് കണ്ട് വിരക്തി വന്നാല്‍ ശമം മുതലായവ താനേ വരും.
ഇന്ദ്രിയങ്ങളെ ക്ഷയിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നും വിവേകിയായ സാധകന്‍ പിന്മാറും. അനാവശ്യമായി കളയുന്ന ആന്തരിക ശക്തിയെ സംഭരിച്ച് നില നിര്‍ത്താന്‍ വൈരാഗ്യം സഹായകമാകും. മനോനിയന്ത്രണവും ഇന്ദ്രിയനിയന്ത്രണവും നല്ല സഹനശേഷിയുമൊക്കെ സാധകന് വേണം.
എല്ലാ കര്‍മ്മങ്ങളേയും വെടിയുക എന്നാല്‍ കാമനാ പ്രേരിതമായുള്ള കര്‍മ്മങ്ങളില്‍ മുഴുകാതിരിക്കുക എന്നതാണ്. ബന്ധനത്തിന് കാരണമായതുകൊണ്ടാണ് സ്വാര്‍ത്ഥകര്‍മ്മങ്ങള്‍ വെടിയണമെന്ന് പറഞ്ഞത്. നിഷ്‌കാമ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ അന്തഃകരണ ശുദ്ധി നേടിയെടുക്കാനാവും.

No comments:

Post a Comment