Thursday, January 02, 2020


രണ്ടാം അനുവാകം
 
ഓം ശീക്ഷാം വ്യാഖ്യാസ്യാമഃ  
വര്‍ണഃ സ്വരഃ  മാത്രാ ബലം 
സാമ സന്താനഃ ഇത്യുക്തഃ 
ശീക്ഷാധ്യായഃ  
 
അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതിനുള്ള ശാസ്ത്രമായ ശീക്ഷയെ വ്യാഖ്യാനിക്കുന്നു. വര്‍ണ്ണം, സ്വരം, മാത്രാ, ബലം, സാമം, സന്താനം എന്നിങ്ങനെയുള്ള ശിക്ഷയുടെ അദ്ധ്യായത്തെ പറയുന്നു.
 ഉപനിഷത്തുകളുടെ പ്രാധാന്യം കണക്കിലെടുത്ത് പഠിക്കുന്നവര്‍ക്ക് വേദാന്ത പഠനത്തില്‍േ വേണ്ടത്ര ശ്രദ്ധയുണ്ടാകാന്‍ വേണ്ടിയാണ് ശിക്ഷയെപ്പറ്റി ആദ്യം പറയുന്നത്. ഉപനിഷത്ത് മന്ത്രങ്ങള്‍ ചൊല്ലുന്നതിലും അര്‍ത്ഥം മനസ്സിലാക്കുന്നതിലോ ഉദാസീനതയോ അശ്രദ്ധയോ ഉണ്ടാകാന്‍ പാടില്ല എന്ന് കരുതിയാണിത്.  വേദാംഗങ്ങളില്‍ ആദ്യത്തേതാണ് ഉച്ചാരണ ശാസ്ത്രമായ ശിക്ഷ.
   ശിക്ഷ എന്നതിനെയാണ് ഇവിടെ ശീക്ഷാം എന്നു പറഞ്ഞത്. ഇത് ദീര്‍ഘ ഛാന്ദസ പ്രയോഗമാണ്. ശിക്ഷാ ശാസ്ത്രത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഈ അനുവാകത്തില്‍ വിവരിക്കുന്നു. 
അകാരം മുതല്‍ക്കുള്ള സ്വരാക്ഷരങ്ങളെയാണ് വര്‍ണ്ണം എന്നു പറയുന്നത്. ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെയുള്ളതാണ് സ്വരം. സ്വരങ്ങളുടെ ഉച്ചാരണത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് ഇവയെ ക്രമപ്പെടുത്തിയിരിക്കുന്നു.
 ഹ്രസ്വം, ദീര്‍ഘം, പ്ലുതം എന്നിവ മാത്രകളെ അനുസരിച്ച് കണക്കാക്കുന്നു. മാത്രാ എന്നാല്‍ ഓരോന്നും ഉച്ചരിക്കാനെടുക്കുന്ന സമയത്തെ കുറിക്കുന്നു. ഓരോ അക്ഷരത്തേയും വ്യക്തമായും ദൃഢമായും ഉച്ചരിക്കേണ്ടതുണ്ട്.  ഇതിന് വേണ്ട പ്രയത്‌നത്തെയാണ് ബലം എന്നു പറയുന്നത്. കണ്ഠം,താലു (അണ്ണാക്ക്) തുടങ്ങിയ സ്ഥാനങ്ങളില്‍ ശബ്ദം തട്ടി പുറത്തു വരുമ്പോഴാണ് അവ വേണ്ടവിധത്തില്‍7 പ്രകടമാകുന്നത്. അതിന് അകത്തും പുറത്തും വേണ്ടതായ പ്രയത്‌നം വേണം 'ബല ' ത്തിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. സ്വരങ്ങളെ ക്രമപ്പെടുത്താനുള്ള നിയമങ്ങളെപ്പറ്റി സാമം വ്യക്തമാക്കുന്നു. തുടര്‍ച്ചയായി ഉച്ചരിക്കേണ്ട സ്വരങ്ങളുടെ  ക്രമമാണ് സന്താനം. ഇതിനെ സംഹിത എന്നും വിളിക്കുന്നു.
വേദമന്ത്രജപത്തില്‍ ഇവയെല്ലാം വളരെ ശ്രദ്ധിക്കണം. ഉച്ചാരണത്തിലും പ്രയോഗത്തിലും പല പിഴവുകളും പറ്റാന്‍ ഇടയുണ്ട്. അതുകൊണ്ട് അര്‍ത്ഥം തന്നെ മാറിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ ശിക്ഷ വളരെ പ്രധാനപ്പെട്ടതാണ്.
 കണ്ഠം, താലു, മൂര്‍ദ്ധാവ്, ദന്തം, ഓഷ്ടം, നാസിക എന്നിവയാണ് വര്‍ണ്ണസ്ഥാനങ്ങള്‍ . പ്രയത്‌നത്തെ ആഭ്യന്തരമെന്നും ബാഹ്യമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. സ്പൃഷ്ടം, ഈഷത് സ്പൃഷ്ടം, വിവൃതം, ഈഷദ് വിവൃതം, സംവൃതം എന്നിവയാണ് ആഭ്യന്തര യത്‌നം. വിവാരം, സംവാരം, ശ്വാസം, നാദം ,ഘോഷം, അഘോഷം, അല്‍പപ്രാണം, മഹാപ്രാണം, ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ 11 തരത്തിലാണ് ബാഹ്യ പ്രയത്‌നം..
Janmabhumi 

No comments:

Post a Comment