Thursday, January 23, 2020



വേദങ്ങളില്‍ പ്രാചീനത കൊണ്ടും പ്രാമാണികത കൊണ്ടും ഏറ്റവും പ്രധാനം ഋഗ്വേദമാണ് എന്നതിന് സംശയമില്ല. സ്വരൂപത്തെ മാത്രം ആസ്പദമാക്കി ഋഗ്വേദം എട്ട് അഷ്ടകങ്ങള്‍ (അട്ടങ്ങള്‍) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ അഷ്ടകവും എട്ടെട്ട് അദ്ധ്യായങ്ങള്‍ (ഓത്തുകള്‍) ആയും ഓരോ അദ്ധ്യായവും 24 മുതല്‍ 49 വരെ വര്‍ഗ്ഗങ്ങള്‍ (വര്‍ക്കങ്ങള്‍) ആയും വിഭജിച്ചിട്ടുണ്ട്.

ചതുര്‍വേദങ്ങളുടെ ബാഹ്യസ്വരൂപത്തെക്കുറിച്ച് കുഞ്ചുണ്ണിരാജയുടെ വിവരണം ഇപ്രകാരമാണ്- വേദം എന്ന പദത്തിന് അറിവ് എന്നാണ് വാച്യാര്‍ത്ഥം. ശാശ്വത സത്യം കണ്ടറിയുവാനല്ലാതെ ഉണ്ടാക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. അപൗരുഷേയമാണ് വേദം എന്നു പറയുന്നത് ഈ നിലയ്ക്ക് ശരിയാണ്. യഥാര്‍ത്ഥമായ കവിതകള്‍ തന്നെ കവികള്‍ ഭാവനയില്‍ ദര്‍ശിക്കുകയാണ്, ഉണ്ടാക്കുകയല്ല പതിവ്. 
 ഓരോ കവിഗോത്രത്തില്‍ പരമ്പരയായി സൂക്ഷിച്ചുപോന്നിരുന്നവയും യജ്ഞകര്‍മ്മങ്ങള്‍ക്കും സന്ധ്യാവന്ദനാദി നിത്യകര്‍മ്മങ്ങള്‍ക്കും ഉപയോഗിച്ചുവന്നിരുന്നവയുമായ പ്രധാനപ്പെട്ട സൂക്തങ്ങള്‍ സമാഹരിച്ചു തരംതിരിച്ച് അടുക്കിയൊതുക്കി വെച്ചിട്ടുള്ളതാണ് വേദസംഹിതകള്‍. വേദവ്യാസനാണ് ഇങ്ങനെ തരംതിരിച്ചതെന്ന് ഐതിഹ്യവേദികള്‍ പറയുന്നു. 
 ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിങ്ങനെ നാലു വേദങ്ങളാണ് ഉള്ളത്. യാഗാദി കര്‍മ്മങ്ങള്‍ക്ക് ഉപകരിക്കുന്നത് ആദ്യത്തെ മൂന്നെണ്ണമാണ്. ഐഹിക സുഖങ്ങള്‍ക്കു വേണ്ടിയുള്ള പൗഷ്ടിക കര്‍മ്മങ്ങളും അനിഷ്ട പരിഹാരത്തിനു വേണ്ടിയുള്ള ശാന്തി കര്‍മ്മങ്ങളും വിവരിക്കുന്ന അഥര്‍വവേദത്തിന് കേരളത്തില്‍ തീരെ പ്രചാരം കാണുന്നില്ല. 
 സാമവേദം ഗാനാത്മകമാണ്. ഋഗ്വേദത്തില്‍ നിന്നു തന്നെ എടുത്ത 1800-ഓളം മന്ത്രങ്ങളാണ് നീട്ടിയും പല സ്വരങ്ങളോടുകൂടിയും അര്‍ത്ഥമില്ലാത്ത അക്ഷരങ്ങള്‍ ഇടക്കു ചേര്‍ത്തും മറ്റും പാടുന്നത്. ഗായത്രിയിലുള്ള മന്ത്രത്തെ ശക്വരീഛന്ദസ്സില്‍ നീട്ടിപ്പാടുന്നതിനെപ്പറ്റി ഗായത്രം ത്വോ ഗായതി ശക്വരീഷു എന്ന് ഋഗ്വേദത്തില്‍ സൂചനയുണ്ട്. 
യജുര്‍വേദം കൃഷ്ണ യജുര്‍വേദം, ശുക്‌ള യജുര്‍വേദം എന്ന രണ്ടുവിധമുണ്ട്. അഗ്ന്യാധാനാദി ശ്രൗതകര്‍മ്മപ്രതിപാദകങ്ങളാണ് രണ്ടും. കേരളത്തില്‍ കൃഷ്ണ യജുര്‍വേദികള്‍ മാത്രമേ ഉള്ളൂ. അതും ബൗധായനന്‍, വാധൂലകന്‍ എന്നീ ശാഖക്കാര്‍ മാത്രം.
 വേദങ്ങളില്‍ പ്രാചീനത കൊണ്ടും പ്രാമാണികത കൊണ്ടും ഏറ്റവും പ്രധാനം ഋഗ്വേദമാണ് എന്നതിന് സംശയമില്ല. സ്വരൂപത്തെ മാത്രം ആസ്പദമാക്കി ഋഗ്വേദം എട്ട് അഷ്ടകങ്ങള്‍ (അട്ടങ്ങള്‍) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ അഷ്ടകവും എട്ടെട്ട് അദ്ധ്യായങ്ങള്‍ (ഓത്തുകള്‍) ആയും ഓരോ അദ്ധ്യായവും 24 മുതല്‍ 49 വരെ വര്‍ഗ്ഗങ്ങള്‍ (വര്‍ക്കങ്ങള്‍) ആയും വിഭജിച്ചിട്ടുണ്ട്. സംഹിതാപാഠം കേരളത്തില്‍ പഠിപ്പിക്കുന്നത് ഈ വിഭജനം അനുസരിച്ചാണ്. അര്‍ത്ഥചിന്തക്ക് ഇവിടെ സ്ഥാനമില്ല.
 കുറേക്കൂടി ശാസ്ത്രീയമായ വിഭജനം പത്തു മണ്ഡലങ്ങള്‍ ആയാണ്. മണ്ഡലത്തിന്റെ ഘടകങ്ങള്‍ അനുവാകങ്ങളും അവാന്തര ഘടകങ്ങള്‍ സൂക്തങ്ങളുമത്രേ. അനുവാകവും സൂക്തങ്ങളുമായിട്ടാണ് പണ്ട് വേദം പഠിച്ചിരുന്നതെന്ന് ഭര്‍ത്തൃഹരിയുടെ വാക്യപദീയത്തിലെ യഥാനുവാക: സൂക്തോ വാ സോഢത്വം ഉപഗച്ഛതി ആവൃത്യാ എന്ന ഭാഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അഷ്ടകാദ്ധ്യായാദി വിഭജനം കുറച്ചുകൂടി അര്‍വാചീനം ആണെന്നു തോന്നുന്നു. 
 രണ്ടു മുതല്‍ ഏഴു വരെയുള്ള മണ്ഡലങ്ങള്‍ ഓരോന്നും ഓരോ പ്രത്യേകം ഋഷികുലത്തില്‍പ്പെട്ട ഋഷിമാര്‍ ദര്‍ശിച്ചതാണ്.
രണ്ടാം മണ്ഡലം      ഗൃത്സമദന്‍     429 സൂക്തങ്ങള്‍
മൂന്നാം മണ്ഡലം   വിശ്വാമിത്രന്‍    617 സൂക്തങ്ങള്‍ 
നാലാം മണ്ഡലം    വാമദേവന്‍      589 സൂക്തങ്ങള്‍
അഞ്ചാം മണ്ഡലം    അത്രി           726 സൂക്തങ്ങള്‍
ആറാം മണ്ഡലം      ഭരദ്വാജന്‍       765 സൂക്തങ്ങള്‍    
ഏഴാം മണ്ഡലം      വസിഷ്ഠന്‍      841 സൂക്തങ്ങള്‍
 മണ്ഡലങ്ങളുടെ ഈ ക്രമം സൂക്തങ്ങളുടെ സംഖ്യ കൂടിക്കൂടി വരുന്നത് അനുസരിച്ചാണ് എന്നു പറയപ്പെടുന്നു. മൂന്നാം മണ്ഡലത്തില്‍ നാലാം മണ്ഡലത്തേക്കാള്‍ സൂക്തങ്ങള്‍ കൂടുമെങ്കിലും സുപ്രസിദ്ധമായ ഗായത്രീമന്ത്രത്തിന്റെ ദ്രഷ്ടാവെന്ന നിലയ്ക്ക് വാമദേവനേക്കാള്‍ മുമ്പ് സ്ഥാനം ലഭിച്ചു.  ഗൃത്സമദനേക്കാള്‍ മുമ്പ് സ്ഥാനം കിട്ടാതിരുന്നത് ഇന്ദ്രന്റെ അനുഗ്രഹത്താല്‍ ബ്രാഹ്മണ്യം സിദ്ധിച്ച ക്ഷത്രിയനായ മന്ത്രദ്രഷ്ടാവാണ് ഗൃത്സമദന്‍ എന്ന കാരണം കൊണ്ടാണത്രേ. സായണനേക്കാള്‍ പ്രാചീനനായ മാധവന്‍ എന്ന ഋഗ്വേദ വ്യാഖ്യാതാവാണ് ഈ യുക്തി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. 
ഓരോ മണ്ഡലത്തിലെ സൂക്തങ്ങളുടെയും ക്രമം ആദ്യം പിതാവ് ദര്‍ശിച്ച സൂക്തങ്ങള്‍, പിന്നീട് പുത്രന്‍ ദര്‍ശിച്ച സൂക്തങ്ങള്‍ എന്ന നിലയ്ക്കാണ്. അഞ്ചാം മണ്ഡലത്തില്‍ മാത്രം ശ്യാവാശ്വന്‍ ദര്‍ശിച്ച 52 മുതല്‍ 62 വരെയുള്ള സൂക്തങ്ങള്‍ അദ്ദേഹത്തിന്റെ പിതാവായ അര്‍ച്ചനാനസ്സ് ദര്‍ശിച്ച 63-64 എന്നീ സൂക്തങ്ങളേക്കാള്‍ മുമ്പുതന്നെ കൊടുത്തുകാണുന്നു. ഇതിനു കാരണം പിതാവിനേക്കാള്‍ പ്രസിദ്ധനായിരുന്നു പുത്രന്‍ എന്നതാകണം. വിശ്വാമിത്രന്‍ തന്നെ തപസ്സുകൊണ്ടു ബ്രാഹ്മണ്യം സിദ്ധിച്ച ക്ഷത്രിയന്‍ ആണെന്ന് ഇതിഹാസാദികളില്‍ കാണുന്നു. 
 ഓരോ ഋഷിയുടേയും സൂക്തങ്ങളില്‍ തന്നെ അഗ്നിയെ സ്തുതിക്കുന്നവ ആദ്യം, ഇന്ദ്രനെ സ്തുതിക്കുന്നവ പിന്നീട്, മറ്റുള്ളവ അതിനു ശേഷം എന്നതാണ് ക്രമം.
 എട്ടാം മണ്ഡലത്തിലെ ആദ്യത്തെ 66 സൂക്തങ്ങള്‍ കണ്വകുലത്തില്‍പ്പെട്ട ഋഷിമാരുടേതാണ്. 67 മുതല്‍ 103 വരെയുള്ള സൂക്തങ്ങള്‍ മറ്റു കവികളുടേയും. ഇതിന്റെ തുടക്കം അഗ്നിസൂക്തങ്ങളല്ല, സൂക്തസംഖ്യയും കുറവാണ്.
 ഒമ്പതാം മണ്ഡലം മുഴുവന്‍ സോമസൂക്തങ്ങളാണ്. 60-ല്‍ അധികം കവികള്‍ ദര്‍ശിച്ച 114 സൂക്തങ്ങളുണ്ട്. രണ്ടു മുതല്‍ എട്ടുവരെയുള്ള മണ്ഡലങ്ങളില്‍ സോമസൂക്തങ്ങള്‍ കാണ്മാനില്ല. സോമസൂക്തങ്ങള്‍ മുഴുവന്‍ തെരഞ്ഞെടുത്ത് ഒന്നിച്ചു ചേര്‍ത്തതാണ് ഈ മണ്ഡലമെന്നു പറയാം.
 ~ഒന്നാം മണ്ഡലത്തില്‍ 51 മുതല്‍ 191 വരെയുള്ള സൂക്തങ്ങള്‍ സവ്യന്‍, നോധസ്സ്, പരാകരന്‍, ഗോതമന്‍, കുത്സന്‍, കുക്ഷീവത്, പരുച്ഛേപന്‍, ദീര്‍ഘതമസ്സ്, അഗസ്ത്യന്‍ എന്നീ ഋഷിമാര്‍ രചിച്ചവയാണ്. രണ്ടു മുതല്‍ ഏഴു വരെയുള്ള പുസ്തകങ്ങളില്‍ കാണാത്ത കവികളാണിവര്‍. ഈ മണ്ഡലത്തില്‍ ആദ്യഭാഗത്തുള്ള സൂക്തങ്ങള്‍ മിക്കതും എട്ടാം മണ്ഡലത്തിലേതു പോലെ തന്നെ കണ്വകുലത്തില്‍പ്പെട്ട കവികളുടെയാണ്.
പത്താം മണ്ഡലം പലതരത്തിലും  മറ്റു മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തപ്പെട്ടതാണ്. ഇതു പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  യജ്ഞത്തോടു ബന്ധപ്പെടാത്ത പല സൂക്തങ്ങളും ഈ മണ്ഡലത്തിലാണ് കാണുന്നത്. പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെപ്പറ്റി ചര്‍ച്ച ചെയ്യുന്ന നാസദീയസൂക്തം, പുരുഷസൂക്തം, വിവാഹസൂക്തം, അക്ഷസൂക്തം തുടങ്ങിയ സൂക്തങ്ങള്‍ ഈ മണ്ഡലത്തിലാണ്. പല സൂക്തങ്ങളുടേയും ഭാഷ തന്നെ ലൗകിക സംസ്‌കൃതത്തോട് അടുത്തു നില്‍ക്കുന്നു. എങ്കിലും പല പ്രാചീന സൂക്തങ്ങളും ഈ മണ്ഡലത്തില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും സമ്മതിക്കേണ്ടി വരും. ഒന്നാം മണ്ഡലത്തിലെന്ന പോലെ പത്താം മണ്ഡലത്തിലും സൂക്തങ്ങള്‍ 191 ആണ്.
പത്തു മണ്ഡലങ്ങളിലും കൂടി 1017 സൂക്തങ്ങള്‍ ആണുള്ളത്. ഇവയ്ക്കു പുറമേ പതിനൊന്നു വാലഖില്ല്യ സൂക്തങ്ങള്‍ എട്ടാം മണ്ഡലത്തില്‍ നാല്‍പ്പത്തിയെട്ടാം സൂക്തത്തിനു ശേഷം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് ശാകല്യശാഖ അനുസരിച്ചാണ്; ബാഷ്‌കല ശാഖയില്‍ ഏഴ് വാലഖില്ല്യങ്ങളേ ഉള്ളൂ. ശാകല്യന്റെ പദപാഠത്തില്‍ വാലഖില്ല്യങ്ങള്‍ക്കു സ്ഥാനമുണ്ടെങ്കിലും സായണഭാഷ്യത്തില്‍ അവ ഉള്‍പ്പെടുത്തിക്കാണുന്നില്ല. ചില സൂക്തങ്ങള്‍ക്കു പ്രത്യേകം പേരുണ്ട്- പുരുഷസൂക്തം, അസ്യവാമീയം, ആപോനപ്ത്രീയം, നാസദീയം, ശ്രീസൂക്തം, ഭാഗ്യസൂക്തം, അക്ഷസൂക്തം എന്നിങ്ങനെ.
ചരണവ്യൂഹം അനുസരിച്ച് ഋഗ്വേദത്തിന് ശാകല്യം, ബാഷ്‌കലം, ആശ്വലായനം, ശാംഖായനം, മാണ്ഡുകേയം എന്നിങ്ങനെ അഞ്ചു ശാഖകള്‍ ഉണ്ടായിരുന്നതായി കാണുന്നു; ഇന്ന് ശാകല്യശാഖക്കാണ് സാര്‍വത്രികമായ പ്രചാരം. ബാഷ്‌കലശാഖയ്ക്കും കേരളത്തില്‍ സ്ഥാനം കാണുന്നുണ്ട്. ശാകലസംഹിതക്കാര്‍ ആശ്വലായനന്മാരും ബാഷ്‌കലസംഹിതക്കാര്‍ കൗഷീതകരുമാണത്രേ. 
(തുടരും..)

No comments:

Post a Comment