Friday, January 31, 2020

ഭഗവാന് ദാനം ചെയ്തത് ഭഗവാന്റെ മുതല്‍ തന്നെ

Thursday 30 January 2020 4:12 am IST
ത്രിലോകങ്ങളും വാമനന് നല്‍കിയ ശേഷം മഹാബലി തന്റെ ശിരസ്സ് മൂന്നാമത്തെ അടിയ്ക്കായി കുനിച്ചു കാട്ടിയപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങളുണ്ട്. മഹാബലി ആ ത്രിലോകത്തില്‍ ഉള്‍പ്പെടാത്ത ഒന്നാണോ? അത് ഭഗവാന്റേതായി കഴിഞ്ഞെങ്കില്‍ വീണ്ടും ശിരസ്സു കുനിച്ചു നല്‍കുന്നതില്‍ സാംഗത്യമുണ്ടോ? 
 ഇതു ചിന്തിക്കുമ്പോഴോ, അതിനു മുമ്പോ ചിന്തിക്കേണ്ടതായ ഒരു കാര്യമുണ്ട്. മഹാബലി ദാനം ചെയ്തു എന്നു പറയുന്ന ഈ ലോകത്രയവും യഥാര്‍ഥത്തില്‍ ആരുടെയാണ്? യഥാര്‍ഥ ഉടമ ഭഗവാന്‍ തന്നെയെങ്കില്‍ അത് ദാനം ചെയ്യാന്‍ എന്താണ് മഹാബലിക്ക് അധികാരവും അവകാശവും? 
മഹാബലിയുടെ ഭാര്യ വിന്ധ്യാവലി പറയുന്നതൊന്നു കേള്‍ക്കാം:
ക്രീഡാര്‍ഥമാത്മന ഇദം ത്രിജഗത് കൃതം തേ
സ്വാമ്യം തു തത്ര കധിയോ ളപര ഈശകുര്യുഃ
കര്‍ത്തുഃ പ്രഭോസ്തവ കിമസ്യത ആവഹന്തി
ത്യക്തഹ്രിയസ്ത്വദവരോപിതകര്‍തൃവാദാഃ
ഹേ, ഭഗവാനേ  അങ്ങേയ്ക്ക് എന്തെങ്കിലും ദാനം ചെയ്യാന്‍ ആര്‍ക്കാണ് പ്രാപ്തിയുള്ളത്?  എന്തെങ്കിലും കൈയിലുണ്ടായിട്ടു വേണ്ടേ ദാനം ചെയ്യുവാന്‍? അല്ല, തന്റേതെന്ന് അഭിമാനിക്കുന്ന കൈകാലുകളോ ശരീരം തന്നെയോ വാസ്തവത്തില്‍ സ്വന്തമല്ല. സ്വന്തമെന്ന് ഭാവിക്കുകമാത്രമാണ് പലരും. ഈ ലോകത്രയവും അങ്ങ് കളിതമാശയായി സൃഷ്ടിച്ചിരിക്കുന്നു. എന്നിട്ടും പലരും വിചാരിക്കുന്നു ഇത് തന്റേതാണ്, താനാണ് ഇതിന്റെ പ്രഭു എന്നൊക്കെ. 
എന്നാല്‍ അവരുടെ ബുദ്ധി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കാരണവും അങ്ങയാല്‍ പ്രചോദിതമായ മായ തന്നെയാണ്. അതിനാല്‍ അവര്‍ ഇത് തന്റേതാണെന്ന് ഭാവിക്കുകയാണ്. അങ്ങയാല്‍ സൃഷ്ടമായതും അങ്ങയാല്‍ കാത്തു സൂക്ഷിക്കപ്പെടുന്നതും ഒടുവില്‍ അങ്ങയാല്‍ തന്നെ ലയിപ്പിച്ചെടുക്കുന്നതുമായ ഈ പ്രപഞ്ചത്തെയാണ് തന്റേതെന്ന ഭാവത്തില്‍ ചിലര്‍ ലജ്ജയില്ലാതെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നത്. ഭാഗവതം ദശമസ്‌കന്ധത്തില്‍ കാളിയ മര്‍ദ്ദനഭാഗത്ത് നാഗപത്‌നിമാര്‍ ഭഗവാനോട് കാളിയന്റെ രക്ഷയ്ക്കായി അപേക്ഷിക്കുമ്പോഴും ഇത്തരത്തിലുള്ള അവകാശവാദം കാണാവുന്നതാണ്. 
അന്ന് കാളിയ പത്‌നിമാര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ സ്മരണീയം. സര്‍പങ്ങള്‍ക്ക് ഇങ്ങനെ വിഷം നല്‍കിയത് ഭഗവാന്‍ തന്നെയല്ലേ? പ്രത്യേകിച്ചും കാളിയന്റെ വിഷത്തിന് വീര്യം കൂടുതലായതും അങ്ങയുടെ നിയോഗത്താലാണല്ലോ? കാളിയനെ അഹങ്കാരിയാക്കി ആ അഹങ്കാരത്തെ പോഷിപ്പിച്ചതും ഭഗവാന്റെ മായ തന്നെയല്ലേ? അങ്ങയുടെ മായയെ അതിക്രമിക്കാന്‍ ആര്‍ക്കാണ് സാധ്യമാകുക. ബ്രഹ്മാദികള്‍ പോലും അങ്ങയുടെ മായയ്ക്കു മുമ്പില്‍ വശം കെട്ടു പോകുന്നു. ആ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ? 
കാളിയമര്‍ദ്ദന സമയത്തേക്കാള്‍ താതരതമ്യപ്പെടുത്തുമ്പോള്‍ ഭഗവാന്റെ പാദം സ്പര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ച കാളിയന്റെ ജന്മാന്തര പുണ്യങ്ങളേയും കാളിയ പത്‌നിമാര്‍ സ്മരിക്കുന്നുണ്ട്. 
അതുപോലെ ഇതൊരു ഭാഗ്യമായിട്ടാണ് വാമനന്റെ ഭിക്ഷയെക്കുറിച്ച് മഹാബലിയും കണക്കാക്കിയിട്ടുള്ളത്. ആ പാദങ്ങളില്‍, വിഷ്ണു 'പാദങ്ങളില്‍ ചെന്നുചേരുമെന്നത് പലജന്മങ്ങളായി സൂക്ഷിച്ചു വന്ന സ്വപ്‌നവും പ്രതീക്ഷയുമായാണ് മഹാബലി സങ്കല്‍പിക്കുന്നത്. എന്നാല്‍ നാഗശാപത്താല്‍ ബന്ധിതനായ മഹാബലിയെക്കണ്ട് ബ്രഹ്മദേവനു പോലും ചില സംശയങ്ങള്‍ ഉണ്ടായി.

No comments:

Post a Comment