Tuesday, January 28, 2020

ഗായന്തം ത്രായതേ


                   ഗായത്രിയും കുടുംബജീവിതവും 



               നിഗമാരാമത്തിലെ പാവനസുന്ദരങ്ങളായ മന്ത്രപുഷ്പങ്ങളിൽ ഗായത്രി അതിപ്രാധാന്യം അലങ്കരിക്കുന്നു .മാനവബുദ്ധിയെ  പ്രചോദിപ്പിച്ചു കൊണ്ട് അനാദികാലമായി ഗായത്രി  ധർമത്തെ അനസ്യൂതം നയിച്ചുകൊണ്ടിരിക്കുന്നു .വ്യക്തിയുടെ സർഗാത്മകതയെയും ചിത്ശക്തിയെയും പ്രചോദിപ്പിക്കാൻ ഗായത്രിക്ക് കഴിവുണ്ടെന്ന് ഓരോ ഭാരതീയനും ഉറച്ചു വിശ്വസിക്കുന്നു ,എന്നുമാത്രമല്ല പൂർവീകാനുഭവവും അങ്ങിനെ തന്നെയാണ് .അതുകൊണ്ട് തന്നെ വേദാരംഭകപൂർവമായി ഗായത്രി മന്ത്രദീക്ഷയും തത്ജപവും നമ്മുടെ സംസ്കാരത്തിന്റെ അനിവാര്യഘടകമായി വർത്തിക്കുന്നു . ഗായത്രി ഉപാസന വേദോപാസന തന്നെയാണ് ,വേദം മാനവന്റെ ജീവിതലക്ഷ്യമായി യാതൊന്നിനെ ചൂണ്ടി കാണിക്കുന്നുവോ ആയതിലേക്ക് ഉയരുവാൻ ഗായത്രിമാതാവ് നമ്മെ എല്ലാ അർത്ഥത്തിലും സഹായിക്കുന്നു ..ഒരമ്മ കുഞ്ഞിനെയെന്നപോലെ .
              'ഗായന്തം ത്രായതേ ഇതി ഗായത്രി'  ..അതായത്  ഗാനം ചെയ്യുന്നവനെ,ഉപാസന ചെയ്യുന്നവനെ ത്രാണനം ചെയ്യിക്കുന്നതാണ് ഉയരത്തിലേക്ക് നയിക്കുന്നതാണ് ഗായത്രി  എന്ന് ശബ്ദസ്തോമമഹാനിധി യിൽ വ്യുല്പത്തിയെ പറയുന്നു .ഉപാസിക്കുന്നവന്റെ ഇന്ദ്രിയങ്ങളെ ത്രാണനം ചെയ്യിക്കുന്നതിനാൽ ഗായത്രി എന്ന് പറയപ്പെടുന്നു എന്ന് തന്റെ ബൃഹദാരണ്യക ഭാഷ്യത്തിൽ  'തത്പ്രയോക്തൃ ഗയത്രാണാത് ഗായത്രി ഇതി ' എന്നിപ്രകാരം ശ്രീമത് ശങ്കരാചാര്യസ്വാമികൾ അർഥം പറയുന്നു .ഇതിൽ നിന്നെല്ലാം നമുക്ക് ഒരു വസ്തുത വ്യക്തമാകുന്നു ആർ ആചരിക്കാൻ തയ്യാറാകുന്നുവോ അവർക്കാണ് ഫലം ലഭിക്കുക . അതുകൊണ്ട് നാം ശാസ്ത്രീയമായിആചരിക്കുകയാണ്ചെയ്യേണ്ടത്.      എന്താണ്ഉപാസന?    ഭാഷ്യകാരൻ വിശദീകരിക്കുന്നു. ‘ഉപാസനം നാമ യഥാശാസ്ത്രം ഉപാസസ്യ അര്‍ത്ഥസ്യ വിഷയീകരണേന സാമീപ്യം ഉപഗമ്യ  തൈലധാരാവത് സമാനപ്രത്യയപ്രവാഹേണ ദീര്‍ഘകാലം യദ് ആസനം തദ് ഉപാസനം’ . ശാസ്ത്രീയമായി ഉപാസ്യവിഷയത്തെ സാമീപ്യപെടുത്തി ‌തൈലധാര പോലെ അന്തഃക്കരണത്തില്‍ഒരേ പ്രത്യയപ്രവാഹം നിലനിര്‍ത്തി ദീര്‍ഘസമയം ഇരിക്കുന്നതിനെയാണ് ഉപാസന എന്ന് പറയുന്നത്.  മന്ത്രജപം നാമജപം സ്തോത്രജപം കീര്‍ത്തനം തുടങ്ങിയവയെല്ലാം ഉപാസനയായി ചെയ്യാവുന്നതാണ്.നമ്മുടെ മനസ്ഥിതിയാണ് ഇവയെയൊക്കെ ഉപാസനയാക്കിതീര്‍ക്കുന്നത് എന്നു പറയാം.അതുകൊണ്ടുതന്നെ ഉപാസന എന്താണ്, എന്തിനാണ്,എങ്ങിനെയാണ് എന്നിപ്രകാരം ശാസ്ത്രീയമായി അറിഞ്ഞു ചെയ്യേണ്ടതുണ്ട്.അതിനായി നാം നമ്മെക്കുറിച്ച് അല്പം ചിന്തിക്കേണ്ടിയിരിക്കുന്നു സ്വമഹിമയെ തിരിച്ചറിയാന്‍കഴിയുമ്പോഴാണ് ഓരോ വ്യക്തിയും സമൂഹവും ജീവിതവിജയത്തെ നേടുന്നത്.                         വിശ്വമംഗളത്തെ സങ്കല്‍പ്പിക്കുകയും പ്രായോഗികമാക്കാനുള്ള പദ്ധതികളെ ഉപദേശിക്കുകയും ചെയ്തവരാണ് നമ്മുടെ പൂര്‍വര്‍ഷിമാര്‍‘ഭദ്രമിച്ഛന്ത ഋഷയഃ’.....ഭദ്രം ഇഛ്ചിക്കുന്നവരായ ഋഷിമാര്‍, അവര്‍ സത്യദ്രഷ്ടാക്കളായിരുന്നു “ഋഷയോ സത്യദ്രഷ്ടാരഃ” .അവര്‍തന്നെയാണ് സ്വജീവിതമഹിമയാല്‍ഈശ്വരനാദമായ വേദമന്ത്രങ്ങളെയും ദര്‍ശിച്ചത്.ആ ഋഷിമാര്‍ലോകത്തിനു മുഴുവന്‍നല്‍കിയ ഏറ്റവും മഹത്വപൂര്‍ണമായ കാഴ്ച്ചപാടാണ് ധര്‍മ്മം. നാം പരിപാലിക്കേണ്ടുന്ന മൂല്യങ്ങളുടെ ആകെതുകക്കാണ് ധര്‍മ്മം എന്നു പറയുന്നത്.  ജീവന്‍റെ സ്വാഭാവികപ്രവണതകളായ കാമത്തെയും അര്‍ത്ഥത്തെയും ധര്‍മ്മത്തില്‍ബന്ധിച്ചുകൊണ്ട് ജീവിക്കാന്‍ഋഷി ആഹ്വാനം ചെയ്തു. എങ്കില്‍മാത്രമേ യഥാര്‍ത്ഥ ഉന്നതിയെ പ്രാപിക്കാന്‍കഴിയൂ,__  “ധര്‍മ്മേണ ഗമനമൂര്‍ധ്വം”. എന്താണ് യഥാര്‍ത്ഥ ഉന്നതി?ലളിതമായി പറഞ്ഞാല്‍ആന്തരികമായ സ്വസ്ഥതയോടെ ഈലോകത്തില്‍ശ്രേഷ്ഠമായി ജീവിക്കാന്‍കഴിയുന്നതാണ് യഥാര്‍ത്ഥ ഉന്നതി.  അതിനു നമ്മെ സഹായിക്കുന്നത് ധര്‍മ്മം മാത്രമാണ്. “ആത്മനഃ പ്രതികൂലാനി പരേഷാം ന സമാചരേത്” തനിക്കു പ്രതിക്കൂലമായത് മറ്റുള്ളവര്‍ക്കും ചെയ്യരുത് –എന്ന് വ്യാസഭാഗവാന്‍ധര്‍മ്മത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ഉപദേശിച്ചു. “ യഃ പ്രാണിനാം സാക്ഷാത് അഭ്യുദയനിശ്രേയസഹേതുഃ സ ധര്മ്മഃ”-യാതൊന്നാണോ ജീവികളുടെ ശരിയായ ഉത്കര്‍ഷത്തിനും ആത്യന്തിക സമാധാനത്തിനും ഹേതുവാകുന്നത് അതാണ്‌ധര്‍മ്മം..എന്ന് ആചാര്യഭാഗവത്പാദര്‍ഭഗവത്ഗീതാ ഭാഷ്യത്തില്‍ധര്‍മ്മത്തെ വിശദീകരിക്കുന്നു.  “സുഖസ്യമൂലം ധര്മ്മഃ” സുഖത്തിന്റെ കാരണം ധര്‍മ്മമാണ് –എന്ന്ചാണക്യന്‍ തന്‍റെ സൂത്രഗ്രന്ഥത്തില്‍ഒന്നാമതായി പറയുന്നു.
      ധര്‍മ്മം മാത്രമാണ് ആത്യന്തികമായ ശാന്തിക്കും സമാധാനത്തിനും ഹേതുവാകുന്നത് എന്ന് ആധുനികരും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്, ശാന്തിയെ അന്വേഷിച് ലോകം മുഴുവന്‍ഭാരതീയ ദര്‍ശനങ്ങളിലേക്ക് അഥവാ  വൈദിക ആശയങ്ങളിലേക്ക് ഉറ്റുനോക്കുന്നു .മതാന്ധതയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ വൈദിക ആശയങ്ങൾക്കു മാത്രമേ സാധിക്കുകയുള്ളൂ എന്ന് ലോകം ഏറെകുറെ  മനസിലാക്കികൊണ്ടിരിക്കുകയാണ്. ഋഷി നമുക്ക് നല്‍കിയ ധര്‍മ്മസങ്കല്‍പത്തെയും അതിനെ പ്രായോഗികമാക്കാനുള്ള കുടുംബസങ്കല്പത്തെയും , എല്ലാ കർമ്മങ്ങളെയും യജ്ഞഭാവനയോടെ ആചരിക്കാൻ ഓര്‍മ്മിപ്പിച്ച  ഋഷിമാരുടെ പാദപദ്മങ്ങളെയും മുറുകെ പിടിച്ചുകൊണ്ട് വൈദിക ആശയങ്ങളെ കൂടുതൽ ആഴത്തിലും പരപ്പിലും അറിഞ്ഞ്‌ ആചരിക്കേണ്ടത് കാലത്തിന്‍റെ അനിവാര്യത കൂടിയാണ്.
   കുടുംബജീവിതത്തില്‍ നിത്യവും നാം ചെയ്യേണ്ടുന്ന പഞ്ചമഹായജ്ഞങ്ങളെ യഥായോഗ്യം അനുഷ്ടിക്കുമ്പോള്‍മാത്രമേ നമ്മുടെ പൂര്‍വീകമഹിമയുടെ നൈരന്തര്യം,അച്ചടക്കവും കെട്ടുറപ്പുമുള്ള കുടുംബബന്ധങ്ങള്‍, ആത്മബലവും ഐശ്വര്യവുമുള്ള വ്യക്തികള്‍തുടങ്ങിയ നാം അഭിലഷിക്കുന്ന തരത്തിലുള്ള നിലനില്‍പ്പും വികാസവും നമുക്ക് സംഭവിക്കുകയുള്ളൂ.അതായത് നമുക്ക് നമ്മളായി നിലനിന്നുകൊണ്ടുള്ള വികാസമാണ് വേണ്ടത്.  “ ആചാരഃപ്രഥമോ ധര്‍മ്മഃ ” ആചരണമാണ് പ്രഥമമായ ധര്‍മ്മം. അറിഞ്ഞാച്ചരിക്കുന്ന വ്യക്തിക്കും സമൂഹത്തിനും മാത്രമേ നിലനില്‍പ്പും വികാസവുമാകുന്ന നൈരന്തര്യം സംഭവിക്കുകയുള്ളൂ.
എന്താണ് പഞ്ചമഹായജ്ഞങ്ങള്‍.. “.അധ്യാപനം ബ്രഹ്മയജ്ഞം പിതൃയജ്ഞസ്തു തര്‍പ്പണം ദൈവോ ഹോമോ ബലിര്‍ഭൌതോ നൃയജ്ഞോ/തിഥിപൂജനം” എന്നിങ്ങനെ മനുസ്മൃതിയില്‍വ്യക്തമാക്കുന്നു.; 
ഋഷിമാര്‍തന്ന അറിവുകളെ  നാം സാംശീകരിച്ചു പ്രയോഗികമാക്കുകയും അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ആത്മബോധം അറിവുള്ളതും അഭിമാനമുള്ളതുമായി നിലനില്‍ക്കൂ.അതിനായികൊണ്ട് നിത്യവും അല്‍പ്പസമയം ചെയ്യുന്ന സ്വാദ്ധ്യായമാണ്,വൈദിക ധാര്‍മിക പഠനപാഠനങ്ങളാണ് ബ്രഹ്മയജ്ഞം. ഇതിലൂടെയാണ് നാം ഋഷിമാരോടുള്ള പ്രതിബദ്ധത പുലര്‍ത്തുന്നത്.  
ജീവിച്ചിരിക്കുന്ന പിതൃക്കളെ ആദരവോടെ ശുശൂഷിക്കുകയും ശരീരം വെടിഞ്ഞവര്‍ക്ക് ശ്രാദ്ധം ചെയ്യുകയും അടുത്ത തലമുറയെ നമ്മുടെ പാരമ്പര്യത്തിലെ ശ്രേഷ്ഠമായ കണ്ണികളാക്കി സ്നേഹാദരവുകള്‍പകര്‍ന്നു നല്‍കി  വളര്‍ത്തുകയും ചെയ്യുന്നതാണ്  പിതൃയജ്ഞം. ഇത് പിതൃപരമ്പരയോടു ചെയ്യുന്ന പ്രതിബദ്ധതയാണ്.
നിത്യാഗ്നിഹോത്രമാണ് ദൈവയജജ്ഞം  ഇത് വാസ്തവത്തില്‍ഈശ്വരോപാസന തന്നെ. നിര്‍ഗുണനും നിരാകാരനുമായ ഈശ്വരനെ സഗുണ സാകാര ഭാവത്തില്‍കാണുമ്പോള്‍അത് ദേവതാസങ്കല്പ ഹേതുവാകുന്നു  ഈ തലത്തിലെ ഉപാസനയുള്ളൂ, പാരിന്നടിക്കല്ല് പാര്‍ത്തുകണ്ടറിഞ്ഞ വൈദികഋഷി ഈ പ്രപഞ്ചത്തില്‍നിന്നന്ന്യമായ ഏതെങ്കിലും ഈശ്വരനെയല്ല അനുഭവിച്ചുപദേശിച്ചത്, മറിച്ച് സര്‍വവ്യപിയും സത്ചിദാനന്ദസ്വരൂപവുമായ സത്യത്തെയാണ്‌.ഈ ഈശ്വരന്‍റെ അഭിന്നമായ ശക്തിയുടെ ആവിഷ്കാരമായ പ്രപഞ്ചത്തില്‍ഓരോ പ്രതിഭാസവും ഈശ്വര അഭിന്നമായി ദര്‍ശിക്കുന്നിടത്താണ് ശരിയായ ഈശ്വരോപാസന നടക്കുന്നത്.അത് വാസ്തവത്തില്‍ ത്യാഗമാണ്,പ്രേമമാണ്,സമ്യക്ദര്‍ശനമാണ് വളര്‍ത്തുന്നത്...മറ്റൊരു രീതിയില്‍പറഞ്ഞാല്‍സ്വരൂപതയാ നാം ഈശ്വരാഭിന്നന്മാര്‍തന്നെ എന്നാല്‍ ആ ആത്മബോധത്തിലേക്ക് ഉയരുകയെന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന നമുക്ക് നമ്മില്‍തന്നെയുള്ള ഒരുപാട് കഴിവുകളേയും സാധ്യതകളെയും പ്രോജ്വലിപ്പിക്കേണ്ടതുണ്ട്, “നായമാത്മാ ബലഹീനേന ലഭ്യഃ” ബലഹീനനാല്‍ ആത്മസാക്ഷാത്കാരം സാധ്യമല്ലെന്ന് ഉപനിഷത്തും അരുളുന്നു. ഈ ലോകജീവിത വിജയത്തിനും ഇത്തരം ഓജസ്തേജസ്‌ബലം വീര്യം മേധാ ജ്ഞാനം തുടങ്ങി എത്രയോ ഗുണങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.അതിനു നമ്മെ ശരിയായ സങ്കല്‍പ്പത്തോടു കൂടിയ ഉപാസന സഹായിക്കുന്നു. ശാസ്ത്രീയമായി ചെയ്യുന്ന ക്ഷേത്രോപാസനയും ദൈവയജ്ഞം തന്നെ. വൈയ്യക്തികമായി ചെയ്യുന്ന നാമ – മന്ത്ര ജപങ്ങളെല്ലാം ദൈവയജ്ഞമായി ഗണിക്കപ്പെടുന്നു. ആത്യന്തികമായി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നന്മയുടെ സാംശീകരണം തന്നെയാണ്. ഇതിലൂടെ നമ്മിലെ ദേവതകളോടും പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ അധിനിയമങ്ങളായ ദേവതകളോടും നാം പ്രതിബദ്ധത പുലര്‍ത്തുന്നു.
നമ്മുടെ ചുറ്റുപാടുമുള്ള ജീവികളോടു നാം ഭൂതദയ വളര്‍ത്തുമ്പോഴേ ഈശ്വരന്‍സര്‍വ്വത്തിന്‍റെയും സ്രഷ്ടാവാണെന്ന വാസ്തവത്തോട് നാം നീതി പുലര്‍ത്തുന്നുള്ളൂ. ഇത്തരത്തില്‍നാം ഭക്ഷിക്കുന്നതിലൊരു പങ്ക് സഹജീവികളായ സസ്യലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും നല്‍കി തൃപ്തി പറ്റുന്നതാണ്  ഭൂതയജ്ഞം.പ്രകൃതിയെയും മറ്റും ചൂഷണം ചെയ്യാതെ ജീവിക്കാനുള്ള ബാല പാഠങ്ങളാണ് ഈ യജ്ഞത്തിലൂടെ നല്‍കപ്പെടുന്നത്. ഇന്ന് ലോകത്തില്‍നടമാടുന്ന എല്ലാ അസന്തുലിത മാനസികാവസ്ഥക്കും കാരണം ചെറുപ്പകാലങ്ങളില്‍ലഭിക്കേണ്ടതായ  സമ്യക്ദര്‍ശനം ലഭിക്കാത്തതാണ്. ഭൂത യജ്ഞം ഭാവാത്മകമായി ചെയ്യുമ്പോഴാണ് നാം പ്രകൃതിയോടും സഹജീവികളോടും പ്രതിബദ്ധതയുള്ളവരായി ജീവിക്കുന്നത്.
അതിഥിപൂജനമാണ് മനുഷ്യയജ്ഞം.അതായത് ഗൃഹത്തിലേക്ക് വരുന്നവരെ യഥാദരം സ്വീകരിച്ച് ഉപചാരങ്ങളെ ചെയ്ത് ആവശ്യമെങ്കില്‍അന്നപാനാദികളോടെ തന്നെ സേവിക്കുന്നതാണ് ആതിഥ്യമര്യാദ.ഇത് നമ്മില്‍വലിയ പാരസ്പര്യം വളര്‍ത്തുന്നു.മാത്രമല്ല വളര്‍ന്നു വരുന്ന കുട്ടികളിലും പെരുമാറ്റ മര്യാദകളെ വളര്‍ത്തുന്നു. ഇതിലൂടെ നാം മാനുഷിക പ്രതിബദ്ധത നിറവേറ്റുകയാണ് ചെയ്യുന്നത്.ഇത് തികച്ചും ശാസ്ത്രീയമായ ഒരു ജീവിതപദ്ധതിയാണ്. നിത്യവും പഞ്ചമഹായജ്ഞങ്ങളെ ചെയ്യുന്ന ഒരു കുടുംബം തികച്ചും സന്തുഷ്ടവും ഐശ്വര്യപൂര്‍ണവുമായിരിക്കും.
  വൈദിക ഋഷിയുടെ ദീര്‍ഘദൃഷ്ടിയെ എവിടെ നമ്മള്‍കൈവെടിഞ്ഞുവോ അവിടെയെല്ലാം നാം പരാജയപെട്ടിട്ടെയുള്ളൂ എന്ന് തിരിച്ചറിഞ്ഞ്, വേദത്തിലേക്കുള്ള നമ്മുടെ പദക്രമം ദ്രുതഗതിയിലാക്കുകഎന്നതാണ് നമ്മുടെ കര്‍ത്തവ്യം.അതിനായി നമുക്ക് വേദോപാസന വേണം,വേദം നമ്മുടെ മാതാവാണ്,ആ അമ്മയുടെ സ്വരൂപം ഗായ്ത്രിയാണെന്നു ഗണിക്കപെടുന്നു. “ഗായത്രി വാ ഇദം സര്‍വം ഭൂതം യദിതം കിംച ”- ഛാന്ദോഗ്യോപനിഷത് പ്രപഞ്ചം ഗായത്രിമയം എന്നുള്ള വേദപ്രഖ്യാപനത്തിന്‍റെ അര്‍ത്ഥതലങ്ങളിലേക്ക്‌പോയാല്‍“തസ്യ നിശ്വസിതം ഏതത് ഋഗ്വേദോ യജുര്‍വേദോ.... .അഥര്‍വാന്‍ഗിരസഃ ” . ഈശ്വരന്‍റെ നിശ്വാസം പോലെ അവനില്‍നിന്നും വേദങ്ങള്‍ആവിഭവിച്ചു എന്ന പ്രമാണത്തിലെത്തിചേരുന്നു. അതായത് ഈശ്വരനില്‍നിന്ന് അന്ന്യയല്ല വേദം. വേദസ്വരൂപമായ ഗായത്രിയും. പരമാത്മാവിന്റെ അനന്യമായ ശക്തിയായി നാം ഗായത്രിമാതാവിനെ കാണുന്നു. വേദത്തിന്‍റെ പരമജ്ഞാനതലത്തെ ബോധിപ്പിക്കുന്നതാണ് ഗായത്രി   “ ഗായത്രീ പ്രത്യക്ബ്രഹ്മൈക്യബോധികാ”-- എന്ന് ആചാര്യസ്വാമികള്‍ഭാഷ്യത്തില്‍അരുളി ചെയ്യുന്നു. അതുകൊണ്ട് സര്‍വസിദ്ധിപ്രദായിനിയായ ഗായത്ര്യുപാസന നമുക്ക് ചിത്തശുദ്ധികരമായി തീരുമെന്നതില്‍സംശയമില്ല.അതുകൊണ്ട് കുഞ്ഞുനാളിലേ ഗായത്രിജപം ഒരു സാധനയായി സ്വീകരിക്കുകയാണ് വേണ്ടത്,അത് നമ്മുടെ ഇന്ദ്രിയ മനോ ബുദ്ധികളെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും.. “ഗയാന്‍ ത്രായതേ ഇതി ”- വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളെ ത്രാണനം ചെയ്യുന്നത്—എന്ന് ഭാഷ്യകാരന്‍വ്യക്തമാക്കുന്നു.
     എന്നാല്സ്വാത്വികരായ ഏവർക്കും ആച്ചരിക്കാവുന്ന പല വൈദിക അനുഷ്ടാനങ്ങളും കാലവിഗതിയിൽ സങ്കുചിതമാക്കപെട്ടതുപോലെ ഗായത്ര്യുപാസനാ വിഷയത്തിലും വളരെ വലിയ തെറ്റിദ്ധാരണകൾ ഇടക്കാലത്ത് വന്നിരുന്നു.ഇന്നും അതിൽ പലതും നിലനില്ക്കുന്നത്  അനർത്ഥകരമാണെന്ന് ഖേദപൂർവ്വംഓർമ്മിപ്പിക്കട്ടെ .ഒന്നാമതായി നാം മനസിലാക്കേണ്ടുന്നത് ഈശ്വരപ്രോക്തമായ വേദം സങ്കുചിതമാക്കപെടുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഈശ്വരനല്ലമറിച്ച്,  സ്ഥാപിതതാത്പര്യങ്ങളായിരിക്കാനേ വഴിയുള്ളൂ .യുക്തിഭദ്രമല്ലാത്ത വാദഗതികൾ ആരുപറഞ്ഞാലും സ്വീകരിക്കേണ്ട ഗതികേട് നമുക്കുണ്ടാവരുത്.ഏതു വസ്തുതയും തീര്ച്ചപെടുത്തുന്നതില്ശ്രുതി യുക്തി അനുഭവങ്ങള്ആയിരിക്കണം നമുക്ക് പ്രമാണം. “ സ്തീശൂദ്രൌ നാധീയതാം” എന്നൊരു സൂതവാക്യം ഉപയോഗിച്ച് ,  ഈശ്വരന്പോലും കല്പ്പിക്കാത്ത ലിംഗവ്യത്യാസവും ജാതി കല്പ്പനയും ഗായത്ര്യുപാസനക്ക് വിധിക്കുന്നവര്ഈശ്വരന്റെ സര്വാത്മഭാവത്തെയാണ് നിഷേദ്ധിക്കുന്നത് എന്നോര്ത്താല്നല്ലത്യജുര്വേദത്തിലെ അധ്യായം 26. മന്ത്രം  പറയുന്നു_    “ യഥാ ഇമാം വാചം കല്യാണീം ആവദാനി ജനേഭ്യഃ ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ  അര്യായ  സ്വായ  അരണായ ”... മഗളകരമായ വേദമൊഴികള്ജനങ്ങള്ക്ക്ബ്രാഹ്മണ,ക്ഷത്രിയ,വൈശ്യ,ശൂദ്രന്മാര്കും ഭൃത്യന്മാര്ക്കും സ്ത്രീകള്ക്കും അതിശൂദ്രന്മാര്ക്കും ...വേണ്ടി പറയുന്നു.എന്നിപ്രകാരം വേദം തന്നെ പറയുന്നുആധുനികരും വിജ്ഞന്മാരുമായ എത്രയോ ആചാര്യന്മാരാല്  വിഷയം ചര്ച്ച ചെയത്  സ്ഥാപിക്കപെട്ടതാണ്ആശ്വലന്തുടങ്ങിയ ഒട്ടനവധി ഋഷിമാരോട് ശാസ്ത്രവാദത്തില്വിജയിച്ച യാജ്ഞവല്ക്യ മഹര്ഷിയോട് ഗാര്ഗി എന്ന ബ്രഹ്മവാദിനിയായ സ്ത്രീ സംവദിക്കുന്ന വേദഭാഗം ജ്ഞാനചൂഡാമണിയായി  ഗണിക്കപ്പെടുന്നു. മാത്രമല്ലഎത്രയെത്ര ദേവതകള്സ്തീരൂപത്തില്ആരാധിക്കപ്പെടുന്നുണ്ട്,  ഇതിഹാസങ്ങളിലും മറ്റും ധര്മ്മസംവാദ ഭാഗങ്ങളില്എത്രയോ സ്ത്രീകള്പ്രത്യക്ഷപ്പെടുന്നുണ്ട്, “യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ യത്രൈതാസ്തു  പൂജ്യന്തേ സര്വാസ്താ നിഷ്ഫലാഃ ക്രിയാഃ ” –എന്ന് മനു ഉപദേശിച്ചത് മറന്നാല്ഫലം കഷ്ടമായിരിക്കും.   വിഷയത്തില് ചട്ടമ്പിസ്വാമി തിരുവടികളുടെ വേദാധികാരനിരൂപണമെന്ന ഗ്രന്ഥം മാത്രം മതി നമ്മളില്‍വെളിച്ചം വീശാന്‍.
 
  അഷ്ടാക്ഷരപാദത്രയീ എന്ന ഗായത്രി ഛന്ദസ്സിലുള്ള സവിതൃ സംബന്ധിയായ സാവിത്രീ മന്ത്രത്തെ വിശ്വാമിത്രഋഷി ദര്‍ശിചതാണ്. സാവിത്രിയും ഗായത്രിയും തമ്മില്‍വാസ്തവികഭേദം ഇല്ല, ഗായത്രി ചന്ദസ്സിന്റെ പ്രാധാന്യം കൊണ്ട് ഈ പേരില്‍അറിയപെട്ടു എന്നറിയണം. ഗായത്രി മന്ത്രത്തിനു പല ആചാര്യന്മാരും വ്യത്യസ്തങ്ങളായ രീതിയില്‍വിശദമായ വ്യാഖ്യാനങ്ങള്‍നല്‍കിയിട്ടുണ്ട് ശ്രദ്ധയോടെ പഠിക്കേണ്ടവയാണ് അവ ,ഏറ്റവും ലളിതമായി പറഞ്ഞാല്‍
   “ തത് സവിതുര്‍ വരേണ്യം
   ഭര്‍ഗോ ദേവസ്യ ധീമഹി
   ധിയോ യോ ന: പ്രചോദയാത് ”

സവിതു: ദേവസ്യ  ---  സവിതാവായ ദേവന്‍റെ
യ: ----             യാതൊരു
വരേണ്യം     -----    ശ്രേഷ്ഠമായ
ഭര്‍ഗ: -----           തേജസ്സിനെ
ധീമഹി  ----         ഞങ്ങള്‍ധ്യാനിക്കുന്നുവോ 
തത് ---             അത്
ന:   ----            ഞങ്ങളുടെ
ധിയ: ---            ബുദ്ധിവൃത്തികളെ
പ്രചോദയാത് ---      പ്രചോദിപ്പിക്കട്ടെ.
 
ഇപ്രകാരം അര്‍ഥം ഗ്രഹിക്കാം.  

ഏതായാലും അര്‍ത്ഥഗ്രാഹ്യത്തോടെ നമ്മുടെ നിത്യകര്‍ത്തവ്യമായ ദൈവയജ്ഞരൂപമായ ഉപാസന ഗായത്രീമയിയാകുംബോള്‍വാസ്തവത്തില്‍അത് ബ്രഹ്മയജ്ഞവും കൂടെ ആയിത്തീരുന്നു.  ഓംകാരത്തോടും  വ്യാഹൃതിയോടും കൂടി ചെയ്യുന്ന ഗായത്രി മന്ത്രം ആചാര്യനില്‍നിന്ന് യഥാവിധി ദീക്ഷിച്ച്   “ദീര്‍ഘകാല നൈരന്തര്യ സത്കാരാസേവിതോ ദൃഢഭൂമി: ” എന്ന്  യോഗസൂത്രകാരന്‍നിര്‍ദേശിക്കുന്നപോലെ  ദീര്‍ഘകാലം നൈരന്തര്യത്തോടെ സത്കാര്യ ബുദ്ധിയോടുകൂടി അനുഷ്ടിക്കുന്നവന് മനസ്സിന്‍റെ ശുദ്ധിയും ബലവും വര്‍ദ്ധിക്കുകയും  സങ്കല്‍പ്പശക്തിയുള്ളവനായിത്തീര്‍ന്ന് ജീവിത വിജയം നേടാന്‍സാധിക്കുകയും ചെയ്യുമെന്നുള്ളതില്‍സംശയമില്ല. ഉപാസനായുക്തനു മാത്രമേ ശാസ്ത്രബോധവും ധര്‍മ്മബോധവും ആഴത്തില്‍വേരോടുകയുള്ളൂ. നാം ലോകത്തിനു മാതൃകയാവേണ്ടത് സ്വജീവിതത്തില്‍ധര്‍മ്മാചരണത്തെ ചെയ്തു സകല മേഖലകളിലും വിജയിച്ചു കൊണ്ടായിരിക്കണം.  നമ്മുടെ അടുത്ത തലമുറയെയും നാം ശാസ്തീയമായി വളര്‍ത്തണം അതിനു നമുക്ക് ശാസ്ത്ര ബോധം അനിവാര്യമാണ്. ഒന്നോര്‍ക്കുക, വിജയത്തിന്‍റെ മന്ത്രമാണ് ഋഷിപരമ്പര നമുക്ക് നല്‍കിയത്,പരാജയത്തിന്‍റെതല്ല. അതുകൊണ്ട് നാം അറിവും ആചരണവും ഒത്തുചേര്‍ന്നവരായി ജീവിതവിജയം നേടുമ്പോഴാണ് അവര്‍പ്രസാദിക്കുന്നത് എന്നുകൂടി സൂചിപ്പിച്ചുകൊണ്ട് ഉപസംഹരിക്കുന്നു.

  
        നമഃ പരമഋഷിഭ്യോ നമഃ പരമഋഷിഭ്യഃ





            സ്നേഹാദരപൂര്‍വം,
                          ബ്രഹ്മചാരി വേദചൈതന്യ
                           അദ്വൈതാശ്രമം
                            കൊളത്തൂര്‍
                    

No comments:

Post a Comment