Tuesday, January 28, 2020

*അസൂയയെ ജയിക്കുക*
------------------------------------------------
മനുഷ്യമനസ്സിലെ അധമവികാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അസൂയ. നമ്മള്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ വിലമതിക്കുന്ന നേട്ടമോ സ്ഥാനമോ മറ്റൊരാള്‍ക്കു ലഭിക്കുമ്പോള്‍ അതില്‍ ദുഃഖം തോന്നുന്ന ഭാവമാണത്. സാധാരണയായി സഹോദരങ്ങള്‍, സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, കലാകാരന്മാര്‍ തുടങ്ങി ഒരേ രംഗത്തുള്ളവരുടെ ഇടയിലാണ്   അസൂയ കൂടുതലായി ഉടലെടുക്കുന്നത്.

ജനിച്ചുവീഴുന്ന നിമിഷം മുതല്‍ സമൂഹം നമ്മളെ നിരന്തരം വിലയിരുത്തുകയും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതുകാരണം മറ്റുള്ളവരുമായി തന്നെ സ്വയം തുലനം ചെയ്യുകയും, തന്നെക്കാള്‍ കഴിവുള്ളവരോട് അസൂയ തോന്നുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാല്‍ അസൂയ ഉള്ളില്‍ ഉള്ളിടത്തോളം നമുക്കു മനഃശാന്തി ലഭിക്കുക അസാധ്യമാണ്.

ഒരിക്കല്‍ ഒരു സ്ത്രീ മാതാ അമൃതാനന്ദമയി കാണാനും ആശ്രമത്തില്‍ കുറച്ചുദിവസം താമസിക്കാനുമായി അമേരിക്കയില്‍നിന്ന് കേരളത്തിലെത്തി. ശാന്തമായ ആശ്രമാന്തരീക്ഷം അവര്‍ക്കു വളരെയധികം ഇഷ്ടമായി. ആശ്രമത്തിലെത്തിയ ഉടനെ അവര്‍ അമ്മയുടെ ദര്‍ശനത്തിനു വന്നു. അമ്മ അവരെ സ്‌നേഹപൂര്‍വ്വം കെട്ടിപ്പിടിച്ച് കുറച്ചുനേരം സംസാരിച്ചശേഷം അമ്മയുടെ തൊട്ടടുത്തുതന്നെ ഇരിക്കാന്‍ പറഞ്ഞു. അതിനുമുമ്പ് ഒരിക്കലും അവര്‍ക്ക് അത്തരം അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് അവര്‍ എല്ലാം മറന്ന് ആനന്ദത്തോടെ കുറെ നേരം അമ്മയുടെ അടുത്തിരുന്നു. അതുകഴിഞ്ഞ് അവര്‍ പലരോടും തന്റെ സന്തോഷം പങ്കുവെച്ചു. അടുത്തദിവസവും ഏറെ പ്രതീക്ഷയോടെ അവര്‍ അമ്മയുടെ ദര്‍ശനത്തിനെത്തി. അന്നും അമ്മ അവരോട് അടുത്തിരിക്കാന്‍ പറഞ്ഞു. സന്തോഷംകൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞു. ഭക്തിനിറഞ്ഞ മനസ്സോടെ അവര്‍ അമ്മയുടെ അടുത്തുതന്നെ ഇരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അമേരിക്കയിലെ തന്റെ അയല്‍ക്കാരി അമ്മയുടെ ദര്‍ശനത്തിനു വരുന്നതാണ് അവര്‍ കണ്ടത്. അമ്മ അവര്‍ക്കും ദര്‍ശനം കൊടുത്ത്, അമ്മയുടെ തൊട്ടടുത്തുതന്നെ ഇരിക്കാന്‍ ഇടം കൊടുത്തു. അത് അവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അയല്‍ക്കാരിയുമായി അവര്‍ നല്ല രസത്തിലായിരുന്നില്ല. തന്റെ അയല്‍ക്കാരി അമ്മയുടെ തൊട്ടടുത്തിരിക്കുന്നതു കണ്ട് ആദ്യത്തെ ഭക്തയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. 'അമ്മയുടെ അടുത്തിരിക്കാന്‍ ഇവള്‍ക്ക് എന്തു യോഗ്യതയാണുള്ളത്', എന്നൊക്കെയായി അവരുടെ ചിന്ത. അതോടെ അതുവരെ അനുഭവിച്ചുവന്ന ആനന്ദവും ശാന്തിയും അവര്‍ക്കു പൂര്‍ണമായും നഷ്ടപ്പെട്ടു. മനസ്സ് അസ്വസ്ഥമായി. മാസങ്ങളോളം ഓഫീസില്‍ അധികസമയം ജോലി ചെയ്താണ് അവര്‍ ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്കാവശ്യമായ പണം സ്വരൂപിച്ചത്. അമ്മയുടെ ആശ്രമത്തില്‍ കുറച്ചുദിവസം താമസിച്ച് അമ്മയോടൊത്ത് സമയം ചെലവഴിക്കുക എന്നത് അവരുടെ വലിയ സ്വപ്‌നമായിരുന്നു. ഒടുവില്‍ ആ സ്വപ്‌നം സാക്ഷാത്ക്കരിച്ചപ്പോള്‍, ആനന്ദം നുകരുന്നതിനുപകരം അവര്‍ക്കു ലഭിച്ചത് അസ്വസ്ഥത മാത്രം. സ്വന്തം മനസ്സു സൃഷ്ടിച്ച അസൂയകാരണം തന്റെ അയല്‍ക്കാരി അമ്മയുടെ അടുത്തിരുന്ന ഓരോ നിമിഷവും അവര്‍ക്കു നരകതുല്യമായിത്തീര്‍ന്നു.

അസൂയയും കുശുമ്പും നമ്മുടെ മനസ്സിനെ കീഴടക്കുമ്പോള്‍ അതിന്റെ ദോഷഫലം മുഴുവന്‍ അനുഭവിക്കുന്നത് നമ്മള്‍ തന്നെയാണെന്ന് ഈ സംഭവം പഠിപ്പിക്കുന്നു. ശത്രുവിനെ കൊല്ലാനായി നമ്മള്‍ സ്വയം വിഷം കഴിക്കുന്നതു പോലെയാണത്. അസൂയയും വിദ്വേഷവും മൂലം ശരീരത്തിലെ ഓരോ കോശങ്ങളും വിഷമയമാകുന്നു. അതിലൂടെ നമ്മള്‍ സ്വയം നശിക്കുന്നു. അസൂയ സ്വന്തം ശാന്തി നഷ്ടമാക്കുന്നതിനുപുറമെ മൂഹത്തെയാകമാനം ബാധിക്കുന്ന വന്‍വിപത്തുകള്‍ക്കും കാരണമാകാം. ദുര്യോധനന് ബാല്യംമുതല്‍ക്കേ പാണ്ഡവന്മാരോടുള്ള അസൂയയും മത്സരബുദ്ധിയുമാണ് പിന്നീട് കുരുവംശത്തിന്റെ നാശത്തിനു കാരണമായത്.

അസൂയയെന്ന വികാരത്തെ ജയിക്കാന്‍ ഒന്നാമതായി വേണ്ടത് അസൂയ ഒരു ദുര്‍വ്വികാരമാണെന്ന് തിരിച്ചറിയുകയും അതിന് തന്റെ മനസ്സില്‍ സ്ഥാനം നല്കില്ലെന്ന് ദൃഢനിശ്ചയ മെടുക്കുകയുമാണ്. മറ്റൊരാളുടെ ഉയര്‍ച്ചയില്‍ താനും സന്തോഷിക്കുന്ന ഭാവമാണ് സൗഹൃദം. നമ്മള്‍ ഒരാളെ സൗഹൃദത്തോടെ കാണുകയും അയാള്‍ക്കു സഹായം ചെയ്യുകയും ചെയ്യുമ്പോള്‍ സമാനമായ ഒരു ഭാവം അയാളിലും ഉണരും. അങ്ങനെ സൗഹൃദഭാവം വളര്‍ത്തിയാല്‍ അവിടെ അസൂയയ്ക്കു സ്ഥാനമില്ലാതാവും.

അന്യരെ സ്‌നേഹിക്കുന്നതിലൂടെ നമ്മുടെ മനസ്സു് വിശാലമായിത്തീരുന്നു. നമ്മുടെ യഥാര്‍ത്ഥസ്വരൂപമായ സ്‌നേഹത്തെ പ്രകാശിപ്പിക്കുവാനുള്ള ഒരു സാധനകൂടിയാണതു്. മറ്റുള്ളവരെ സ്‌നേഹിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ നമ്മുടെ മനസ്സിലെ മാലിന്യങ്ങള്‍ അകലുന്നു. മനസ്സു വൃത്തിയാകുമ്പോള്‍ അതില്‍ സകല സദ്ഗുണങ്ങളും ശാന്തിയും ആനന്ദവും താനെ പ്രകാശിക്കുന്നു....
ഇന്നുമുതൽ നമുക്കും മറ്റുള്ളവരെ സ്നേഹിക്കാൻ പഠിക്കാം, നമ്മുടെ സന്തോഷം നമുക്ക് തന്നെ കണ്ടെത്താം

No comments:

Post a Comment