Sunday, January 26, 2020

ഹംസവിദ്യയുടെ അഭിവാജ്യ ഘടകമാണ് മൗനസാധന. ഹംസവിദ്യാ ഉപദേശം ലഭിക്കുന്നത് 12 പകൽ മൗനവൃതത്തോടുകൂടി ഉപവാസം പൂർത്തിയാക്കുന്നവർക്കാണ്.  .
 ശരീരാഭിമാനം വെടിഞ്ഞ് ജീവാഭിമാനത്തിൽ ലയിച്ചിരിക്കുന്നവനാകുന്നു ഹംസൻ. ഹം കാരനാദം പ്രാണന്റെ ധ്വനിയും സ കാരനാദം അപാനന്റെ ധ്വനിയുമാണ്. മുനികുല പരമ്പരാവിധിയനുസരിച്ച് ഈ നാദങ്ങളെ അജപയായി ഉപാസിച്ചാണ് ഇദ്ദേഹം ഹംസനായിത്തീർന്നിട്ടുള്ളത്. പാലും വെള്ളവും ചേർന്ന മിശ്രിതത്തിൽനിന്നും, അരയന്നം പാലുമാത്രം കുടിച്ച് ജലം ബാക്കിയാക്കുന്നതുപോലെ ഹംസൻ പ്രാപഞ്ചിക കാര്യങ്ങളിൽനിന്നും സത്തിനെ മാത്രം സ്വീകരിച്ച് അസത്തിനെ ഉപേക്ഷിക്കുന്നു. പരമഹംസൻ മനസാപരമാത്മാവിൽ ലയിച്ച് എന്നും ആ അവസ്ഥയിൽത്തന്നെ വസിക്കുന്നവനും എന്നാൽ സ്വദേഹത്തിൽത്തന്നെ ജീവിക്കുന്നവനുമാകുന്നു പരമഹംസൻ. ഇദ്ദേഹം സന്യാസിമാരിൽ ഉന്നതനിലവാരം പുലർത്തുന്നവനുമാണ്.ഹംസവിദ്യ ഉപാസിച്ച് അത്യുന്നതനിലവാരത്തിൽ എത്തുന്നതിനാലാണ് ഇവർക്ക് പരമഹംസാവസ്ഥയും പരമഹംസർ എന്ന പേരും ലഭിക്കുന്നത്. സാധനയിലൂടെ നിഷ്കളാവസ്ഥയിലെത്തി അതിൽ മുഴുകുന്നതാകുന്നു ഇവരുടെ ലക്ഷണം. പരമഹംസന്മാർ അത്യുന്നതരായ സന്യാസിമാരാണ്. എല്ലാ കർമ്മങ്ങളും ഉപേക്ഷിച്ചവരാകുന്നു. എന്നാൽ ശിഷ്യന്മാർക്ക്‌ വിദ്യ ഉപദേശിച്ചുകൊടുക്കുക എന്ന ധർമ്മം തുടരുകയും ചെയ്യുന്നതാണ്. തുരീയാതീതൻ മനസ്സിന്റെ അത്യുന്നാവസ്ഥയാകുന്നു തുരീയാതീതം. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരീയം,തുരീയാതീതം എന്നിവകളാണ് മനസ്സിന്റെ അഞ്ചുതലങ്ങൾ.അപ്പോൾ മനസ്സിന്റെ അത്യുന്നാവസ്ഥയാകുന്നു തുരീയാതീതം. ജാഗ്രത്,സ്വപ്നം, സുഷുപ്തി, എന്നീ അവസ്ഥത്രയങ്ങൾ എല്ലാവർക്കും ലഭിക്കുന്നതാണ്. എന്നാൽ തുരീയം, തുരീയാതീതം,എന്നിവ യോഗികൾക്കുമാത്രമാണ് അനുഭവപ്പെടുന്നത്‌. ജാഗ്രത്തിൽ ബോധമനസ്സും സ്വപ്നത്തിൽ ഉപബോധമനസ്സും സുഷുപ്തിയിൽ അബോധമനസ്സും തുരീയത്തിൽ അതിബോധമനസ്സും തുരീയാതീതത്തിൽ സർവ്വവ്യാപിയായ സമഷ്ഠിമനസ്സുമാണ് പ്രവർത്തിക്കുന്നത്. അവധൂതൻ സർവ്വനിയമങ്ങൾക്കും വിധികൾക്കും അതീതനായിട്ടുള്ള യോഗിയാകുന്നു അവധൂതൻ. അദ്ദേഹം എല്ലാ ലൗകികബന്ധങ്ങളും ഉപേക്ഷിച്ച സന്യാസിയാകുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും ധ്യാനവിധികളും ഒന്നും അവധൂതന് ബാധകമല്ല. അദ്ദേഹം എല്ലാ വിധികൾക്കും അതീതനായ പരമാത്മനിഷ്ഠനാകുന്നു. അവധൂതൻ പരമാത്മാവിൽത്തന്നെ ലയിച്ചുജീവിക്കുകയാണ്. അതുകൊണ്ട് പരിപൂർണ്ണനായ ജീവൻമുക്തനാകുന്നു അവധൂതൻ
  

No comments:

Post a Comment