Friday, January 31, 2020

ആരോഗ്യദൃഢഗാത്രമായ ശരീരത്തിന് യോഗാഭ്യാസം
യോഗയെ സംബന്ധിച്ച ഒരു രഹസ്യം..... അവനവന് ശരീരം എന്നൊന്ന് ഇല്ല എന്ന തോന്നലിലേക്ക് അത് നമ്മളെ എത്തിക്കുന്നു. ദീര്ഘകാലം യോഗ അഭ്യസിച്ച് ശരീരഘടനക്ക് പുഷ്ടിയും ദൃഢതയും കൈവരുത്താനായിട്ടുണ്ടെങ്കില്, ഏതു സാഹചര്യത്തേയും നമുക്ക് നിഷ്പ്രയാസം നേരിടാനാകും.
सद्गुरु

കൃത്യമായി യോഗം അഭ്യസിക്കുകയാണെങ്കില്, ഒന്നൊന്നര കൊല്ലത്തിനുള്ളില് ഏതാസനം അവലംബിച്ചാലും സാമാന്യരീതിയില്തന്നെ ശ്വാസം എടുത്താല് മതി എന്ന നിലയില് എത്തും. കൂടുതല് ദീര്ഘമായി ശ്വസിക്കേണ്ടി വരില്ല.

സദ്ഗുരു: ഇത്തവണത്തെ കൈലാസയാത്രയില് ഏതാണ്ട് എട്ടുപത്തു ദിവസം ഞങ്ങള് ചിലവഴിച്ചത് സമുദ്രനിരപ്പില്നിന്നും പതിനാറായിരത്തില്പരം അടി ഉയരത്തിലാണ്. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഷെര്പ്പകള്ക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ഈ ചുറ്റുപാടുകളും സാഹചര്യങ്ങളും അവര്ക്ക് ചിരപരിചിതമാണ്. എന്റെ കൂട്ടത്തില്വന്ന എല്ലാവര്ക്കും പ്രത്യേകം മരുന്നുകള് കഴിക്കേണ്ടി വന്നു. അതില്ലാതെ ഇത്രയും ഉയരത്തില് അവര്ക്ക് കഴിച്ചുകൂട്ടാനാവില്ലായിരുന്നു. ഞാന് മാത്രമാണ് മരുന്നുകളുടെ സഹായം കൂടാതെ സാമാന്യരീതിയില് കഴിഞ്ഞത്. എന്റെ കൂടെയുള്ളവരെല്ലാം നിത്യവും യോഗ പരിശീലിക്കുന്നവരായിരുന്നു, ഒരുപക്ഷെ എന്നേക്കാള് കൂടുതല് കൃത്യനിഷ്ഠയോടെ. ദീര്ഘകാലം യോഗ അഭ്യസിച്ച് ശരീരഘടനക്ക് പുഷ്ടിയും ദൃഢതയും കൈവരുത്താനായിട്ടുണ്ടെങ്കില് ഏതു സാഹചര്യത്തേയും നമുക്ക് നിഷ്പ്രയാസം നേരിടാനാകും. അതിന്റെ മെച്ചം എവിടെയും എപ്പോഴും നമ്മുടെ തുണയ്ക്കുണ്ടാവും. ശരീരം സ്വസ്ഥമാകുമ്പോള് മറ്റനേകം സാദ്ധ്യതകളും താനെ തെളിഞ്ഞുവരും. അതുപോലെത്തന്നെ ശരീര സൗഖ്യമില്ലെങ്കില് ഒരു സാദ്ധ്യതയും പ്രയോജനപ്പെടുത്താനാവുകയുമില്ല. അതുകൊണ്ട് കായികക്ഷമത വളര്ത്തുക ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്.

ഒരു മിനിറ്റ് പൂര്ണമായും ഒരേ ആസനത്തിലിരിക്കാനാവുക, ശ്വാസഗതിയില് വ്യത്യാസങ്ങളൊന്നും സംഭവിക്കാതിരിക്കുക, സാഡിമിടിപ്പും സാമാന്യ രീതിയിലായിരിക്കുക അതിന്റെ അര്ത്ഥം നിങ്ങളുടെ ശരീരം സുഖമായും സ്വസ്ഥമായും ഉള്ള നിലയിലാണ് എന്നാണ്.
യോഗയെ സംബന്ധിച്ച ഒരു രഹസ്യം..... അവനവന് ശരീരം എന്നൊന്ന് ഇല്ല എന്ന തോന്നലിലേക്ക് അത് നമ്മളെ എത്തിക്കുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടെങ്കില് അത് നമ്മള് അറിയുന്നു, നമ്മളില് അത് അലോസരമുളവാക്കുന്നു. സുഖമായിരിക്കുന്ന സമയം ശരീരത്തെക്കുറിച്ച് നമുക്ക് ബോധമില്ല എന്നതാണല്ലോ സത്യം. ഉദാഹരണത്തിന്, പല്ലുവേദനയുള്ളപ്പോള് നമ്മുടെ ശ്രദ്ധ പല്ലില്ത്തന്നെയായിരിക്കും, വേദനയില്ലാത്ത സമയം നമ്മള് പല്ലിനെപ്പറ്റി ഓര്ക്കാറേയില്ലല്ലൊ! ശരീരത്തിന് അതുപോലെയുള്ള സൌഖ്യം ലഭിക്കണമെങ്കില് ആദ്യം വേണ്ടത് കുറച്ചുകൂടി ആഴത്തിലുള്ള ശ്വാസോച്ഛാസമാണ്. ക്രമേണ ഏത് ആസനത്തിലും യഥാവിധി ഇരുന്നു കഴിഞ്ഞാല് ആഴത്തില്... ക്രമത്തില് ശ്വാസോച്ഛാസം നടത്തുക സ്വാഭാവികമായും നിങ്ങളുടെ ശീലമാകും. നിങ്ങളുടെ ശരീരഘടന മെച്ചപ്പെട്ടതാണെങ്കില്, നിങ്ങള് ഒരു പ്രത്യേക പ്രായപരിധിക്കകത്താണെങ്കില് നിങ്ങള് മനസ്സിരുത്തി കൃത്യമായി യോഗം അഭ്യസിക്കുകയാണെങ്കില്, ഒന്നൊന്നര കൊല്ലത്തിനുള്ളില് ഏതാസനം അവലംബിച്ചാലും സാമാന്യരീതിയില്തന്നെ ശ്വാസം എടുത്താല് മതി എന്ന നിലയില് എത്തും. കൂടുതല് ദീര്ഘമായി ശ്വസിക്കേണ്ടി വരില്ല. കിതപ്പുകൂടാതെ സാധാരണമട്ടില് ശ്വാസോച്ഛ്വാസം നടത്തിയാല്ത്തന്നെ വേണ്ടത്ര പ്രാണവായു കിട്ടുമെന്നാകും. ഒരു മിനിറ്റ് പൂര്ണമായും ഒരേ ആസനത്തിലിരിക്കാനാവുക, ശ്വാസഗതിയില് വ്യത്യാസങ്ങളൊന്നും സംഭവിക്കാതിരിക്കുക, സാഡിമിടിപ്പും സാമാന്യ രീതിയിലായിരിക്കുക അതിന്റെ അര്ത്ഥം നിങ്ങളുടെ ശരീരം സുഖമായും സ്വസ്ഥമായും ഉള്ള നിലയിലാണ് എന്നാണ്. ആ നില പാലിക്കാനായാല് ശരീരത്തിന് അസ്വാസ്ഥ്യങ്ങളൊന്നുമുണ്ടാവുകയില്ല. ശരീരം അസ്വസ്ഥതകളില്നിന്നും മുക്തമായ നിലയിലെത്തുമ്പോള്, ജീവന്റെ മറ്റുതലങ്ങളെ കുറിച്ച് അന്വേഷിച്ചു ചെല്ലാന് വേണ്ടത്ര ഊര്ജം അതില് സ്വാഭാവികമായും നിറയും. ഈ നില കൈവരിക്കാനായില്ലെങ്കില്, ശരീരം അതിന്റെ പരാധീനതകളുമായി നിങ്ങളെ എക്കാലവും അലോസരപ്പെടുത്തികൊണ്ടിരിക്കും.

യോഗാസനങ്ങള് ചെയ്യുമ്പോള് ശ്വാസത്തില് ശ്രദ്ധിക്കണം എന്നു പറയുനത് എന്ന്തുകൊണ്ട്?

സദ്ഗുരു: മനസ്സിനും വികാരങ്ങള്ക്കും പതിഞ്ഞുനില്ക്കാന് എന്തെങ്കിലും ഒരു വിഷയം കൂടിയേ തീരൂ. രണ്ടും ഒരേ വിഷയത്തില്തന്നെ ചേര്ന്നുനിന്നാല്, പിന്നെ പ്രയാസമുണ്ടാവില്ല, സുഖവും സമാധാനവും താനേ വന്നുചേരും. മനസ്സും ബുദ്ധിയും ശരീരവും വേറെ വേറെ ദിശകളിലാണ് സഞ്ചരിക്കുന്നതെങ്കില് പല തരത്തിലും നിങ്ങള് കഷ്ടപ്പെടേണ്ടി വരും. ഒന്നു സങ്കല്പ്പിച്ചു നോക്കൂ.... ജോലിയില് പൂര്ണമായും വ്യാപൃതനായ ഒരു ഉദ്യോഗസ്ഥനാണ് നിങ്ങള്. കൂടെ വലിയൊരു കുടുംബത്തിന്റെ ചുമതലയുമുണ്ട്. അതിനു പുറമേ ഒരു പ്രണയ ബന്ധത്തിന്റെ സമ്മര്ദ്ദങ്ങളും. എങ്ങനെയാണ് നിങ്ങളുടെ മനസ്സ് സ്വസ്ഥമാവുക? മനസ്സിന്റേയും ബുദ്ധിയുടേയും ശരീരത്തിന്റേയും താല്പര്യങ്ങള് ഒരേ വിഷയത്തില് കേന്ദ്രീകരിക്കാനായാല് മാത്രമേ പൂര്ണസൌഖ്യം കൈവരിക്കാനാകുകയുള്ളു.

ശ്വാസത്തെ എത്രത്തോളം വിശ്വസിക്കാം?

അങ്ങേയറ്റത്തോളം എന്നതാണ് സത്യം. മറ്റൊന്നിനേയും, ആരേയും ഇത്രത്തോളം വിശ്വസിക്കാനാവില്ല. ധനവും, കുടുംബവും, ഉദ്യോഗവും, പ്രണയവുമൊക്കെ അതിനു താഴേയേ നില്ക്കൂ. നിങ്ങള് ജീവിച്ചിരിക്കുന്നിടത്തോളം കാലം ശ്വാസവും നിങ്ങളുടെ കൂടെ ഉണ്ടാകും. ഒരിക്കലും മാറാത്ത, ഇളകാത്ത ഒന്ന്. ശ്രദ്ധ കേന്ദ്രീകരിക്കാന് ഏറ്റവും പറ്റിയതാണ് ശ്വാസം. പൂര്ണമായും മനസ്സിരുത്താന് പറ്റിയ ഒരു മാദ്ധ്യമം. വിശേഷിച്ചും യോഗാസനം ചെയ്യുമ്പോള് ശ്വാസത്തില് മനസ്സിരുത്താനായില്ലെങ്കില് അതങ്ങിങ്ങ് വഴിതെറ്റി അലയാന് തുടങ്ങും. അതുകൊണ്ടാണ് ശ്വാസത്തില് മാത്രം ശ്രദ്ധിക്കുക എന്ന് വീണ്ടും വീണ്ടും നിര്ദ്ദേശിക്കുന്നത്. ശ്വാസമെടുത്തു മാറ്റിയാല് നിങ്ങളും നിങ്ങളുടെ ശരീരവും രണ്ടായിത്തീരും. നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും ഒന്നിച്ചു നിര്ത്തുന്നത് ശ്വാസമാണ്. യോഗത്തില് സൂചിപ്പിക്കുന്ന കൂര്മ്മനാഡി.... അതാണ് ഒരു ചരടുപോലെ നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും കൂട്ടിയിണക്കി നിര്ത്തുന്നത്.

യോഗത്തില് സൂചിപ്പിക്കുന്ന കൂര്മ്മനാഡി.... അതാണ് ഒരു ചരടുപോലെ നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും കൂട്ടിയിണക്കി നിര്ത്തുന്നത്.
ശരീരത്തിനും ശ്വാസത്തിനും ഇടയിലുള്ള കണ്ണി

ശ്വാസവുമായി നിങ്ങള് എപ്പോഴും ഇണങ്ങിനിന്നുകൊണ്ട് നിങ്ങള് ഓരോ ചുവടും വെക്കുകയാണെങ്കില് ഒരു ദിവസം നിങ്ങള്ക്കു മനസ്സിലാകും, എവിടെയാണ് നിങ്ങളും നിങ്ങളുടെ ശരീരവും കൂടിച്ചേരുന്നതെന്ന്. ആ സംഗതി മനസ്സിലാക്കി കഴിഞ്ഞാല് സ്വന്തം ശരീരത്തെ മാറ്റിനിര്ത്താന് നിങ്ങള്ക്കാവും. അതോടെ എല്ലാ വേദനകളും പ്രയാസങ്ങളും അവസാനിക്കുകയും ചെയ്യും. ജീവിതത്തിലെ ദുഃഖങ്ങളുടേയും കഷ്ടപ്പാടുകളുടേയും ഉറവിടം ശരീരവും മനസ്സുമാണ്. സ്വന്തം ശരീരത്തേയും മനസ്സിനേയും തന്നില്നിന്നും അന്യമായി കാണാന് കഴിഞ്ഞാല് എല്ലാ ദുഃഖങ്ങള്ക്കും ബുദ്ധിമുട്ടുകള്ക്കും അറുതിയായി. സങ്കടങ്ങളേയും വേദനകളേയും കുറിച്ചുള്ള ഭയങ്ങളില്നിന്നും മുക്തമായാല് മാത്രമേ ജീവിതത്തിന്റെ എല്ലാ സാദ്ധ്യതകളേയും അതിന്റെ പൂര്ണതയില് അന്വേഷിച്ചറിയാനാവൂ. അതുകൊണ്ടാണ്, ശ്വാസത്തെ മനസ്സിലാക്കുക ഏറ്റവും പ്രാധാന്യമര്ഹിക്കുന്ന സംഗതിയായി കണക്കാക്കപ്പെടുന്നത്. ഒന്നാമത്തെ കാര്യം, എന്നും എപ്പോഴും നിങ്ങളുടെ കൂടെയുള്ള ചങ്ങാതിയാണ് ശ്വാസം. മറ്റെല്ലാവരും നിങ്ങളെ വിട്ടുപോയേക്കാം, എന്നാല് ശ്വാസം, അവസാന നിമിഷം വരെ നിങ്ങളോടൊപ്പമുണ്ടായിരിക്കും. മറ്റൊരു സംഗതി, അത് നിങ്ങളെ നിങ്ങളുടെ ശരീരവും നിങ്ങളും കൂടിച്ചേരുന്നിടത്തേക്കെത്തിക്കുന്നു. ഈ സ്ഥാനം ഓരോരുത്തരും അവശ്യം കണ്ടെത്തിയിരിക്കണം, കാരണം, എന്നാല് മാത്രമേ ബാഹ്യമായ ഒരായിരം സമ്മര്ദ്ദങ്ങള്ക്കു കീഴ്പ്പെടാതെ സ്വന്തം ഇച്ഛാനുസരണം അവനവന്റെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനാകൂ. കൈയില് കിട്ടിയിട്ടുള്ള ജീവിതത്തെ തകര്ത്തെറിയാം, അല്ലെങ്കില് കെട്ടിപ്പടുക്കാം. ആ തീരുമാനം നിങ്ങളുടെ കൈയ്യിലാണ്. അതിനു നിങ്ങളെ സഹായിക്കുക ശ്വാസത്തെ കുറിച്ചുള്ള ശരിയായ അവബോധമാണ്.
sadguru

No comments:

Post a Comment