Tuesday, January 28, 2020

ഗായത്രി ജപം

Sunday 2 November 2014 8:06 pm IST
സുപ്രസിദ്ധമായ ഗായത്രിമന്ത്രം ഋഗ്വേദം മൂന്നാം മണ്ഡലത്തില്‍ ആറാം സൂത്രത്തിലെ പത്താമത്തെ മന്ത്രമാണ്. മന്ത്രങ്ങളില്‍ ഗായത്രിയേക്കാള്‍ ശ്രേഷ്ഠായി മറ്റൊന്നില്ല എന്നാണ് വിശ്വാസം. ഹൈന്ദവമനസ്സുകളില്‍ ഇത്രയേറെ സ്ഥാനം നേടിയ മറ്റൊരു മന്ത്രമില്ല. ഓം ഭുര്‍ ഭുവഃ സ്വഃ തത് സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോ നഃ പ്രചോദയാത് ഇതാണ് ഗായത്രിമന്ത്രം. ഇതില്‍ ഓം പ്രണവവും ഭുര്‍ ഭുവഃ വ്യാഹൃതിയുമാണ്. അടുത്തതാണ് മന്ത്രഭാഗം. 'സവിതാവിന്റെ ദിവ്യവും ശ്രേഷ്ഠവുമായ ആ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. ആ ഭര്‍ഗന്‍ എന്ന തേജസ്സ് ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ' എന്നതാണ് ഗായത്രിയുടെ അര്‍ത്ഥം. ഗാനം ചെയ്യുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ) എന്നാണ് ഗായത്രിയുടെ വാക്യാര്‍ത്ഥം. ഉപനയനസമയത്ത് ഈ മന്ത്രത്തിന്റെ ഉപദേശത്തോടുകൂടിയാണ് ബ്രാഹ്മണര്‍ക്ക് ദ്വിജത്വം സിദ്ധിക്കുന്നത്. ഹിന്ദുക്കള്‍ സന്ധ്യാവന്ദനസമയത്ത് 108 തവണ ഗായത്രി ജപിക്കുന്ന പതിവുണ്ട്. പകല്‍ സമയത്തെ ജീവിതവ്യാപാരത്തിനിടയില്‍ സംഭവിച്ചേക്കാവുന്ന ദോഷങ്ങളെയും പാപങ്ങളെയും അകറ്റാന്‍ സായംസന്ധ്യയിലും രാത്രിയിലെ തമസ്സിലാണ്ട് മൗഢ്യം ബാധിച്ച മനസ്സിനെ ഉത്തേജിപ്പിക്കാന്‍ പ്രഭാതസന്ധ്യയിലും ഗായത്രി ജപിക്കുന്നു. രാവിലെ നിന്നുകൊണ്ടും വൈകുന്നേരം ഇരുന്നുകൊണ്ടുമാണ് ഗായത്രി ജപിക്കുക. ജപരീതി കരമാലാസമ്പ്രദായമനുസരിച്ചാണ് സാധാരണ ഗായത്രി ജപിക്കുക. വലം കൈ നിവര്‍ത്തി മലര്‍ത്തിപ്പിടിച്ച് വിരലുകളുടെ അഗ്രം മടക്കിക്കൊണ്ട് മുഖംകുനിച്ച് ദേഹം ഇളകാതെ നിന്നുകൊണ്ട് ഗായത്രി ജപിക്കണം. മോതിരവിരലിന്റെ മധ്യരേഖയില്‍ തള്ളവിരലിന്റെ അഗ്രം സ്പര്‍ശിച്ച് ഒന്ന്, തുടര്‍ന്ന് താഴോട്ടിറങ്ങി ദക്ഷാവര്‍ത്തരീതിയില്‍ ചെറുവിരലിന്റെ മൂലം, മധ്യരേഖ, മുകളിലെ രേഖ, തുടര്‍ന്ന് മോതിരവിരലിന്റെയും അതിനുശേഷം നടുവിരലിന്റെയും മുകളിലെ രേഖകള്‍, അതിനുശേഷം ചൂണ്ടുവിരലിലെ മൂന്നുരേഖകള്‍ ഈ ക്രമത്തില്‍ തൊട്ടെണ്ണി ചൂണ്ടുവിരലിന്റെ മൂലത്തിലെത്തുമ്പോള്‍ പത്താകും. ഇങ്ങനെ എണ്ണി ഗായത്രി ജപിക്കുന്നതാണ് കരമാലാസമ്പ്രദായം. മാല ഉപയോഗിച്ചും ഗായത്രി ജപിക്കാം. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിന്റെ ആദ്യദിവസം സകല ദോഷപരിഹാരാര്‍ത്ഥം ഗായത്രി ജപിക്കുന്ന പതിവുണ്ട്. ചുരുങ്ങിയത് പത്തുതവണയെങ്കിലും ഒരു സന്ധ്യയ്ക്ക് ഗായത്രി ജപിക്കണം. കൂടുതല്‍ എത്രയുമാകാം. രാത്രികാലങ്ങളില്‍ ഗായത്രി ജപം പാടില്ല. നിത്യവും ഗായത്രി ജപിക്കുന്നവരെ ഗ്രഹദോഷങ്ങള്‍ ബാധിക്കില്ല എന്നാണു വിശ്വാസം. സ്ത്രീകള്‍ക്കും ഗായത്രി ജപിക്കാമെന്നാണ് പണ്ഡിതമതം. മനോമാലിന്യം നീക്കാനുള്ള സാധനയായി ഹിന്ദുക്കള്‍ നിത്യകര്‍മ്മമെന്ന നിലയില്‍ അനുഷ്ഠിച്ചുപോരുന്ന ഗായത്രിജപം പില്‍ക്കാലത്ത് അനാശാസ്യമായ വര്‍ണ്ണവിവേചനം മൂലം സവര്‍ണര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന നിലവന്നുചേര്‍ന്നു. പൂണൂല്‍ ധാരികള്‍ക്കേ ഗായത്രിജപം പാടുള്ളൂ എന്ന സങ്കുചിതചിന്തയ്ക്ക് പ്രാചീനസമ്മതിയില്ല. ഋഷീസന്തതികളായ നമുക്കേവര്‍ക്കും അവകാശപ്പെട്ടതാണ് ഗായത്രിമന്ത്രം. നിത്യവും സന്ധ്യാവന്ദനവേളയില്‍ ഈ പാവനമന്ത്രം നമുക്കു ജപിക്കാം.

No comments:

Post a Comment