Friday, January 31, 2020

കര്‍മ്മയോഗം

Tuesday 29 November 2016 9:39 pm IST
  കര്‍മ്മയോഗത്തെ പലവിധത്തില്‍ ഭഗവാന്‍ ഗീതയില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഗീതയിലെ മൂന്നാമദ്ധ്യായത്തിലെ സവിശേഷമായ രണ്ട് ശ്ലോകങ്ങളില്‍ക്കൂടി അന്നം മുതല്‍ ബ്രഹ്മം വരെ ബന്ധപ്പെട്ട വഴികളെ വെളിവാക്കിത്തന്ന് കര്‍മ്മയോഗമെന്ന ഭഗവല്‍ സിദ്ധാന്തത്തില്‍ക്കൂടി ബ്രഹ്മജ്ഞാനത്തില്‍ നമ്മെ എത്തിക്കുന്നു. അന്നാദ് ഭവന്തി ഭൂതാനി പര്‍ജ്ജന്യാദന്ന സംഭവഃ യജ്ഞാദ്ഭവതി പര്‍ജ്ജന്യോ യജ്ഞഃ കര്‍മ്മ സമുദ്ഭവഃ കര്‍മ്മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷര സമുദ്ഭവം തസ്മാത് സര്‍വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം. അന്നം ആഹാരമാണ്. എല്ലാ സസ്യജാലങ്ങളെയും അന്നമായി ഗീത കണക്കാക്കുന്നു. അന്നാദ് ഭവന്തി ഭൂതാനി - അന്നത്തില്‍ നിന്ന് ജന്തുജാലങ്ങള്‍ ഉണ്ടാകുന്നു. മനുഷ്യനുള്‍പ്പെടെയുള്ള ജന്തുവര്‍ഗം അന്നംകൊണ്ട് വളരുന്നു. അന്നം എങ്ങനെയുണ്ടാകുന്നു? പര്‍ജ്ജന്യാദ് അന്ന സംഭവഃ - മഴപെയ്യുന്നതുകൊണ്ട് അന്നമുണ്ടാകുന്നു. സസ്യജാലങ്ങള്‍ സമൃദ്ധമായി വളരണമെങ്കില്‍ മഴവേണം. യഥാകാലം നല്ലവണ്ണം മഴപെയ്താല്‍ സസ്യജാലങ്ങള്‍ സമൃദ്ധമായി വളരും. ജന്തുക്കള്‍ക്ക് ആ അന്നം ധാരാളമായി ലഭിക്കും. മഴയെങ്ങനെയുണ്ടാകും? യജ്ഞാദ് ഭവതി പര്‍ജ്ജന്യോ- യജ്ഞം എന്നാല്‍ യാഗാദി കര്‍മ്മങ്ങള്‍. യാഗഫലം വൃഷ്ടി എന്നുണ്ട്. യജ്ഞം ആരുചെയ്യുന്നു? ഋഷിമാരോ ഋഷിതുല്യരോ ചെയ്യുന്നു. ഒരു യജ്ഞകൃത്തിന് വ്യക്തിപരമായ ലാഭമൊന്നുമില്ല. പിന്നെന്തിന് അയാള്‍ യജ്ഞം ചെയ്യണം? യജ്ഞം അന്തരീക്ഷശുദ്ധിക്കും തന്മൂലം രോഗപീഡകളകറ്റാനും പ്രകൃത്യതീത ശക്തികളുടെ പോഷണത്തിനും വിശ്വമനസ്സാക്ഷിയുടെ അനുഗ്രഹത്തിനും വേണ്ടിയുള്ളതാണ്. ഇതിന്റെയൊക്കെ ഫലം നല്ലരീതിയിലുള്ള മഴയുടെ ലഭ്യതയാണ്. അപ്പോള്‍ യജ്ഞം സമൂഹനന്മയ്ക്കാണ്. അപ്രകാരമുള്ള യജ്ഞം സ്വാര്‍ത്ഥപരമല്ലാത്തതുകൊണ്ട് ത്യാഗപരമാണ്. ത്യാഗപൂര്‍ണമായ കര്‍മ്മമാണ് യജ്ഞം എന്നറിയുക. സ്വാര്‍ത്ഥചിന്തവിട്ട് ആത്മാര്‍ത്ഥമായ അര്‍പ്പണബോധത്തോടെ കര്‍മ്മം ചെയ്ത് അതിന്റെ ഫലത്തെ ത്യജിക്കുന്നതും നിസ്സംഗനായി നിന്ന് ആ ത്യാജ്യഫലത്തെ അന്യജീവികള്‍ അനുഭവിക്കാന്‍ വിടുകയും ചെയ്യുന്ന പ്രക്രിയയാണ് വിശ്വമനസ്സാക്ഷിക്ക് കര്‍മ്മഫലത്തെ അര്‍പ്പിക്കുക എന്നു പറയുന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പരമാത്മാവില്‍ അര്‍പ്പിക്കുന്ന എല്ലാ ക്രിയകളും യജ്ഞങ്ങളാണ്. ഇപ്രകാരം എല്ലാവരും യജ്ഞം അനുഷ്ഠിക്കുമ്പോള്‍ പ്രകൃതി അനുഗ്രഹം വര്‍ഷിക്കുന്നു. യജ്ഞഃ കര്‍മ്മ സമുദ്ഭവഃ -ഈ യജ്ഞം കര്‍മ്മത്തില്‍ നിന്നുള്ളതാണ്. കര്‍മ്മ ബ്രഹ്മോദ്ഭവം വിദ്ധി- കര്‍മ്മം ബ്രഹ്മത്തില്‍ നിന്നുള്ളതാണ്. ബ്രഹ്മം വിശ്വമനസ്സാക്ഷിയാകുന്നു. ബ്രഹ്മത്തിന്റെ സ്വഭാവം കര്‍മ്മം ചെയ്യലാണ്. ബ്രഹ്മം തന്റെ സ്വകീയ ശക്തിയുടെ സഹായത്തോടെ നിരന്തരം കര്‍മ്മം ചെയ്യുന്നു. ആ കര്‍മ്മം പ്രപഞ്ചം മുഴുവനും വ്യാപിക്കുന്നു. അണുമുതല്‍ അണ്ഡകടാഹം വരെയുള്ള സകല ചലനങ്ങളും ആ കര്‍മ്മത്തിന്റെ പ്രതിഫലനങ്ങളാണ്. പ്രപഞ്ചത്തിന്റെ വികാസവും സങ്കോചവും ചലനവും ആ കര്‍മ്മത്തിന്റെ ഫലങ്ങളാണ്. ബ്രഹ്മം കര്‍മ്മനിരതമാകുമ്പോള്‍ കര്‍മ്മം എന്നതുതന്നെ ബ്രഹ്മമായി പരിണമിക്കുന്നു. ബ്രഹ്മ അക്ഷരസമുദ്ഭവം - ബ്രഹ്മം അക്ഷരത്തില്‍ നിന്ന് ഉടലെടുത്തതാണ്. അക്ഷരം നാശരഹിതമായ മൂലശക്തിയാകുന്നു. അക്ഷരമാണ് സകല പ്രതിഭാസങ്ങളുടെയും പ്രഭവസ്ഥാനം. തസ്മാത് സര്‍വഗതം ബ്രഹ്മ - അതുകൊണ്ട് ബ്രഹ്മം എല്ലായിടവും വ്യാപിച്ചിരിക്കുന്നു എന്ന് അറിയുക. അതെങ്ങനെ, ചലനാത്മകമായ സകലവിധ കര്‍മ്മങ്ങളായും, സകലവിധ യജ്ഞങ്ങളായും ബ്രഹ്മം പ്രപഞ്ചം മുഴുവനും വ്യാപിച്ചിരിക്കുന്നു. ജീവകോടികള്‍ മുഴുവനും, ചഞ്ചലമായ പ്രപഞ്ചവും നിരന്തരം കര്‍മ്മത്തില്‍ വിലീനമാണ്. കര്‍മ്മമില്ലാതെ അഥവാ ചലനമില്ലാതെ യാതൊന്നും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നില്ല. എല്ലാ ചലനങ്ങളും കര്‍മ്മങ്ങള്‍ തന്നെ. ആ ചലനങ്ങളിലെല്ലാം ബ്രഹ്മത്തിന്റെ അധിവാസമുള്ളതുകൊണ്ടാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. എന്തെന്നാല്‍ ബ്രഹ്മം നാശരഹിതമായ ശക്തിയാണ്. ചലനങ്ങളുടെ പ്രതിഫലനങ്ങളാണ് ഫലങ്ങളായി ഭവിക്കുന്നത്. ഫലങ്ങളില്‍നിന്ന് ജന്തുവര്‍ഗങ്ങളുടെ പോഷണമുണ്ടാകുന്നു. തന്നിമിത്തം ലോകം നിലനില്‍ക്കുന്നു. സകല കര്‍മ്മങ്ങളും യജ്ഞങ്ങളാകുന്നുവെന്നും യജ്ഞത്തില്‍ ബ്രഹ്മം പ്രതിഷ്ഠിതമാണെന്നും അതുകൊണ്ട് ഫലേച്ഛകൂടാതെയുള്ള കര്‍മ്മം-യജ്ഞം- കൊണ്ട് ബ്രഹ്മപ്രാപ്തിയാണെന്നും അതാണ് കര്‍മ്മയോഗമെന്നും നാം മനസ്സിലാക്കണം.

No comments:

Post a Comment