Thursday, February 20, 2020

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (31-35)

നാലം വാ പരമോപകാരകമിദം ത്വേകം പശൂന‍ാം പതേ
പശ്യന്‍ കുക്ഷിഗതാന്‍ ചരാചരഗണാന്‍ ബാഹ്യസ്ഥിതാന്‍ രക്ഷിതും |
സര്‍വ്വമര്‍ത്ത്യപലായനൌഷധമതിജ്വാലാകരം ഭീകരം
നിക്ഷിപ്തം ഗരലം ഗലേ ന ഗിലിതം നോദ്ഗീര്‍ണ്ണമേവ ത്വയാ || 31 ||
പശൂന‍ാംപതേ! – പശുപതേ!; കക്ഷിഗതാന്‍ – ഉദരത്തി‍ല്‍ പ്രവേശിച്ചവയും; ബാഹ്യസ്ഥിതാന്‍ – പുറത്തുള്ളവയുമായ; ചരാചരഗണാന്‍ – ഇളകുന്നതുമിളകാത്തതുമായ വസ്തുക്കളെ; രക്ഷിതും പശ്യന്‍ – രക്ഷിക്കുന്നതിന്നു ആലോചിക്കുന്നവനായിട്ട്; ത്വയാ – നിന്തിരുവടിയി‍ല്‍; അതിജ്വാലാകരം – ഉജ്ജ്വലിക്കുന്ന ജ്വാലകളോടുകൂടിയതും; ഭീകരംഗരളം – ഭയങ്കരവുമായ വിഷം സര്‍വ്വമര്‍ത്ത്യപലായ; നൗഷധം – ദേവന്മരെല്ലാവരുടേയും പലായനമാകുന്ന രോഗത്തിന്നുള്ള ഓഷധമാകുമാറ്; ഗളേ നിക്ഷിപ്തം – കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു; ഗിളിതം ന – വിഴുങ്ങിയതുമില്ല; ഉദ്ഗീര്‍ണ്ണം ഏവ ന – പുറത്തേക്കുവിട്ടതുമില്ല; പരമോപകാരകം – ഏറ്റവും വലിയ ഉപകാരമായ; ഇദം ഏകം തു – ഇത് ഒന്നുതന്നെ; ന അലം വാ! – മതിയാവുന്നതല്ലേ
ഹേ പശുപതേ! കുക്ഷിക്കകത്ത് സ്ഥിതിചെയ്യുന്നവയും പുറത്തുള്ളവയുമായ ചരാചരങ്ങളെ രക്ഷിക്കുന്നതിന്നായി നിന്തിരുവടിയാല്‍ അമൃതമഥനസമയത്തുണ്ടായ ജ്വാലകളാര്‍ന്ന അതിഘോരമായ കാകോളം ദേവന്മാരുടെ ഭയത്തിന്നുള്ള ഔഷധമാകുമാറ് നിന്തിരുവടിയുടെ കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു. അതിനെ വിഴുങ്ങുകയോ, ഛര്‍ദ്ദിക്കുകയോ ചെയ്തതുമില്ല. ഈ ചെയ്ത കൃത്യം ഒന്നുതന്നെ നിന്തിരുവടിയുടെ കാരുണ്യത്തേയും കരുത്തിനേയും വിശദമാക്കുന്നതിന്ന് മതിയായതാണല്ലോ!
ജ്വാലോഗ്രഃ സകലാമരാതിഭയദഃ ക്ഷ്വേലഃ കഥം വാ ത്വയാ
ദൃഷ്ടഃ കിം ച കരേ ധൃതഃ കരതലേ കിം പക്വജംബൂഫലം |
ജിഹ്വായ‍ാം നിഹിതശ്ച സിദ്ധഘുടികാ വാ കണ്ഠദേശേ ഭൃതഃ
കിം തേ നീലമണിര്വിഭൂഷണമയം ശംഭോ മഹാത്മന്‍ വദ || 32 ||
മഹാത്മന്‍ ശംഭോ! – മഹത്മാവായ ശംഭോ!; ജ്വാലോഗ്രഃ – തീക്ഷ്ണജ്വാലകളാര്‍ന്നതും; സകലാമരാതിഭയദഃക്ഷ്വേളഃ – ത്വയാ ദേവന്മാര്‍ക്കെല്ല‍ാം അധികഭയത്തെ നല്‍കുന്നതുമായ ആ കടുംവിഷം നിന്തിരുവടിയാല്‍; കഥം വാ ദൃഷ്ടഃ – എങ്ങിനെയാണ് കാണപ്പെട്ടത് ?; കിം തു, കരേ ധൃതഃ – എന്നല്ല, കയ്യില്‍ എങ്ങിനെ ധരിക്കപ്പെട്ടു; കരതലേ നിഹിതഃ ച – കൈത്തലത്തില്‍ വെയ്ക്കപ്പെട്ടതിനാ‍ല്‍; പക്വജംബൂഫലംകിം – പഴുത്ത ഞാവല്‍പ്പഴമാണോ?; ജിഹ്വായ‍ാം – നാവി‍ല്‍ വെയ്ക്കപ്പെട്ട അത്; സിദ്ധഘുടികാവാ? – സിദ്ധന്മാരുപയോഗിക്കുന്ന ഗുളികയാണോ?; കണ്ഠദേശേദൃതഃ അയം – കഴുത്തില്‍ ധരിക്കപ്പെട്ട ഇത്; തേ വിഭൂഷണം – അങ്ങക്ക് ആഭരണമായ; നീലമണിഃകിം? വ്ദ. – മാണിക്യമാണോ? അരുളിച്ചെയ്താലും.
ശംഭോ! തീക്ഷ്‍ണജ്വാലകളാ‍ല്‍ അതിദുസ്സഹവും ദേവന്മാര്‍ക്കെല്ല‍ാം അധികം ഭയം നല്‍ക്കുന്നതുമായ ആ കടുത്ത വിഷത്തെ നിന്തിരുവടി എങ്ങിനെ കണ്ടു? എന്തിനു കൈകൊണ്ടടുത്തു; അതു പഴുത്ത ഞാവല്‍പ്പഴമാണോ? എന്തിന്നു ഭക്ഷിക്കുവാന്‍ മുതിര്‍ന്നു; സിദ്ധഗുളികയാണോ? എന്തിന്നു കഴുത്തിലണിയപ്പെട്ടു; നീലമാണിക്യമാണോ ? പറഞ്ഞരുളിയാലും.
നാലം വാ സകൃദേവ ദേവ ഭവതഃ സേവാ നതിര്‍വാ നുതിഃ
പൂജാ വാ സ്മരണം കഥാശ്രവണമപ്യാലോകനം മാദൃശ‍ാം |
സ്വാമിന്നസ്ഥിരദേവതാനുസരണായാസേന കിം ലഭ്യതേ
കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്ഥനീയം തദാ || 33 ||
സ്വാമിന്‍ ‍! – ദേവ!; നാഥ! – ദേവ!; ഭവതഃ നതിഃ വാ – നിന്തിരുവടിയുടെ നമസ്കാരമായാലും; പൂജാ വാ സ്മരണം – പൂജയായാലും ധ്യാനമായാലും; കഥാശ്രവണംഅപി – കഥയെ ശ്രവിക്കുന്നതായാലും; ആലോകനംസേവാ – ദര്‍ശനമായാലും ഭജനമായാലും; നുതിഃ മാദൃശ‍ാം – കീര്‍ത്തനമായാലും എന്നെപോലുള്ളവര്‍ക്കു; സകൃത് ഏവ – ഒരു പ്രാവശ്യം മാത്രം; ന അലം വാ – മതിയാവുന്നതല്ലേ ഇതഃ ഈ ഉപായങ്ങളാലല്ലാതെ; മുക്തിഃ കാ വാ? – മോക്ഷം എവിടുന്നു?; കത – ഇതിലേതെങ്കിലുംമൊന്നിനാ‍ല്‍; ഭവതി ചേത് – മോക്ഷം സംഭവിക്കുന്നവെങ്കില്‍ ; തദാ – അപ്പോ‍ള്‍ ; അസ്ഥിരദേവതാനുസരണായാസേന – സ്ഥിരമില്ലാത്തവരായ ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടത്താല്‍; കിം ലഭ്യതേ? – എന്താണു ലഭിക്കുന്നത്?; പ്രാര്‍ത്ഥനീയം  – അവരോടപേക്ഷിക്കത്തക്കതായി; കിം – എന്തൊന്നാണുള്ളത് ?
ദേവ! നിന്തിരുവടിയുടെ നമസ്മാരമാവട്ടെ, പൂജയാവട്ടെ, ധ്യാനമാവട്ടെ, കഥാശ്രവണമാവട്ടെ എന്നുപോലെയുള്ളവര്‍ക്കു ഒരേ ഒരു പ്രാവശ്യംമാത്രം മതിയാവുന്നതാണല്ലോ. ഈ ഉപായങ്ങള്‍ കൊണ്ടല്ലാതെ മോക്ഷം എവിടെനിന്ന് ലഭിക്കുന്നു? ഈ ഉപായങ്ങളേതെങ്കിലുംമൊന്നുകൊണ്ട് ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടംകൊണ്ട് ലഭിക്കുന്നതെന്താണ് ? അവരോടപേക്ഷിക്കത്തതായി എന്തൊന്നാണുള്ളത് ?
കിം ബ്രൂമസ്തവ സാഹസം പശുപതേ കസ്യാസ്തി ശംഭോ ഭവ-
ദ്ധൈര്യം ചേദൃശമാത്മനഃ സ്ഥിതിരിയം ചാന്യൈഃ കഥം ലഭ്യതേ |
ഭ്രശ്യദ്ദേവഗണം ത്രസന്മുനിഗണം നശ്യത്പ്രപഞ്ചം ലയം
പശ്യന്നി‍ഭയ ഏക ഏവ വിഹരത്യാനന്ദസാന്ദ്രോ ഭവാ‍ന്‍ || 34 ||
ശംഭോ! പശുപതേ! – ശംഭോ! ജീവേശ!; തവ സാഹസം – നിന്തിരുവടിയുടെ സാഹസത്തെ; കിംബ്രൂമഃ? – എന്താണെന്നാണ് ഞങ്ങള്‍ പറയേണ്ടത് ?; ഈദൃശം – ഇങ്ങിനെയുള്ള; ഭവദ്ധൈര്‍യ്യംച – അങ്ങയുടെ ധൈര്‍യ്യവും; കസ്യ അസ്തി? ഇയം – ആര്‍ക്കുണ്ട് ? ഈ; ആത്മനഃ സ്ഥിതിഃ ച – തന്റെ അവസ്ഥയും; അന്യൈഃകഥം – മറ്റുള്ളവ‍ര്‍ എപ്രകാരംമാണ് ലഭ്യതേ? പ്രാപിക്കുന്നത് ?; ആനന്ദസാന്ദ്രഃഭവാന്‍ – ആനന്ദപരിപൂര്‍ണ്ണനായ നിന്തിരുവടി; ദ്രശ്യദ്ദേവഗണം – സ്വസ്ഥാനങ്ങളില്‍നിന്നു നീക്കപ്പെടുന്ന ദേവഗണങ്ങളോടുകൂടിയതും; ത്രസന്മുനിഗണം – ഭയന്നു വിറയ്ക്കുന്ന മുനിഗണങ്ങളോടു കൂടിയതും; നശ്യത് പ്രപഞ്ചം – നശിച്ചുപോകുന്ന ചരാചരങ്ങളോടുകൂടിയതുമായ; ലയം പശ്യ‍ന്‍ – പ്രളയത്തെ നോക്കിക്കോണ്ട്; നിര്‍ഭയം – ഭയലേശംകൂടാതെ; ഏകഃ ഏവ വിഹരതി – ഒരുവാനയ്തന്നെ ക്രീഡിച്ചരുളുന്നു.
നിന്തിരുവടിയുടെ സാഹസത്തെപ്പറ്റി ഞങ്ങള്‍ എന്തുപറയട്ടെ! ഈവിധം ധൈര്‍യ്യവും ആര്‍ക്കാണുള്ളത് ? ഇപ്രകാരമുള്ള തന്റെ അവസ്ഥയും വേറെ ആര്‍ക്കാണുള്ളതു പ്രളയകാലത്തില്‍ ദേവസമൂഹമെല്ല‍ാം സ്വസ്ഥാനങ്ങളില്‍നിന്ന് ഭ്രംശിച്ച് താഴെ വീഴുകയും മഹര്‍ഷിവര്‍യന്മാരെല്ല‍ാം ഭയചകിതരാവുകയും ചെയ്യവെ, ആനന്ദസാന്ദ്രനായ നിന്തിരുവടിമാത്രം ഏകനായി ഇതെല്ല‍ാം നോക്കിക്കൊണ്ട് നിര്‍ഭയനായി ക്രീഡിച്ചരുളുന്നു.
യോഗക്ഷേമധുരംധരസ്യ സകലശ്രേയഃപ്രദോദ്യോഗിനോ
ദൃഷ്ടാദൃഷ്ടമതോപദേശകൃതിനോ ബാഹ്യാന്തരവ്യാപിനഃ |
സര്‍വ്വജ്ഞസ്യ ദയാകരസ്യ ഭവതഃ കിം വേദിതവ്യം മയാ
ശംഭോ ത്വം പരമാന്തരങ്ഗ ഇതി മേ ചിത്തേ സ്മരാമ്യന്വഹം || 35 ||
ശംഭോ! – ഈശ!; യോഗക്ഷേമദുരന്ധരസ്യ – കിട്ടാത്തതിനെ കൈവശമാക്കുക, കൈവശംവന്നതിനെ രക്ഷിക്കുക എന്ന ഭാരം വഹിക്കുന്നവനായി; സകലശ്രേയഃപ്രദോദ്യോഗിനഃ – എല്ലാ ശ്രേയസ്സുകളേയും നല്‍ക്കുന്നതി‍ല്‍ ശ്രദ്ധയോടുകൂടിയവനായി; ദൃഷ്ടദൃഷ്ടമതോപദേശകൃതിനഃ – കാണ്മാ‍ന്‍ കഴിവുള്ളതും കഴിവില്ലാത്തതുമായ ഫലത്തെ നല്‍കുന്ന ഉപായങ്ങളെ ഉപദേശിക്കുന്നതി‍ല്‍ സമര്‍ത്ഥനായി; ബാഹ്യാന്തരവ്യാപിനഃ – പുറത്തും അകത്തും വ്യാപിച്ചവനായി; സര്‍വ്വജ്ഞസ്യ – എല്ലാമറിയുന്നവനായി; ദയാകരസ്യ ഭവതഃ – ദയാനിധിയായ നിന്തിരുവടിക്ക്;
മയാ – എന്നാല്‍; വേദിതവ്യംകിം – ബോധിപ്പിക്കത്തക്കതായി എന്തൊന്നാണുള്ളത് ?; പരമാന്തരംഗഃഇതി ‘- ഏറ്റവും പ്രിയപ്പെട്ടവന്‍’ എന്ന്; അന്വഹം – ദിനംതോറും; ചിത്തേ സ്മരാമി – മനസ്സി‍ല്‍ സ്മരിച്ചുകൊള്ള‍ാം.
ഈശ്വര! യോഗക്ഷേമഭാരം വഹിക്കുന്നവനായി എല്ലാവിധ ശ്രേയസ്സുകളേയും നല്‍കുന്നതി‍ല്‍ ജാഗരൂകനായി ഐഹികവും ആമുഷ്മികവുമായ ഫലങ്ങളെ നല്‍ക്കുന്ന ഉപായങ്ങളുപദേശിക്കുന്നതി‍ല്‍ അതിസമര്‍ത്ഥനായി, സര്‍വ്വജ്ഞനായി, ദയാനിധിയായിരിക്കുന്ന നിന്തിരുവടിക്കു എന്നാല്‍ പറഞ്ഞറിയിക്കത്തക്കതായി എന്താണുള്ളത്? നിന്തിരുവടി എന്റെ ആപ്തമിത്രമാണെന്നു ഞാന്‍ അനുദിനവും ഹൃദയത്തി‍ല്‍ സ്മരിച്ചുകൊള്ള‍ാം.

No comments:

Post a Comment