Sunday, February 23, 2020

ശിവൻ പാർവ്വതിയോട് പറഞ്ഞു കൊടുത്ത അത്ഭുതകരമായ 5 രഹസ്യങ്ങൾ
ശിവൻ പല പല അവസരങ്ങളിലായി,
പാർവ്വതീ ദേവിക്ക് പല പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ശിവന്‍റെ അനുശാസനങ്ങൾ സാധാരണ, മനുഷ്യ ജീവിതത്തിലും, കുടുംബത്തിലും, വിവാഹ ജീവിതത്തിലുമെല്ലാം വളരെ വിലയേറിയ ഉപദേശങ്ങളാണ്. ശിവൻ പാർവ്വതിയോട് പങ്കുവെച്ച വിലയേറിയ രഹസ്യങ്ങൾ, ഏതൊരു മനുഷ്യനും ആവശ്യവും, തെറ്റാതെ പിന്‍തുടരേണ്ടതുമായവയാണ്. എന്തൊക്കെയാണ് ആ 5 രഹസ്യങ്ങൾ?
*ആരാണ് ശിവൻ?*
ശിവനിൽ നിന്നാണ് എല്ലാ സൃഷ്ടികളും ഉണ്ടായിരിക്കുന്നത്. എല്ലാം തിരിച്ച് പോകുന്നതും ശിവനിലേക്ക് തന്നെയാണ്. ശിവന് അസ്ഥിത്വമില്ല. ശിവൻ വെളിച്ചമല്ല, ഇരുട്ടാണ്‌. ഒരേസമയം, രൂപിയും അരൂപിയുമാണ്. സകല ചരാചരങ്ങളെയും ആവാഹിച്ച മനുഷ്യ രൂപമാണ്‌ ശിവൻ. ശക്തിയുടെ കരുത്തിന്‍റെ ഉറവിടം. ശിവൻ ഒരേ സമയം ശക്തിയുടെ ഒരു ഭാഗവുമാണ്, ശക്തിയുമാണ്.
*ആരാണ് പാർവ്വതി?*
പാർവ്വതി ശക്തിയാണ്. ജീവദായിനിയാണ്. പാർവ്വതീ ദേവിയില്ലെങ്കിൽ ലോകം തന്നെ ഇല്ല. ശിവനിലെ ഇരുട്ടിന് വെളിച്ചവും, അനന്തതയ്ക്ക് അതിരും നൽകുന്ന, ശിവന്‍റെ കരുത്തിന്‍റെ ഉറവിടം. ശിവൻ സത്വമാണെങ്കിൽ, ശക്തി രജസ്സാണ്. ശിവന്‍റെ ആലസ്യം അകറ്റി ഉത്തേജനം നല്‍കുന്നവൾ, ശിവന് പൂർണ്ണതയേകുന്നവൾ, ശക്തി. അവൾ ഒരേ സമയം ശിവന്‍റെ ഒരു ഭാഗവുമാണ്, ശിവനുമാണ്!
*ശിവനും പാർവ്വതിയും*
ശിവൻ പരമപുരുഷനും പാർവ്വതി പരമ സ്ത്രീയുമാകുന്നു. ശിവനില്ലെങ്കിൽ പാർവ്വതിയും, പാർവ്വതി ഇല്ലെങ്കിൽ ശിവനും ജീവനറ്റ വെറും ശവത്തിന് സമമാകുന്നു. ശിവന്‍റെ ആദ്യ ഭാര്യയായ സതിയുടെ പുനർജ്ജന്മമാണ് പാർവ്വതി. എന്നാൽ, സതിക്ക് ഇല്ലാതിരുന്ന ഗുണങ്ങളും കൂടി ചേർന്ന് ജന്മം കൊണ്ടതാണ് പാർവ്വതി. ശിവന്‍റെ ശക്തിയാണ് പാർവ്വതി. അവർ ഒന്നാണ്. ശിവനാണ് ശക്തി. ശക്തിയാണ് ശിവൻ.
*ശിവപാർവ്വതി വിവാഹം*
ശിവപുരാണം അനുസരിച്ച്, സതിയുടെ പുനർജ്ജന്മമാണ് പാർവ്വതി. മഹാരാജാവ് ഹിമവാനും റാണി മൈനയ്ക്കും ജനിച്ച പാർവ്വതി കുട്ടിയായിരിക്കുമ്പോൾ തന്നെ, ശിവന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവളായിരുന്നു. അവളുടെ ജനന സമയത്ത് മഹർഷി നാരദൻ പ്രവചിച്ചത്, എന്തൊക്കെ സംഭവിച്ചാലും ശരി, ഇവൾ ശിവനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നാണ്. അവൾ വളർന്നപ്പോൾ, അവളുടെ ശിവനോടുള്ള പ്രേമം അതിരുകളില്ലാതെ വളർന്നു. വർഷങ്ങൾ നീണ്ട തപസ്സും പ്രയാസങ്ങളും കടന്ന്, അവസാനം ശിവനും പാർവ്വതിയും തങ്ങളുടെ ദൈവീക വിവാഹത്തിനായി ഒരുമിച്ചു.
*ഏറ്റവും വലിയ ധർമ്മവും, ഏറ്റവും വലിയ തെറ്റും*
ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും വലിയ ധർമ്മവും ഏറ്റവും വലിയ തെറ്റും ഏതൊക്കെയെന്ന് പാർവ്വതീ ദേവി ശിവനോട് ചോദിച്ചു. ശിവൻ ഒരു സംസ്കൃത ശ്ലോകത്തിലൂടെയാണ് അതിന് ഉത്തരം നൽകിയത്. ആദരണീയനും സത്യസന്ധനുമാകുക എന്നതാണ് ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ ധർമ്മവും ശ്രേഷ്ഠതയും. എന്നാൽ, ഏറ്റവും വലിയ തെറ്റ് അല്ലെങ്കിൽ പാപം എന്നത് അസത്യം പറയുകയും, അതിന് കൂട്ടു നിൽക്കുകയും ചെയ്യുക എന്നതാണ്. സത്യസന്ധവും ശരിയുമായിട്ടുള്ള കാര്യങ്ങളിൽ മാത്രമേ ഒരു മനുഷ്യൻ ഇടപെടാന്‍ പാടുകയുള്ളൂ. അല്ലാതെ, അധാർമ്മിക പ്രവർത്തികളിൽ, ഒരിക്കലും ഏർപ്പെടുവാൻ പാടുള്ളതല്ല.
*നിങ്ങൾ നിങ്ങളുടെ തന്നെ സാക്ഷിയാകുക.*
ശിവൻ പാർവ്വതിയോട് പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട സദ്ഗുണങ്ങളിൽ രണ്ടാമത്തേത് എന്തെന്നാൽ, ഒരാൾ ശ്രദ്ധയോടെ പിന്‍തുടരേണ്ട ഒരു കാര്യമാണ് സ്വയം വിലയിരുത്തുക എന്നത്. സ്വന്തം പ്രവർത്തികളെ കുറിച്ച് പരിശോധിക്കുകയും, അവയുടെ ദൃക്സാക്ഷിയുമാകുക. ഇത്, ഹീനവും സദാചാര വിരുദ്ധവുമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന്, നിങ്ങളെ അകറ്റി നിർത്തുവാൻ സഹായിക്കും.
*ഈ മൂന്ന് കാര്യങ്ങളിൽ, ഒരിക്കലും നിങ്ങൾ ഉൾപ്പെടരുത്*
ശിവൻ പാർവ്വതിയോട് പറഞ്ഞത് പ്രകാരം, മനുഷ്യർ ഒരിക്കലും വാക്കുകളിലൂടെയോ, പ്രവർത്തികളിലൂടെയോ, ചിന്തകളിലൂടെയോ മറ്റുള്ളവരെ നോവിക്കുകയോ പാപം ചെയ്യുകയോ അരുത്. താൻ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം, താൻ തന്നെ അനുഭവിക്കേണ്ടി വരും എന്ന സത്യം മനസ്സിലാക്കണം. അതിനാൽ, തന്‍റെ ജീവിതത്തെയും, ചെയ്യുന്ന കർമ്മങ്ങളെയും കുറിച്ച് നാം എപ്പോഴും ബോധവാന്മാരായിരിക്കണം.
*ഒരേയൊരു വിജയ മന്ത്രമേയുള്ളൂ*
ബന്ധങ്ങളാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം. അതിരു കവിഞ്ഞ ബന്ധങ്ങളും, സ്നേഹപ്രകടനങ്ങളും നിഷ്ക്രിയതയിലേക്ക് നയിക്കുന്നു. അത് വിജയത്തിന് തടസ്സം സൃഷ്ടിക്കുന്നു. നിങ്ങൾ, അമിതമായ അടുപ്പങ്ങളിൽ നിന്നും, പ്രലോഭനങ്ങളിൽ നിന്നുമെല്ലാം വിട്ടു നിൽക്കുകയാണെങ്കിൽ, നിങ്ങളുടെ ജീവിത വിജയത്തെ തടുത്ത് നിർത്തുവാൻ ഒന്നിനും സാധിക്കുകയില്ല. ശിവ വചനം അനുസരിച്ച്, എല്ലാത്തിൽ നിന്നും വേർപ്പെട്ടു നിൽക്കുവാനായിട്ടുള്ള ഒരേയൊരു വഴി എന്നത് നിങ്ങളുടെ മനസ്സിനെ അതിനായി പ്രാപ്തമാക്കുക എന്നതാണ്.
*മനുഷ്യജീവിതം എന്നത് നശ്വരമാണെന്ന സത്യം മനസ്സിലാക്കുക.*
ഒരു അത്ഭുതകരമായ കാര്യം, മൃഗതൃഷ്ണ അഥവാ വികാര പ്രലോഭനങ്ങൾ ആണ് എല്ലാ ബുദ്ധിമുട്ടുകൾക്കും കാരണം, എന്നാണ് ശിവൻ പാർവ്വതിയോട് പറഞ്ഞിട്ടുള്ളത്. ഒന്നിൽ നിന്ന് മറ്റൊന്നിന്‍റെ പുറകെ ആർത്തിയോടെ ഓടുന്ന മനുഷ്യൻ, അതിന് പകരം ധ്യാനം ശീലിച്ച്, ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്ത്, മോക്ഷ പ്രാപ്തിക്കായി പ്രയത്നിക്കുകയാണ് വേണ്ടത്.
ഓം നമഃ ശിവായഹരിശ്ശരണം.
krc.nambiar.

No comments:

Post a Comment