Saturday, February 15, 2020

വിവേകചൂഡാമണി - 62
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും

ബുദ്ധീന്ദ്രിയാണി ശ്രവണം ത്വഗക്ഷി
ഘ്രാണം ച ജിഹ്വാ വിഷയാവബോധാനാത്
വാക്പാണി പാദാ ഗുദമപ്യുപസ്ഥം
കർമ്മേന്ദ്രിയാണി പ്രവണാനി കർമ്മസു

കാത്, തൊലി, കണ്ണ്, നാക്ക്, മൂക്ക് എന്നിവ ശബ്ദം മുതലായ വിഷയങ്ങളെ അറിയാൻ സഹായിക്കുന്നതിനാൽ അവയെ ജ്ഞാനേന്ദ്രിയങ്ങൾ എന്നുപറയുന്നു. വാക്ക്,  ,കാല്, വിസർജ്ജനേന്ദ്രിയം, ജനനേന്ദ്രിയം എന്നിവ കർമ്മത്തെ ചെയ്യുന്നതിനാൽ കർമ്മേന്ദ്രിയങ്ങൾ എന്നുപറയുന്നു.

സ്ഥൂല ശരീരത്തിലെ പത്ത് ഇന്ദ്രിയങ്ങളെക്കുറിച്ച് പറയുകയാണ് ഇവിടെ. ഇവ യഥാർത്ഥത്തിൽ സൂക്ഷ്മ ശരീരത്തിന്റെ ഭാഗമാണ്.

'ഇം പ്രതിദ്രവന്തി ഇതി ഇന്ദ്രിയാഃ'; വിഷയങ്ങളിലേക്ക് ഓടുന്നതിനാൽ ഇന്ദ്രിയങ്ങൾ എന്നർത്ഥം.  ആത്മാവായ ഇന്ദ്രനാൽ ചലിക്കപ്പെടുന്നവയെന്നും അർത്ഥമുണ്ട്.

ദശേന്ദ്രിയങ്ങളെ പഞ്ച ജ്ഞാനേന്ദ്രിയങ്ങളെന്നും പഞ്ച കർമ്മേന്ദ്രിയങ്ങളെന്നും രണ്ടായി തിരിച്ചിരിക്കുന്നു.

ലോകത്തെ അറിവുകളെ നമ്മിലേക്ക് വിവിധ വിഷയങ്ങളുടെ രൂപത്തിൽ എത്തിക്കുന്ന ഇന്ദ്രിയങ്ങളെ ജ്ഞാനേന്ദ്രിയങ്ങൾ എന്നു വിളിക്കുന്നു. 

ശബ്ദം കേൾക്കാൻ കാത്, സ്പർശം അറിയാൻ തൊലി, രൂപം കാണാൻ കണ്ണ്, രസം നുകരാൻ നാവ്, മണം പിടിക്കാൻ മൂക്ക് എന്നിങ്ങനെ ശ്രോത്രം, ത്വക്ക്, ചക്ഷുസ്സ്, രസനാ, ഘ്രാണം എന്നാണ് യഥാർത്ഥ പേരുകൾ.  അങ്ങനെ പറയാൻ കാരണം നമ്മൾ ശരീരത്തിന് പുറത്തുകാണുന്ന ചെവിയോ, തൊലിയോ, കണ്ണോ, നാക്കോ, മൂക്കോ അല്ല, അവയ്ക്കുള്ളിലാണ് ഓരോ വിഷയത്തെയും അറിയാനുള്ള ശേഷിയുള്ളത്.  അത് തികച്ചും വളരെ സൂക്ഷ്മമാണ്.

ബാഹ്യവിഷയങ്ങൾ നമ്മുടെ ഉള്ളിലേക്ക് കടക്കുന്ന കവാടങ്ങളെയാണ്  ജ്ഞാനേന്ദ്രിയങ്ങൾ എന്നു പറയുന്നത്. അതിനാൽ അവയ്ക്ക് ഇന്ദ്രിയ ദ്വാരങ്ങൾ എന്നാണ് പേര്.

നേടിയ അറിവിനനുസരിച്ച് പ്രവർത്തിക്കാനുള്ളവയാണ് കർമ്മേന്ദ്രിയങ്ങൾ. വാക്ക്, പാണി, പാദം, ഗുദം, ഉപസ്ഥം എന്നിവയാണവ.

സംസാരിക്കാൻ നാവ്; വാഗിന്ദ്രിയം എന്നു വിളിക്കും, ജിഹ്വാ എന്നും പറയാറുണ്ട്.

എടുക്കാനും പിടിക്കാനുമൊക്ക രണ്ടു കൈകൾ; പാണി. നടക്കാനും ഓടാനും ചാടാനുമൊക്കെയായി രണ്ട് കാലുകൾ; പാദം.

ശരീരത്തിനുള്ളിലെ അഴുക്കിനെ പുറത്തു കളയാനായി മലം, മൂത്രം തുടങ്ങിയവയെ വിസര്ജിക്കാനായി വിസർജ്ജനേന്ദ്രിയം. മലദ്വാരം, മൂത്രനാളി എന്നിവയെ ഉൾപ്പെടുത്താം. ഗുദം, പായു എന്നും വിളിക്കും.

ആനന്ദത്തിനും സ്ത്രീ പുരുഷ സംഗമത്തിനും സന്താനോദ്‌പാദനത്തിനുമായി ജനനേന്ദ്രിയം അഥവാ ഉപസ്ഥം എന്നിങ്ങനെയാണ് കർമ്മേന്ദ്രിയങ്ങൾ.

കർമ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും പഞ്ചമഹാഭൂതങ്ങളുമായും അവയുടെ തന്മാത്രകളുമായും ബന്ധപ്പെട്ടിരിക്കുന്നു.  പോരാത്തതിന് ഇവ രണ്ടിനും പരസ്പര ബന്ധമുണ്ടെന്നും പറയാം.

ആകാശത്തിന്റെ ഗുണമായ ശബ്ദത്തെ അറിയാൻ കാത്. 

ശബ്ദം വേണ്ടതുപോലെ പുറപ്പെടുവിക്കാൻ അഥവാ സംസാരിക്കാൻ വാഗിന്ദ്രിയം.

വായുവിന്റെ ഗുണമായ സ്പർശത്തെ അറിയാൻ തൊലി.  നമുക്ക് തൊട്ട് അറിയാൻ കൈകൾ.

അഗ്നിയുടെ ഗുണമായ രൂപത്തെ അറിയാൻ കണ്ണ്.  കാഴ്ചയ്ക്കനുസരിച്ച് നല്ലപോലെ നടക്കാൻ രണ്ട് കാതുകൾ, അഗ്നിയുടെ ചൂടു തത്ത്വം ഓരോ കാലടിയിലും ഉണ്ടാകും.

ജലത്തിന്റെ ഗുണമായ രസത്തെ അറിയാൻ രാസന അഥവാ നാവ്.  ഏതു നേരവും നാവ് വെള്ളത്തിൽ കിടക്കുന്നു, നനഞ്ഞിരിക്കുന്നു. രേതസ്സ്, ബീജം മുതലായവയും ജലമയമായാണ്; ഇവ ജനനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

പൃഥ്വിയുടെ ഗുണമായ ഗന്ധത്തെ അറിയാൻ മൂക്ക്. പൃഥ്വിയുടെ സ്ഥൂലത പോലെയുള്ള മലവും മറ്റും.  മലമൂത്രാദികൾ ദുർഗന്ധം കൊണ്ടാണ് തിരിച്ചറിയുന്നത് എന്നതും പ്രത്യേകതയാണ്.  ഇവയെ ഭൂമിയിലേക്കാണ് വിസർജ്ജിക്കുന്നതും.

കർമ്മേന്ദ്രിയങ്ങളുമായുള്ള ബന്ധം പറയുന്നിടത്ത് ക്രമത്തിൽ മാറ്റം വരുന്നത് ശരിയല്ല എന്ന പക്ഷക്കാരുണ്ട്.  അവരുടെ അഭിപ്രായത്തിൽ മലവും മൂത്രവുമൊക്കെ ജലമയമായതിനാൽ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു.  പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ചേർന്ന് സ്ഥൂലരൂപത്തിന്, ഗർഭസ്ഥ ശിശുവിന് കാരണമാകുന്നതിനാൽ അതിനെ പൃഥ്വീ തത്വമെന്നു പറയാം.  സ്ഥൂല ശരീരത്തിന്റെ പ്രത്യേകത തന്നെ അതിന്റെ സ്ഥൂലതയാണ്.
Sudha Bharath 

No comments:

Post a Comment