Saturday, February 22, 2020

വിവേകചൂഡാമണി - 70
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അഹങ്കാരം ആഭാസ ചൈതന്യം

ശ്ലോകം 104
അഹങ്കാരഃ സ വിജ്ഞേയഃ കർത്താ ഭോക്താഭിമാന്യയം 
സത്വാദിഗുണയോഗേനാവസ്ഥാത്രിതയമശ്നുതേ

ചെയ്യുന്നവനെന്നും അനുഭവിക്കുന്നവനെന്നും അഭിമാനിക്കുന്നതിനെ അഹങ്കാരമെന്നറിയണം. സത്വം മുതലായ ഗുണങ്ങളുമായുള്ള ചേർച്ചകൊണ്ട് അവസ്ഥാത്രയത്തെ അനുഭവിക്കുന്നത് അഹങ്കാരമാണ്.

കർത്താ എന്നാൽ ചെയ്യുന്നവൻ, ഭോക്താ എന്നാൽ അനുഭവിക്കുന്നവൻ.  ഇത്തരത്തിലുള്ള അഭിമാനമാണ് അഹങ്കാരം. നമ്മുടെ വ്യക്തിത്വമായ ജീവഭാവനയാണത്.

ഞാൻ കാണുന്നു, ഞാൻ വിചാരിക്കുന്നു, ഞാൻ അറിയുന്നു... എന്നിങ്ങനെ ഈ അഭിമാനം നിറഞ്ഞു നിൽക്കുന്നു.  ഇന്ദ്രിയങ്ങളിലും മനസ്സിലും ബുദ്ധിയിലുമായി ദ്രഷ്ടാവും മന്താവും ജ്ഞാതാവുമായി അഹങ്കാരം പ്രവർത്തിക്കുന്നു.

ഇന്ദ്രിയങ്ങളിലൂടെ ദ്രഷ്ടാവ് എന്ന നിലയിൽ സ്വീകരിക്കുന്നവനായും, മനസ്സിലൂടെ മന്താവായി വിചാരം ചെയ്യുകയും, ബുദ്ധിയിലൂടെ ജ്ഞാതാവായി അറിയുന്നവനുമായിരിക്കുന്ന വ്യക്തിത്വമാണ് അഹങ്കാരം. ഇതു കാരണം ജീവൻ കർതൃത്വ-ഭോക്‌തൃത്വങ്ങളിലൂടെ അഭിമാനിച്ച് സുഖദുഃഖങ്ങളെ അനുഭവിക്കുന്നു.

ജീവൻ മനസ്സിന്റെ സ്വഭാവ വിശേഷമായ ത്രിഗുണങ്ങളിൽ അഭിമാനിക്കുന്നു. അതിനാൽ ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെ മാറി മാറി അനുഭവിക്കുന്നു.

സത്വഗുണത്തിൽ അഭിമാനിക്കുമ്പോൾ ഉണർന്നിരിക്കും. രജോഗുണത്തിലെങ്കിൽ സ്വപ്നവും തമോഗുണത്തിൽ ഉറക്കവുമുണ്ടാകുന്നുവെന്ന് പറയാം. അഹങ്കാരിയായ ഒരേ ജീവൻ തന്നെയാണ് ത്രിഗുണങ്ങൾക്കടിപ്പെട്ട എല്ലാ അവസ്ഥകളിലും അഭിമാനിച്ചിരിക്കുന്നത്.

ശ്ലോകം 105
വിഷയാണാമാനുകൂല്യേ സുഖീ ദുഃഖീ വിപര്യയേ
സുഖം ദുഃഖം ച തദ്ധർമ്മഃ സദാനന്ദസ്യ നാത്മനഃ

ഇന്ദ്രിയ വിഷയങ്ങൾ അനുകൂലമായാൽ അഹങ്കാര രൂപനായ ജീവൻ സുഖിയായും വിപരീതമായാൽ ദുഃഖിയുമായിത്തീരുന്നു. സുഖദുഃഖങ്ങൾ അഹങ്കാരത്തിന്റെ ധർമ്മങ്ങളാണ്, സദാനന്ദസ്വരൂപനായ ആത്മാവിന് ഇവ ബാധകമല്ല.

വാസനയ്ക്കനുസരിച്ച് ഓരോ ആൾക്കും സാഹചര്യങ്ങൾ, വിഷയങ്ങൾ എന്നിവയോട് ആകർഷണമുണ്ടാകും. നമുക്ക് വേണ്ടപ്പെട്ടവരെന്നു കരുതുന്നവർ അനുകൂലമായി പെരുമാറിയാൽ സുഖം, അല്ലെങ്കിലോ ദുഃഖം. സ്വാർത്ഥ കാമങ്ങളെ പൂർത്തീകരിക്കുന്നതാണ് സാധാരണക്കാരുടെ സുഖം. മദ്യപാനവും ദുർനടത്തവുമൊക്കെ ചിലർക്ക് സുഖമാണ്, സദാചാരികൾക്കത് ദുഃഖമാണ്.

വാസന ഉള്ള കാലത്തോളം സുഖദുഃഖങ്ങൾ മാറി മാറി വരും. വാസനകൾ തീർന്നാൽ പിന്നെ സുഖദുഃഖങ്ങൾക്ക് സ്ഥാനമില്ല.

സുഖം പുറത്തല്ല, അകത്താണ് എന്നു ബോധ്യമാകണം. ഏത് അവസ്ഥയിലും സമനിലതെറ്റാതെ കഴിയുന്നയാളെ ബാഹ്യമായതൊന്നും ബാധിക്കില്ല.

സുഖദുഃഖങ്ങളെ സദാ പ്രകാശിപ്പിക്കുന്ന ചൈതന്യമാണ് ഞാൻ; അഹങ്കാരം ഞാനല്ല.

ആത്മപ്രകാശം മനസ്സിലൂടെ വ്യാപാരിക്കുമ്പോൾ അഹങ്കാരമായിത്തീരുന്നു. കണ്ണാടിയുടെയോ മറ്റു പ്രതലങ്ങളുടെയോ വ്യത്യാസമനുസരിച്ച് പ്രതിബിംബത്തിന് വലുപ്പച്ചെറുപ്പവും ശരിയായ അളവുമൊക്കെ കാണാം. വെള്ളത്തിലാണ് പ്രതിബിംബമെങ്കിൽ വെള്ളമിളകിയാൽ അത് തകർന്നു തരിപ്പണമാകും.

എന്നാൽ പ്രതിബിംബത്തിന് സംഭവിക്കുന്നതൊന്നും ബിംബത്തിനെ ബാധിക്കുന്നില്ല. അതുപോലെ ആത്മാവിനെ ഒന്നും ബാധിക്കുന്നില്ല. സുഖദുഃഖങ്ങളൊക്കെ ബാധിക്കുന്നത് ആഭാസ ചൈതന്യമായ അഹങ്കാരത്തെയാണ്.
Sudha Bharath 

No comments:

Post a Comment