Thursday, February 06, 2020

ദേവി തത്ത്വം- 70

എല്ലാ ആസക്തിക്കും മൂല കാരണം ഞാനെന്നുള്ള അഹങ്കാരമാണ്. ആ അഹങ്കാരത്തിൽ നിന്നാണ് ഡിപ്രഷനും ടെൻഷനും വിഷമങ്ങളും ഒക്കെ ഉദിക്കുന്നത്. ജീവിതത്തിലുടനീളം അനുഭവിച്ചിട്ടുള്ള എല്ലാ വ്യസനങ്ങൾക്കും കാരണം ഞാനാണ് ജീവിക്കുന്നതെന്നും എന്റെ ജീവിതം എന്റെ ചുമതലയാണെന്നുമുള്ള ഭ്രമമാണ്. ഞാൻ വിട്ട് കഴിഞ്ഞാൽ മൊത്തം പ്രശ്നമാകും എന്ന ഭ്രമം. ഇവിടെ നമ്മളല്ല ജീവിക്കുന്നത് മറിച്ച് Life principle is living through you. യാ ദേവി സർവ്വ ഭൂതേഷു ചേതനേത്യഭിധീയതേ നമസ്തസ്യേ നമസ്തസ്യേ നമസ്തസ്യേ നമോ നമഃ

ആ ചേതനാ ശക്തി നമ്മളിലൂടെ അതിന്റെ എന്തോ ഉദ്ദേശ്യം ചെയ്ത് തീർക്കുകയാണ്. ആ ചിത്ശക്തിക്ക് നമ്മൾ സാക്ഷി മാത്രമാണ്. ആ ചിത്ശക്തിയുടെ പ്രവർത്തനോദ്ദേശ്യം ഓരോന്നിനേയും പൂർണ്ണമാക്കണം എന്നതാണ്. നമ്മുടെയൊക്കെ ജീവിതം പൂർണ്ണമാകണം. എന്നാൽ നമ്മളൊക്കെ പൂർണ്ണതയിൽ നിന്നാണ് വന്നിരിക്കുന്നത്, പൂർണ്ണതയിലാണ് ഇരിക്കുന്നത്, അപൂർണ്ണതയുടെ ഒരു ഭ്രമം മാത്രം ഏർപ്പെട്ടിട്ടുണ്ട്. ഞാനീ ശരീരം ആണെന്നും, ഈ ശരീരം എന്റെയാണെന്നും , ഈ ശരീരം എനിക്ക് പ്രയോജനപ്പെടും എന്നുള്ള ഭ്രമം. ആദ്യത്തെ ഭ്രമം ഞാനീ ശരീരമാണെന്നുള്ളതാണ്. നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അതിന്റെ അടിസ്ഥാനത്തിലാണ്. ഈ ശരീരം മാത്രമാണ് ഞാൻ. ഈ ഭ്രമത്തിലല്ലാതെ നമുക്കീ സമൂഹത്തിൽ നിൽക്കാൻ പറ്റുമോ?

ഗവൺമെന്റ് ആഫീസിൽ ആപ്ലിക്കേഷനിൽ നാ ഹം മനുഷ്യോ നജ ദേവ യക്ഷോ ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര നിജ ബോധ രൂപഃ ഞാൻ നിത്യ ശുദ്ധ ബുദ്ധ മുക്തമായ ബോധ സ്വരൂപമാണെന്ന് പറയാൻ പറ്റുമോ? ജാതിയില്ല മതമില്ല എന്നൊക്കെ പറഞ്ഞാലും അവിടെ ചെന്നാൽ ആദ്യം ജാതി സർട്ടിഫിക്കേറ്റാണ് ചോദിക്കുന്നത്. അത് മാത്രമോ സ്ത്രീയോ പുരുഷനോ എന്ന് വരെ ബോധിപ്പിക്കേണ്ടിയിരിക്കുന്നു മുന്നിൽ ചെന്ന് നിന്നാലൊന്നും പോര. എന്നാൽ അദ്ധ്യാത്മികതയിൽ പറയുന്നതോ നീ ശരീരമല്ല, ജാതി മതം ഇതൊക്കെ നിന്നിൽ ആരോപിതമാണ്. നീ നിത്യ വസ്തുവാണ് ആത്മാവാണ്. ജനന സർട്ടിഫിക്കേറ്റ് കൊണ്ട് വരു എന്ന് ആപ്ലിക്കേഷനിൽ. അദ്ധ്യാത്മികത പറയുന്നു നീ ജനിച്ചിട്ടില്ലെന്ന്. മരണ സർട്ടിഫിക്കേറ്റ് കൊണ്ട് വരൂ എന്ന് പറഞ്ഞാലോ നിനക്ക് മരണമില്ല എന്ന് അദ്ധ്യാത്മികത. ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളാണ് സമൂഹവും അദ്ധ്യാത്മികതയും തമ്മിലുള്ളത്.

സമാനമായ ഭ്രാന്തുള്ളവരെല്ലാം കൂടി ചേർന്നിരിക്കുന്ന സ്ഥലമാണ് സമൂഹം. ഒരേ തരത്തിലുള്ള ഭ്രാന്താണെങ്കിൽ പരസ്പരം ദൂഷ്യമില്ല. ഭ്രാന്തിത്തിരി മാറിയ ആൾക്ക് ഭ്രാന്തിന്റെ നടുക്ക് നിൽക്കാൻ പറ്റില്ല. അതൊരു വിഷമമാണ്. ഇത്തിരി കിറുക്ക് പിടിച്ചാലേ സമൂഹത്തിലിരിക്കാൻ പറ്റുള്ളു. അല്ലെങ്കിൽ കിറുക്ക് മാറിയാലും കിറുക്കുള്ള പോലെ അഭിനയിക്കണം. അല്ലാതെ ഇവിടെ നിൽക്കാൻ പറ്റില്ല. സമൂഹ ജീവിതം അല്ലെങ്കിൽ ലോക ജീവിതം എന്നത് അജ്ഞാനത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വിദ്യാ അവിദ്യ സ്വരൂപിണ്യേ നമഃ എന്ന് ലളിതാ സഹസ്രനാമത്തിലുണ്ട്. അവിദ്യയെ അടിസ്ഥാനമാക്കിയല്ലാതെ ലോകത്ത് ജീവിക്കാൻ പറ്റില്ല. വിദ്യയെ ആശ്രയിക്കാതെ നിങ്ങൾക്ക് രക്ഷപ്പെടാനും സാധിക്കില്ല. എന്ത് ചെയ്യും? ശ്രീരാമകൃഷ്ണ ദേവൻ പറയുന്നത് വിദ്യയെ ആശ്രയിച്ച് രക്ഷപ്പെട്ടിട്ട് അവിദ്യയെ ആശ്രയിച്ച് കൊണ്ട് ലോകത്ത് ജീവിച്ച് കൊള്ളു എന്ന്. ഉപനിഷത്തും ഇത് തന്നെയാണ് പറയുന്നത് വിദ്യാം ച അവിദ്യാം ച യസ് തത്ത്വേദ ഉഭയഗംസഹ അവിദ്യയാ മൃത്യും തീർത്ഥ്വാ വിദ്യയാ അമൃതം മഷ്ണുതേ
വിദ്യയും അവിദ്യയും രണ്ടും വച്ച് കൊള്ളുക. രണ്ടും രണ്ട് തലത്തിലാണ്. അവിദ്യ ശരീര തലത്തിലാണ്. അവിദ്യയുടെ തലം ലോകവുമായി സംബന്ധപ്പെട്ടതാണ്. ലോകം, സമൂഹം, കുടുംബം എന്നത് ഒരു തലത്തിലും.അദ്ധ്യാത്മികത മറ്റൊരു തലവുമാണ്. രണ്ടും കൂട്ടി കുഴക്കണ്ട. ഒന്ന് വ്യാവഹാരികവും മറ്റേത് പാരമാർത്ഥികവുമാണ്.

Nochurji 🙏🙏

No comments:

Post a Comment