Monday, February 24, 2020

വിവേകചൂഡാമണി - 72
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

നിദ്രയിലെ നിരപേക്ഷ ആനന്ദം

ശ്ലോകം 107
യത് സുഷുപ്തൗ നിർവ്വിഷയ ആത്മാനന്ദോ/നുഭുയതേ
ശ്രുതി പ്രത്യക്ഷ മൈതിഹ്യമനുമാനം ച ജാഗ്രതി

നല്ല ഉറക്കത്തിൽ വിഷയങ്ങളുടെ അപേക്ഷയില്ലാതെ തന്നെ ആത്മാനന്ദത്തെ നാം അനുഭവിക്കുന്നുണ്ട്. ഇതിന് ശ്രുതിയും, പ്രത്യക്ഷവും, ഐതിഹ്യവും, അനുമാനവും പ്രമാണങ്ങളാണ്.

ഉറക്കത്തിൽ വിഷയങ്ങളൊന്നുമില്ല, ആനന്ദമാണ് അനുഭവം.  അജ്ഞാനത്തിലായതിനാലാണ് അപ്പോഴുള്ള ആനന്ദത്തെ അറിയാൻ കഴിയാത്തത്.  ഉറക്കത്തിൽ എല്ലാ ദുഃഖങ്ങളുടെയും അഭാവമാണ്. ദുഃഖങ്ങൾ ഉണ്ടാക്കുന്നത് ഇന്ദ്രിയമനോബുദ്ധികളുടെ പ്രവർത്തനമാണ്.

ഉണർന്നിരിക്കുമ്പോൾ നമുക്ക് വളരെ പ്രിയങ്കരമായ കാണലും കേൾക്കലുമൊക്കെ ഉറക്കത്തിൽ അനുഭവിക്കുന്നില്ല. ഇന്ദ്രിയങ്ങളിലൂടെ വിഷയ സുഖം അനുഭവിക്കാൻ ഉറക്കത്തിൽ സാധിക്കില്ല.

ഇവയൊന്നും ഉറക്കത്തിൽ പ്രവർത്തിക്കുന്നില്ല; അതിനാൽ ദുഃഖങ്ങളുമുണ്ടാകില്ല. വിഷയങ്ങളില്ലെങ്കിലും എല്ലാവരും ഉറക്കത്തിൽ സുഖത്തെ അനുഭവിക്കുന്നുണ്ട്. വിഷയങ്ങളില്ലാത്ത അവസ്ഥയെ നിർവിഷയ ബോധമെന്നു പറയും. എന്നാൽ അപ്പോൾ ആത്മബോധമുണ്ടെന്ന് പറയാനാവില്ല. ഇന്ദ്രിയങ്ങളും മനസ്സുമൊക്കെ പ്രവർത്തിക്കാത്തതിനാൽ കർതൃത്വ-ഭോക്‌തൃത്വ അഭിമാനങ്ങൾ ഉറങ്ങുമ്പോൾ ഉണ്ടാകില്ല. കാരണ ശരീരം എന്ന പേരിൽ അറിയപ്പെടുന്ന അവിദ്യയാണ് അപ്പോൾ. ദുഃഖങ്ങളൊന്നുമില്ലാത്തതിനാൽ സുഖമെന്ന് നാം പറയുന്നു. ഉറക്കമെഴുന്നേറ്റ് വന്നയാൾ സാധാരണ പറയാറില്ലേ, ''ഒന്നുമറിഞ്ഞില്ല... സുഖമായുറങ്ങി'' എന്ന്.

ഏതു സാഹചര്യത്തിൽ ഏതു സ്ഥലത്ത് കിടന്നുറങ്ങിയാലും നന്നായി ഉറങ്ങിയ ഏതൊരാളും ഇങ്ങനെ പറയും. പുറമെയുള്ള ഒന്നുമല്ല ആ ഉറക്കത്തെ സുഖകരമാക്കിയത്. ഒന്നിനെയും ആശ്രയിക്കാത്ത, നിരപേക്ഷമായ ആനന്ദമാണ് അതിനു  പിന്നിൽ. ശ്രുതിവാക്യങ്ങൾ ഇതിന് പ്രമാണമാണ്. നാം ഓരോരുത്തരും പ്രക്ത്യക്ഷമായി ഇതനുഭവിക്കുന്നുമുണ്ട്.  പൂർവ്വികർക്കെല്ലാം ഇതുതന്നെയായിരുന്നു അനുഭവം. ഐതിഹ്യം ഇതിനെ വ്യക്തമാക്കുന്നു. അനുമാനത്തിലൂടെ ഇത് ശരിയെന്ന് ബോധ്യമാവുകയും ചെയ്യും. സുഷുപ്തിയിലെ സുഖം ആത്മാനന്ദത്തിന്റെ വളരെ ചെറിയ കണികയെന്ന് ഈ പ്രമാണങ്ങൾ തെളിയിക്കുന്നു. ഉറങ്ങും മുമ്പും ഉണർന്ന ശേഷവും ദുഃഖമാണ്, എന്നാൽ ഉറക്കത്തിൽ സുഖാവസ്ഥയും. ദുഃഖം ഒട്ടുമില്ല. സുഖം തന്നിൽ തന്നെയാണ്, വിഷയങ്ങളിലോ വസ്തുക്കളിലോ അല്ല എന്ന് ശ്രുതി, പ്രത്യക്ഷ, ഐതിഹ്യ, അനുമാനങ്ങളിലൂടെ വ്യക്തമാക്കുന്നു.
Sudha Bharath 

No comments:

Post a Comment