Saturday, February 01, 2020

പവിത്രധാരണത്തിന്റെ ഉദ്ദേശം:
നമ്പൂതിരിമാരുടെ  എല്ലാ ക്രിയകളും തുടങ്ങുന്നത് തന്നെ പവിത്രം ധരിച്ചു കൊണ്ടാണല്ലോ. പവിത്ര ധാരണത്തിന്റെ ഉദ്ദേശം എന്താണ്?
ശുദ്ധീകരിയ്ക്കുന്നത്- എന്ന അര്‍ത്ഥത്തില്‍ “പൂ” എന്ന (പവതേ- പൂയതേ- പുനാതി- ശുദ്ധീകരിയ്ക്കുന്നത്-) ധാതുരൂപത്തില്‍ നിന്നാവണം പവിത്രം എന്ന വാക്ക് ഉണ്ടായത്. അതുകൊണ്ടാവാം  നമ്മളില്‍പലരും  പൂണുനൂല്‍ മാറുമ്പോള്‍  “യജ്നൊപവീതമ് പരമം പവിത്രം........”എന്ന് ജപിയ്ക്കുന്ന്തു’.
പവിത്രത്തിന്റെ ഉദ്ദേശത്തെ പറ്റി ഒരു ശ്ലോകം കേട്ടിട്ടുണ്ട്
“അപവിത്ര: പവിത്രോ വാ സര്‍വാവസ്ഥാമ് ഗതോപി വാ-
യോ ധാരയേത് പവിത്രം തു സ: ബാഹ്യാന്തരാശ്ശുചി:”
(നിര്ഭാഗ്യവശാല്‍ ഉദ്ധരിണി-reference-അറിയില്ല-മൂന്നാമത്തെ പാദമായി “യോ സ്മരേത്  പുണ്‍ഡരീകാക്ഷം” എന്നും കണ്ടിട്ടുണ്ട്)) 
ചുരുക്കത്തില്‍ അര്‍ഥം ഇതാണ്: ഏതു അവസ്ഥയിലും ഉള്ള -അതായത് രജസ്തമാധിഷ്ടിതങ്ങള്‍ ആയ വിചാരങ്ങളില്‍ അകപ്പെട്ടു ശുദ്ധാ-ശുദ്ധങ്ങള്‍ (പവിത്രവും അപവിത്രവും) ആയ കര്‍മ്മങ്ങള്‍ ചെയ്യേണ്ടിവരുന്ന അവസ്ഥകളില്‍ പോലും- ഒരു വ്യക്തിയ്ക്ക്-  പവിത്രധാരണം കൊണ്ട് -ആ പ്രവൃത്തിയുടെ ചീത്ത ഫലം അനുഭവിയ്ക്കാന്‍ ഇടവരാതെ- ബാഹ്യവും ആന്തരികവും ആയ ശുദ്ധി കൈവരുന്നു.
ഋഗ്വേദം അഷ്ടകം 2 അദ്ധ്യായം 25 വര്‍ക്കം-ഋക്ക്-6 ആയി ഉള്ള “ഇമേ വാം സോമാ……. എന്ന വര്‍ക്കത്തിലും പവിത്രത്തിന്റെ ഉദ്ദേശം പറയുന്നുണ്ട്.ആ ഋക്ക് അവസാനിയ്ക്കുന്നത് ഇങ്ങിനെ ആണ്:
“തിര:പവിത്രം ആശവ: യുവായവോ തിരോമാണി അവ്യയാ
സോമാസോ അത്യവ്യയാ”
വാച്യാര്‍ത്ഥമായി പറയേണ്ടത്.  “നിങ്ങളെ കാമിയ്ക്കുന്ന സോമങ്ങള്‍ പവിത്രത്തില്‍ ബന്ധിച്ച ആട്ടിന്‍രോമങ്ങളെ മറികടന്നു പാത്രത്തിലേയ്ക്ക് ഒഴുകുന്നു.ഒട്ടും പോകാതെ നഷ്ടപ്പെടാതെ പുറത്ത് വരുന്നു.”എന്നൊക്കെ ആവും.   ഇതിന്റെ ആദ്ധ്യാത്മികം ആയ അര്‍ത്ഥം ഏതാണ്ട് ഇങ്ങിനെ ആണ്:
 ക്രിയകള്‍ വഴി നമുക്കു ലഭിക്കുന്ന അറിവ്,മനസ്സില്‍ ജ്ഞാനം ആയി രൂപാന്തരപ്പെട്ടു.അത്  ലോകനന്മയ്ക്കായി പുറത്തു വരുന്നു-വരണം”. ഏതു ക്രിയയുടെയും ഉദ്ദേശം ആത്മീയശക്തി സമാഹരിക്കലും അതുകാരണം മനസ്സില്‍ ഉണ്ടാവുന്ന   എളിമാ ബോധവും- അതും ഒരു സൃഷ്ടികര്‍മ്മം തന്നെ ആണല്ലോ- ആണു. ഈ അറിവ് പുറത്തേക്ക് വരണം.
 യജുര്‍ വേദത്തില്‍ ഇങ്ങിനെ ഒരു വചനം ഉണ്ട്:’
''പ്രാണോപാനോ പവിത്രെ'' തൈ.യ.വേ.3/3/4/4
പ്രാണനാകുന്ന ജ്ഞാനം ലഭിച്ചുകഴിഞ്ഞാല്‍  അത് അപാനന്‍ ആയി പുറത്തേക്കു ഒഴുകി വന്നു പവിത്രത നേടുന്നു. ഇതേ അര്‍ത്ഥത്തില്‍ “പ്രാണാ വൈ ദേവാ ദ്രവിണോദാഃ  അപാനാ........... ഋഷയഃ''-“ദ്യോവില്‍ തിളങ്ങുന്ന അറിവുകള്‍ പ്രാണനും അന്തരാത്മാവില്‍ അവയുടെ സ്വാംശീകരണംകൊണ്ട് നിറഞ്ഞൊഴുകുന്ന അറിവ് അപാനനെന്നും”  ആണെന്ന്പറയുന്ന  ഒരു ശ്രുതി വാക്യവും ഉണ്ട്. .
തപസ്സ്വികള്‍, മഹര്‍ഷിമാര്‍ അനസ്യുതം നത്തിയ പ്രക്രിയ (തപസ്സു) കളിലൂടെയാണ് ജ്ഞാനം, അഥവാ വേദം, മാനവജാതിയ്ക്ക് ലഭിച്ചത് .ആ പ്രക്രിയയുടെ പ്രതീകങ്ങള്‍ ആയി വേണം പവിത്രനിര്‍മ്മിതി, അതിന്റെ ധാരണം, എന്നിവയെ കണക്കാക്കാന്‍.പവിത്രം കെട്ടുന്ന രീതിതന്നെ ബാഹ്യമായി തുടങ്ങി അന്തര്‍ഗമിച്ച് വിണ്ടും പുറമേയ്ക്ക് വരുന്ന വിധത്തില്‍ ആണല്ലോ.
അപ്പോള്‍ ഒരു സംശയം ഉണ്ടാവാം. എങ്കില്‍ ക്രിയാദികളില്‍ ഇടയ്ക്ക് “പവിതം അഴിച്ചു കളഞ്ഞു കാല്‍ കഴുകി.........”എന്നൊക്കെ കാണുന്നതോ? ജ്നാനസമ്പാദനവും അതോടുകൂടിയുള്ള സ്രുഷ്ടിപ്രക്രിയകളും ഒക്കെ  അനേകരൂപത്തില്‍ തുടരുന്നു എന്നാവാം ഉദ്ദേശം.(ശ്രി  K.നാരായണന് പോറ്റിയോട് കടപ്പാട്)

No comments:

Post a Comment