Saturday, February 15, 2020


ജ്ഞാനിയും ജ്ഞാനവും

ഒരിക്കൽ ഒരു മുക്കുവന്റെ    വലയിൽ   ഒരത്ഭുത പെട്ടി കുരുങ്ങി..  കാണാൻ നല്ല ചന്തമുളള  പെട്ടിയും കിട്ടിയ മീനുകളും തൊട്ടിയിലാക്കി  അയാൾ വീട്ടിലേക്കു തിരിച്ചു.  

മനോഹരമായ പെട്ടിക്കുള്ളിലെന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ  മുക്കുവൻ തന്റെ പങ്കായം കൊണ്ട് പൂട്ട് അടിച്ചു പൊളിച്ചു. ഏറെ അറകളുള്ള 
പെട്ടിക്കുള്ളിൽ അടക്കിവെച്ച താളിയോലകളും തൂവലുകളും കണ്ട്‌ മുക്കുവനും ഭാര്യയും ഏക മകനും പരസ്പരം 
അന്തം വിട്ടു   നോക്കിയിരുന്നു.

പിറ്റേ ദിവസം തന്നെ ഒരു ജ്ഞാനിയെ കൂട്ടിക്കൊണ്ടു വന്നു മുക്കുവൻ പെട്ടി പരിശോധിപ്പിച്ചു.  പെട്ടിയിൽ ഭദ്രമായി അടക്കപ്പെട്ട  താളിയോലകൾ  വായിച്ച് നോക്കിയിട്ട് ജ്ഞാനി പറഞ്ഞു 

"ഇതൊരു അത്ഭുത പെട്ടിയാണ്,  ഇത് ഭദ്രമായി കെട്ടിപ്പൂട്ടി സൂക്ഷിക്കുക,  ഐശ്വര്യം വന്നു ചേരും. " 

എഴുത്തും വായനയും അറിയാത്ത മുക്കുവൻ.. 
പെട്ടി നല്ലൊരു തുണിയിൽ പൊതിഞ്ഞു കെട്ടി ആർക്കും കൈയെത്താത്ത ഉത്തരത്തിന് മുകളിൽ സൂക്ഷിച്ചു വെച്ചു.

കാലങ്ങൾ കടന്നു പോയി.. മുക്കുവന് ഈ പെട്ടി കൊണ്ട് ഒരു ഐശ്വര്യവും വന്നു ചേരാത്തതിനാൽ അയാൾ വീണ്ടും ജ്ഞാനിയെ തേടി പോയി.  ജ്ഞാനി വർഷങ്ങൾക്ക്‌ മുൻപ് തന്നെ നഗരത്തിലേക്ക് താമസം മാറി പോയതറിഞ്ഞ മുക്കുവൻ തന്റെ  പെട്ടി മറ്റൊരു ജ്ഞാനിയെ കാണിച്ചു.

പെട്ടി തുറന്ന് താളിയോലകൾ വായിച്ച് നോക്കിയ രണ്ടാം ജ്ഞാനിയും  പറഞ്ഞു..  ഇതൊരു അത്ഭുത പെട്ടി തന്നെയാണ്.  ഇത് ഭദ്രമായി സൂക്ഷിച്ചു വെച്ചോളൂ ഐശ്വര്യം വന്ന്‌ ചേരും.

മുക്കുവൻ പെട്ടിയുമായി മടങ്ങി. 

മാസങ്ങൾക്ക് ശേഷം ഐശ്വര്യമൊന്നും വന്നുചേരാത്തതിനാൽ മുക്കുവൻ 
രണ്ടാമത്തെ  ജ്ഞാനിയെ അന്വേഷിച്ചു പോയപ്പോൾ  ജ്ഞാനി സ്ഥലം മാറി പോയവിവരമാണ് അറിയാൻ കഴിഞ്ഞത്.

നിരാശ കൈവിടാതെ മുക്കുവൻ മൂന്നാമതൊരു  ജ്ഞാനിയെ കണ്ടു പിടിച്ചു പെട്ടിയിലെ താളിയോലകൾ പരിശോധിപ്പിച്ചു.. അദ്ദേഹവും പറഞ്ഞു ഇതൊരു അത്ഭുത പെട്ടിയാണ്.  ഐശ്വര്യം വരും.. 

മുക്കുവന് ദേഷ്യം വന്നു..  ഇതിന് മുൻപ് മറ്റു രണ്ടു ജ്ഞാനിമാരും ഇത് തന്നെയാണ് പറഞ്ഞത്..  ഇത്രയും കാലമായിട്ടും തനിക്ക് ഒരു  ഐശ്വര്യം വന്നു ചേർന്നിട്ടില്ല..മുക്കുവൻ തന്റെ സങ്കടം ബോധിപ്പിച്ചു.

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം.. ജ്ഞാനി,  മുക്കുവനോട് രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. 

മുക്കുവനും ഭാര്യക്കും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിടിപെട്ടു തുടങ്ങിയിരുന്നു. ഇനിയും ഈ ഒരു ജന്മത്തിൽ എന്ത് ഐശ്വര്യം വരാൻ..  മുക്കുവൻ നെടുവീർപ്പിട്ടു.. 

ജ്ഞാനി പറഞ്ഞത് പ്രകാരം രണ്ടാഴ്ചയും പിന്നിട്ടു.. മുക്കുവൻ തന്റെ മകനെ ജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു..  
ആ ജ്ഞാനിയും സ്ഥലം മാറിപ്പോയ വിവരമറിഞ്ഞ മുക്കുവൻ രോഷത്തോടെ  മകനോട്‌.. പെട്ടി കടലിൽ കൊണ്ട് പോയി കളയാൻ പറഞ്ഞു. 

അത്യാവശ്യം എഴുത്തും വായനയും  പഠിച്ച  മകൻ പെട്ടി  തുറന്ന് താളിയോലകൾ വായിച്ച് നോക്കി അച്ഛനോട്‌ പറഞ്ഞു...  

ഇതിൽ എഴുതിയിരിക്കുന്നത് ഈ കിഴക്ക് ഭാഗത്തുള്ള മലയുടെ മുകളിലെ കാന്തൻ പാറക്കുള്ളിലെ മൂന്നു സ്ഥലങ്ങളിലായി ഗുഹയിൽ സ്വർണ്ണ നിധിയുള്ള വിവരങ്ങളാണ്.  ഇതിലെ മൂന്ന് അറകളിലും മൂന്ന് സ്ഥലത്തിന്റെയും വഴി അടയാളങ്ങളുമുണ്ട്.

അച്ഛനും മകനും മലമുകളിലെ  കാന്തൻപാറ കയറിത്തുടങ്ങി.  രേഖയിൽ പറഞ്ഞത് പ്രകാരം മൂന്ന് വഴികളിലുള്ള അറകളും പരിശോധിച്ചെങ്കിലും  നിധികളെല്ലാം ആരോ കവർന്നതായി ഇരുവർക്കും  ബോധ്യപ്പെട്ടു.

തങ്ങൾ ജ്ഞാനിമാരാൽ വഞ്ചിക്കപ്പെട്ടതും...  താളിയോലകളിൽ എഴുതിയത് സ്വന്തമായി ഒന്ന് വായിച്ച് നോക്കാൻ ശ്രമിക്കാതെ ജ്ഞാനിമാരെ  അന്ധമായി വിശ്വസിച്ചു   പോയതാണ് തങ്ങൾക്കു കൈവന്ന സൗഭാഗ്യം നഷ്ടപ്പെട്ടതെന്ന കുറ്റബോധവും സങ്കടവും വിഷമവും മുക്കുവന്റെ ഹൃദയാഘാതത്തിനു കാരണമായി. 
ചലനമറ്റ ശരീരവും തോളിലേറ്റി മകൻ മലയിറങ്ങി..

സർവ്വ സൗഭാഗ്യങ്ങളും നേടാനുള്ള വചനങ്ങൾ അടങ്ങിയ...ഉത്തരത്തിൽ  കെട്ടിപ്പൂട്ടി വെച്ച ഗ്രന്ഥവും...

സ്വയം വായിച്ചു പഠിച്ചു സത്യം മനസ്സിലാക്കാതെ അന്ധമായ ജീവിതം നയിക്കുന്ന മുക്കുവനും. ..

നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ...

അതിന്ന് നമ്മൾ ചെയ്യേണ്ടത് നിങ്ങളുടെ അലമാരയിൽ സൂക്ഷിച്ച പുണ്യ ഗ്രന്ധങ്ങൾ  ഒരു തവണയെങ്കിലും അർത്ഥസഹിതം വായിച്ചു നോക്കുവാൻ ശ്രമിക്കുക .
ഈ മുക്കുവന്റെ ഗതി നമ്മുക്ക് വരാതിരിക്കാൻ

No comments:

Post a Comment