Saturday, February 01, 2020

ശാങ്കരവേദാന്തസാരം

Saturday 1 February 2020 3:00 am IST
സത്യത്തില്‍ സൃഷ്ടി മായ ആയതിനാല്‍ അതിന്റെ സ്രഷ്ടാവായ ഈശ്വരനും മായ തന്നെ. ബ്രഹ്മം അഥവാ ആത്മാവ് പ്രപഞ്ചത്തിന്റെ ഉപാദാനകാരണ (material cause) വും നിമിത്തകാരണ (efficient cause) വും ആണ്. കുടത്തിന്റെ ഉപാദാനകാരണം മണ്ണും നിമിത്തകാരണം കുംഭകാരനുമാണ്. ഇവിടെ രണ്ടു തരം കാരണങ്ങളും ബ്രഹ്മം തന്നെ. കാര്യവും കാരണവും തമ്മില്‍ യാതൊരു ഭേദവുമില്ല. നാമരൂപാത്മകമായ കാര്യം ഇവിടെ കാരണത്തിനു മേല്‍ ആരോപിതമാണ്. മണ്ണു കുഴച്ച് നാം പല ആകൃതികളും പേരുകളുമുള്ള പാത്രങ്ങളുണ്ടാക്കുന്നു. പക്ഷേ അതിനാല്‍ ആ പാത്രങ്ങള്‍ മണ്ണല്ല എന്നു പറയാന്‍ കഴിയില്ലല്ലോ. അവയുടെ നാമരൂപാത്മകമായ പരിണാമം കേവലം പ്രതീതി മാത്രമാണ്. അതുപോലെ ഈ കാര്യമായ ജഗത്ത് കാരണമായ ബ്രഹ്മത്തില്‍ ആരോപിതം മാത്രമാണ്. അതിനാല്‍ നാമരൂപാത്മകമായ നിരവധി വസ്തുക്കളടങ്ങുന്ന ഈ ജഗത്ത് വ്യാവഹാരികസത്തയാണ്. അതിന്റെ കാരണമായ ബ്രഹ്മമാകട്ടെ ഒരേ ഒരു പാരമാര്‍ത്ഥികസത്തയും ആകുന്നു. ചുരുക്കത്തില്‍, ശങ്കരാചാര്യരുടെ അദൈ്വതവേദാന്തമനുസരിച്ച്, പലതായി കാണപ്പെടുന്ന ഒരേ ഒരു ആത്മാവാണ് ആത്യന്തികവും പാരമാര്‍ത്ഥികവുമായ സത്യം. നമ്മില്‍ നിന്നും അന്യമായി കാണപ്പെടുന്ന ഈ ജഗത്തിനും കാരണമായി ഈ ആത്മാവിനെ അല്ലാതെ മറ്റൊന്നിനെയും ചൂണ്ടിക്കാണിക്കാനില്ല. ശാരീരികവും മാനസികവുമായ മറ്റെല്ലാ സംഭവങ്ങളും ക്ഷണികങ്ങളായ പ്രതീതികള്‍ മാത്രമാണ്. അവയുടെ എല്ലാം അടിയിലുള്ളത് നിത്യവും മാറ്റത്തിനു വിധേയമാകാത്തതും ആയ ഒരേ ഒരു ആത്മാവെന്ന സത്യമാണ്. മറ്റെല്ലാ ഭാരതീയദര്‍ശനങ്ങളും പ്രമാണങ്ങളെ ഗവേഷണം ചെയ്തത് വസ്തുനിഷ്ഠസത്യത്തെയും പ്രായോഗികജീവിതത്തില്‍ വസ്തുക്കളോടുള്ള നമ്മുടെ സമീപനത്തെയും അവയ്ക്ക് എത്രമാത്രം നിശ്ചയിക്കാന്‍ കഴിയും എന്ന നിലക്കായിരുന്നു. എന്നാല്‍ ഈ അദൈ്വതവേദാന്തമാകട്ടെ, ഇക്കാണുന്ന ഉപരിപ്ലവമായ പ്രതീതികളുടെ എല്ലാം അടിയിലുള്ള ആഴങ്ങളിലേക്കെത്താനും സ്ഥൂലസൂക്ഷ്മതലങ്ങളുടെയും വ്യക്തിവസ്തു ദ്വന്ദ്വത്തിന്റെയുംഅടിസ്ഥാനമായ ആത്യന്തികസത്യത്തെ തേടാനുമാണ് ശ്രമിച്ചത്. ആ പ്രസിദ്ധമായ ഉപദേശം, ആ പ്രധാനപ്പെട്ട വേദാന്തമഹാവാക്യം പറയുന്നു തത്വമസി ശ്വേതകേതോ (അല്ലയോ ശ്വേതകേതു അതു നീയാകുന്നു). സ്വന്തം ആത്മാവിനെക്കുറിച്ചുള്ള ഈ ബോധ്യം ആണ് ഏറ്റവും ഉയര്‍ന്ന അറിവ്. ആ ബോധ്യമുണ്ടാകുന്ന ക്ഷണത്തില്‍ തന്നെ നമുക്കനുഭവപ്പെടുന്ന പ്രപഞ്ചപ്രതീതിസ്വമേധയാ മാഞ്ഞുപോകും. പക്ഷേ മനസ്സു ശുദ്ധമാകാതെ, എല്ലാ തരം ആശകളില്‍ നിന്നും തീര്‍ത്തും മുക്തമാകാതെ ആത്മാവിന് ബ്രഹ്മ സത്യം ജഗന്മിഥ്യാ. ജീവോ ബ്രഹ്മൈവ നാപര: എന്ന തരത്തിലുള്ള ഈ ബോധ്യം ഉണ്ടാകുകയില്ല. എപ്പോഴാണോ മനശ്ശുദ്ധി കൈവന്ന് ആത്മാവ് പരമജ്ഞാനത്തിലൂടെ മുക്തിക്കായി ദാഹിക്കുന്നത് ആ നിമിഷം ആചാര്യന്‍ തത്വമസി എന്നുപദേശിക്കുന്നു.
അപ്പോള്‍തന്നെ ശിഷ്യന്‍ ആ സത്യമായിത്തീരുന്നു; ആ സത്യമാകട്ടെ ചിത്തും ആനന്ദവുമായതിനാല്‍ അയാള്‍ സച്ചിദാനന്ദം തന്നെയായി ഭവിക്കുന്നു. എല്ലാതരം ഭേദങ്ങളും വൈവിധ്യങ്ങളും മായുന്നു, ദൈ്വതം മറയുന്നു. എന്റേതും നിന്റേതും ഇല്ലാതാകുന്നു. അതിവിസ്തൃതമായ മായയാകുന്ന ഈ പ്രപഞ്ചപ്രക്രിയ അയാളില്‍എന്നന്നേക്കുമായി ശമിക്കുന്നു. അയാള്‍ സാക്ഷാല്‍ ബ്രഹ്മമായി വിളങ്ങുന്നു.

No comments:

Post a Comment