Tuesday, February 04, 2020

കല്‍പശാസ്ത്രഗ്രന്ഥങ്ങളുടെ ഭാഗമാണ് പിതൃമേധസൂത്രം എന്ന് വിവരിച്ചുവല്ലോ. മരണാനന്തര കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ വിവരണങ്ങളാണിതിലുള്ളത്. മന്ത്രത്തോടുകൂടിയ മരണാനന്തര ചടങ്ങുകളില്‍ അനുഷ്ഠിക്കേണ്ട സര്‍വവിധ ആചാരങ്ങളും പിതൃമേധസൂത്രങ്ങളില്‍ നിന്ന് മറ്റു ഗ്രന്ഥങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ബൗധായന പിതൃമേധം, ഭരദ്വാജ പിതൃമേധം, അപസ്തംബ പിതൃമേധം, മാനവ പിതൃമേധം എന്നിങ്ങനെ നാലു പ്രധാന പിതൃമേധഗ്രന്ഥങ്ങളാണുള്ളത്. ചില ഗുഹ്യകര്‍മ്മങ്ങളിലും ശ്രൗത കര്‍മ്മങ്ങളിലും ഈ വിഷയവിവരണം കാണാം. പിതൃമേധഗ്രന്ഥങ്ങളില്‍ പൊതുവെ വിവരിക്കുന്ന വിഷയങ്ങള്‍ ഇപ്രകാരമാണ്. മരണ സമയത്ത് അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ ജഡവുമായി ശ്മശാന യാത്ര, ചിത ഒരുക്കുന്ന ചടങ്ങ്, മണ്‍കുട സ്ഥാപനം, ദഹന (അഗ്നിയില്‍ ദഹിപ്പിക്കുന്നത്) ക്രിയ, ദഹനാനന്തരകര്‍മ്മം, അസ്ഥിസഞ്ചയനം, ശാന്തി കര്‍മ്മം, സ്‌നാനവിധികള്‍, അശൗചവിധി ചടങ്ങുകള്‍ എന്നിവയുടെ വിവരണങ്ങള്‍ സവിസ്തരം നല്‍കുന്നു. കുഞ്ഞുങ്ങള്‍, അവിവാഹിതര്‍, കുമാരി-കുമാരന്മാര്‍, രോഗികള്‍ എന്നിവരുടെ ജഡദഹനകര്‍മ്മങ്ങളില്‍ പ്രത്യേകമായി ആചരിക്കേണ്ട ചടങ്ങുകള്‍, ബ്രഹ്മചാരി, സന്ന്യാസി എന്നിവരുടെ ജഡം ദഹിപ്പിക്കുന്ന പ്രത്യേകവിധികള്‍, പരദേശത്തുവച്ച് മരിക്കുന്ന ബന്ധുക്കളുടെയും യുദ്ധത്തില്‍ മരിക്കുന്നവരുടെയും അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതു സംബന്ധിച്ച ആചാരങ്ങള്‍ എന്നീ വിഷയങ്ങളാണ് പിതൃമേഥഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. ചുരുക്കത്തില്‍ പിതൃകര്‍മ്മങ്ങളുടെ പ്രധാനപ്പെട്ട ആധാരസ്രോതസ്സ് പിതൃമേധസൂത്രഗ്രന്ഥങ്ങളാണ്. പിതൃമേധസൂത്രങ്ങളിലെ വിഷയം കഥാരൂപത്തില്‍, ആചാരാനുഷ്ഠാന വിവരണത്തോടുകൂടി ഗരുഡ പുരാണത്തിന്റെ രണ്ടാം ഭാഗത്തില്‍ നല്‍കിയിട്ടുണ്ട്. ഇന്ന് മരണാനന്തര ക്രിയകളുടെ ആചാരങ്ങളില്‍ ഗരുഡപുരാണത്തിന് വളരെയേറെ പ്രാധാന്യം നല്‍കിവരുന്നു. പ്രത്യേകിച്ചും മരണാനന്തരം ആത്മാവിന്റെ ഗതിയെക്കുറിച്ചുള്ള വിശ്വാസപ്രമാണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും. ഗരുഡപുരാണഭാഗങ്ങള്‍ മലയാള വിവര്‍ത്തനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ പിതൃമേധ സൂത്രങ്ങളുടെ വ്യാഖ്യാനങ്ങളും വിവര്‍ത്തനവും മലയാളികള്‍ക്കപ്രാപ്യമാണ്. ധര്‍മ്മസൂത്രങ്ങളും ആചാരങ്ങളും വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പ്പിനും പരസ്പര സഹവര്‍ത്തിത്വത്തിനും സമഗ്രമായ വളര്‍ച്ചയ്ക്കും വേണ്ട സാമൂഹ്യനിയമങ്ങളും അവയുടെ അടിസ്ഥാനങ്ങളായ ആചാരങ്ങളും അടങ്ങുന്നതാണ് ധര്‍മ്മസൂത്രങ്ങള്‍, ശരീര ശുദ്ധീകരണം, ബ്രഹ്മചര്യം, ശിഷ്യഗുണസ്വഭാവങ്ങള്‍, സന്ന്യാസിയുടെ കര്‍മ്മധര്‍മ്മാചാരങ്ങള്‍, ഗൃഹസ്ഥവ്രതങ്ങള്‍, വിവാഹനിയമങ്ങള്‍, നാലു വര്‍ണ ധര്‍മ്മങ്ങള്‍, അതിഥിസല്‍ക്കാരം, ബ്രാഹ്മണാദികളുടെ പ്രവൃത്തികള്‍, ഷോഡശസംസ്‌കാര കര്‍മ്മങ്ങള്‍, രാജകര്‍ത്തവ്യം, രാജ്യരക്ഷ, രാജപുരോഹിതധര്‍മ്മം ഭക്ഷണനിയമം, പുത്രധര്‍മ്മം, പതി-പത്‌നീധര്‍മ്മം, യാത്രാചാരം, പ്രായശ്ചിത്തകര്‍മ്മങ്ങള്‍ തുടങ്ങി അനവധി സാമൂഹ്യാചാരങ്ങള്‍ ധര്‍മ്മസൂത്രഗ്രന്ഥങ്ങളെ ആധാരമാക്കിയിട്ടുള്ളവയാണ്. ബൗധായന, ഗൗതമ, ആപസ്തംബ, വസിഷ്ഠ, ഹാരിത, ഹിരണ്യകേശി, വൈഖാനസ, ധര്‍മ്മസൂത്രങ്ങളാണ് പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍. സുദീര്‍ഘമായ സാമൂഹ്യാചാരനിഷ്ഠകള്‍ വിവരിക്കുന്ന ധര്‍മ്മശാസ്ത്രങ്ങളുടെ തുല്യപദവിയും അംഗീകാരവുമുള്ള ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ഇവയാണ് സ്മൃതികള്‍. അതത് കാലഘട്ടങ്ങളില്‍ ആചരിക്കേണ്ടതും വിവിധ ദേശങ്ങള്‍ക്കനുയോജ്യമായ നിയമങ്ങളിലൂടെ ആചരിക്കപ്പെടുന്നവയാണ് സ്മൃതികളിലെ ധര്‍മ്മാചാരങ്ങള്‍. അനവധി പുതിയ സ്മൃതികള്‍ രചിക്കപ്പെട്ടിട്ടുള്ളതുകൊണ്ട്, ദേശത്തിനും കാലത്തിനും അനുയോജ്യം എന്നു തോന്നുന്ന സ്മൃതി വിഷയങ്ങള്‍ പുനര്‍വിചിന്തനത്തിലൂടെ നവീകരിച്ചെഴുതപ്പെടുകയുണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ട സ്മൃതിഗ്രന്ഥങ്ങള്‍ ഉശനസ്മൃതി, യജ്ഞവല്‍ക്യസ്മൃതി, മനുസ്മൃതി, അംഗീരസസ്മൃതി, യമസ്മൃതി, അത്രിസ്മൃതി, സംവര്‍ത്തനസ്മൃതി, കാര്‍ത്യായനസ്മൃതി, ദക്ഷസ്മൃതി, വ്യാസസ്മൃതി, പരാശരസ്മൃതി, ശംഖസ്മൃതി, ഗൗതമസ്മൃതി, ആപസ്തംബസ്മൃതി, വസിഷ്ഠ സ്മൃതി, ബൃഹദ്പരാശര സ്മൃതി, വൃദ്ധ ആത്രേയസ്മൃതി, ഹാരിതസ്മൃതി എന്നിവയാണ്. ഇവയില്‍ ചിലത് ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു. ഭാരതീയന്റെ ജീവിതത്തില്‍, ആചരിക്കപ്പെടുന്ന ഏതാണ്ടെല്ലാ സാമൂഹ്യാചാരങ്ങള്‍ക്കും മൂലമായിട്ടുള്ളത് ഈ സ്മൃതി ഗ്രന്ഥങ്ങളാണ്. വിഷ്ണുസ്മൃതി ഗ്രന്ഥങ്ങളിലെ വിഷയങ്ങളുടെ യഥാക്രമ വിവരണം കൊണ്ടുമാത്രം സാമൂഹ്യാചാരങ്ങളുടെ അടിസ്ഥാനം, സ്മൃതികളാണെന്നു വ്യക്തമാകും. നാലുവര്‍ണ്ണങ്ങള്‍, അവയുടെ കര്‍മ്മധര്‍മ്മങ്ങള്‍, രാജാവിന്റെ ധര്‍മ്മം, കരംപിരിക്കുന്നതിന്റെ നിയമങ്ങള്‍, അളവുതൂക്കങ്ങള്‍, കുറ്റകൃത്യങ്ങളും ശിക്ഷകളും, (ഓരോ കുറ്റത്തിന്റെയും വ്യക്തമായ വിവരണങ്ങളടങ്ങുന്നു). കൈക്കൂലി, ഭൂമിയുടെ ക്രയവിക്രയ പത്രങ്ങള്‍, കടം സംബന്ധമായ നിയമങ്ങള്‍, കടപ്പത്രങ്ങള്‍, സാക്ഷികള്‍, പുത്രന്റെ അവകാശങ്ങള്‍, മിശ്രവിവാഹത്തിലെ പുത്രനിയമം, സ്വത്ത് വിഭജനം, ജഡദഹനം, പുലകുളിയുടെ ആചാരങ്ങള്‍, യുഗ-മന്വന്തര-കല്‍പാദിവിവരണം, മരണാനന്തര ക്രിയ, പുലശുദ്ധീകരണാചാരം, മിശ്ര-സ്വജാതിവിവാഹ നിയമം, പത്‌നീധര്‍മ്മം, ഷോഡശകര്‍മ്മാചാരങ്ങള്‍, ബ്രഹ്മചാരിയുടെ ആചാരം വേദപഠനാചാരം, ഗുരുമഹത്വം, ആചാര്യ-മാതൃ-പിതൃ ബന്ധ സംബന്ധിയായ ആചാരം, കാമക്രോധാദി വികാര നിയന്ത്രണം പഞ്ചമഹാപാപങ്ങള്‍ അവയുടെ പ്രായശ്ചിത്തങ്ങള്‍, മൃഗവധവമായി ബന്ധപ്പെട്ട പാപങ്ങള്‍, നരഹത്യാ പ്രായശ്ചിത്തം, മദ്യപാന പ്രായശ്ചിത്തം, മാംസഭക്ഷണ പ്രായശ്ചിത്തം, ഭിക്ഷാടന നിയമം, സ്‌നാനനിയമം, യാത്രാനിയമം, ശകുനനിയമങ്ങള്‍, നിദ്രാനിയമങ്ങള്‍, ശ്രാദ്ധകര്‍മ്മങ്ങള്‍, ജ്യോതിശാസ്ത്രസംബന്ധിയായ ആചാരങ്ങള്‍, ശ്രാദ്ധക്ഷണത്തിര്‍ഹതയുള്ളവരുടെ വിവരണം, ദാനധര്‍മ്മാചാരം, പൊതുജനങ്ങള്‍ക്കായുള്ള കുളം-കിണര്‍-പൂന്തോട്ടം-ക്ഷേത്രം എന്നിവയുടെ നിര്‍മാണവും ദാനവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, ദാനസ്വീകരണത്തിന് യോഗ്യരായ വ്യക്തികളുടെ വിവരണം, വാനപ്രസ്ഥനിയമത്തിന്റെ ഭാഗമായി ഉത്തരവാദിത്തങ്ങള്‍ പുത്രനെ ഏല്‍പ്പിച്ച് കുടുംബ ബന്ധമോചനം തുടങ്ങേണ്ട സമയത്തനുഷ്ഠിക്കുന്ന ആചാരങ്ങള്‍, മനുഷ്യശരീരം ധര്‍മ്മാനുഷ്ഠാനങ്ങള്‍ക്കുള്ളതാണെന്നതിന്റെ ശാസ്ത്രീയ (ശരീരഘടനാ)വിവരണം എന്നീ വിഷയങ്ങളിതിലടങ്ങുന്നു. മേല്‍ വിവരിച്ച 'നിയമ' പദങ്ങളെല്ലാം ഇന്ന് ആചാരങ്ങളുടെ ഭാഗമായിരിക്കുന്നു. വൈദീകശാഖയുടെയും ഉപശാഖയുടെയും വ്യത്യാസമനുസരിച്ച് അവയുടെ അനുശാസകര്‍ തമ്മില്‍ ആചാരനുഷ്ഠാന രീതിയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും ആചാരതത്വങ്ങള്‍ പൊതുവെ ഒന്നുതന്നെയാണ്. ഈ വിഷയങ്ങളുടെ എണ്ണത്തില്‍ കൂടുതല്‍ കുറവും, വ്യത്യസ്ത വീക്ഷണങ്ങളും ചേര്‍ത്ത് പലതും നവീകരിച്ചും പുതിയവ ചേര്‍ത്തും മറ്റു സ്മൃതികള്‍ രചിച്ചിരിക്കുന്നു.    janmabhumi

No comments:

Post a Comment