Tuesday, February 04, 2020

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


 ആരാണ് പരമദേവന്‍?. ആരാണ് രാധ?
--------------------------------------------
ഒരിക്കല്‍ സനകാദി മുനിമാര്‍ ബ്രഹ്മാവിന് അടുത്തെത്തി അദ്ദേഹത്തെ സ്തുതിച്ച ശേഷം ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.
ആരാണ് പരമദേവന്‍? ആ പരമദേവന്റെ ശക്തികള്‍ എന്തൊക്കെ ആണ്? ആ ശക്തികളില്‍ ശ്രേഷ്ടമായിരിക്കുന്നതും സൃഷ്ടിക്കു കാരണമായ ഏത് ശക്തിയാണ് കുടി കൊള്ളുന്നത്‌?
അതിനു ബ്രഹ്മാവ്‌ മറുപടി നല്‍കി.
സാക്ഷാല്‍ കൃഷ്ണനാണ് പരമദേവന്‍. ആറ് വിധത്തിലുള്ള ഐശ്വര്യത്താലാണ് അദ്ദേഹം പരിപൂര്‍ണന്‍ ആയിരിക്കുന്നത്. ഗോപികാ ഗോപന്മാര്‍ ആ കൃഷ്ണനെ സേവിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, വൃന്ദാവനത്തിന്റെ നാഥനും അദ്ദേഹമാണ്. ഏകമാത്ര സര്‍വേശ്വരന്‍ ആയ കൃഷ്ണന്‍ എല്ലാ ജഗത്തുക്കളുടെയും നായകനാണ്. പ്രകൃതിക്കുമപ്പുറത്താണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ആഹ്ലാദിനിയെന്നും സന്ദിനിയെന്നും ജ്ഞാനേശ്ചയെന്നും ക്രിയയെന്നുമോക്കെയുള്ള അനവധി ശക്തികള്‍ അദ്ദേഹത്തിന്റേതാണ്. ഇവയില്‍ ആഹ്ലാദിനീ ശക്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ടവള്‍ രാധയാണ്. അവളെ കൃഷ്ണനും ആരാധിക്കുന്നു. രാധ കൃഷ്ണനെയും ആരാധിക്കുന്നു. രാധയെ ഗന്ധര്‍വ എന്നും പറയാറുണ്ട്‌. ഗോപികമാരൊക്കെയും കൃഷ്ണന്റെ മഹിഷികളാണ്. ലക്ഷ്മിയാണ്‌ രാധയായി ജന്മം കൊണ്ടത്‌. സ്വയംപീഡക്ക് വേണ്ടി കൃഷ്ണന്‍ പല രൂപങ്ങള്‍ സ്വീകരിച്ചു.
രാധ കൃഷ്ണന്റെ പ്രാണപ്രേയസിയാണ്. അവളെ നാല് വേദങ്ങളും സ്തുതിക്കുന്നു. ബ്രഹ്മജ്ഞാനം തികഞ്ഞ മഹർഷിമാര്‍ക്ക് രാധയെ സംബന്ധിക്കുന്ന ഗീതങ്ങള്‍ അറിയാം. നീണ്ടകാലം മുഴുവന്‍ വിവരിച്ചാലും തീരാതെ രാധയുടെ ഗുണഗണങ്ങള്‍ വ്യാപൃതമാണ്. ആരാണ് രാധയുടെ സന്തോഷത്തിനു പ്രാപ്തമാകുന്നത്, അവര്‍ക്ക് ലഭ്യമാകുന്നത് പരമധാമമാണ്. രാധയെ അവഗണിച്ചു കൊണ്ട് കൃഷ്ണനെ ആരാധിക്കുന്നവരെ മൂഢന്മാരെന്നു വിളിക്കണം. വേദങ്ങളാകട്ടെ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.
രാധയും രാമേശ്വരിയും രമ്യയും കൃഷ്ണയും മന്ത്രാദി ദേവതയും സര്‍വാദ്യയും സര്‍വമന്യയും വൃന്ദാവനവിഹാരിണിയും വൃന്ദയും രാധ്യായയും രമയും സത്യയും സത്യപരയും സത്യഭാമയും കൃഷ്ണവല്ലഭയും വൃഷഭാനുസുതയും ഗോപീമൂലപ്രകൃതിയും ഈശ്വരിയും ഗന്ധര്‍വയും രാധികയും രമ്യയും പരമേശ്വരിയും പരാത്പരയും നിത്യയും വിനാശിനിയുമൊക്കെ രാധയുടെ വിശേഷണങ്ങളാണ്.
ആരാണോ ഈ നാമങ്ങളൊക്കെയും ചൊല്ലുന്നത് അവര്‍ക്ക് ലഭ്യമാകുന്നത് ജീവന്മുക്തിയാണ്. രാധയും സന്ധിനീശക്തിയും വസതിയും ആഭരണങ്ങളും ശയ്യയും ആസനവുമൊക്കെ മിത്രസേവകാദിലബ്ധിക്കു പ്രയോജനം ചെയ്യുന്നതാണ്. അവിദ്യാരൂപത്തില്‍ ജീവനെ ബന്ധത്തിലാക്കുന്നത് മായയാണ്. ഭഗവാന്റെ ക്രിയാശക്തി തന്നെ ആണ് ലീലാശക്തി. വ്രതഹീനന്‍ ആണെങ്കില്‍ കൂടി ഈ ഉപനിഷത് വായിക്കുന്നുവെങ്കില്‍ അയാള്‍ വ്രതപൂര്‍ണന്‍ ആയിത്തീരുന്നു. മാത്രമല്ല, വായുവിനോടൊപ്പം പവിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ശുദ്ധനായി ഗണിക്കപ്പെടുന്ന അയാളുടെ ദര്‍ശനം ലഭിക്കുന്നിടമെല്ലാം പരിശുദ്ധമായി തീരുന്നു.


*(രാധോപനിഷത്ത്)*

No comments:

Post a Comment