Tuesday, February 04, 2020

കല്പശാസ്ത്രം:ഓരോ വ്യക്തിയും അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളെക്കുറിച്ചും യാഗകർമ്മങ്ങളെക്കുറിച്ചും ഒരു രാജ്യത്തിലെ ധാർമ്മിക നിയമങ്ങളെക്കുറിച്ചും വിശദമാക്കുന്നു. ശ്രൌതസൂത്രം, ശുൽബസൂത്രം, ഗൃഹ്യസൂത്രം, ധർമ്മസൂത്രം എന്നിങ്ങനെ നാല് പ്രധാന ഭാഗങ്ങളുള്ള ഗ്രന്ഥസമുച്ചയത്തിനെ കല്പശാസ്ത്രം എന്നു പറയുന്നു. (ഉദാ : ആപസ്തംബ ശ്രൌതസൂത്രം, ആപസ്തംബ ശൂൽബസുത്രം, ആപസ്തംബ ഗൃഹ്യസൂത്രം, ആപസ്തംബ ധർമ്മസൂത്രം എന്നിവ ചേർന്ന ‘ആപസ്തംബ കല്പശാസ്ത്രം’ )
ഇതിൽ ആപസ്തംബ/ഗൌതമ/വസിഷ്ഠ/ബൌദ്ധായന-കല്പശാസ്ത്രം പ്രാധാന്യമർഹിക്കുന്നു.

ശ്രൌതസൂത്രം:അശ്വമേധയാഗം, പുത്രകാമേഷ്ടിയാഗം,അതിരാത്രയാഗം, സോമയാഗം തുടങ്ങിയ യാഗകർമ്മങ്ങൾ എപ്രകാരമാണ് നടത്തേണ്ടത് എന്നും, അതിനുവേണ്ട മന്ത്രതന്ത്രാദികളും ചേർത്തു വിശദീകരിക്കുന്ന ഗ്രന്ഥമാണ് ശ്രൌതസൂത്രം.
ശുൽബസൂത്രം:യാഗകർമ്മങ്ങൽക്കുവേണ്ടി തയ്യറാക്കുന്ന സ്ഥലത്തിന്റെയും യാഗകുണ്ഡത്തിന്റെയും യാഗശാലയുടെയും അളവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ള ഗ്രന്ഥഭാഗത്തിനെ ശുൽബസൂത്രം എന്നു പറയുന്നു.
ഗൃഹ്യസൂത്രം :ഒരു ഗൃഹസ്ഥൻ വിവാഹത്തിനുശേഷം അനുഷ്ഠിക്കേണ്ട സമഗ്രമായ യജ്ഞകർമ്മങ്ങൾ, ആചാരങ്ങൾ എന്നിവ ഇതിൽ വിവരിക്കുന്നു.
ധർമ്മസൂത്രം :
ഒരു രാജ്യത്ത് ധാർമ്മികമൂല്യങ്ങൾ നിലനിർത്താൻ ആചരിക്കേണ്ട എല്ലാവിധ ധാർമ്മിക നിയമങ്ങളും വിവരിക്കുന്നതാണ് ധർമ്മസൂത്രങ്ങൾ. വ്യക്തികളുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഈ ധർമ്മസൂത്രങ്ങൾ ‘സ്മൃതികൾ’ എന്നും അറിയപ്പെടുന്നു.
യാജ്ഞവൽക്യസ്മൃതി, വിഷ്ണുസ്മൃതി, വ്യാസസ്മൃതി, വസിഷ്ഠസ്മൃതി, കാത്ത്യായനസ്മൃതി, മനുസ്മൃതി തുടങ്ങിയവ കൂടാതെ സ്വതന്ത്ര സ്വഭാവമുള്ള അനേകം ധർമ്മസൂത്രങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.
ജോതിഷം :ഇതിലെ പ്രധാന ഭാഗം ഗണിതമാണ്. അതിൽ അസ്ടോണമി എന്ന ഗോളശാസ്ത്രവും കാലക്രിയാഭാഗവും ഉൾപ്പെടുന്നു. ജോതിശാസ്ത്രം എന്ന ഗണിത വിഭാഗത്തിൽ അന്ധവിശ്വാസം തീരെയില്ല. പക്ഷെ നിമിത്തം, പ്രശ്നം, ജാതകം തുടങ്ങിയ ഭാഗങ്ങൾ വിശ്വസിക്കണോ തള്ളിക്കളയണോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാവുന്നതാണ്. ഭാവിപ്രവചങ്ങൾ ശരിയോ തെറ്റോ എന്ന് കണ്ടുപിടിക്കാൻ വേറെ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് നന്മയുടെയോ ശരിയുടെയോ എന്തെങ്കിലും ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് സ്വീകരിക്കാവുന്നതാണ്.
ഉപവേദങ്ങൾ :
ധനുർവ്വേദം, ഗന്ധർവ്വവേദം, ആയുർവ്വേദം, സ്ഥാപത്യവേദം (തച്ചുശാസ്ത്രം) തുടങ്ങിയവ അതിൽ പെടുന്നു.

(അവലംബം : www.iish.org)

No comments:

Post a Comment