Saturday, February 08, 2020

ആയുര്‍വേദദര്‍ശനം

Friday 7 February 2020 3:00 am IST
ആയുര്‍വേദദര്‍ശനത്തെക്കുറിച്ചും ദാസ്ഗുപ്ത ഭാരതീയതത്വചിന്തയെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍വിവരിക്കുന്നുണ്ട്. തത്വചിന്ത (philosophy) യെ വിവരിക്കുന്ന ഒരു ഗ്രന്ഥത്തില്‍ വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള പഠനത്തിനു എന്താണു പ്രസക്തി എന്നു ദാസ്ഗുപ്ത വിശദമാക്കുന്നുണ്ട്. ഭാരതീയതത്വചിന്തയിലും ആചാരാനുഷ്ഠാനങ്ങളിലും ആയുര്‍വേദത്തിന്റെ സ്വാധീനം നമുക്കു കാണാം. ഭാരതത്തില്‍ വളര്‍ത്തിയെടുത്ത ഭൗതികശാസ്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കരുതിവരുന്നത് ആയുര്‍വേദത്തെയാണ്. ഭാരതത്തിലെ ഊര്‍ജ്ജതന്ത്ര (physics) ചിന്തകള്‍ക്കു തുടക്കമിട്ട സാംഖ്യം, വൈശേഷികം എന്നീ ദര്‍ശനങ്ങുമായി ആയുര്‍വേദത്തിന് അടുത്ത ബന്ധമുണ്ട്. സാംഖ്യദര്‍ശനത്തിന്റെ ഒരു അതിപ്രാചീനരൂപം ആയുര്‍വേദത്തിന്റെ ഇന്നുലഭ്യമായ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നായ ചരകസംഹിതയില്‍ കാണാം. പില്‍ക്കാലത്തെ ന്യായസൂത്രങ്ങള്‍ രൂപപ്പെട്ടത് ആയുര്‍വേദത്തിന്റെ യുക്തിചിന്തയില്‍ നിന്നാണെന്നു കരുതപ്പെടുന്നു. ഇതരതത്വചിന്തകളില്‍ പരാമര്‍ശിക്കുന്നവയില്‍നിന്നും വ്യത്യസ്തങ്ങളായ ജീവിതരീതിയും സദാചാരനിര്‍ദ്ദേശങ്ങളും ആയുര്‍വേദസാഹിത്യത്തില്‍ കാണാം. ഭാരതീയചിന്തകരുടെ പാണ്ഡിത്യപര (scholastic) മായ രീതികളിലേക്ക് വെളിച്ചം വീശുന്ന നിരവധി കാര്യങ്ങള്‍ ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു. ഹഠയോഗ തന്ത്രസമ്പ്രദായങ്ങളില്‍ പറഞ്ഞിരിക്കുന്ന ശരീരത്തിന്റെ ഘടന (anatomy), ആന്തരികപ്രവര്‍ത്തന (physiology) ങ്ങള്‍ എന്നിവയും അതേക്കുറിച്ച് ആയുര്‍വേദശാസ്ത്രത്തിന്റെ വിവരണവും തമ്മില്‍ താരതമ്യം ചെയ്യുന്നതിനും ഈ പഠനം സഹായകമാകും.
 ആയുര്‍വേദത്തിന്റെ വിവിധസമ്പ്രദായങ്ങളില്‍ പറയുന്ന ഭ്രൂണശാസ്ത്രം (embryology), പാരമ്പര്യം (heredtiy) തുടങ്ങിയ വിഷയങ്ങള്‍ തത്വചിന്തയുടെ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടും. ഭാരതീയദാര്‍ശനികചര്‍ച്ചകളില്‍ ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ആചാര്യന്മാര്‍ ആയുര്‍വേദത്തെ പ്രമാണമായി ഉദ്ധരിക്കുന്നതും ആയുര്‍വേദത്തിന്റെ പ്രാധാന്യത്തെ വെളുവാക്കുന്നു.
ഇന്നു നാം കാണുന്ന ആയുര്‍വേദത്തിന് ആദ്യകാലത്ത് രണ്ടു സ്രോതസ്സുകള്‍ ഉണ്ടായിരുന്നു എന്നാണ് ദാസ്ഗുപ്തയുടെ നിഗമനം. സുശ്രുതസംഹിത (1. 1. 5) യില്‍ സുശ്രുതന്‍ ബ്രഹ്മാവു സൃഷ്ടിച്ചതും 100,000 ശ്‌ളോകങ്ങളുള്ളതും ആയ ആയുര്‍വേദം അഥര്‍വവേദത്തിന്റെ ഉപാംഗമാണെന്നു പറയുന്നു. ഉപാംഗം എന്ന വാക്കുകൊണ്ട് എന്താണുദ്ദേശിച്ചത് എന്നു വ്യക്തമല്ല. ദല്‍ഹണന്‍ (1100ബി. സി. ഇ) തന്റെ നിബന്ധസംഗ്രഹത്തില്‍ ഉപാംഗം എന്നാല്‍ ചെറിയ അംഗം (അംഗമേവ അല്‍പത്വാല്‍ ഉപാംഗം) എന്ന അര്‍ത്ഥം പറയുന്നു. കാലും കൈയും അംഗങ്ങളാണെങ്കില്‍ പത്തികളും വിരലുകളുമെല്ലാം ഉപാംഗങ്ങളാണെന്നു കരുതാമല്ലോ. അഥര്‍വവേദത്തില്‍ ആറായിരം പദ്യങ്ങളും ഏതാണ്ട് ആയിരം ഗദ്യഭാഗങ്ങളും ആണുള്ളത്. മേല്‍പറഞ്ഞതു പോലെ ആയുര്‍വേദത്തില്‍ 100,000 ശ്ലോകങ്ങളുണ്ടെങ്കില്‍ ദല്‍ഹണന്‍ പറഞ്ഞതുപോലെ ആയുര്‍വേദത്തിന്റെ പത്തിരട്ടിയെങ്കിലും വലുപ്പമുള്ള അത് അഥര്‍വവേദത്തിന്റെ ഉപാംഗമാകാന്‍ തരമില്ല.

No comments:

Post a Comment