Monday, February 10, 2020

ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭയമാണ്. ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഭയം മനുഷ്യനെ വേട്ടയാടുകയാണ്. പണം ഉണ്ടായാലും ഭയം; ഇല്ലെങ്കിലും ഭയം, സ്ഥാനമാനങ്ങള്‍ ഉണ്ടെങ്കിലും ഭയം; ഇല്ലെങ്കിലും ഭയം. ഇങ്ങനെ ഓരോരോ കാരണത്താല്‍ മിക്കവരും ഭയത്തിന്റെ പിടിയിലാണ് കഴിയുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ വരുമ്പോള്‍ നമ്മളില്‍ ശ്രദ്ധയും വിവേകവും ഉണര്‍ത്താനാണ് ഈശ്വരന്‍ നമുക്കു ഭയം എന്ന വികാരം നല്കിയിരിക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ നമ്മുടെ കഴിവുകള്‍ ഉണരുന്നത് നമ്മള്‍ കാണുന്നുമുണ്ട്. എന്നാല്‍ ഭയം അമിതമായാല്‍ അതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതാണ് നമ്മുടെ അനുഭവം. എന്തുകൊണ്ടാണ് നമ്മള്‍ ഭയത്തിനധീനരാകുന്നത്? വര്‍ത്തമാന കാലത്തിലേയോ ഭാവിയിലേയോ സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് നമുക്കില്ലെന്നു കരുതുന്നതാണ് ഭയത്തിനുള്ള ഒരു പ്രധാന കാരണം. ഭാവിയെക്കുറിച്ചാണ് നമുക്ക് കൂടുതല്‍ ഭയം. എന്നാല്‍ പൂര്‍വ്വകാലത്തിലേയ്ക്കു തിരിഞ്ഞു നോക്കിയാല്‍ നമ്മള്‍ ഭയപ്പെട്ടിരുന്ന പലതും സംഭവിച്ചിട്ടേയില്ലെന്നും നമ്മള്‍ വൃഥാ ഭയപ്പെട്ടു ജീവിതം ദുരിത പൂര്‍ണ്ണമാക്കുകയായിരുന്നുവെന്നും മനസ്സിലാകും. നാളേയ്ക്കുവേണ്ടി ഇപ്പോള്‍ ചെയ്യാനുള്ളതു ചെയ്യുക. പിന്നെ വരുന്നതെന്തായാലും സ്വീകരിക്കാനുള്ള സന്നദ്ധതയും യാഥാര്‍ത്ഥ്യ ബോധവും വളര്‍ത്തിയെടുക്കുക. അതാണ് വേണ്ടത്. ആഹാരം പാകംചെയ്യാനും, തണുപ്പകറ്റാനും, വെളിച്ചത്തിനും, മറ്റു നിരവധി കാര്യങ്ങള്‍ക്കും അഗ്‌നി ആവശ്യമാണ്. പക്ഷേ അതിനെ തൊട്ടാല്‍ പൊള്ളും. എന്നാല്‍ അഗ്‌നിയുടെ സ്വഭാവം മനസ്സിലാക്കി നീങ്ങിയാല്‍ അതിനെ ഭയക്കേണ്ടതില്ല. അതുപോലെ ജീവിതത്തിന്റെ സ്വഭാവം മനസ്സിലാക്കി ജീവിക്കുകയും ജീവിതത്തെക്കുറിച്ച് ആദ്ധ്യാത്മികമായ ഒരു കാഴ്ചപ്പാടുമുണ്ടെങ്കില്‍ നമ്മള്‍ ആവശ്യമില്ലാതെ ഭയത്തിനടിമപ്പെടുകയില്ല. ഒരാള്‍ പലിശയ്ക്കു വായ്പവാങ്ങി വീടുവച്ചു. വായ്പയെടുത്തപണം തിരിച്ചടയ്ക്കാന്‍ പറ്റുന്നില്ല. പലിശയും, പലിശയ്ക്കു പലിശയുമായി കടം കൂടിക്കൂടി ഒടുവില്‍ വീടുവിറ്റാലും കടം തീരാത്ത സ്ഥിതിയായി. ഇപ്പോള്‍, ആ വിട്ടില്‍ കിടന്ന് ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണ്. വായ്പയെടുക്കുന്നതിനുമുമ്പ് അതെങ്ങനെ തിരിച്ചടയ്ക്കുമെന്ന് വിവേകത്തോടെ ചിന്തിച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. നമുക്ക് ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും പൂര്‍ണ്ണമായി ഒഴിവാക്കി ജിവിക്കാനാവില്ല. എന്നാല്‍ ആഡംബരവും ആവശ്യവും വേര്‍തിരിച്ചറിയുന്ന കാഴ്ചപ്പാട് നമ്മള്‍ വളര്‍ത്തിയെടുത്തില്ലെങ്കില്‍ ഭയം ഒരിക്കലും നമ്മളെ വിട്ടുമാറില്ല. ഒരു സ്വിമ്മിങ്ങ് പൂളില്‍ രണ്ടു കുട്ടികള്‍ നീന്തുന്നു. അതിലൊരു കുട്ടിയുടെ അമ്മയും കൂടെയുണ്ട്. സ്വിമ്മിങ്ങ് പൂളില്‍ അവരിറങ്ങിയ സ്ഥലത്ത് മൂന്നടി വെള്ളമേ ഉള്ളൂ. കുട്ടികള്‍ക്ക് പൊക്കം നാലടിയുള്ളതുകൊണ്ട് വെള്ളത്തില്‍ അവര്‍ മുങ്ങിപ്പോകാന്‍ സാദ്ധ്യതയില്ല. എന്നിട്ടും അതില്‍ ഒരു കുട്ടി നീന്താനിറങ്ങി രണ്ടുനിമിഷങ്ങള്‍ക്കകം ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. വെള്ളത്തില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്തു. ഇതുകണ്ട് മറ്റേ കുട്ടിയുടെ അമ്മ വെള്ളത്തില്‍ നിന്ന് ആ കുട്ടിയെ പൊക്കിയെടുത്തു. അതേസമയം മറ്റേകുട്ടി ആ നീന്തല്‍ക്കുളത്തില്‍ ഉല്ലസിച്ചു നീന്തുകയാണ്. അതുകണ്ട് ആ സ്ത്രീ ആദ്യത്തെ കുട്ടിയോടു ചോദിച്ചു, ''നിന്റെ കൂട്ടുകാരന്‍ യാതൊരു ഭയവും കൂടാതെ നീന്തുന്നതു കണ്ടില്ലേ? നീയെന്താ ഭയപ്പെട്ടുപോയത്?'' ''അതേ, ഞാന്‍ വെള്ളത്തില്‍ മുങ്ങിപ്പോയാല്‍ എന്നെ പൊക്കിയെടുക്കാന്‍ ആരുമില്ലല്ലോ എന്നു ചിന്തിച്ചപ്പോള്‍ എനിക്കു പേടിവന്നു. അപ്പോള്‍ കാല്‍ രണ്ടും ഇടറാനും തല കറങ്ങാനും തുടങ്ങി.''പിന്നെ ആ സ്ത്രീ സ്വന്തം കുട്ടിയോടു ചോദിച്ചു ''മോനെ, നിനക്ക് ഒട്ടും പേടിയില്ലാത്തതെന്താണ്?'' ''എന്റെ അമ്മ അടുത്തു നില്‍ക്കുകയല്ലേ, ഞാന്‍ വീണാല്‍ അമ്മ എന്നെ പൊക്കിയെടുക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് ഒട്ടും പേടി തോന്നിയില്ല.''അമ്മയിലുള്ള വിശ്വാസം അവന് ആത്മവിശ്വാസം പകര്‍ന്നു. അതവന്റെ കഴിവിനെ ഉണര്‍ത്തി. നീന്തല്‍ ആഹ്ലാദകരമായി. ഇതുപോലെ ഏത് ആപത്തിലും ആ ഈശ്വര ശക്തി നമ്മുടെ തുണയ്‌ക്കെത്തുമെന്നുള്ള വിശ്വാസം നമുക്കുണ്ടാകണം. അപ്പോള്‍ ജീവിതത്തെ സധൈര്യം നേരിടുവാന്‍ നമുക്കു കഴിയും. വിശ്വാസവും വിവേകവും ഒത്തുചേരുമ്പോള്‍ അവിടെ ഭയത്തിനു സ്ഥാനമില്ലാതാകുന്നു. ഈശ്വര വിശ്വാസവും ആത്മവിശ്വാസവും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. കാരണം നമ്മള്‍ ആ ശക്തിയില്‍നിന്ന് ഒരിക്കലും ഭിന്നമല്ല
amma

No comments:

Post a Comment