Thursday, February 27, 2020

*ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥയ്ക്ക് ഒരാൾ അയച്ച പ്രതികരണവും, അതിന് സ്വാമി എഴുതിയ മറുപടിയും വായിക്കൂ . ( പ്രതികരണം കുറിച്ചയച്ച ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു.)*

ഹരിഃ  ഓം

*പ്രിയ X*
*സുപ്രഭാതം*

# സ്വാമി, തിരക്കിനിടയിൽ കഥ വായിക്കാൻ സാധിച്ചില്ല. ഇന്നാണ് മുഴുവനും വായിക്കാൻ കഴിഞ്ഞത്. ബാക്കി വായിക്കാൻ ഏറെ കൗതുകം ഉണ്ട്. കഥാപാത്രങ്ങളേയോ, കഥാഗതിയേയോ വിശകലനം ചെയ്യാൻ ഞാൻ മുതിരുന്നില്ല. കഥാ പാത്രമായ മകൻ്റെ ന്യായങ്ങളോ, അച്ഛൻ ചെയ്ത അന്യായങ്ങളോ എൻ്റെ വായനാനുഭവത്തിന് ഇപ്പോൾ വിഷയമല്ല.

@ *പ്രതികരണത്തിൽ സന്തോഷം. കഥകൾ വായനക്കാരിൽ എന്തു ഭാവാന്തരങ്ങൾ സൃഷ്ടിക്കുന്നു, വിവേക ബോധ്യങ്ങൾ ഉണർത്തുന്നു എന്നതു തന്നെയാണ് പ്രധാനം.  അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.*

# ഇടയ്ക്കിടയ്ക്ക് എൻ്റെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങൾ പ്രതിപാദിച്ചത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതിനപ്പുറത്ത് ചില സന്ദേശങ്ങൾ വായിച്ചെടുക്കാൻ സാധിച്ചു.

@ *മനസ്സിലായ സന്ദേശങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ കൂടി മനസ്സിരുത്തൂ.*

# കൃത്യ സമയത്താണ് കഥ വായിക്കാൻ തോന്നിയത്. ജീവിതത്തിന് വല്ലാത്തൊരു അർത്ഥമില്ലായ്മ ഇടക്കാലത്ത് അനുഭവപ്പെടുന്നുണ്ടായിരുന്നു. കഥയിൽ പ്രതിഫലിച്ച സ്വാമിയുടെ സ്നേഹം എനിക്കും അനുഭവപ്പെട്ടു. എന്തോ  വീണ്ടും ജീവിതം ശോഭനമാക്കി തീർക്കാൻ സാധിച്ചേക്കും എന്നൊരു പ്രചോദനം.

@ *മനസ്സിൻ്റെ കാലാവസ്ഥകൾ മാറി മാറി വരുന്നത് സ്വാഭാവികമാണ്. അവിടെ കൊടുങ്കാറ്റു വീശി പേമാരി പെയ്യുമ്പോൾ തളരാതിരിക്കണം. ഇതും വന്നു പോവുമെന്ന് അനുവദിക്കണം. പിന്നെ വ്യക്തിപരമായി- അങ്ങേക്ക് അർഹതപ്പെട്ട സ്നേഹം സ്വീകരിക്കുന്നതിൽ സങ്കോചം അശേഷം തോന്നേണ്ടതില്ല.*

# എൻ്റെ ജീവിതത്തിൻ്റെ സ്വഭാവമനുസരിച്ച് ഇടയ്ക്ക് ഒരു പ്രചോദനമൊക്കെ തോന്നും.  എന്നാൽ ആ പ്രത്യശാപൂർണ്ണമായ ചിന്തകൾക്കെന്നും അല്പായുസ്സാവും എന്നതാണനുഭവം. കഥ വായിച്ചു കഴിഞ്ഞപ്പോൾ നല്ലൊരു ശതമാനം നിരാശ നീങ്ങിക്കിട്ടി.

@ *നമ്മുടെ ചിന്തകളുടെ കാര്യത്തിൽ നമുക്ക് സ്വാതന്ത്ര്യമുണ്ട് എന്ന കാര്യം ചിന്തിച്ചുറപ്പിക്കണം. ഉയർന്നു വരുന്ന ചിന്തകളുടെ വഴിയിൽ നിസ്സഹായം സഞ്ചരിച്ചു ശീലിക്കലരുത്. അനുകൂലവും, ശ്രേയസ്ക്കരവുമായ ചിന്തകളെ ഉണർത്തി നിലനിർത്താൻ ബോധപൂർവ്വം ഉത്സാഹിക്കണം. ഈ കാര്യത്തിൽ ഓരോരുത്തർക്കും അവരവരുടേതായ ഒരു ശൈലിയും താളവും കണ്ടെത്താൻ നിശ്ചയമായും സാധിക്കും.*

# കഥയിൽ പറഞ്ഞ കാര്യങ്ങളെന്തൊക്കെ ആയാലും, വായിച്ചു കഴിഞ്ഞപ്പോൾ (അല്പസമയത്തേക്കെങ്കിലും) എനിക്കും സുന്ദരമായ ജീവിതം നയിക്കാൻ എനിക്കും സാധിക്കും എന്ന ചിന്ത വന്നു. ഒരു പാട് കാലത്തിനിടയിൽ എന്തെന്നില്ലാത്ത ആനന്ദം

@ *ഉപനിഷത്തുക്കൾ പറഞ്ഞു തരുന്നതനുസരിച്ച് ആനന്ദം നമ്മുടെ സ്വരൂപമാണ്. ആനന്ദിക്കുക എന്നത് അതുകൊണ്ടുതന്നെ നമ്മുടെ ജന്മാവകാശമാണ്. ആനന്ദത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നത് സ്വരൂപ ബോധം ഇല്ലാത്തതുകൊണ്ടാണത്രേ. അതുപോലെ ആനന്ദ പ്രാപ്തിക്കായി പലതും ചെയ്യുന്ന തിരക്കിൽ ആനന്ദം നഷ്ടപ്പെടുത്തുന്നത് വലിയ വിരോധാഭാസവുമാണ്. ഈ രഹസ്യ പാഠങ്ങൾ സൗകര്യം കിട്ടുമ്പോൾ ആലോചിച്ച് രസിക്കൂ.*

# കഥയുടെ വായന കഴിഞ്ഞപ്പോൾ വിസ്തരിച്ചു തന്നെ എൻ്റെ ജീവിതം സ്വാമിക്ക് എഴുതി അയയ്ക്കാൻ ആവേശം തോന്നി.

@ *അത് തീർച്ചയായും ചെയ്യൂ. കാരണം അവരവരെക്കുറിച്ച് എഴുതുമ്പോൾ ഒരു നിഷ്പക്ഷ ഭാവം ക്രമത്തിൽ അനുഭവപ്പെടും. ജീവിതഗതിയിൽ വേണ്ടിടത്ത് ബോധപൂർവ്വം ഇടപെട്ട് തിരുത്തൽ വരുത്താൻ ആ നിഷ്പക്ഷത സഹായിക്കും.*

# എഴുതാൻ എനിക്കു സാധിക്കുമോ എന്നറിയില്ല. സ്വാമിയുടെ കഥാപാത്രത്തിൻ്റെ കാര്യത്തിലെന്ന പോലെ എനിക്കും എഴുതാൻ മടിയുണ്ട്. ഒപ്പം എന്നെ തുറന്ന് എഴുതിയാൽ സ്വാമിജി എങ്ങിനെ അതിനെ കാണും, വിലയിരുത്തും  എന്ന ഭയവും ഉണ്ട്

@ *സ്വാമിയുടെ കാര്യത്തിലെന്നല്ല, ആരുടെ കാര്യത്തിലായാലും പ്രത്യേകം ഓർക്കേണ്ട ഒരു വസ്തുതയുണ്ട്. ഓരോരുത്തർക്കും എന്തും എങ്ങിനേയും കാണാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതങ്ങനുവദിച്ചേക്കണം. അവരുടെ വിലയിരുത്തലുകൾ നമ്മെ അനാവശ്യമായി സ്വാധീനിക്കേണ്ടതായിട്ടില്ല. അങ്ങിനെ സ്വാധീനിക്കപ്പെടാതിരിക്കാൻ നമുക്കും സ്വാതന്ത്ര്യം ഉണ്ട്. ഓരോരുത്തരുടേയും ബോധ്യങ്ങൾക്കും,  മുൻ വിധികൾക്കും അവരവർ ഉത്തരവാദികളാവട്ടെ. എന്നെക്കുറിച്ച് മറ്റുള്ളവർ ഇങ്ങനെ മാത്രമേ ധരിക്കാവൂ എന്ന് ശാഠ്യം പിടിക്കാൻ മിനക്കെടരുത്. അതിന് നമുക്കു സ്വാതന്ത്ര്യക്കുറവുണ്ട്.*

# എൻ്റെ സ്വഭാവത്തിലുള്ള ഒരു പ്രത്യേകത സ്വാമിയെ അറിയിക്കട്ടെ. (എപ്പോളും ഉള്ളതാണ്)
ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ പിന്നെ,  അവരെന്ത് വിചാരിച്ചു കാണും എന്ന ആലോചന എന്നെ തിരിച്ചും മറിച്ചും വേട്ടയാടും. അതുകൊണ്ട്
പരമാവധി സ്വന്തം ഇഷ്ടങ്ങൾ  പറയാതിരിക്കാനും, ചെയ്യാതിരിക്കാനും ശ്രദ്ധിക്കാറാണ് പതിവ്! മറ്റുള്ളവർക്ക് സന്തോഷമാവുന്ന കാര്യങ്ങൾ പറയാനും, ചെയ്യാനും പൊതുവെ പ്രയാസപ്പെടാറുണ്ട്.

@ *ഇതിൽ അവനവനോട് അനീതി ചെയ്യുന്നു എന്ന ദോഷം ശക്തമായിട്ടുണ്ടെന്നതിനാൽ, അക്ഷന്തവ്യമായ തെറ്റാണെന്ന് വിലയിരുത്താതെ വയ്യ.*

*മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിൽ (Trying to please others game!):-*

*1. വിജയിക്കാറുണ്ടോ? പലപ്പോഴും പരാജയമായിരുന്നു ഫലമെന്ന് ആലോചിച്ചാലറിയാം.*

*2. മറ്റുള്ളവരെ എന്തിനു വേണ്ടി സന്തോഷിപ്പിക്കണം?അതുകൊണ്ടെനിക്കെന്തു നേട്ടം?*

*അവരുടെ പരിഗണന എന്നെങ്കിലും തിരിച്ചു കിട്ടുമെന്ന വിഫല പ്രതീക്ഷ മാത്രം. പ്രയോജനം കിട്ടിയ അനുഭവം ഓർത്തെടുക്കാൻ അധികമൊന്നും ഉണ്ടാവാറില്ല! (മറ്റുള്ളവരുടെ പരിഗണനയിലേ എനിക്കു നില നില്പുള്ളൂ, അത്രക്കു നിസ്സാരനാണ് ഞാൻ, എന്ന് കുട്ടിക്കാലത്തേ തലയിൽ കയറിയ മുൻ വിധി ജീവിതത്തെ ഭരിക്കുന്നതാവാം കാരണം. ഇത്തരം മുൻ വിധിക്ക് കാരണമായി എന്തെങ്കിലും അനുഭവം ഗർഭസ്ഥ ശിശുവായിരിക്കുമ്പോഴോ, പിറന്നു വീണ ശേഷമോ ഉണ്ടായിട്ടുണ്ടാവാം. എന്നാൽ ആ കാലത്തിൽ പ്രസക്തമായത് ഇന്നത്തെ പ്രായത്തിൻ്റേയും, പക്വതയുടേയും, അറിവിൻ്റേയും പശ്ചാത്തലത്തിൽ അപ്രസക്തമാണെന്നതാണ് വസ്തുത. അതു കൊണ്ട് തെറ്റായി സമാഹരിക്കപ്പെട്ടു പോയതും, അത്യന്തം ഉപദ്രവകരങ്ങളുമായ മുൻ വിധികളും ജീവിത നിശ്ചയങ്ങളും പുനർവിചിന്തനം നടത്തിത്തിരുത്താൻ എല്ലാവരും തയ്യാറാവേണ്ടതുണ്ട്.)*

*3. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തത്രപ്പെട്ട് ഓടി നടക്കുന്നത് സ്വന്തം നിലനില്പുറപ്പാക്കാനാണെന്ന കടുത്ത മുൻ വിധിയോട് - :*
*ഈ നെട്ടോട്ടത്തിൽ ഞാൻ എൻ്റെ സന്തോഷം തുലച്ചു കളയുകയല്ലേ? എനിക്ക് എന്നെക്കുറിച്ച് കുറച്ചെങ്കിലും സ്നേഹവും പരിഗണനയും ഉണ്ടാവേണ്ടതല്ലേ?*
*എന്നീ ചോദ്യങ്ങൾ നിശ്ചയമായും ചോദിക്കേണ്ടതുണ്ട്.*

# തത്ക്കാലം ഇത്രയും മാത്രം. ഹര ഹര മഹാദേവ

@ *Yes, പക്ഷേ ഇനിയും എഴുതൂ. ഹര ഹര മഹാദേവ -ആത്മനിന്ദാപരവും, ആത്മ ദ്രോഹകരവുമായ എല്ലാ ചിന്താക്രമങ്ങളും, നിശ്ചയങ്ങളും മഹാദേവൻ ഹരിക്കട്ടെ.*

*ശുഭാശംസകളോടെ, പ്രേമാദരപൂർവ്വം*
*സ്വാമി അദ്ധ്യാത്മാനന്ദ*
28th Feb 2020

No comments:

Post a Comment