Friday, February 28, 2020

ആസക്തി ചീത്ത വസ്തുവല്ല. ആസക്തിയുള്ളവനുമാത്രമേ ഭക്തി കൈവരിയ്ക്കാന്‍ പറ്റു. ആ ആസക്തി ഈശ്വരനോടായിരിയ്ക്കണമെന്ന്‍ മാത്രം. പ്രാപഞ്ചിക വിഷയങ്ങളുടെ ഗുണദോഷങ്ങള്‍ അറിഞ്ഞാല്‍, ദോഷങ്ങള്‍ അധികരിച്ചുനില്‍ക്കുന്നൂ എന്ന്‍ ബോധ്യം വരുന്നതോടെ, അതിലുള്ള ആസക്തി തനിയ കുറയുന്നു, അല്ലെങ്കില്‍ കുറയണം. ഭൗതിക വിഷയങ്ങളില്‍നിന്ന്‍ ഓടിപ്പോകാന്‍ പറ്റില്ല. കണ്ണുതുറന്നാല്‍ വിഷലിപ്തങ്ങളായ വിഷയങ്ങള്‍ മാത്രമേ കാണാനുള്ളു. അതിന്റെ മധ്യത്തിലിരുന്നുകൊണ്ട്‍ അതിനെയൊക്കെ പഠിയ്ക്കുക, അറിയുക.  "മയ്യാസക്ത മന: പാര്‍ഥ"  എന്നില്‍ ആസക്തിയുള്ള മനസ്സോടുകൂടിയവനാകുക ഹേ പാര്‍ഥ, എന്നാണ്‌ ഭഗവാന്‍ ഗീതയില്‍ പറയുന്നത്‌. യുദ്ധക്കളത്തിന്റെ മധ്യത്തിലാണ്‌, സംഘര്‍ഷപൂരിതമായ അന്തരീക്ഷത്തിലാണ്‌,  ഈ ഉപദേശം നല്‍കുന്നത്‍ എന്ന്‍ ശ്രദ്ധിയ്ക്കുക. നീ ചെയ്യാന്‍ പോകുന്ന കര്‍മ്മങ്ങള്‍ക്കെല്ലാം കാരണമായിരിയ്ക്കുന്ന നിന്റെ ആസക്തിയെ ഒന്ന്‍ വഴിതിരിച്ച്‍ വിട്‌, എന്നിലേയ്ക്കാക്കുക, അര്‍ജ്ജുനാ..  യദ്‍കരോഷി യദജ്ഞാസി യജ്ജുഹോസി ദദാസിയത്‍, യത്‍ തപസ്യസി കൗന്തേയ തത്‍ കുരുഷ്വമദ്‍ അര്‍പ്പണം.. എന്ന്‍ മറ്റൊരിടത്ത്‍ ഭഗവാന്‍ പറയുന്നതും ഇതിന്റെ മാറ്റൊലി തന്നെ.

ആസക്തി ഇല്ലെങ്കില്‍ നരന്‍ മരമാണ്‌. ആ ആസക്തി ഏതുവിധത്തിലുള്ള തായിരിയ്ക്കണമെന്നേ  അറിയേണ്ടതുള്ളു.

ഒരു ചെടിയില്‍ വിരിയുന്ന ഒരൊറ്റ പുഷ്പവും ആ ചെടി തന്റേതാക്കി വെയ്ക്കുന്നില്ല. ഒരൊറ്റ കായും ചെടി എടുക്കുന്നില്ല, ചെടി ശേഖരിച്ച്‍ വെയ്ക്കുന്നില്ല. വളരുക പുഷ്പിയ്ക്കുക കായ്‍ക്കുക ഇത്യാദികളൊക്കെ അതിന്റെ ആസക്തിതന്നെയാണ്‌. എന്നാല്‍ അതിന്റെ ഫലത്തെ ആ ചെടി ആഗ്രഹിയ്ക്കുന്നില്ല.  പുഷ്പങ്ങള്‍ എല്ലാംതന്നെ ആ ചെടി ജഗദീശ്വരിയുടെ ആരാധനയ്ക്കായി ഉപയോഗിയ്ക്കുന്നു. പുഷ്പങ്ങള്‍ പൊഴിച്ച്‍ ആദിശക്തിയെ പൂജിയ്ക്കുന്നു. കായയും പഴങ്ങളും ആദിശക്തിയ്ക്ക്‍ നിവേദിയ്ക്കുന്നു. ഇത്‌ തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുന്നു.

വ്ര്‌ക്ഷങ്ങളും ചെടികളും ഒന്നും പൂവണിയുന്നത്‍ വംശം നിലനിര്‍ത്താനൊന്നുമല്ല. അതൊക്കെ നമ്മുടെ നിഗമനങ്ങളാണ്‌. പൂക്കളും ഇലകളും പൊഴിച്ച്‍  ജഗദീശ്വരിയെ   പൂജിയ്ക്കുന്നു.  പത്രം പുഷ്പം ഫലം തോയം, യോ മേ ഭക്ത്യാ പ്രയച്ഛതി എന്ന ഭഗവത്‍ വചനത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍, ഇലകളും പൂക്കളും കൊണ്ട്‍ അര്‍ച്ചന നടത്തുന്നു, തേന്‍ ഭൂമിയിലേയ്ക്ക്‍ ഒഴുക്കി അഭിഷേകം നടത്തുന്നു, പഴങ്ങളും കായ്കളും കൊണ്ട്‍ നിവേദിയ്ക്കുന്നു. ആ പ്രക്ര്‌തീശ്വരിയെ

എന്നാല്‍ അതുകൊണ്ടൊന്നും ആ ചെടി, ആ വ്ര്‌ക്ഷം ആത്യന്തികമായി സംത്ര്‌പ്തിയടയുന്നില്ല, വീണ്ടും ഒരു അപൂര്‍ണ്ണത അതിനെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു. ആ വ്ര്‌ക്ഷം അതിന്റെ നിത്യനിരന്തരമായ ആത്മസംശോധനത്തില്‍നിന്ന്‍, അതിന്റെ ബോധമണ്ഡലത്തില്‍ വിരിയുന്നു, അതിന്റെ സമസ്യയുടെ സമാധാനം. അതാണ്‌ സ്വയം സമര്‍പ്പിയ്ക്കുക എന്നത്‍. ആ വ്ര്‌ക്ഷം ഒടുവില്‍ ആ ജഗദീശ്വരിയുടെ കാല്‍പ്പാദങ്ങളില്‍ ദണ്ഡനമസ്കാരം ചെയ്യുന്നു, കടപുഴങ്ങിവീണ്‌, തന്റെ അസ്തിത്ത്വത്തെതന്നെ ബലിയര്‍പ്പിയ്ക്കുന്നു, പരിപൂര്‍ണ്ണ സമര്‍പ്പണം നടത്തുന്നു.  ഒരു വ്ര്‌ക്ഷം കടപുഴങ്ങി വീഴുന്നത്‍ കാറ്റുകൊണ്ടൊന്നുമല്ല,  ആ വ്ര്‌ക്ഷത്തിന്‌ വന്നിട്ടുള്ള ഋണം (കടം) വീട്ടാന്‍, സ്വയം സമര്‍പ്പിതമാവുക മാത്രമേ വഴിയുള്ളു എന്ന തിരിച്ചറിവ്‌ വന്നതുകൊണ്ടാണ്‌.  കാറ്റടിച്ച്‍ മരം വീണു എന്നത്‍ നമ്മുടെ കണ്ടെത്തലാണ്‌. എത്ര കാറ്റടിച്ചതാണ്‌ അതിനു മുമ്പും, അന്നൊന്നും വീണില്ലല്ലൊ. തന്നില്‍ അകപ്പെട്ടിട്ടുള്ള കടം വീട്ടാനും തദ്വാരാ സായൂജ്യമടയാനും ആനന്ദത്തോടെ തന്നെത്തന്നെ അത്‍ ജഗദീശ്വരിയ്ക്ക്‍ സസന്തോഷം സമര്‍പ്പിയ്ക്കുന്നു.  മനുഷന്‍ മരിയ്ക്കുമ്പോള്‍ അത്‍ അവന്റെ നാശമാണെന്ന്‍ കരുതി ദു:ഖിയ്ക്കുന്നു. മറ്റുള്ളവരെയും ദു:ഖിപ്പിയ്ക്കുന്നു. ഒരു വ്ര്‌ക്ഷത്തിന്റെ ബോധവും കൂടി മനുഷ്യനില്ലാതെ പോകുന്നുവോ..

No comments:

Post a Comment