തത്ത്വമസി’യെന്ന മഹാ പാരമ്പര്യത്തിന്റെ പദ അർത്ഥ സംജ്ഞ “അതു നീയാകുന്നു” എന്നാണെന്നത് സുപരിചിതമാണ്. “അതു നീയാകുന്നു” എന്നതിലെ “നീ” ആരെന്ന് കണ്ടു പിടിക്കുന്നിടത്താണ് വേദ – വേദാന്തങ്ങളുടെയും പുരാണോപുരാണങ്ങളുടേയും ശാസ്ത്ര സമീക്ഷകളുടെയും സമസ്തോപനിഷത്തുകളുടേയും ജന്താന ഗ്രഹണത്തിലുള്ള ആത്യന്തിക വിജയം. ഇവയുടെ യാതൊന്നിന്റെയും സഹായമില്ലാതെ തന്നെ ‘തത്ത്വമസി’യറിഞ്ഞ ഒരുവനുണ്ടെങ്കിൽ അവനാണ് മഹാ മനീഷിയെന്ന് ഒരർത്ഥത്തിൽ ഉദ്ഘോഷിക്കുന്നതാണ് ഉപനിഷത്തുകൾ. അവൻ ഈശ്വരനോ ദേവനോ അസുരനോ തിര്യക്കോ ഒന്നുമല്ല മനുഷ്യൻ!! അറിവിന്റെ മറുപുറം കണ്ടവൻ. ആറാമിന്ദ്രിയമായി അറിവിനെ സ്വത്വത്തിൽ ലയിപ്പിച്ചവൻ!! “അഹം ബ്രഹ്മാസ്മി”യെന്ന് നിസ്സംശയം പറയാൻ കഴിയുന്നവൻ. മുകളിൽ സൂചിപ്പിച്ചത് എന്റെ വീക്ഷണങ്ങളാണ് ഈ വീക്ഷണങ്ങളിലൂടെയാണ് എന്റെ ‘തത്ത്വമസി’ വായന.
ഉപനിഷത്തിന്റെ വേരുതേടിയിറങ്ങുമ്പോൾ ആദ്യം തടയുന്നത് വേദങ്ങളും ബ്രാഹ്മണങ്ങളുമാണ്. ധർമ്മം അറിയിക്കുന്നതും ഋഷികൾ ആദ്യം കേട്ടതും ഉച്ചാരണത്തിലൂടെ അഭ്യസിപ്പിക്കപ്പെടുന്നതുമെന്നാണ് വേദത്തിനുള്ള സാമാന്യ നിർവചനങ്ങളിലൊന്ന്. അങ്ങനെ വരുമ്പോൾ വേദങ്ങളുടെ അടിസ്ഥാന സ്വഭാവവുമായി ബന്ധപ്പെട്ട ഒരു സാമാന്യ വിവരണം ആവശ്യമായി വരുന്നു. “വേദത്തിന്റെ ആദ്യത്തെ ശാഖകളെ സംഹിതകളെന്നാണ് വിളിച്ചു പോരുന്നത്.ഇന്നത്തെ പ്രയോഗമനുസരിച്ച് സംഹിതയ്ക്ക് സമാഹാരമെന്നർത്ഥം പറയാം. പല ദേവതകളെ പ്രീതിപ്പെടുത്തുവാൻ സൂക്തങ്ങളെയെല്ലാം പല രീതികളിൽ കൂട്ടിച്ചേർത്തതാണ് വേദ സംഹിതകൾ ഇവയ്ക്കുണ്ടെന്നു പറയപ്പെടുന്ന ശാഖാ വൈവിധ്യം നമ്മെ അമ്പരപ്പിക്കും.പതഞ്ജലി മഹാ ഭാഷ്യത്തിൽ പറയുന്നത് ഋഗ്വേദത്തിന് ഇരുപത്തൊന്നും യജുസ്സിന് നൂറ്റൊന്നും സാമത്തിന് ആയിരവും അഥർവ്വത്തിന് ഒമ്പതു മടക്കം 1131 ഭിന്ന ശാഖകൾ ഉണ്ടെന്നാണ്. ഓരോ ശാഖയ്ക്കും സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്തുകൾ എന്നിവയ്ക്ക് പുറമേ ശ്രൗത സൂത്രം, ധർമ്മസൂത്രം, പ്രാതിശാഖ്യം, നിരുക്തം തുടങ്ങി 13 ഗ്രന്ഥങ്ങൾ വീതം ഉണ്ടാകാം”. (തത്ത്വമസി ഒന്നാം ഭാഗം മൂന്നാമധ്യായം) ഇത്രയും വലിയ ഒരു ദ്ധരണി ചേർക്കേണ്ടി വന്നത് അഴീക്കോടിന്റെ ‘തത്ത്വമസി’യെ വിലയിരുത്തുമ്പോൾ വരുന്ന വ്യക്തി ഗത വീക്ഷണങ്ങൾ ചേർത്തു വയ്ക്കാനുള്ള സാധ്യതകൾ കണക്കിലെടുത്താണ്.
‘തത്ത്വമസി’യെന്ന മലയാളത്തിലെ മഹാ ഗ്രന്ഥം വിഷയ ബലത്തിൽ അതിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ നിൽക്കുമ്പോഴും വായന അപാരമായ ഒരു തലത്തിലേയ്ക്ക് വളർന്നിറങ്ങിയില്ല. ഉപനിഷൽ വിഷയവുമായി ബന്ധപ്പെട്ട് മലയാളത്തിൽ പകരം വെയ്ക്കാൻ മറ്റൊന്നില്ലയെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണ് വായനാ ദൗർലഭ്യമെന്നത് ഖേദകരമായ വസ്തുതയാകുന്നത്. ഈ അക്ഷന്തവ്യമായ അപരാധത്തിനുള്ള ഏറ്റവും നല്ല പ്രായ് ശ്ചിത്തമാണ് ‘തത്ത്വമസി’യിലെ “വേദവും ബ്രാഹ്മണങ്ങളും” എന്ന അധ്യായത്തിന്റെ മനസ്സിരുത്തിയുള്ള വായന. കാരണം; അതൊരു സർവ്വകലാശാലയാണ്. അവിടെ, പറയുന്നുണ്ട്; എന്താണ് വേദ ബോധനം’ എന്താണ് സൂക്തങ്ങൾ, ആരാണ് ഋഷി, എന്താണ് സാക്ഷാത്കാരം ,എങ്ങനെയാണ് ‘സാക്ഷാത്കരിക്കുന്നത്, എന്താണ് മന്ത്രങ്ങൾ, കാണുന്നവനാര് കേൾക്കുന്നവനാര്, വേദ ശാഖകൾ അങ്ങനെയായതിന്റെ മൂലകാരണങ്ങൾ, സംഹിതകളുടെ സാമൂഹ്യ വശങ്ങൾ, സാഹിത്യമെന്ന നിലയിൽ വേദങ്ങളുടെ പ്രസക്തി, ആരാണ് ജ്ഞാന ഋഷി തുടങ്ങി ക്രമാനുഗതമായ ഒരുപനിഷദ് വിചിന്തനം!!! അവിടെയാണ് ഡോ. സുകുമാർ അഴീക്കോടെന്ന ജ്ഞാനർഷി എങ്ങനെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാകുന്നുവെന്ന് വ്യക്തമാകുന്നത്.
chetas.com
No comments:
Post a Comment