Thursday, February 06, 2020

ഏതെങ്കിലും ഒരു ലഹരിക്ക് അടിമയായാല്‍ പിന്നെ അതിനുവേണ്ടി നാം എന്തു പരിശുദ്ധിയെയും ഏതു സത്യത്തെയും എത്ര‍ കാലത്തെ ബന്ധങ്ങളെയും ഉപേക്ഷിക്കും.  അതിനാല്‍ നമ്മെ ആവശ്യമുള്ളവര്‍ തന്ത്രമുപയോഗിക്കുകയാണെങ്കില്‍ ആദ്യം  ചെയ്യുന്നത് നമ്മെ ഒരു ലഹരിക്ക് അടിമയാക്കുകയായിരിക്കും. ഭീകരമായ അത്തരം പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഇടയില്‍ നമ്മളറിയാതെ നടന്നുകൊണ്ടിരിക്കുകയാണ്!

ഏതൊരു ലഹരിയാണോ നമ്മുടെ വിവേകത്തെ കെടുത്തുന്നത്, ജനിച്ച വീടിനെയും വീട്ടുകാരെയും സംസ്കാരത്തെയും തള്ളിപ്പറഞ്ഞ് പോകാന്‍ പ്രേരിപ്പിക്കുന്നത് ആ ലഹരിയില്‍ നാം നമ്മെത്തന്നെ ഹോമിച്ചിരിക്കുന്നു എന്നറിയണം.

ഒരാളുടെ ഏറ്റവും വലിയ അഭയകേന്ദ്രം സ്വന്തം വീടുതന്നെയാണ്.  ആ വീടു വിട്ട് പരിചയമില്ലാത്ത മറ്റൊരിടത്തേയ്ക്ക് പ്രണയത്തിന്‍റെ ലഹരിയില്‍ ഓടിപ്പോകുന്ന കുട്ടികള്‍ പലപ്പോഴും അപകടത്തില്‍ ആകുന്നു. അതുപോലെതന്നെയാണ് മദ്യത്തിനും കഞ്ചാവിനും അടിമയായി സ്വന്തം ബുദ്ധിനശിച്ച് മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ അകപ്പെട്ടുപോകുന്ന കുട്ടികളുടെയും അവസ്ഥ. ബുദ്ധി മറ്റൊന്നിന് പണയപ്പെട്ടു പോകുന്നപോലാരു നിസ്സഹായതയും അപകടവും വേറെയില്ല!

സമൂഹത്തില്‍ എല്ലാവരും നല്ലവരെന്നു വരില്ല, എല്ലാവരും മോശമെന്നും വരുന്നില്ല. എന്നിരിക്കെ മോശമായ വഴിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുതന്ത്രങ്ങളെ കുറിച്ച് കുട്ടികളെ ബോധിപ്പിക്കേണ്ടതുണ്ടല്ലോ?

നാം ഒരേയൊരു ശപഥം എടുക്കേണ്ടതുണ്ട്- 'ബുദ്ധിയും വിവേകവും ഒരുതരത്തിലുള്ള ലഹരികളിലും വീണു നഷ്ടപ്പെടാതെ പരിശുദ്ധിയോടെ നിലനിര്‍ത്തണം. കാരണം ചിന്തയിലെ പരിശുദ്ധിയാണ് സ്വാതന്ത്ര്യം!' നാം ആര്‍ക്കുവേണ്ടി ചിന്തിക്കുന്നു ആര്‍ക്ക് വേണ്ടി സംസാരിക്കുന്നു ആര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതല്ല സത്യവും പരിശുദ്ധിയും ഉണ്ടോ എന്നതു മാത്രമാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ അടിയാളം.
ഓം
Krishnakumar kp 

No comments:

Post a Comment