Monday, February 03, 2020

മനുഷ്യജന്മത്തിന്റെ മാഹാത്മ്യം

Monday 3 February 2020 4:20 am IST
പ്രപഞ്ചത്തിലെ സര്‍വഭൂതങ്ങളേയും ഉള്‍ക്കൊള്ളുന്ന സൃഷ്ടി മനുഷ്യന്‍ മാത്രമാകുന്നു. മനുഷ്യന്റെ മനസ്സും ഇന്ദ്രിയങ്ങളും ശരീരവുമെല്ലാം നാനതരം ദേവന്മാരുടെ പ്രതിരൂപങ്ങളാണെന്നു പറയപ്പെടുന്നു. 
മനുഷ്യന്‍ സമഷ്ടിയെ അണുരൂപത്തില്‍ കാണിക്കുന്നു. ദേവന്മാരാകട്ടെ അംശാണുക്കള്‍ മാത്രമാണ്. അമാനുഷര്‍ (ദേവന്മാരും അസുരന്മാരും) മനുഷ്യരേക്കാള്‍ ഉത്കൃഷ്ടരല്ല. മനുഷ്യത്വത്തിലും മീതെ  യാതൊന്നുമില്ലെന്നു വ്യാസമഹര്‍ഷി സമര്‍ഥിക്കുന്നു. 'ഗുഹ്യം ബ്രഹ്മതദിദംവോ ബ്രവീമി ന മനുഷ്യാല്‍ ശ്രേഷ്ഠതരം ഹികിഞ്ചില്‍'( ഗൂഢമായ ഈ ബ്രഹ്മതത്വം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം. മനുഷ്യനേക്കാള്‍ ശ്രേഷ്ഠമായി യാതൊന്നുമില്ല.) 
ദേവന്മാര്‍കൂടി മനുഷ്യരൂപത്തില്‍ ജന്മമെടുത്തിട്ടാണ് ദുഷ്ടനിഗ്രഹവും ധര്‍മോദ്ധാരണവും നിര്‍വഹിക്കുന്നത്. ഉദാഹരണത്തിന്: 
''യദായദാഹിധര്‍മസ്യ
ഗ്ലാനിര്‍ഭവതിഭാരത
അഭ്യൂദ്ധാനമധര്‍മസ്യ 
തദാത്മാനം സൃജാമ്യഹം''
ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നതുനോക്കുക. 'എപ്പോഴെല്ലാം ധര്‍മത്തിന് തളര്‍ച്ചയും അധര്‍മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നുവോ, അപ്പോഴൊക്കെ ഞാന്‍ ജന്മമെടുക്കും.' ഇത് മനുഷ്യജന്മത്തിന്റെ മാഹാത്മ്യത്തെ വിളിച്ചോതുന്നു. 
'ജന്മജന്മാന്തര പുണ്യപൂവല്ലിതന്‍
പൊന്‍മലരാണത്രെ മര്‍ത്യജന്മം
തുഷ്ടിയാര്‍ന്നീശ്വരന്‍തന്‍ പ്രതിരൂപമായ്
സൃഷ്ടിച്ചതാണുപോല്‍ മാനുഷനെ
ചെന്നായ ചീങ്കണ്ണി പോത്തുചീറ്റപ്പുലി
പന്നിപാമ്പെന്തൊക്കെയുണ്ടവനില്‍'
എന്ന കവിവാക്യം കണക്കിലെടുക്കുമ്പോള്‍ പലപലജന്മങ്ങള്‍ക്കൊടുവില്‍ ലഭിക്കുന്ന മഹത്തായ ജന്മമാണ് മര്‍ത്യജന്മം. 
 'മര്‍ത്യനേമര്‍ത്യനുനന്മചെയ്യൂ
 മന്നില്‍മറ്റുള്ളതെല്ലാമിരുട്ടുമാത്രം' 
കവിവാക്യം തുടരുന്നു. മനുഷ്യപരിശ്രമത്തെയാണ് ദൈവാധീനം എന്നുപറയുന്നത്. മനുഷ്യന്റെ ഉന്നമനത്തിന് സഹായകമായ എല്ലാം തന്നെ മനുഷ്യരൂപത്തിലാണ് ദൈവം മനുഷ്യന് ലഭ്യമാക്കുന്നത്. 
മനുഷ്യന്‍ എല്ലാദേവന്മാരിലും മീതെയാണെന്ന് ബോധ്യപ്പെടുത്താന്‍ ഏറെ പ്രയത്‌നിച്ചവരാണ് ഋഷിമാര്‍. മുപ്പത്തിമുക്കോടി ദേവന്മാര്‍ക്ക് ദുഷ്‌ക്കരമായ പലതും മനുഷ്യര്‍ ചെയ്തിട്ടുണ്ടെന്ന് പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്നു. 
മനുഷ്യനായ ശ്രീരാമന്‍ ദേവന്മാരെയെല്ലാം അടിച്ചോടിച്ച് രാവണനെ നിഗ്രഹിച്ചു. മനുഷ്യനായ കൃഷ്ണന്‍ ഇന്ദ്രന് ചെറുത്തു നില്‍ക്കാന്‍ കഴിയാത്ത നരകാസുരാദികളെ തോല്‍പിച്ചു. നരനെന്ന് വ്യാസഭഗവാന്‍ പറയുന്ന അര്‍ജുനന്‍ ദേവന്മാര്‍ക്ക് അജയ്യരായ കാലകേയന്മാര്‍ എന്നും നിവാതകവചന്മാര്‍ എന്നും രണ്ടുതരം രാക്ഷസവര്‍ഗത്തെ നശിപ്പിക്കുകയുണ്ടായി. മനുഷ്യര്‍ ശരിയായ മാര്‍ഗത്തിലൂടെ കയറിപ്പോയാല്‍ ഋഷിത്വത്തിലെത്തിച്ചേരും. ഇതാണ് ഇൗശ്വരത്വത്തെ പ്രാപിക്കുവാന്‍ വേണ്ടി ജനിച്ചും ജീവിച്ചും മരിച്ചും തുടരുന്ന മനുഷ്യപരിണാമസ്ഥിതി. 

No comments:

Post a Comment