വിവാദങ്ങളിലൂടെ തീര്‍ത്ഥ യാത്ര
Saturday 13 May 2017 4:44 pm IST
യൗവ്വനാരംഭത്തില്‍ ജിജ്ഞാസുവായി തുടങ്ങിയ യാത്ര ചെന്നവസാനിക്കുന്നത് കൊല്‍ക്കത്തയിലെ ബാബാ ഗംഗാധര പരമഹംസ ദേവിന്റെ സവിധത്തില്‍. സന്ന്യാസം സ്വീകരിക്കുകയെന്ന തീവ്രാഭിലാഷത്തിന് 23-ാം വയസ്സില്‍ പരിസമാപ്തി. തൃശൂരിലെ പാര്‍ളിക്കാട് ഗ്രാമത്തില്‍ നിന്നും കൊല്‍ക്കത്തയിലെത്തി, ഗംഗാധര പരമഹംസരുടെ പാദങ്ങളില്‍ സ്വയം സമര്‍പ്പിച്ച ആ യുവാവ് പിന്നീട് സ്വാമി ഭൂമാനന്ദ തീര്‍ത്ഥര്‍ എന്നറിയപ്പെട്ടുതുടങ്ങി. ആ സന്ന്യാസ ജീവിതത്തിന് 61 വര്‍ഷം. ജീവിതയാത്ര തുടങ്ങിയിട്ട് 84 വര്‍ഷം. 1933 ല്‍ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പാര്‍ളിക്കാട് ഗ്രാമത്തില്‍ പി.വി. പത്മനാഭ അയ്യരുടേയും ലക്ഷ്മി അമ്മാളിന്റേയും ഏഴാമത്തെ മകനായി മേടത്തിലെ പൂരാടം നക്ഷത്രത്തില്‍ ജനനം. നാല് സഹോദരന്മാരും രണ്ട് ചേച്ചിമാരും. മൂത്ത സഹോദരനെ കണ്ട ഓര്‍മ്മയില്ല. വിദ്യാഭ്യാസം നേടി ജോലി തേടി സഹോദരനൊപ്പം കൊല്‍ക്കത്തയിലെത്തി. ഔദ്യോഗിക ജീവിത യാത്രയ്ക്കിടയില്‍ ബാബയെ കണ്ടുമുട്ടി. ലൗകിക ജീവിതത്തിന്റെ ഒടുക്കവും ആത്മീത ജീവിതത്തിന്റെ തുടക്കവും ആ കൂടിക്കാഴ്ചയിലൂടെയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള ആത്മീയയാത്രയ്ക്കിടയില്‍ 1963 ല്‍ തൃശൂരിനടുത്ത് വെങ്ങിണിശ്ശേരിയില്‍ നാരായണാശ്രമ തപോവനം സ്ഥാപിച്ചു. ലൗകിക ജീവിത സരണിയില്‍ കാലിടറാതെ മുന്നോട്ടുപോകാന്‍ ജനലക്ഷങ്ങള്‍ക്ക് ആധ്യാത്മികചിന്ത ഉപദേശിച്ചും ധര്‍മ്മമാര്‍ഗ്ഗം തുറന്നുനല്‍കിയും സ്വാമിജി തപോവനത്തില്‍ ജ്ഞാനകര്‍മ്മത്തില്‍ മുഴുകിയിരിക്കുന്നു. ചോ: സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് സജീവമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഉദാ: നിലയ്ക്കല്‍ പ്രശ്‌നം, എളവൂര്‍ തൂക്കം, കൊടുങ്ങല്ലൂര്‍ ഭരണിയോട് അനുബന്ധിച്ചുള്ള തെറിപ്പാട്ട് തുടങ്ങിയ വിഷയങ്ങള്‍. ഇപ്പോള്‍ അതില്‍ നിന്നൊക്കെ ഒരു പിന്മാറ്റമുണ്ട്. കാരണം?പ്രശ്‌നങ്ങള്‍ വരിക എന്നത് പ്രധാനമാണ്. ഇപ്പോള്‍ സമയം കിട്ടുന്നില്ല എന്നതാണ് കാരണം. ഈ വിഷയങ്ങള്‍ ഏറ്റെടുത്തത് അത്യാപത്ത് എന്ന നിലയ്ക്കാണ്. എല്ലാ പിന്തുണയും നല്‍കിക്കൊണ്ടാണ് പത്തനംതിട്ട നിലയ്ക്കല്‍ സമരത്തില്‍ കൂടെ നിന്നത്. അതിന് വേണ്ടി ലഘുലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്തു. ഉദ്ദേശിച്ചതിനേക്കാള്‍ വിപുലമായി കാര്യങ്ങള്‍ മാറി. സമരത്തില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ഉയര്‍ന്നു. ധര്‍മ്മ സംസ്ഥാപന യാത്ര തുടങ്ങിയ കാര്യങ്ങളിലൂടെ സമരത്തെ ബലപ്പെടുത്തി. അവസാനം ശബരിമല അയ്യപ്പന്റെ പൂങ്കാവനത്തിന് വെളിയില്‍ പള്ളിവയ്ക്കാന്‍ ധാരണയായതോടെയാണ് ആ സമരം അവസാനിച്ചത്. ഹിന്ദുക്കള്‍ക്ക് അനാഥത്വം വരുന്നു എന്ന് കേള്‍ക്കുമ്പോഴാണ് ഞങ്ങള്‍ ഇടപെടുക. ആ അനാഥത്വം ഇല്ലാതിരിക്കുന്നിടത്തോളം കാലം സന്ന്യാസവും ആശ്രമവുമായി കഴിഞ്ഞുകൂടുന്നു. പ്രവര്‍ത്തനമപ്പോഴും സമാജത്തില്‍ ധാര്‍മികബോധവും ഐക്യവും ആത്മബലവും ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. വെടിക്കെട്ടും ആന എഴുന്നള്ളിപ്പും ശബരിമലയിലെ സ്ത്രീ പ്രവേശനവുമാണ് ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇവ പരിഹരിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ആരും തയ്യാറല്ല. ശാസ്ത്രീയവും ധാര്‍മികവുമായിട്ടുള്ള വീക്ഷണത്തെ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിക്കുമ്പോഴാണ് ഞങ്ങളെ പോലുള്ളവര്‍ ഇടപെടുക. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമോ എന്ന ചോദ്യം ഉയരുമ്പോള്‍ അതിന്റെ ശാസ്ത്രീയ മാനം ആരും ചിന്തിക്കുന്നില്ല. എന്റെ അഭിപ്രായത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ എപ്പോഴും ദര്‍ശിച്ചുപോന്നിരുന്നു എന്നാണ്. ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്റെ വിധി വന്നതിന് ശേഷമാണ് ശബരിമലയില്‍ 10 നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. ഹിന്ദുക്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ കോടതി ഇടപെടണോ എന്നാണ് ചിലരുടെ പക്ഷം. കോടതി ഇല്ലാതെ ഹിന്ദുക്കളുടെ ഏത് പ്രശ്‌നമാണ് അവര്‍ സ്വയം തീര്‍ത്തിരിക്കുന്നത്. വിധവ വിവാഹത്തിന് അനുമതി, ബാലിക വിവാഹ നിരോധനം, സതി നിര്‍ത്തലാക്കല്‍, മക്കള്‍ക്ക് എല്ലാവര്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം തുടങ്ങിയ കാര്യങ്ങളൊക്കെ നിയമത്തിലൂടെയല്ലേ നേടിയെടുത്തത്?. ഹിന്ദുക്കള്‍ പറയുന്ന ഒരു കാര്യത്തിന് നിയമപുസ്തകത്തില്‍ അനുമതി ഇല്ല എങ്കില്‍ ആ പറഞ്ഞതുകൊണ്ട് എന്താണ് അര്‍ത്ഥം. ശബരിമലയുടെ കാര്യമെടുക്കാം. പതിനെട്ടാം പടിയല്ലാതെ വടക്കുഭാഗത്തുകൂടിയും പ്രവേശനം സാധ്യമാകും. ആ പടി സാധാരണക്കാര്‍ക്ക് കയറാനുള്ളതാണ്. സ്ത്രീകള്‍ക്ക് അതിലൂടെ കയറി അയ്യപ്പനെ ദര്‍ശിക്കാമല്ലോ?. അതിന് ഇരുമുടിക്കെട്ടും 41 ദിവസം വ്രതം വേണമെന്നുമില്ല. സ്ത്രീകള്‍ ആ വഴി ദര്‍ശനം നടത്തുന്നതില്‍ അനൗചിത്യവും ഇല്ല. സ്ത്രീകളുടെ സുരക്ഷിതത്വം മാത്രമാണ് ഇവിടെ പ്രധാനം. അവര്‍ക്ക് സുരക്ഷിതമായി പോകണമെന്നുണ്ടെങ്കില്‍ പത്തോ പന്ത്രണ്ടോ ദിവസം അവര്‍ക്ക് മാത്രമായി ദര്‍ശനത്തിന് അനുവദിച്ചുകൊടുക്കുക. സ്ത്രീകള്‍ക്കുവേണ്ടി പുരുഷന്മാര്‍ക്ക് അത്രയും ത്യാഗം ചെയ്തുകൂടെ?. വേണ്ടിവന്നാല്‍ കൂടുതല്‍ മാസങ്ങളോ, കൊല്ലംമുഴുവനോ ശബരിമല ക്ഷേത്രം തുറക്കുക, വനിതാപോലീസിന്റെ വിശേഷ സംരക്ഷണത്തില്‍ ദര്‍ശനസൗകര്യം ഏര്‍പ്പെടുത്തുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ജനങ്ങള്‍ക്ക് ശാന്തിയും ദേവനു തൃപ്തിയും കൂടുകയേ ഉള്ളു. ക്ഷേത്ര ദര്‍ശനത്തിന് വിതുമ്പുന്ന എല്ലാവര്‍ക്കും ദര്‍ശനാനുമതി നല്‍കുന്നതാണ് ക്ഷേത്രധര്‍മ്മം. അടിസ്ഥാനപരമായി ഇതിന് മറുപടി പറയട്ടെ. പൊതുക്ഷേത്രത്തില്‍ ദര്‍ശനം സുഗമമാക്കുന്നതാണ് ക്ഷേത്രധര്‍മ്മം. കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പോയി തെറിപ്പാട്ട് പാടരുത് എന്ന് പറയാന്‍ സ്വാമിക്ക് എങ്ങനെയാണ് ശക്തി കിട്ടുന്നതെന്ന് ചോദിക്കും. വസൂരി പിടിക്കില്ലേ എന്നാണ് അവരുടെ സംശയം. വസൂരി മുഴുവന്‍ പോയി എന്നാണ് എന്റെ മറുപടി. തുറന്നുപറയാനുള്ള ആത്മബലം കിട്ടുന്നത് ശാസ്ത്രത്തില്‍ നിന്നാണ്. സ്ത്രീകള്‍ വേദകാലം മുതല്‍ വേദം പഠിച്ചുകൊണ്ടും പഠിപ്പിച്ചുകൊണ്ടും പൂണൂലിട്ടുമാണ് ഇരുന്നത്. ഗാര്‍ഗി, മൈത്രേയി, സീത ഇവരൊക്കെ വേദം പഠിച്ചവരാണ്. നമ്മള്‍ ചെയ്യുന്ന ഒരു കാര്യത്തിന് ദീര്‍ഘദൃഷ്ടി വേണം. സ്ത്രീകളുടെ പ്രവേശനം കൊണ്ട് ക്ഷേത്രം അശുദ്ധമാകുന്നതാണ് പ്രശ്‌നമെങ്കില്‍ ആ അശുദ്ധിയില്ലാതാക്കാന്‍ പറ്റുമോ?. പഴയകാലത്തെ സ്ഥിതിയെല്ലാം നന്നായി മനസ്സിലാക്കിയ വ്യക്തിയാണ് ഞാന്‍. എനിക്ക് രണ്ട് സഹോദരിമാരായിരുന്നു. നാലാം ക്ലാസ് വരയേ അവരെ പഠിപ്പിച്ചുള്ളു. വിദ്യാലയം സരസ്വതി ക്ഷേത്രമായതിനാല്‍ ഋതുമതിയായി എന്നു കണ്ടാല്‍ പിന്നെ അവിടേക്ക് വിടില്ല. ഇന്ന് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ മാസക്കുളിസമയത്തും പോയി വിദ്യ അഭ്യസിയ്ക്കാറുണ്ടല്ലോ. ഭയംകൊണ്ടും ഭ്രമംകൊണ്ടുമാണ് സ്ത്രീകള്‍ ഞങ്ങളില്ല എന്നു പറയുന്നത്. അനുമതി നല്‍കുന്നതോടെ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ സംഖ്യ അപ്രതീക്ഷിതമാംവണ്ണം അധികമാകും. അതില്‍ മറ്റുള്ളേടത്തു പാലിയ്ക്കുന്ന വ്യവസ്ഥയും അനുസരിയ്ക്കും. കാലം പോലെ കാര്യങ്ങള്‍ മാറ്റണം. അതിന് നമ്മുടെ ശാസ്ത്രം അനുവദിക്കുന്നുണ്ട്. ശാസ്ത്രത്തെത്തൊട്ട് കളിക്കുമ്പോഴാണ് ഹൃദയം കിടിലം കൊള്ളുന്നത്. തുടര്‍ന്നുവരുന്ന എന്ത് ആചാരവും ചോദ്യംചെയ്യപ്പെടുമ്പോള്‍, അതില്‍ തക്ക പരിഗണനകളോടെ എടുക്കുന്ന തീര്‍പ്പ്, ധര്‍മാധിഷ്ഠിതവും യുക്തിസഹവും ആയേ തീരൂ. ഇതില്‍ വൈകാരികതയ്ക്കു സ്ഥാനമേയില്ല. ഇതുവരെ നടന്നുപോന്നുവെന്നത് ഒരു തെറ്റും തിരുത്താതിരിയ്ക്കാന്‍ കാരണമല്ല. നമ്മുടെ രാജ്യത്തെ പാര്‍ലമെന്റും അസംബ്ലികളും ഓരോ തവണയും യോഗംചേരുന്നത് അപര്യാപ്തമായ നിയമങ്ങളോ സ്ഥിതിവിശേഷങ്ങളോ പര്യാപ്തമാക്കാനും, പുതുനിയമങ്ങള്‍ നടപ്പിലാക്കാനുമാണല്ലോ. ഏതു ക്ഷേത്രവും ആരാധനാകേന്ദ്രവും നിലകൊള്ളുന്നതു ഭരണഘടനയ്ക്കു കീഴിലുള്ള സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ക്കു വിധേയമായാണ്. അല്ലാത്തപക്ഷം അവയ്ക്കു നിലനില്‍പ്പേയില്ല. മതകേന്ദ്രങ്ങളുടേയോ മതാനുഷ്ഠാനങ്ങളുടെയോ പേരില്‍ ഭരണഘടനാവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ള വിവേചനം നിലനിര്‍ത്താനാവില്ലെന്നതു നിസ്തര്‍ക്കം തന്നെ. ശബരിമലയിലെ തിക്കും തിരക്കും നിയന്ത്രിച്ച്, ക്ഷേത്രദര്‍ശനം സുഗമമാക്കുന്നതു ഭരണഘടനയ്ക്കുകീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ആഭ്യന്തരവകുപ്പും പോലീസുമാണ്. കേരള ഹിന്ദു പബ്ലിക് പ്ലേസ് ഓഫ് വര്‍ഷിപ്പ് ആക്റ്റുപ്രകാരം പൊതുക്ഷേത്രത്തില്‍ ദര്‍ശനത്തിനു വരുന്ന ആരേയും തടയാന്‍ പറ്റില്ല. ഇവിടെ സ്ത്രീകളെ തടയുന്നതു മാസക്കുളിയുടെ പേരില്‍ അവര്‍ക്ക് അശുദ്ധി കല്‍പിച്ചാണ്. സ്ത്രീകളെ ശുദ്ധീകരിയ്ക്കുന്നതാണ് ആര്‍ത്തവം. അതിന്റെ പേരില്‍ അവര്‍ അശുദ്ധരാകുന്നതെങ്ങനെ? മലമൂത്രവിസര്‍ജനങ്ങള്‍പോലെയല്ലേ രക്തസ്രാവവും? കയ്യില്‍ ഒരു മുറിവ് ഉണ്ടായാല്‍ അതു ഭദ്രമായി കെട്ടിവെച്ചു ക്ഷേത്രത്തില്‍പ്പോയി ദര്‍ശനം കഴിച്ചൂകൂടേ? മറ്റു ജൈവപ്രക്രിയകള്‍ക്ക് ഇല്ലാത്ത വിലക്ക് മാസക്കുളിക്കാലമായ 40 വര്‍ഷവും (10 മുതല്‍ 50 വയസ്സുവരെ) കല്‍പിയ്ക്കുന്നത് എന്ത് അടിസ്ഥാനത്തില്‍? ചോ: സന്ന്യാസിമാര്‍ അസംഘടിതരോ? സന്ന്യാസിമാര്‍ സംഘടിതരല്ലെന്നു പറയുന്നതു ശരിയല്ല. എണ്ണമറ്റ സന്ന്യാസിസംഘടനകളുണ്ട് ഭാരതത്തില്‍. കുടീചകന്‍, ബഹൂദകന്‍, ഹംസന്‍, പരമഹംസന്‍ എന്നീ ഒറ്റപ്പെട്ട സന്ന്യാസി നിഷ്ഠരെപ്പോലെതന്നെ ആചാര്യന്‍, പീഠാധിപന്‍, മഹന്ത്, മണ്ഡലേശ്വര്‍, മഹാമണ്ഡലേശ്വര്‍ എന്നു തുടങ്ങി വിവിധ സംഘടനാതലവന്മാരുമുണ്ട്. അനാദിയായി നടന്നുപോരുന്ന കുംഭമേളകള്‍തന്നെ സന്ന്യാസിമാര്‍ക്ക് ഒന്നിച്ചിരുന്നു കാര്യങ്ങള്‍ ചര്‍ച്ചചെയ്തു നടപ്പിലാക്കാന്‍വേണ്ടിയാണ്. അവര്‍ രാഷ്ട്രീയസംഘടനകളെപ്പോലെ തുറന്ന പ്രകടനത്തിനും പ്രതിഷേധത്തിനും പുറപ്പെടാറില്ല. ജനായത്തസംവിധാനത്തിലേ ഇത്തരം പ്രതിഷേധപ്രകടനങ്ങള്‍ ആവശ്യമാകുന്നുള്ളു. വേണ്ടിവന്നാല്‍ സന്ന്യാസിമാര്‍ ശ്രീരാമനും സുഗ്രീവനും വാനരപ്പടയും ഒത്തുകൂടിയതുപോലെ ഒരു രാത്രികൊണ്ട് കൂടിച്ചേരും, സാഹസകൃത്യങ്ങള്‍ നിര്‍വഹിയ്ക്കയും ചെയ്യും. കേരളത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ നിലയ്ക്കല്‍ പ്രശ്‌നത്തില്‍ നടന്നത് ഇതാണല്ലോ. നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ രണ്ടുമാസം തീവ്രമായി പരിശ്രമിച്ചിട്ടും അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ പറഞ്ഞതു നിലയ്ക്കല്‍ അടഞ്ഞ അധ്യായമാണെന്നാണ്. അങ്ങനെ ഗതിമുട്ടിയിരിയ്ക്കുമ്പോഴാണ് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനിലെ സന്ന്യാസിമാര്‍ ആ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കാന്‍ തീരുമാനിച്ചതും, പെട്ടെന്നു സ്ഥിതിഗതികള്‍ മാറിയതും. ഐതിഹാസികമായ നിലയ്ക്കല്‍ പ്രസ്ഥാനം എന്നേയ്ക്കുമുള്ള മാര്‍ഗദര്‍ശനമായി ഇന്നും തിളങ്ങുന്നു. ചോ: ഹിന്ദുസമൂഹത്തില്‍ തന്നെ പല സംഘടനകള്‍ ഉണ്ടല്ലോ? വേര്‍തിരിഞ്ഞാണ് ഇവരുടെയെല്ലാം പ്രവര്‍ത്തനം. ഇവരെയെല്ലാം ഒരേ വേദിയില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്? സന്ന്യാസിമാര്‍ എല്ലാം ത്യജിച്ചിട്ടാണ് സന്ന്യസിക്കുന്നത്. ആ വേണ്ടാ എന്ന് പറഞ്ഞിട്ടുള്ള വ്രതത്തിന് മുന്നില്‍ എല്ലാവരേയും ഒന്നിച്ചുചേര്‍ക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചേര്‍ക്കാന്‍ ചെല്ലുമ്പോള്‍ അവിടെ പലതരത്തിലുള്ള നിക്ഷിപ്ത താല്‍പര്യങ്ങളും കാണും. ചോ: ഹിന്ദുസമൂഹത്തിന്റെ അടിസ്ഥാനപ്രശ്‌നം?ഒരുകാലത്തും ഹിന്ദുക്കള്‍ ഒരാചാര്യന്റേയും കീഴില്‍ നിന്നിട്ടില്ല എന്നതാണ് അവരുടെ അടിസ്ഥാന പ്രശ്‌നം. ഹിന്ദുക്കളുടെ ചിന്താഗതി തന്നെ വൈവിധ്യം നിറഞ്ഞതാണ്. വിവിധങ്ങളാണ് അവരുടെ ചിന്തയും ആവശ്യങ്ങളും. രുചികള്‍ വിഭിന്നമായതിനാല്‍ വ്യത്യസ്ത നേതാക്കളും ഉപദേഷ്ടാക്കളും വേണം. ഇവരെയെല്ലാം കൂടി ഒരാചാര്യന്റെ കീഴില്‍ കൊണ്ടുവരണം എന്നുപറഞ്ഞാല്‍ ഒരാളും സമ്മതിക്കില്ല. വ്യത്യസ്ത ചിന്താഗതിക്കാരെയെല്ലാം ഒരുമിച്ച് കൊണ്ടുവരാന്‍ ഒരു പ്രയത്‌നം പുതുതായി വേണ്ടിവരും. ഒറ്റയ്‌ക്കൊറ്റയ്ക്കു നിന്ന നാട്ടുരാജാക്കന്മാരെ ദേശീയചിന്താഗതി മുന്‍നിര്‍ത്തി എല്ലാവരേയും സംഘടിപ്പിച്ച കൗടില്യനെപ്പോലെ ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ ഒരുപക്ഷെ ഇത് സാധ്യമായെന്നുവരും. കേരളം ഐക്യകേരളമായത് രാഷ്ട്രീയക്കാരുടെ ഇടപെടലിലൂടെയാണ്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വങ്ങളെ എന്തുകൊണ്ട് ഒന്നാക്കിക്കൂടാ. രാഷ്ട്രീയക്കാരാണ് ഐക്യകേരളത്തിനായി വാദിച്ചത്. അവര്‍ തന്നെ കേരളത്തെ ഈശ്വരന്റെ പേരില്‍ വിഭജിക്കുകയെന്നല്ലേ ഇതിനര്‍ത്ഥം. ഇക്കാര്യത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ എന്താണ് തടസ്സം. അങ്ങനെയെങ്കില്‍ എല്ലായിടത്തും വികസനം ഒരുപോലെ സാധ്യമാവില്ലെ?. ഐക്യകേരളം ഉണ്ടാക്കി വിഭജിതകേരളം നിലനിര്‍ത്തി എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അനാഥത്വമാണ് ഇതിനൊക്കെ കാരണം. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭഗവാന് വന്ന സമര്‍പ്പണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന നിലവറ തുറക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്താണ് അര്‍ത്ഥം. സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അവിടെ ഭക്തര്‍ക്ക് പിന്നെ അവകാശമില്ല. സമര്‍പ്പണം സ്വീകരിച്ചുകഴിഞ്ഞാല്‍ ഭഗവാന്റെ ചൈതന്യവും അനുഗ്രഹശക്തിയും അതിന് ആനുപാതികമായി കുറയുകയാണ് ചെയ്യുന്നത്. ഭഗവാന് ചൈതന്യം വര്‍ധിപ്പിക്കുന്നതിനാണ് പുനരുദ്ധാരണവും മറ്റ് പൂജാകര്‍മ്മങ്ങളുമൊക്കെ. ഇതൊക്കെയാണ് ക്ഷേത്രശാസ്ത്രം. ചോ: പൂര്‍വ്വാശ്രമത്തെക്കുറിച്ച്? ഞാന്‍ ജനിച്ചുവളര്‍ന്നത് നല്ല ആചാരങ്ങളും യാഥാസ്ഥിതികത്വവും നിലനിന്നിരുന്ന കുടുംബത്തിലാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ടായിരുന്നു ജീവിതം. ശാസ്ത്രീയ ജീവിതം, ധാര്‍മ്മികജീവിതം, യാഥാസ്ഥിതികത്വം ഇതേക്കുറിച്ചെല്ലാം എനിക്ക് നല്ലപോലെ അറിയാം. അതേസമയം ബ്രാഹ്മണര്‍ മുതല്‍ കാട്ടുനായാടി വരെയുള്ള ആള്‍ക്കാരുമായുള്ള പരിചയമുണ്ട്. ഞങ്ങളുടെ ഗ്രാമത്തില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുണ്ടായിരുന്നു. അവരുമായെല്ലാം നല്ല അടുപ്പമുണ്ടായിരുന്നു. ശാസ്ത്രജീവിതം എന്നത് അന്യമല്ല. അതിന്റെ ശക്തിയും സ്വാധീനവുമുണ്ട്. അതുകൊണ്ടുതന്നെ ധര്‍മികതുറ കൈകാര്യം ചെയ്യുന്നതില്‍ ഭയമില്ല. വീട്ടില്‍ ഞാന്‍ ഒടുവിലത്തെ കുട്ടിയായിരുന്നു. ഒന്നിനേയും അനാവശ്യമായി ചോദ്യം ചെയ്യുകയോ അനുസരണക്കേട് കാട്ടുകയോ ചെയ്തിരുന്നില്ല. ആചാരാനുഷ്ഠാനങ്ങള്‍ നോക്കി വളര്‍ന്ന ഒരാളാണ്. അതിനെയെല്ലാം അതിജീവിച്ച് സന്ന്യാസം സ്വീകരിച്ച വ്യക്തിയാണ്. ഗുരു ഗംഗാധര പരമഹംസ ദേവിന്റെ അടുത്തെത്തി ദീക്ഷ വരിച്ചു. അദ്ദേഹവുമായുള്ള സംസര്‍ഗം അതാണ് എന്റെ ജീവിതത്തില്‍ പ്രധാനം. ഞങ്ങള്‍ തീര്‍ത്ഥ പരമ്പരയില്‍പ്പെട്ടവരാണ്. മധ്യപ്രദേശ്, ഹരിദ്വാര്‍, ഗുജറാത്ത്, ഋഷികേശ് എന്നിവിടങ്ങളിലെല്ലാം ഈ പരമ്പരയില്‍പ്പെട്ടവരുണ്ട്. 23-ാം വയസ്സിലാണ് സന്ന്യാസം സ്വീകരിച്ചത്. ചോ: നിലവിലെ കേന്ദ്രഭരണത്തെക്കുറിച്ച്? ഭരണത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഭരണത്തില്‍ വന്ന് ഇത്രനാളായിട്ടും ഒരഴിമതി പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് വല്യ കാര്യമല്ലെ?. ഇതില്‍ കൂടുതല്‍ എന്തുവേണം. മുമ്പ് അഴിമതി, അഴിമതി എന്നു മാത്രമല്ലേ കേട്ടിരുന്നത്. പ്രധാനമന്ത്രി ഒരു സന്ന്യാസി തുല്യനാണ്. അദ്ദേഹം നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയാന്‍ സാധിക്കില്ല. നോട്ട് പിന്‍വലിക്കല്‍ എന്ന ധീരമായ നടപടിയെടുക്കാന്‍ മുമ്പിരുന്ന പ്രഗത്ഭരായ ഭരണാധികാരികള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല. ഇപ്പോള്‍ 16 ലക്ഷം കോടി രൂപയല്ലെ ബാങ്കിലെത്തിയത്. ഉത്തര്‍പ്രദേശിന്റെ കാര്യമെടുത്താല്‍ അവിടെയൊരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഒരാഴ്ചയെടുത്തു. അവസാനം യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തു. ജനായത്ത സമ്പ്രദായത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ജനാധിപത്യവാദികളെക്കൊണ്ട് ഒരു സന്ന്യാസിയെ തെരഞ്ഞെടുപ്പിക്കുകയായിരുന്നു. എന്തുകൊണ്ട് ഒരു യോഗിയെ യുപിയില്‍ മുഖ്യമന്ത്രിയാക്കി. ഇത് ഭാരതത്തിന്റെ മഹിമയാണ്. വളരെ വലിയ കാര്യങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. ചോ: കേരള ഭരണത്തെക്കുറിച്ച്? ഭരിക്കാന്‍ വന്നാല്‍ ഭരിക്കണം. ഇപ്പോള്‍ ചെയ്യുന്നതെന്താണ്?. ഭരിക്കുന്നതിനേക്കാള്‍ ഏറെ മുന്‍ സര്‍ക്കാരിനെതിരെ കേസെടുക്കുന്നതാണ് കാണുന്നത്. ഇത് ശരിയാണെന്ന് തോന്നുന്നില്ല. ഭരിക്കുന്നത് ഉറപ്പുവരുത്തുന്നതിലാവണം പൂര്‍ണശ്രദ്ധ. സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത് ഒരു പദ്ധതിയാണ്. അതുകഴിഞ്ഞാല്‍ അത് പാര്‍ട്ടിയുടെ സര്‍ക്കാരല്ല. ജനങ്ങളുടെ സര്‍ക്കാരാണ്. പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ പ്രതിപക്ഷവുമായി കൂടിയാലോചിച്ച് ഒരു സമന്വയം ഉണ്ടാക്കി പ്രവര്‍ത്തിക്കുക എന്നത് ആവശ്യമാണ്. പ്രതിപക്ഷത്തിനെ ഉള്‍ക്കൊള്ളുന്ന ഒരു സമ്പ്രദായം വേണം. നമുക്ക് നല്ലൊരു ഐഎഎസ് വിഭാഗമുണ്ട്. ആ ഭരണവിഭാഗത്തെ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയണം. എടുക്കുന്ന തീരുമാനം, പറയുന്ന വാക്ക് ഇതൊക്കെ നിലനിര്‍ത്താന്‍ സാധിക്കുന്നതാണോ എന്ന് പരിശോധിക്കണം. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് നമ്മുടെ ചീഫ് സെക്രട്ടറിക്ക് മാപ്പുചോദിക്കേണ്ട സ്ഥിതിവിശേഷം വന്നു. ഇത് സംഭവിക്കാന്‍ പാടുണ്ടോ?. ഇത് ഒഴിവാക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്ത് പറയാം, പറയാന്‍ പാടില്ല എന്നൊക്കെ ആലോചിച്ചുവേണം പ്രവര്‍ത്തിക്കാന്‍. തെറ്റായിട്ടൊന്നും പറയരുത്. നിയമത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടാവണം പ്രവര്‍ത്തനം. പോലീസ് മേധാവിയായി സെന്‍കുമാര്‍ വീണ്ടും അധികാരമേറ്റത് നല്ലകാര്യം തന്നെ. ഈ കാലയളവില്‍ ഭംഗിയായി, മാതൃകാപരമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ചോ: സേവന പ്രവര്‍ത്തനങ്ങള്‍? എല്ലാവര്‍ഷവും കര്‍ക്കിടക മാസത്തില്‍ അന്നവസ്ത്രദാന സത്രം നടത്തിവരുന്നു. തുടര്‍ച്ചയായി 31 വര്‍ഷം പിന്നിട്ടിരിക്കുന്നു. മൂന്ന് കിലോ അരി, ഒരു സാരി അല്ലെങ്കില്‍ പുതപ്പ്, കുറച്ചു മധുരം ഇതൊക്കെയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 35,000 കുടുംബങ്ങള്‍ക്ക് അന്നവസ്ത്രദാനം ചെയ്തു. കൂടാതെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം, അര്‍ഹതപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം, വീടിന് അറ്റകുറ്റപ്പണിയ്ക്കും നിര്‍മാണത്തിനും സഹായം ഇതൊക്കെ നല്‍കിവരുന്നു. സംസ്‌കാര പൈതൃക ക്ലാസുകളും നടത്തുന്നുണ്ട്. പാര്‍ളിക്കാട് നടത്തിവരുന്ന ക്ഷേത്രത്തില്‍ ഊണിന് വകയില്ലാത്തവര്‍ക്ക് പ്രതിദിനം ഉച്ചഭക്ഷണം നല്‍കിവരുന്നു. വടക്കാഞ്ചേരി വ്യാസതപോവനത്തിലും വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനത്തിലുമായി പ്രതിമാസം മുന്നൂറോളം കുടുംബങ്ങള്‍ക്ക് അരിയും പണവും നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് സ്വയംതൊഴിലെന്ന നിലയ്ക്ക് തുന്നല്‍ യന്ത്രങ്ങളും വിതരണം ചെയ്യാറുണ്ട്. സാമൂഹ്യക്ഷേമത്തെ മുന്‍നിര്‍ത്തി വൃദ്ധജനവാസകേന്ദ്രവും വ്യാസതപോവനത്തില്‍ നടത്തിവരുന്നുണ്ട്. ഏഴ് ക്ഷേത്രങ്ങളുടെ മേല്‍നോട്ടച്ചുമതലയും ആശ്രമത്തിനുണ്ട്. ആശ്രമത്തോട് ചേര്‍ന്നുള്ള പാണ്ഡവപുരി ദേവി ക്ഷേത്രം ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെ ദ്രൗപദി ദിനാചരണവും മംഗല്യസിദ്ധി പൂജയും നടന്നുവരുന്നു. ചോ: ആരോഗ്യരഹസ്യം? നല്ലതുപോലെ നടക്കും. ഒരു ദിവസം 40 ദണ്ഡാല്‍ വരെ എടുക്കും. മിതമായ ഭക്ഷണം. ഡോക്ടര്‍മാര്‍ പരിശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും ഇത്രമാത്രം.
No comments:
Post a Comment