Monday, March 23, 2020

ആത്മോപദേശശതകം - 2
🙏🙏🙏🙏🙏🙏🙏🙏🙏🙏

“ ‘ആരായുക’ പലസ്ഥലങ്ങളിലും ഗുരുദേവൻ ഉപയോഗിയ്ക്കണ വാക്കാണ്. ആത്മോപദേശശതകത്തില് തന്നെ എനിയ്ക്കിപ്പൊ ഓർമ്മ വരണ മറ്റൊരു സ്ഥലം

‘അഹമഹമെന്ന് അറിയുവതൊക്കെ ആരായുകിൽ..’

അതുപോലെ ജനനീനവരത്നമഞ്ജരിയിൽ
‘ആരായുകില്‍ തിരകള്‍ നീരായിടുന്നു,
ഫണി നാരായിടുന്നു, കുടവും
പാരയിടുന്നു’

അവിടെയും ഈ ‘ആരായുക’..
ആരായുക എന്ന് പറഞ്ഞാൽ ഇംഗ്ലീഷിൽ ഒരു വാക്ക് പറയാണെങ്കിൽ.. investigation എന്ന് വേണമെങ്കിൽ പറയാം. ശ്രദ്ധയോട് കൂടെ നോക്കുക. നമ്മള് ശ്രദ്ധിയ്ക്കാതെ വിട്ടു കളഞ്ഞ വസ്തുവിനെ ശ്രദ്ധയോടെ നോക്കുക. തന്നെ തന്നെ നോക്കുക. തന്നിലേയ്ക്ക് തന്നെ നോക്കുക. അങ്ങനെ ശ്രദ്ധിയ്ക്കുമ്പൊ ആരായ്‌വവരിൽ അതിരറ്റെഴും വിവേകം. എന്നുവച്ചാൽ ആ വിവേകത്തിന് അതിരില്ലെന്നർത്ഥം. സത്സംഗത്തിൽ കേട്ട് കൊണ്ടിരിയ്ക്കുമ്പോൾ ശ്രദ്ധ എന്നൊരു ശക്തി. ഈ ശ്രദ്ധ എന്താന്ന് വച്ചാൽ കേൾക്കുന്നത് കൊണ്ട് മാത്രം നമുക്ക് വസ്തുവിനെ പ്രകാശിപ്പിക്കുന്ന ഒരു ശക്തിയാണ് ശ്രദ്ധ. കേൾക്കുന്നത് കൊണ്ട് മാത്രം. പുറമെ എന്തേങ്കിലും ഒക്കെ വസ്തു കിട്ടാനുണ്ടെങ്കിൽ കേൾക്കുന്നത് കൊണ്ട് കിട്ടില്ലാ. ഇവിടെ പുറമെ നിന്ന് ഒന്നും കിട്ടാനില്ലാ. പുറമെനിന്ന് ഒന്നും അറിയാനില്ലാ.

നമ്മളന്വേഷിയ്ക്കുന്ന വസ്തു എന്താണ്?

((ഇപ്പൊ ഈ ആത്മോപദേശശതകം ഓരോ ശ്ലോകവും ഒരുപനിഷത്താണ്. അതുകൊണ്ട് ഇത് മുഴുവനും അങ്ങ് പറഞ്ഞു തീർക്കാം എന്ന് ആലോചിയ്ക്കാൻ പോലും വയ്യ. എങ്കിലും അവിടവിടെ ഒക്കെ കുറേ ശ്ലോകങ്ങള് അങ്ങനെ ഒരു കടലാസ് വച്ച് മാർക്ക് ചെയ്ത് വച്ചാണ് വന്നത് ഞാൻ, എന്താപ്പൊ പറയാന്ന് വച്ചിട്ട്. ആദ്യം എങ്ങനെയാ തുടങ്ങാ…))

65ാമത്തെ ശ്ലോകം.. നമ്മള് സത്സംഗത്തിലിരിയ്ക്കണു എന്തറിയാനാന്ന് വച്ചാൽ…

ഒരു കുറി നാമറിയാത്തതൊന്നുമിങ്ങില്ലാ
ഉരുമറവാൽ അറിവീല ഉണര്‍ന്നിതെല്ല‍ാം
അറിവവരിൽ അതിരറ്റതാകയാൽ ഈ
അരുമയെയാരറിയുന്നഹോ വിചിത്രം.

‘ഒരു കുറി നാമറിയാത്തതൊന്നുമിങ്ങില്ലാ’
ഇത് വച്ച് കൊണ്ടാണ് ഇപ്പൊ തുടങ്ങണത്. നമ്മളന്വേഷിയ്ക്കുന്ന പൂര്‍ണ്ണത, നമ്മളന്വേഷിയ്ക്കുന്ന ഭഗവാൻ, അല്ലെങ്കിൽ ഈശ്വരൻ, അല്ലെങ്കിൽ ആത്മജ്ഞാനം, മുക്തി, നിർവ്വാണം, സ്വാതന്ത്ര്യം.. പുറമെനിന്ന് കിട്ടേണ്ട ഒരു വസ്തുവാണെങ്കിൽ അതിന് മനസ്സും ഇന്ദ്രിയങ്ങളും ഒക്കെ വേണം. മനസ്സിന്റെയും ഇന്ദ്രിയങ്ങളുടേയും ഒക്കെ ബലത്തിനെ ആശ്രയിച്ചിരിയ്ക്കും പുറമെ നിന്നുള്ള വസ്തുക്കളൊക്കെ തന്നെ.

ഇവിടെ നമ്മൾ അന്വേഷിയ്ക്കണ വസ്തു അന്വേഷിയ്ക്കുന്നവനിൽ തന്നെ ഉണ്ട്. അന്വേഷിയ്ക്കണവൻ തന്നെയാണ്.

ഒരിയ്ക്കൽ രമണമഹര്‍ഷിയുടെ മുന്നിലിരുന്ന് ഒരാള് കുടുംബവിഷയങ്ങളൊക്കെ പറഞ്ഞ് കരയായിരുന്നു. കുറേ നേരം കരഞ്ഞു. മഹർഷി ഒന്നും ഉത്തരം കൊടുത്തില്ലാ. നിശ്ചലമായിട്ടിരുന്നു. മൗനമായിട്ടിരുന്നു. ഇയാള് ഇങ്ങനെ കുറേ കരഞ്ഞു കഴിഞ്ഞപ്പൊ അടുത്തിരിയ്ക്കുന്ന ഒരു ഭക്തൻ പറഞ്ഞു..

സകല ദുഃഖങ്ങൾക്കും പരിഹാരമായ ഒരു ജീവന്മുക്തന്റെ മുമ്പിലിരുന്ന്, ജ്ഞാനിയുടെ മുമ്പിലിരുന്ന് നിങ്ങള് ഇങ്ങനെ കരയുന്നത് കാണുമ്പോ ഗംഗയുടെ തീരത്തിലിരുന്ന് എനിയ്ക്ക് ദാഹം ദാഹം എന്ന് പറഞ്ഞ് കരയുന്ന പോലെയുണ്ട്.

അപ്പൊ മുരുകനാർ എന്ന് പറയണ ഒരു തമിഴ് പണ്ഡിതൻ, അദ്ദേഹം ഒരു കവിത ചൊല്ലിയിട്ട് പറഞ്ഞു… ഒഴിവിലൊടുക്കത്തിലോ മറ്റോ ഉള്ള ഒരു പാട്ടാണ്.. ചൊല്ലിയിട്ട് പറഞ്ഞു

കഴുത്തിന് വെള്ളത്തിൽ ഇറങ്ങി നിന്നിട്ട്, കണ്ഠം വരെ വെള്ളത്തിൽ ഇറങ്ങി നിന്നിട്ട് ദാഹം എന്ന് പറയണ പോലെ ഉണ്ട് എന്ന് പറഞ്ഞു.

അപ്പൊ രമണമഹര്‍ഷി പറഞ്ഞു..
അപ്പടി ഇല്ല ഓയ്! അങ്ങനെ അല്ലാ അത് കാര്യം.. ഗംഗയേ സൊൽട്രത് എനക്ക് ദാഹം. ഗംഗ തന്നെ പറയണൂ എനിയ്ക്ക് ദാഹം ദാഹം എന്ന് പറയണൂന്നാണ്.

സ്വയമേവ താൻ തന്നെ തന്റെ ദുഃഖത്തിന് പരിഹാരമായി ഇരുന്നിട്ടാണ് തന്റെ ദുഃഖത്തിന് പരിഹാരം എവിടെ എന്ന് അന്വേഷിയ്ക്കണത്.

അതുകൊണ്ടാണ്,
അരണി കടഞ്ഞെഴുമഗ്നി പോലെ ആരായ്‌വവരിൽ അതിരറ്റെഴും വിവേകം. ആരായുന്നവനിൽ തന്നെ ആ വിവേകത്തിന് ഒരതിരില്ലാ. നമ്മൾടെ ബുദ്ധിയ്ക്ക് അതിരുണ്ട് മനസ്സിന് അതിരുണ്ട്. എന്താന്ന് വച്ചാൽ മനസ്സും ബുദ്ധിയും ഒക്കെ ഈ വ്യക്തി അഭിമാനത്തിന്റെ മണ്ഡലത്തിന്റുള്ളിലുള്ളതാണ്. പക്ഷേ ഈ വിവേകം നിങ്ങളുടെയോ എന്റെയോ അല്ലാ. ‘വൈശാരദീ ബുദ്ധി’ എന്ന് ഭാഗവതത്തിൽ അതിന് പറയുന്നുണ്ട്.

വൈശാരദീ സാതിവിശുദ്ധബുദ്ധിഃ
ധുനോതി മായാം ഗുണസംപ്രസൂതാം
അവിടെയും അരണി തന്നെയാണ് ഉദാഹരണം. അജ്ഞാനത്തിനെ നീക്കിയിട്ട് ആ ജ്ഞാനം സ്വയം ച ശാമ്യതി അസമിദ് യഥാഗ്നിഃ. ഈ ശ്ലോകം ചൊല്ലുമ്പോ അതിനോടൊപ്പം അതൊക്കെ അങ്ങനെ വരണുണ്ട്.

അരണി കടഞ്ഞെഴുമഗ്നി പോലെ ആരായ്‌വവരിൽ എന്നുവച്ചാൽ നിങ്ങളോരോരുത്തരിലും എന്നിലും. ഈ സത്സംഗത്തില് ഇരിയ്ക്കുമ്പൊ. അതുകൊണ്ടാണ് പറയണത് ആ ട്രസ്റ്റ്, ശ്രദ്ധ, വിശ്വാസം. വിശ്വാസം എന്ന് പറഞ്ഞാൽ പുറത്ത് ഒരു വിശ്വാസം അല്ലാ. നമ്മളിൽ ആ ശ്രദ്ധാശക്തി ഉണ്ടെന്നും അത് നമ്മളന്വേഷിയ്ക്കുന്ന ആ സത്യത്തിനെ നമുക്ക് പ്രകാശിപ്പിച്ചു തരും എന്നുള്ള ഉറപ്പോട് കൂടെ ഇരുന്ന് കൊണ്ട് വേണം സത്സംഗത്തിൽ കേൾക്കാൻ. അങ്ങനെ കേൾക്കാണെങ്കിൽ ഒരു പക്ഷേ ഞാൻ പറയാത്തത് പോലും നിങ്ങൾക്ക് പ്രകാശിയ്ക്കും. അതുകൊണ്ടാണ് ഈ എഴുതുക മനസ്സിലാക്കുക എന്നുള്ളതിനൊന്നും വലിയ പ്രാധാന്യം കൊടുക്കണ്ടാന്ന് പറയണത്. കേട്ടാ മതി. ശ്രവിച്ചാ മതി.

എപ്പഴേങ്കിലും ഒക്കെ ശ്രവിയ്ക്കുന്ന വിഷയത്തിൽ നിന്നും ശ്രോതാവിലേയ്ക്ക് ശ്രദ്ധ തിരിയലാണ് സത്സംഗം. അല്ലാതെ എന്തേങ്കിലും മനസ്സിലാക്കലല്ലാ.”

                 ((നൊച്ചൂർ ജി 🥰🙏))
Divya 

No comments:

Post a Comment