Thursday, March 26, 2020

*21 ദിവസം 12 ശീലങ്ങൾ*

പ്രിയ ബന്ധുക്കളെ നമസ്കാരം 🙏🏻
ലോക ജനത കൊറോണ
/ കോവി ഡ് 19 എന്ന മഹാമാരി പടരുന്നതിൽ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു നിൽക്കുകയാണല്ലോ. നമ്മുടെ രാജ്യത്ത് 21 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതും എല്ലാവർക്കും അറിയാം. ഇത്തരുണത്തിൽ നാമെല്ലാം വീടടച്ച് അകത്തിരിക്കുകയാണ്. ഈ 21 ദിവസം നമുക്ക് ക്രിയാത്മകമായി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കാം.
തീർച്ചയായും ഈ ദിവസങ്ങൾ  ആഘോഷമാക്കണമെന്നല്ല പറഞ്ഞു വരുന്നത്. നമുക്ക്
"ലോകാ സമസ്താഃ സുഖിനോ ഭവന്തുഃ" എന്ന് പ്രാർത്ഥിക്കാം.
അസുഖം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കട്ടേ എന്ന് പ്രത്യാശിക്കാം.

ഇനി വിഷയത്തിലേക്ക് വരാം. ഈ 21 ദിവസം നമ്മൾ കുടുംബമായി ഒന്നിച്ചിരിക്കുകയാണല്ലോ. മാതാപിതാക്കൾക്ക് ഉദ്യോഗത്തിന് പോകണ്ട, കുട്ടികൾക്ക് സ്കൂളിൽ പോകണ്ട, പരീക്ഷകൾ ഇല്ല. പാട്ട്, ഡാൻസ്, തുടങ്ങിയ മറ്റു ക്ളാസുകൾ ഇല്ല. നമ്മുടെ കുട്ടികളെ അവരുടെ പ്രായം അനുസരിച്ച് ഈ അവസരത്തിൽ നല്ല പല ശീലങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുക. ചില  കാര്യങ്ങൾ  നിങ്ങളുമായി പങ്കു വെക്കാൻ താല്പര്യപ്പെടുന്നു.

1. ചെറിയ കുട്ടികളെ അവരുടെ കളി സാധനങ്ങൾ, കളി കഴിഞ്ഞോ, രാത്രിയിൽ കിടക്കുന്നതിന് മുമ്പോ  എടുത്ത് ഒരു പ്രത്യേക സ്ഥാനത്ത് സൂക്ഷിച്ചു വെക്കാൻ പറഞ്ഞു കൊടുക്കണം. ഇതിനായി ഒരു വലിയ സഞ്ചിയോ, ബക്കറ്റോ അവർക്ക് നൽകണം. ആദ്യമൊക്കെ  അവരോടൊപ്പം നമ്മളും അവ പെറുക്കി വക്കാൻ കൂടണം. പിന്നെപ്പിന്നെ അവരോട് തനിയെ തന്നെ അവയൊക്കെ എടുത്ത് തിരികെ വക്കാൻ പറയാം.

2. കുറച്ച് കൂടി വലിയ കുട്ടികൾക്ക് സ്വന്തം പുസ്തകങ്ങളും വസ്ത്രങ്ങളും അവരുപയോഗിക്കുന്ന മറ്റു സാധനങ്ങളും അടുക്കി പെറുക്കി വൃത്തിയായി സൂക്ഷിക്കാൻ നിർദ്ദേശങ്ങൾ കൊടുക്കുക. ഇവിടെയും മാതാപിതാക്കൾ ആദ്യമൊക്കെ അവരെ സഹായിക്കണം. എന്നാലെ അവർക്ക് എങ്ങനെ വേണം ഓരോന്നും ചെയ്യേണ്ടത് എന്ന് മനസ്സിലാകൂ.

3. പത്ത് വയസ്സൊക്കെ ആയവർക്ക് വീട് അടിച്ച് വരാനും തുടക്കാനും ഒക്കെ അമ്മയെ  സഹായിക്കാൻ കഴിയും.
അടുക്കളയിലും അമ്മമാർക്ക് കുട്ടികളെ സഹായിക്കാൻ കൂട്ടാം. അവരവർ ഉപയോഗിച്ച പ്ലേറ്റുകളും ഗ്ലാസ്സുകളും കഴുകി വൃത്തിയാക്കി വെക്കേണ്ട സ്ഥലത്ത് വെക്കാൻ ശീലിപ്പിക്കാം. അവനവന്റെ മാത്രമല്ല മുതിർന്നവർ ഉപയോഗിച്ചതും കഴുകി വൃത്തിയാക്കി വെക്കാൻ പ്രോത്സാഹിപ്പിക്കണം.

4. കുറച്ച് കൂടി മുതിർന്ന കുട്ടികൾക്ക് അത്യാവശ്യം വേണ്ടുന്ന പാചകം പരിശീലിപ്പിക്കാം. അവർക്ക് പച്ചക്കറി മുറിച്ചു തരാം, തേങ്ങ ചിരകിത്തരാം, അമ്മയോട് ചോദിച്ച് വേണ്ട വിധം പല കറികൾക്കും അരച്ച് തരാം, പാചകം ചെയ്ത പാത്രങ്ങൾ തേച്ചു കഴുകി വൃത്തിയാക്കി എടുത്തു വെക്കാം,  വേസ്റ്റ് എടുത്ത് കളഞ്ഞു അടുക്കള തുടച്ച് വൃത്തിയാക്കാം...... ഇങ്ങനെ പലതും നമുക്ക്,  കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് അവരെ കൊണ്ട് ചെയ്യിക്കാം. പതുക്കെ അവരെ പാചകത്തിലേക്കും കൊണ്ടു വരാം.
അവരവരുടെ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കി മടക്കി അലമാരയിൽ അടുക്കി വെക്കുന്നു ശീലം നല്ലതാണ്. അതിന് അവരെ പരിശീലിപ്പിക്കുക.

5.സ്വന്തം ശരീരം വേണ്ടതുപോലെ വേണ്ട സമയം വൃത്തിയാക്കാനും മാതാപിതാക്കൾ പെൺകുട്ടികൾക്ക്/ആൺകുട്ടികൾക്ക് നിർദേശങ്ങൾ നൽകുകയും കുട്ടികൾ അത് ചെയ്യുന്നുണ്ടെന്ന്, ഉറപ്പുവരുത്തുകയും വേണം. (Basic hygiene)

6. കുട്ടികളെ അവനവന്റെ കാര്യം വേണ്ടുന്ന പ്രാധാന്യം കൊടുത്തു സ്വയം ചെയ്യാൻ ശീലിക്കേണ്ടത് അത്യാവശ്യമാണ്. അതിന് മാതാപിതാക്കൾ കുട്ടികളെ പ്രാപ്തരാക്കുക.
ഈ പറഞ്ഞത് എല്ലാം പ്രാഥമിക ദിനചര്യകൾ ശീലിക്കേണ്ടത്. ഇനി പൊതുവെ കുട്ടികൾ ശീലിക്കേണ്ടത് പറയാം.

7.ഇന്നത്തെ കുട്ടികൾക്ക് മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ല.  നമ്മുടെ വീടുകളിൽ ആരെങ്കിലും മുതിർന്നവർ വന്നാൽ അവിടെ ഇരിക്കുന്ന കുട്ടികൾ ഒന്ന് എഴുന്നേൽക്കാൻ കൂട്ടാക്കാറില്ല. അല്ലെങ്കിൽ കുട്ടികൾ വന്നവരെ കണ്ട ഉടനെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ എഴുന്നേറ്റു അകത്തേക്ക് പോകും. ഇത്തരം പ്രവൃത്തികൾ തെറ്റാണെന്നും  എങ്ങനെയാണ് മാന്യമായി പെരുമാറേണ്ടതെന്നും അവരെ പറഞ്ഞു മനസ്സിലാക്കുക. ഇതൊക്കെ മുതിർന്നവർ സ്വന്തം പ്രവൃത്തികളിലൂടെ കാണിച്ചു കൊടുക്കണം.

8.പിന്നൊന്ന്, ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കുന്ന കുട്ടികൾക്ക് മലയാളം നന്നായി  വായിക്കാനോ എഴുതാനോ അറിയില്ല എന്ന സത്യം ദുഃഖത്തോടെ പറഞ്ഞു കൊള്ളട്ടെ. കുട്ടികൾക്ക്  മലയാളം പഠിപ്പിക്കുക. നമ്മുടെ മാതൃഭാഷ അവർ നന്നായി കൈകാര്യം ചെയ്തു ശീലിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി പത്രം വായിപ്പിച്ചും എഴുതിപ്പിച്ചും തന്നെ മലയാളം പഠിപ്പിക്കുക.

9.ഇനി പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയട്ടെ. നമ്മുടെ സംസ്കാരം എന്തെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്തും നമ്മുടെ പ്രവൃത്തിയിലൂടെയും പഠിപ്പിക്കുക.  കുട്ടികൾക്ക് ഭഗവാന്റെ കഥകൾ പറഞ്ഞു കൊടുക്കാം. കീർത്തനങ്ങൾ ചൊല്ലി കേൾപ്പിക്കാം. കുട്ടികളുടെ ഭാഗവതം, രാമായണം, പഞ്ചതന്ത്ര കഥകൾ, ഗുണപാഠ കഥകൾ, മുതലായ പുസ്തകങ്ങൾ വാങ്ങി വായിക്കാൻ കൊടുക്കണം. അവരെ വായിക്കാൻ സഹായിക്കണം.
സന്ധ്യക്ക് വിളക്ക് കത്തിച്ചു കുടുംബത്തിലെ എല്ലാവരും കൂടി നാമം ജപിക്കണം, കീർത്തനങ്ങൾ പാടണം, ഭാഗവതം, രാമായണം,  നാരായണീയം തുടങ്ങിയ പുസ്തകങ്ങൾ വിശേഷ ദിവസങ്ങളിൽ  പാരായണം ചെയ്യണം.....ഇങ്ങനെ നമുക്ക് കുട്ടികളിൽ ഈശ്വര വിശ്വാസം വളർത്തിയെടുക്കണം.
വിശേഷ ദിവസങ്ങൾ യഥോചിതം ആഘോഷിക്കണം.  ആ ദിവസത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം.

10.ഇനി പറയുന്ന ത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കുട്ടികൾ നിത്യവും ചെയ്ത നല്ല കാര്യങ്ങളും നല്ലതല്ലാത്ത കാര്യങ്ങളും അവരുടെ സഹകരണത്തോടെ, അവരുടെ അറിവിലേക്കായി, മാതാപിതാക്കൾ രാത്രി ഉറങ്ങും മുൻപ് ഒരു നോട്ട് ബുക്കിൽ എഴുതി വെയ്ക്കുക. ഇത് നല്ല കാര്യങ്ങൾ ആവർത്തിക്കാനും നല്ലതല്ലാത്ത കാര്യങ്ങൾ ആവർത്തിക്കാനും കുട്ടികൾക്ക്  ഒരു വഴികാട്ടിയാകും.

11. കുട്ടികളെ കൊണ്ട് ഒരു കുടുംബ വൃക്ഷം വരപ്പിക്കുക. വൃക്ഷശാഖകളും പൂക്കളും ഫലങ്ങളും കുടുംബത്തിലെ അംഗങ്ങളുടെ ഫോട്ടോ പതിച്ച് ഭംഗിയാക്കാം. മുത്തശ്ശന്മാരേയും മുത്തശ്ശിമാരേയും അഥവാ മുതുമുത്തശ്ശന്മാരും മുത്തശ്ശിമാരും ഉണ്ടെങ്കിൽ അവരുടെ ഫോട്ടോയും ഉൾപ്പെടുത്തി വൃക്ഷം വലുതാക്കാം.      മുത്തശ്ശി മുത്തശന്മാരോടു ചോദിച്ചു മനസ്സിലാക്കി വൃക്ഷം ഭംഗിയായി വരക്കാം. ഇതിനായി കുടുംബത്തിലെ എല്ലാവർക്കും സഹായിക്കാം. ഇതുവഴി കുട്ടികളുടെ  മനസ്സിൽ കുടുംബത്തോടുള്ള സ്നേഹവും ബഹുമാനവും വളർത്തിയെടുക്കാം. നമ്മുടെ കുടുംബത്തെ മനസ്സിലാക്കാനും അംഗീകരിക്കാനും അവർ പഠിക്കട്ടെ.

12. ഇനിയൊരു കാര്യം വീടിനു ചുറ്റും (അല്ലെങ്കിൽ ടെറസ്സിൽ സാധിക്കുമെങ്കിൽ) മുറ്റവും മണ്ണുമുണ്ടെങ്കിൽ അത്യാവശ്യം കൃഷിയും പരിശീലിപ്പിക്കാം. പൂച്ചെടികൾ, പച്ചക്കറി ചെടികൾ ഒക്കെ  നട്ടുപിടിപ്പിച്ച് അതിന് പൂ വരുന്നതും കായുണ്ടാകുന്നതും  പ്രതീക്ഷയോടെ നോക്കിയിരിക്കുന്നത് അവരിൽ അധ്വാനശീലവും പ്രതീക്ഷയും വളർത്തും. ചെടികളേയും വൃക്ഷങ്ങളേയും അതിലൊക്കെ വന്നിരുന്നു ചിലക്കുന്ന പക്ഷികളെയും ഒക്കെ  അവർ കണ്ടറിഞ്ഞ് പ്രകൃതിയെ തന്നെ സ്നേഹിച്ചുതുടങ്ങും.
നമുക്ക് നമ്മുടെ കുട്ടികളോട് ചെയ്യാൻ സാധിക്കുന്ന നല്ല നല്ല കാര്യങ്ങൾ അവരുടെ മനസ്സിനെ ശക്തിപ്പെടുത്തും എന്നുമാത്രമല്ല കുടുംബ ബന്ധങ്ങളെ മാനിക്കാനും ബന്ധങ്ങൾ ബലപ്പെടുത്താനും അവരെ സഹായിക്കും.

മുകളിൽ പറഞ്ഞത് ഈ കർഫ്യൂ കാലത്ത് ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ, അച്ഛനോ അമ്മയോ  എന്ന വ്യത്യാസം ഇല്ലാതെ  ചെയ്തും ചെയ്യിപ്പിച്ചും  തുടങ്ങാം. പതിയെ പതിയെ അത് ശീലമായിക്കൊള്ളും.
ഈ അവധി ദിനങ്ങളിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും യാതൊരുവിധ തിരക്കും ബുദ്ധിമുട്ടും ടെൻഷനും ഒന്നും ഇല്ലല്ലോ. ഈ ദിവസങ്ങൾ  നമ്മുടെ, നമ്മുടെ കുട്ടികളുടെ ഉന്നമനത്തിന്  വേണ്ടി മാറ്റി വെക്കാം. *ചൊട്ടയിലെ ശീലം ചുടല വരെ*....ഓർക്കുക.

No comments:

Post a Comment