Sunday, March 22, 2020

*വിവേകചൂഡാമണി- 210*

        37. ആവരണശക്തിയും 
            വിക്ഷേപശക്തിയും

   ഏതാഭ്യാമേവ ശക്തിഭ്യാം   
   ബന്ധഃപുംസഃസമാഗതഃ
   യാഭ്യാം വിമോഹിതോ ദേഹം
   മത്വാത്മാനം ഭ്രമത്യയം.         (144)

    ഈ രണ്ടു ശക്തികളിൽനിന്നുതന്നെയാണ് മനുഷ്യന് ബന്ധനം വന്നുചേർന്നിരിക്കുന്നത്. ഇവയാൽ വ്യാമോഹിതനായി, ദേഹത്തെ ആത്മാവെന്നു കരുതി മനുഷ്യൻ സംസാരചക്രത്തിൽ ഭ്രമിക്കുന്നു.

  'ആവരണം' "വിക്ഷേപം' എന്നീ രണ്ടു ശക്തികൾ മൂലമാണ് മനുഷ്യൻ ഈ നിലയിൽ ബന്ധനത്തിലകപ്പെട്ട് അല്പനായിത്തീർന്നിരിക്കുന്നത്. ഇവയാൽ വ്യാമോഹിതനായ ജീവൻ 'ദേഹമാണ് ഞാൻ' എന്നു കരുതുന്നു. സാധാരണക്കാരന്റെ വിചാരം 'സ്ഥൂലശരീരമാണ് ഞാൻ' എന്നാണ്. കുറെക്കൂടി ഉയർന്ന്, മാനസിക -- മൃദുലവികാരങ്ങളിൽ തന്മയത്വത്തോടുകൂടിയവൻ മനസ്സാണ് തന്റെ സ്വരൂപം എന്ന് കരുതുന്നു. ആധുനിക യുക്തിചിന്തകന്റെ അഭിപ്രായത്തിൽ ബുദ്ധിയാണ് മനുഷ്യന്റെ സത്ത. ഇങ്ങനെ, ശരീരമോ, മനസ്സോ, ബുദ്ധിയോ ആണ് താൻ എന്നു കരുതുന്ന വ്യാമോഹിതനായ മനുഷ്യൻ, ശരീര മനോബുദ്ധികളുടെ  ആവശ്യങ്ങൾ നിറവേറ്റി അവയെ തൃപ്തിപ്പെടുത്താൻ വേണ്ടി ഉഴലുകയാണ്. ഓരോ വ്യക്തിയും അവനവന്റെ വ്യാമോഹത്തിന്നനുസരിച്ച് കർമ്മം ചെയ്യുന്നു. അഹോ, ഉന്മത്തരെപ്പോലെ അലയുന്ന മനുഷ്യന്റെ ഗതിനോക്കൂ! . ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് -- ഒരു കാലത്തിൽനിന്ന് മറ്റൊരു കാലത്തിലേക്ക് --- ഒരു  ജീവിതത്തിൽനിന്ന് മറ്റൊരു ജീവിതത്തിലേക്ക് --  ആട്ടുതൊട്ടിലിൽനിന്ന് ശവമഞ്ചത്തിലേക്ക് -- അങ്ങനെ അനവരതം നീങ്ങുന്നു. കഷ്ടം! 

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments:

Post a Comment