Sunday, March 15, 2020

🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
 
       *ശ്രീമദ് ദേവീഭാഗവതം*

           *നിത്യപാരായണം*

                   *ദിവസം 69*

   *4.2.  ജന്മാദി കാരണ നിരൂപണം*


*ഏവം പ്രഷ്ട: പുരാണജ്ഞോ വ്യാസ: സത്യവതീ സുത:*
*പരീക്ഷിത സുതം ശാന്തം തതോ വൈ ജനമേജയം*
*ഉവാച സംശയഛേത്ത്യവാക്യം വിശാരദ:*
*രാജന്‍ കിമേതദ്വക്തവ്യം കര്‍മ്മണോ ഗഹനാ ഗതി:* 


ജനമേജയന്‍ ഇങ്ങിനെ ചോദിച്ചപ്പോള്‍ മഹാമുനിയായ വ്യാസന്‍ ഇങ്ങിനെ പറഞ്ഞു: ഞാനെന്തു പറയട്ടെ, കര്‍മ്മത്തിന്റെ ഗതി അതി വിചിത്രം തന്നെ! വിണ്ണവര്‍ക്ക് പോലും അതിനെപ്പറ്റി അറിയാന്‍ കഷ്ടം. പിന്നെ മാനവരുടെ കാര്യം പറയാനുണ്ടോ? ത്രിഗുണാത്മകമായി എന്നീ ലോകം ഉണ്ടായോ അന്ന് മുതല്‍ കര്‍മ്മത്തിനു വിധേയമാണ് അതിന്റെ ഗതിവിഗതികള്‍. ജീവനുകള്‍ അനേകം യോനികളില്‍ പലയാവര്‍ത്തി ജനിച്ചു ജീവിച്ചു മരിക്കുന്നു. കര്മ്മബന്ധം നശിച്ചാല്‍ മാത്രമേ ദേഹബന്ധം അവസാനിക്കൂ. തത്വജ്ഞാനികള്‍ കര്‍മ്മത്തെ ശുഭം, അശുഭം, മിശ്രം എന്നിങ്ങിനെ മൂന്നായി തിരിച്ചിട്ടുണ്ട്. ദേഹത്തിനുള്ള കര്‍മ്മബന്ധത്തെ സഞ്ചിതം, പ്രാരബ്ധം, വര്‍ത്തമാനം (ആഗാമികം) എന്നിങ്ങിനെയും തരം തിരിച്ചിരിക്കുന്നു. ബ്രഹ്മാവുമുതല്‍ എല്ലാം കര്‍മ്മാധീനമായാണ് വര്‍ത്തിക്കുന്നത്. സുഖദുഖാദികളും, ജരാനരകളും, മൃത്യുവും എല്ലാം കര്‍മ്മാനുസാരിയാണ്. കാമക്രോധാദികളും ദേഹത്തോട് ബന്ധപ്പെട്ടുതന്നെയിരിക്കുന്നു. അവ പ്രകടമാവുന്നത് പ്രാരാബ്ധപ്രേരിതമായാണ്. രാഗദ്വേഷാദിഭാവങ്ങള്‍ ഭൂമിയിലും ആകാശത്തും, നരനും ദേവനും അസുരനും, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ബാധകമാണ്. പൂര്‍വ്വജന്മങ്ങളിലെ സ്നേഹവൈരങ്ങള്‍ ദേഹത്തോടോപ്പം ജനിക്കുന്നു. സൂര്യചന്ദ്രന്മാരുടെ ചലനമടക്കം  യാതൊന്നും കര്‍മ്മബന്ധമില്ലാതെ ഉണ്ടാവുന്നില്ല. രുദ്രന്‍ കപാലമേന്തുന്നതും അത് നിരന്തരമായ ഉല്‍പത്തി ചക്രത്തിന് നിദാനമാവുന്നതും കര്‍മ്മം മൂലമത്രേ. ചാക്രികചലനമെന്ന നിലയില്‍ വിശ്വം ശാശ്വതമായി നില്‍ക്കുന്നു എന്ന് പറയാം. നിത്യാനിത്യ വിചാരത്തില്‍ മുഴുകിക്കഴിയുന്ന മാമുനിമാര്‍ക്ക് പോലും അതിന്റെ പൊരുള്‍ അറിയാനായിട്ടില്ല. നിലനില്‍ക്കുന്നിടത്തോളം കാലം ‘നിത്യം’ ആണ് എന്നൊരു തോന്നല്‍ വിട്ടുപോവുകയില്ല. പ്രപഞ്ചം ഉണ്മയാണെന്ന തോന്നല്‍ ഉള്ളതിനാല്‍ ‘കാരണം നിലനില്‍ക്കുമ്പോള്‍ കാര്യം ഇല്ലെന്നെങ്ങിനെ പറയും?’ എന്നാണു വാദം. മായയാണല്ലോ എല്ലാറ്റിന്റെയും കാരണം. അതുകൊണ്ട് കര്‍മ്മമെന്ന ബീജം സത്യമാണെന്ന്, അത് ശാശ്വതമാണെന്ന് ചിന്തിക്കുന്നവര്‍ വിചാരിക്കുന്നു. നാനാ യോനിയില്‍ വന്നു പിറക്കാനുള്ള കാരണം കര്‍മ്മമാണെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ എപ്പോഴാണോ ഈ കര്‍മ്മം (പ്രാരബ്ധം) നശിക്കുന്നത് അപ്പോള്‍ ജനനവും ഇല്ല.

അമിതതേജസ്വികളായ വിഷ്ണുവും മറ്റും സ്വേച്ഛയാലാണോ നീചയോനികളിലും മറ്റും വന്നു പിറക്കുന്നത്? വിഷ്ണ്വാദികളെപ്പോലും കര്‍മ്മമാണ്‌ നിയന്ത്രിക്കുന്നത്. അല്ലെങ്കില്‍ സുഖഭോഗങ്ങള്‍ നിറഞ്ഞ വൈകുണ്ഡവാസം പോലും ഉപേക്ഷിച്ച് അദ്ദേഹം അവതാരങ്ങള്‍ എടുക്കുമോ? ജലക്രീഡാദിലീലകള്‍, പൂവിറുക്കല്‍, സുഖാസനം എല്ലാമുപേക്ഷിച്ചു ഗര്‍ഭമെന്ന മലമൂത്രം നിറഞ്ഞ ഗേഹത്തില്‍ വാഴാന്‍ ആരാണ് ആഗ്രഹിക്കുക? അവിടെയുള്ള വാസമാണെങ്കില്‍ തലകീഴായിട്ടാണ് താനും. ആരാണതിനു കൊതിക്കുക? ആട്ടും പാട്ടും കൊട്ടും നിറഞ്ഞ ജീവിതമുപേക്ഷിച്ച് നരകവാസം ആരാണ് സ്വീകരിക്കുക? സാക്ഷാല്‍ ലക്ഷ്മീദേവിയുടേതു പോലുള്ള വശ്യഭാവരസങ്ങളെ വിട്ട് കളഞ്ഞു ഗര്‍ഭപാത്രത്തിലെ മൂത്രപാനം ആരാണ് കൊതിക്കുക? ഗര്‍ഭവാസത്തേക്കാള്‍ വലിയൊരു ദുഃഖം പറയാനില്ല.അതിനാലാണ് മാമുനിമാര്‍ അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പണിപ്പെടുന്നത്. അത് പേടിച്ച് അവര്‍ നാടും വീടും വിട്ടു കാട്ടിലെത്തി തപസ്സിരിക്കുന്നു. ശരീരം കുത്തിത്തുളക്കാന്‍ കൃമികള്‍, അടിയില്‍ ജടരാഗ്നിയുടെ താപം, പുറത്താണെങ്കില്‍ ഞെക്കിപ്പിടിക്കാന്‍ തൊലികൊണ്ടുള്ള പൊതിയല്‍ എല്ലാമുള്ള ഗര്‍ഭത്തില്‍ സുഖമെവിടെ? അതിലും ഭേദം കാരാഗ്രഹം തന്നെ. പത്തുമാസം അവിടെ കഴിഞ്ഞു കൂടുക എത്ര ദുഷ്കരം! ഒടുവില്‍ യോനിയെന്ന ഇറുകിപ്പിടിച്ച ഇടനാഴിയിലൂടെ പുറത്തുവരുക എന്നത് അതിലും ക്ലേശതരം. പുറത്തുവന്നാലോ വിശപ്പ്‌, ദാഹം, എന്നുവേണ്ട എല്ലാറ്റിനെയും മറ്റുള്ളവരെ ആശ്രയിച്ചുള്ള നിലനില്‍പ്പാണ് പിന്നെ. മിണ്ടാന്‍ വയ്യാതെ, സദാ കരഞ്ഞുകൊണ്ട്‌, ഭയം വിടാതെ പിടികൂടുന്ന അവസ്ഥ. അത് കാണുമ്പോള്‍ മാതാവിനും ദുഃഖം. മാതാവിന്റെ അപ്പപ്പോഴത്തെ തോന്നലനുസരിച്ച് ഉള്ളതോ ഇല്ലാത്തതോ ആയ രോഗങ്ങള്‍ക്കുള്ള മരുന്നും കഴിച്ചുള്ള ജീവിതം. അപ്പോള്‍പ്പിന്നെ എന്ത് സുഖം കണ്ടിട്ടാണ് ഒരുവന്‍ ഇനിയൊരു ജന്മം ആഗ്രഹിക്കുക? സുഖങ്ങള്‍ ഉപേക്ഷിച്ചു സദാ സമരം ചെയ്തു ജീവിക്കാനാരാണ് ഇഷ്ടപ്പെടുക?

രാജാന്‍, ബ്രഹ്മാദി ദേവന്മാര്‍ പോലും താന്താങ്ങളുടെ കര്‍മ്മഫലം അനുഭവിക്കുന്നു.  തപോദാനങ്ങള്‍കൊണ്ട് മനുഷ്യന് ഇന്ദ്രപദവി നേടാം എന്നാല്‍ അവനിലെ പുണ്യം ക്ഷയിച്ചാല്‍പ്പിന്നെ അവന പിന്നെ അധപ്പതിക്കുകയാണ് ചെയ്യുക. ശുഭാശുഭങ്ങളായ കര്‍മ്മഫലങ്ങള്‍ മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും അനുഭവിച്ചേ തീരൂ. രാമാവതാരത്തില്‍ ദേവന്മാര്‍ വാനരന്മാരായി. കൃഷ്ണാവതാരത്തില്‍ അവര്‍ യാദവരായി. ബ്രഹ്മപ്രേരണയാല്‍ യുഗം തോറും വിഷ്ണു അവതരിക്കുന്നു. അദ്ദേഹം നാനായോനികളില്‍ വന്നു പിറക്കുന്നു. അസുരന്മാരെ നിഗ്രഹിക്കുക എന്ന കര്‍മ്മത്തില്‍ ഏര്‍പ്പെടുന്നു. രഥം ഉരുളുംപോലെ ഇത് ചാക്രികമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഇനി ഞാന്‍ കൃഷ്ണാവതാര കഥ ചുരുക്കി പറയാം. യദുവംശത്തില്‍ കൃഷ്ണനായി പിറന്നത് സാക്ഷാല്‍ വിഷ്ണുവാണ്. കശ്യപന്റെ അംശമാണ് പ്രതാപിയായ വസുദേവന്‍. എന്നാല്‍ പണ്ട് കിട്ടിയ ശാപം മൂലം അദ്ദേഹത്തിനൊരു  പശുപാലനായി കഴിയേണ്ടി വന്നു. അദ്ദേഹത്തിനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. അദിതിയും സുരസയും. വരുണശാപത്താല്‍ അവരാണ് പിന്നീട് സഹോദരിമാരായ ദേവകിയും രോഹിണിയും ആയി പിറന്നത്.

രാജാവ് ചോദിച്ചു: ഭഗവന്‍, ഭാര്യമാരോടോപ്പം ഇങ്ങിനെ ശാപം കിട്ടാനായി കശ്യപമഹര്‍ഷി എന്ത് പാപമാണ് ചെയ്തത്? വൈകുണ്ഡത്തില്‍ ശ്രീലക്ഷ്മിയുമായി വസിക്കുന്ന വിഷ്ണു എങ്ങിനെയാണ് ഗോപകുമാരനായി പിറക്കാന്‍ ഇടയായത്? ദേവനായകനായ ഹരി മറ്റാര്‍ക്കും വിധേയനല്ല. അങ്ങിനെയുള്ള ഭഗവാന്‍ എങ്ങിനെയാണ് മാനുഷവേഷത്തില്‍ ജനിക്കാന്‍ ഇടയായത്? അദ്ദേഹം പോലും കര്‍മ്മത്തിനധീനമാണെന്നോ? ചിലപ്പോള്‍ മനുഷ്യനായി, മറ്റുചിലപ്പോള്‍ പരിഹാസപാത്രമായി, അദ്ദേഹം ദുഷ്ടഭാവവും കൈക്കൊണ്ടു. മര്‍ത്ത്യനാവുമ്പോള്‍ കാമ-ക്രോധ-മോഹ-മാത്സര്യങ്ങളും സുഖ-ദുഃഖ-ഭയ-ദൈന്യ-പ്രീതി-ആര്‍ജ്ജവ ഭാവങ്ങളും മാറിമാറി അവനില്‍ അങ്കുരിക്കുന്നു. മാത്രമല്ല, സുകൃതം, ദുഷ്കൃതം, ഭാഷണം, കള്ളം, ദംഭ്, കൊലപാതകം, പോഷണം, ചലനം, ജല്പനം, വിമര്‍ശനം എന്നിത്യാദികള്‍ അവനില്‍ അല്ലെങ്കില്‍ അവനിലൂടെ പ്രത്യക്ഷമായും പരോക്ഷമായും സംഭവിച്ചുകൊണ്ടേയിരിക്കും. അനശ്വരസുഖത്തില്‍ അഭിരമിക്കുന്ന വിഷ്ണുഭഗവാന്‍ എങ്ങിനെയാണ് അതെല്ലാം വെടിഞ്ഞു നരജന്മം സ്വീകരിച്ചത്?

മനുഷ്യജന്മം എടുത്താല്‍പ്പിന്നെ ഗര്‍ഭദുഃഖം, ജന്മദുഃഖം, ശൈശവദുഃഖം, കാമദുഃഖം, ഗാര്‍ഹസ്ത്യദുഃഖം എന്നിങ്ങിനെ അനവധി ആകുലതകളാണ്. എന്നിട്ടും ഭഗവാന്‍ മനുഷ്യനായി ജന്മമെടുക്കുന്നു! രാമനായി അവതരിച്ചതിനാല്‍ അദ്ദേഹം കാട്ടിലെ വാസവും അതിനോടൊപ്പം മറ്റു ദുഖങ്ങളും അനുഭവിച്ചു. സീതാവിരഹം, രാക്ഷസന്മാരുമായുള്ള യുദ്ധങ്ങള്‍ എന്നുവേണ്ട, ഭഗവാന്‍ ദുരിതങ്ങള്‍ ഏറെ അനുഭവിച്ചു. ഇനി കൃഷ്ണനായി പിറന്നപ്പോഴോ? ജനിച്ചത് കല്ലറയ്ക്കുള്ളില്‍. ഗോകുലത്തില്‍ കാലികളെ മേച്ചുള്ള ജീവിതം. അദ്ദേഹത്തിന് സ്വന്തം അമ്മാവനായ കംസനെ നിഗ്രഹിക്കേണ്ടിവന്നു. പിന്നീട് ദ്വാരകയില്‍ ഒളിച്ചു കഴിയേണ്ടതായും വന്നു. ഇങ്ങിനെ സ്വേച്ഛയാല്‍ ദുരിതം ചോദിച്ചു വാങ്ങാന്‍ ബുദ്ധിയുള്ളവര്‍ തുനിയുമോ? ഇതിനെ പുറകിലുള്ള വസ്തുത എന്തെന്ന് ദയവായി വിസ്തരിച്ചു പറഞ്ഞു തന്നാലും. അങ്ങേയ്ക്കറിയാത്തതാവില്ല ഈ  അവതാരോദ്ദേശങ്ങള്‍.   

*തുടരും ...*

🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻

No comments:

Post a Comment