Tuesday, March 24, 2020

ദേവി തത്ത്വം- 78

അദ്ധ്യാത്മികത എന്ന് പറയുമ്പോൾ പലർക്കും ഒരുപാട്  തെറ്റിദ്ധാരണയുണ്ട്. സിനിമയും നാടകവും ഒരുപാട് സ്വാധീനിച്ചിട്ടാകാം അദ്ധ്യാത്മികത എന്ന് കേൾക്കുമ്പോൾ പുറകിൽ നിന്ന് വെളിച്ചം വരുമോ! അല്ലെങ്കിൽ പ്രത്യേക ചില വേഷം കെട്ടണമോ? എന്നൊക്കെയുള്ള ചിന്തയാണ്. വേഷം കെട്ടൽ തന്നെയായിരിക്കുന്നു അദ്ധ്യാത്മികം. സന്യാസത്തിന് കാഷായം ധരിക്കണമെങ്കിലും കാഷായം ഒരു വേഷമൊന്നുമല്ല. വാസ്തവത്തിൽ വേഷമൊന്നുമില്ലാത്തതിൻ്റെ പ്രതീകമാണ് കാഷായം. എന്നാലിപ്പോൾ ഫാൻസി ഡ്രസ്സ് മത്സരം പോലെയായിരിക്കുന്നു അദ്ധ്യാത്മികം. അദ്ധ്യാത്മികത്തിൽ അങ്ങനെ ഒരു പ്രത്യേകതയുടേയും ആവശ്യമില്ല. സാധാരണ പോലെ ഇരുന്നാൽ മതി. അങ്ങനെയല്ലെങ്കിൽ സമാധാനം ഉണ്ടാകില്ല.

ജീവിക്കാനുള്ളത് വേണം ശരീരത്തിന് അത്രേയുള്ളു. ശരീരത്തിൻ്റെ ധർമ്മം ശരീരം ചെയ്യുന്നു. ശരീരത്തിന് ഈ ലോകത്ത് ചെയ്യാനുള്ളത് ചെയ്യട്ടെ.  ഉണരണമിന്നീ ഉറങ്ങണം ഭുജിച്ചീടണം അശരണം പുണരേണമെന്നീ വണ്ണം അണയുമനേക വികല്പമാകയാൽ ആരുണരുവതുള്ളു നിർവ്വികാര രൂപം നാരായണ സ്വാമിയുടെ ആത്മോപദേശ ശതകത്തിലെ ഒരു ശ്ലോകമാണിത്. ആഹാരം, നിദ്ര, മൈഥുനം എന്നത് മൃഗങ്ങളിലും മനുഷ്യനിലും ഒക്കെ സമാനം തന്നെ. അത് പ്രകൃതിയിൽ നടക്കുന്നതാണ്, ശരീര ധർമ്മമാണ്. നാം എവിടെയാണ് വിശിഷ്ടരാകുന്നത് എന്നാൽ ഇതൊക്കെ ഞാൻ ചെയ്യുന്നു എന്ന ഭ്രമം പോയാൽ മതി. എൻ്റെ സ്വരൂപമെന്താണ്? ഞാൻ ആരാണ്? എന്ന ഒരേ ഒരു ചോദ്യം മതി. ബ്രഹ്മ വിദ്യാ സ്വരൂപിണിയായ ദേവി നമ്മളിൽ അവതരിക്കുമ്പോഴാണ് ഈ ചോദ്യം നമ്മുടെ ഉള്ളിൽ ഉദിക്കുന്നത്. ബ്രഹ്മ വിദ്യാ സ്വരൂപിണിയായ ശാരദാ നമ്മളിൽ പ്രസാദിക്കുമ്പോഴാണ് നാം നമ്മെ കുറിച്ച് തന്നെ ചോദ്യങ്ങൾ ചോദിച്ച് തുടങ്ങുന്നത്. അതുവരെ ആപ്പിൾ എങ്ങനെ വീണു എന്ന് ചോദിക്കും, ഭൂമി ഉരുണ്ടിട്ടോ പരന്നതോ എന്ന് ചോദിക്കും, സൂര്യൻ്റെ താപവും, ക്രിക്കറ്റിൽ ആര് ജയിച്ചു എന്നും, രാജ്യത്തെ മന്ത്രിമാരെ കുറിച്ചും ഒക്കെ ചോദിക്കും. നമ്മളെ ഒരു രീതിയിലും ബാധിക്കാത്ത ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കും.

Nochurji 🙏🙏
Malini dipu

No comments:

Post a Comment