Tuesday, March 17, 2020

വിവേകചൂഡാമണി - 93
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ഞാൻ ദേഹമെന്ന ഭാവം

സർവ്വജ്ഞനും സർവ്വവ്യാപിയും സർവ്വത്ര സ്വതന്ത്രനുമായ ഈശ്വരൻ എങ്ങനെ അവിദ്യയിൽ കുടുങ്ങി? ശരീരം മുതലായ ഉപാധികൾ മൂലം എങ്ങനെ പരിമിതനായി ബന്ധിക്കപ്പെട്ടു? ഇതിനെ വിവരിക്കുകയാണ് അടുത്ത ശ്ലോകത്തിൽ.

ബന്ധനം എന്നാൽ എന്ത്?

ഇനിയുള്ള ആറ് ശ്ലോകങ്ങളിൽ സംസാര ബന്ധനത്തെ വിശദമാക്കുന്നു.

ശ്ലോകം 137
അത്രാനാത്മന്യഹമിതിര്‍ ബന്ധ 
ഏഷോ/സ്യപുംസഃ 
പ്രാപ്രാപ്തോ/ജ്ഞാനാത്
ജനനമരണക്ലേശ സംപാതഹേതുഃ
യേനൈവായം വപുരിദമസത് 
സത്യമിത്യാത്മബുദ്ധ്യാ
പുഷ്യത്യുക്ഷത്യവതി വിഷയൈ-
സ്തന്തുഭിഃ  കോശകൃദ്വത് 

അജ്ഞാനം മൂലം മനുഷ്യൻ അനാത്മാവിനെ ആത്മാവെന്നു കരുതുന്നു.  ഇതാണ് ജീവന്റെ ബന്ധനം.  അതുമൂലം ജനനമരണ ക്ലേശങ്ങൾ ഉണ്ടാകുന്നു.  അസത്തായ ദേഹത്തെ ജീവൻ സത്യമെന്ന് കരുതും.  ദേഹമാണ് ഞാൻ എന്ന തെറ്റായ ധാരണയാൽ അതിനെ വിഷയങ്ങളെക്കൊണ്ട് പോഷിപ്പിക്കുകയും കുളിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. പട്ടുനൂൽപ്പുഴു സ്വന്തം നൂലുകൊണ്ട് ബന്ധിക്കപ്പെടുന്നതുപോലെ ജീവനും ബന്ധിക്കപ്പെടുന്നു.  ബന്ധനമെന്നാൽ എന്ത്? എന്ന ശിഷ്യന്റെ ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ വിവരിക്കുന്നത്.

ശരീരം മുതലായ അനാത്മവസ്തുക്കളെ ഞാൻ എന്ന് കരുതുന്നതാണ് ബന്ധനം. സ്വസ്വരൂപ അജ്ഞാനമാണ് ഇതിനു കാരണം. ആത്മസ്വരൂപമായ നാം അനാത്മാവെന്ന് തെറ്റിദ്ധരിച്ച് അതുമായി താദാത്മ്യം പ്രാപിക്കുമ്പോൾ ബന്ധനവും അനർത്ഥങ്ങളും ഉണ്ടാകും.

മദ്യലഹരിയ്ക്ക് അടിപ്പെട്ടയാൾ തന്റെ നിഴലിനെ താൻ തന്നെയെന്ന് തെറ്റിദ്ധരിച്ച് സങ്കടപ്പെടുംപോലെയാണിത്. നിഴലിലൂടെ വണ്ടി കയറിയാൽ, തന്നെ വണ്ടിയിടിച്ചെന്നും മറ്റും കരുതി നിലവിളിക്കും.  'എന്റെ നിഴൽ ഞാനാണ്' എന്ന ഭ്രമം വല്ലാത്ത കുഴപ്പമുണ്ടാക്കും.  മദ്യലഹരിയിലുണ്ടായ ഉന്മത്താവസ്ഥയിൽ വിചിത്രമായ പലതും മദ്യപാനി കാട്ടിക്കൂട്ടും.  അനാത്മവസ്തുക്കളിലെ ആത്മബുദ്ധി ഇതുപോലെയാണ്. നമ്മുടെ എല്ലാ ദുരിതങ്ങൾക്കും കാരണമിതാണ്.  ജനന മരണങ്ങളാകുന്ന ക്ലേശങ്ങൾ വിടാതെ പിടികൂടും.

മുമ്പ് ഇല്ലാത്തതും ഭാവിയിൽ നിലനിൽക്കാത്തതും ഇപ്പോൾ ഉള്ളതായി തോന്നുന്നതുമായതിനെയാണ് അസത്ത് എന്നു പറയുന്നത്. നമ്മുടെ ശരീരവും അസത് വസ്തുക്കളുടെ കൂട്ടത്തിൽ പെടുന്നു.  എന്നാൽ ഇതിനെ ഞാൻ എന്ന് കരുതി, ദേഹം മാത്രം സത്യം എന്ന തെറ്റിദ്ധാരണയിൽ കുടുങ്ങുന്നു. ഇതാണ് വ്യാമോഹം. അപ്പോൾ പിന്നെ ദേഹത്തെ പലതരത്തിൽ പോഷിപ്പിക്കലും സുഖിപ്പിക്കലുമായി കാലം കഴിക്കും.  ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കൽ, കുളിപ്പിക്കൽ, കളി, നേരമ്പോക്ക് തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായി തകൃതിയായി നടക്കും.  ദേഹം നിരന്തരം നശിക്കുന്നതെന്ന് അറിയാതെ ജരാനരകളും ആധിവ്യാധികളുമായി കഷ്ടപ്പെട്ടു പോകും. ദേഹ പോഷണ ജോലിയിൽ മുഴുകി സമയം പാഴാക്കുന്നവരാണ് ഭൂരിഭാഗം പേരും.  ദേഹം ഞാനെന്ന് കരുതിയാൽ ദേഹത്തിന്റെ സുഖമാണ് എന്റെ സുഖം എന്ന് മതിമറന്നുപോകും.

എത്ര ഗുരുപദേശം കേട്ടാലും ശാസ്ത്ര പഠനം നടത്തിയാലും ഞാൻ ദേഹമെന്ന ഭാവം വിട്ടുമാറാൻ പ്രയാസമാണ്.  ആത്മാവിനെ അറിയാത്തിടത്തോളം കാലം അനാത്മബന്ധനത്തിൽ പെട്ട് ഉഴലും.

പട്ടുനൂൽപ്പുഴു തന്റെ സുരക്ഷയ്ക്കായി ഉണ്ടാക്കുന്ന കൂട് അതിനുതന്നെ ബന്ധനമാകുന്നപോലെയാണിത്.  പട്ടുനൂൽപ്പുഴു തന്റെ ഉമിനീരിൽ നിന്ന് ഉണ്ടായ നൂലുകൊണ്ട് സ്വയം പൊതിഞ്ഞ് കൂടുണ്ടാക്കും. പിന്നെ അതിൽ നിന്ന് പുറത്തുകടക്കാനാവാതെ കുടുങ്ങിക്കിടക്കും. പട്ടുനൂൽ എടുക്കാനായി മനുഷ്യൻ ഇവയെ ഉപയോഗിക്കുമ്പോൾ അതിന്റെ ജീവൻ തന്നെ അപകടത്തിലാകുന്നു.

പട്ടുനൂൽ പുഴുവിന്റെ പുറംകോശം പോലെയാണ് മനുഷ്യന് അനാത്മ വസ്തുക്കളുടെ കട്ടി കൂടി വരുന്ന പുറംതോട്.  ദേഹപോഷണത്തിനായി ആവശ്യങ്ങൾ പെരുകിപ്പെരുകി കൂട് കട്ടിയാകുന്നു.  പൊളിച്ച് പുറത്തുകടക്കാൻ നമുക്ക് ശേഷിയില്ലാതാകും.  സ്വസ്വരൂപത്തെ മറന്ന് അനാത്മവസ്തുക്കളിൽ താനെന്ന ഭാവം ഉണ്ടായതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം.

No comments:

Post a Comment