Sunday, March 15, 2020

ശ്രീ ശങ്കരാചാര്യ പരമ്പരയും തൃച്ചംബരത്ത് ഉത്സവവും.
********************************************
തൃച്ചംബരം ഉത്സവം ഒരു സാംസ്കാരിക സംഗമ ഭൂമികയാകുന്നത് കേവലം അതിലെ ജനകീയ പങ്കാളിത്തം കൊണ്ടോ കലാ സാംസ്കാരിക പരിപാടികളെ കൊണ്ടോ മാത്രമല്ല. പകരം അതി മഹത്തായതും  അതി പൗരാണികമായ ഒട്ടേറെ ആചാരങ്ങൾ കൊണ്ടും, അതിന്റെ പവിത്രത കൊണ്ടും കൂടിയാണു.

ശ്രീ ശങ്കരാചാര്യ പാര്യാമ്പര്യത്തിൽ പെടുന്ന കേരളീയ സന്യാസ പരമ്പരയിലെ സന്യാസി ശ്രേഷ്ഠർ തൃച്ചംബരത്ത് ഉത്സവക്കാലത്ത് ക്ഷേത്ര സന്ദർശനം നടത്തിയാൽ തൃച്ചംബരത്ത് അത്യപൂർവ്വമായ ഒരു ചടങ്ങ് നടക്കാറുണ്ട്. തൃച്ചംബരത്തപ്പനും മഴൂരപ്പനും നൃത്തം വച്ച കൊണ്ട് സന്യാസിമാരേയും, സന്യാസിമാർ അതെ സമയം തിരിച്ചും പ്രദക്ഷിണം ചെയ്യും. അതി മഹത്തായ ആ സന്യാസി പരമ്പരയ്ക്ക് ഒരു ആദരവ് കൂടിയാണു ഈ ചടങ്ങ്.

ശ്രീ ശങ്കരാചാര്യ ശിഷ്യ പരമ്പരയിൽ പെട്ട ഈ സന്യാസി സമൂഹം കേരളത്തിൽ തൃശ്ശൂർ ആസ്ഥാനമായാണു പൂർവ്വകാലത്ത് അധിവാസം ആരംഭിച്ചത്. തൃശ്ശൂരിലെ പ്രശസ്തമായ നാല് സന്യാസി മഠങ്ങൾ ആയ വടക്കെ മഠം, തെക്കേ മഠം, നടുവിൽ മഠം, ഇടയിൽ മഠം എന്നിവയായിരുന്നു അവ. ഇതിൽ വടക്കെ മഠത്തിൽ സന്യാസി പരമ്പര ഇല്ലാതെയായിട്ട് അനവധി വർഷങ്ങൾ ആയി. ശങ്കരാചാര്യരുടെ നാല് ശിഷ്യന്മാരാണു ഈ മഠങ്ങൾ സ്ഥാപിക്കുന്നത്. പത്മപാദാചാര്യർ സ്ഥാപിച്ച മഠമാണു തെക്കേ മഠം. സുരേശ്വരാചാര്യർ നടുവിലെ മഠം സ്ഥാപിച്ചു. (അദ്ദേഹം നടുവിൽ മഠത്തിലെ ആദ്യത്തെ സന്യാസിയായി വില്ല്വമംഗലത്ത് സ്വാമിയാരെ നിയോഗിച്ചു എന്നാണ് ഐതിഹ്യം) ഹസ്താമലകാചാര്യർ ഇടയിലെ മഠവും,  തോടകാചാര്യർ വടക്കെ മഠവും സ്ഥാപിച്ചു.

മലപ്പുറം ജില്ലയിൽ താനൂർ പരിയാപുരത്തിൽ തൃക്കൈക്കാട്ട് എന്ന ഇല്ലം വക ആയിരക്കണക്കിന് ഏക്കർ ഭൂമി ഏതോ ഒരു കാലത്ത് ഇടയിലെ മഠത്തിനു വെച്ചു നമസ്ക്കരിക്കുകയുണ്ടായി. അതേ തുടർന്ന് ഇടയിൽ മഠത്തിലെ ഒരു പരമ്പര തൃക്കൈക്കാട്ടേക്ക്‌ മാറി. വടക്കേ മഠത്തിന്റെ ഒരു ശാഖ എമ്പ്രാന്തിരി സ്വാമിയാരുടെ കാലത്ത് കാസർക്കോട്‌ ഇടനീർ എന്ന സ്ഥലത്തേക്ക് മാറി.  പിൽക്കാലത്ത്‌ ഇത്‌ ഇടനീർ മഠമെന്നറിയപ്പെട്ടു. എന്നാൽ പിന്നീടെപ്പോഴോ ഇവിടെ സന്യാസിമാരില്ലാതെ വന്നപ്പോൾ തൃക്കൈക്കാട്ട്‌ സ്വാമിയാർ ഇവിടെ ദീക്ഷ കൊടുത്തു എന്നും അങ്ങിനെ അത് തോടകാചാര്യ പരമ്പരയായി മാറി എന്നും ആണ് കേൾവി.

അതും കഴിഞ്ഞ്‌ കന്യാകുമാരിക്കടുത്ത്‌ കേരളത്തിലെ തന്നെ പുരാതന സർവ്വകലാശാലയായി (നളന്ദ-തക്ഷശില മാതൃകയിൽ) കരുതി പോരുന്ന കാന്തള്ളൂർ സർവ്വകലാശാലക്ക്‌ സമീപമുള്ള മുഞ്ചിറക്കാതം എന്നയിടത്ത്‌ പുതിയ ഒരു ശഖയായി ഒരു പരമ്പര തൃക്കൈക്കാട്ട്‌ നിന്ന് മാറുകയുണ്ടായി. ഇത്‌ പോലൊരു പരമ്പര കോട്ടയം ജില്ലയിലെ തിരുനക്കരയിലേക്കും തൃക്കൈക്കാട്ട്‌ മഠത്തിൽ നിന്ന് മാറിയിട്ടുണ്ട്‌. ഇതിൽ മുഞ്ചിറക്കാതത്തിലെ മഠം പിൽക്കാലത്ത്‌ മുഞ്ചിറമഠം എന്ന പേരിൽ സ്വതന്ത്രമായ ഒരു മഠമായി മാറി. തിരുവനന്തപുരത്ത്‌ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കുന്നത്‌ മുഞ്ചിറ മഠത്തിലേയും, നടുവിലെ മഠത്തിലേയും സന്യാസിമാരെയാണു.

എന്തായാലും ഇത്രയും പറഞ്ഞത് ശ്രീ ശങ്കരാചാര്യ പരമ്പരയിൽ പെട്ട കേരളീയ സന്യാസി മഠങ്ങളെ പരിചയപ്പെടുത്തുവാൻ ആണ്. ഇനി വിഷയത്തിലേക്ക് വരാം. ഈ സന്ന്യാസി പരമ്പരയിലെ മുഴുവൻ സന്യാസിമാരുടേയും അത്യപൂർവ്വമായ ഒരു സംഗമ സ്ഥാനമായിരുന്നു പൂർവ്വ കാലത്ത് തൃച്ചംബരം. സന്യാസി ശ്രേഷ്ഠരുടെ ചാതുർമ്മാസ്യ വ്രത കാലഘട്ടത്തിനു ശേഷം അവരുടെ തീർത്ഥാടന കാലം ആരംഭിക്കും. അതായത് ദക്ഷിണായനത്തിലെ ആദ്യ നാല് മാസങ്ങൾ നീളുന്ന ചാതുർമ്മാസ്യ വ്രതം കഴിഞ്ഞാൽ സന്യാസിമാർ ഭാരതത്തിലുടനീളം തീർത്ഥാടനം ചെയ്യുക പതിവാണു. ഈ യാത്രയ്ക്കിടെ അവർ എല്ലാവരും തമ്മിൽ സംഗമിക്കുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്ത് തുടർ യാത്ര ആരംഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലമാണു തൃച്ചംബരം. തൃച്ചംബരത്ത് ഉത്സവക്കാലത്താണു ഈ അപൂർവ്വ സമ്മേളനമിവിടെ നടക്കുക. ഉത്സവം കഴിഞ്ഞ് പിറ്റേന്നാൾ തളിപ്പറമ്പിൽ തന്നെയുള്ള വെള്ളാവ് കാവ് ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള സന്യാസിവര്യനായ കോക്കുന്നത്ത് ശിവാങ്ങളുടെ  കൂർമ്മാസനത്തെ വന്ദിച്ച് അവിടെ നിന്ന് ഭിക്ഷയും സ്വീകരിച്ചേ ഇവർ തീർത്ഥാടനം പുനരാരംഭിക്കാറുണ്ടായിരുന്നുള്ളൂ.  തൃച്ചംബരം ക്ഷേത്ര പരിസരത്ത് ഈ മഠങ്ങൾക്ക് എല്ലാം ഇടത്താവളങ്ങൾ എന്നവണ്ണം മഠങ്ങൾ ഉണ്ടായിരുന്നു. ഇതിൽ തൃക്കൈക്കാട്ട് മഠത്തിന്റേയും, ഇടനീർ മഠത്തിന്റേയും കെട്ടിടങ്ങൾ കേടുപാടുകൾ ഒന്നും കൂടാതെ ഇന്നും നിലനിൽപ്പുണ്ട്. എന്നാൽ മറ്റ് മഠങ്ങൾ എല്ലാം തീർത്തും പരിതാപകരമായ അവസ്ഥയിൽ ആണ് ഇന്ന്.

എന്തായാലും കേരളീയ സന്യാസി പരമ്പരയോളം തന്നെ പഴക്കമുണ്ട് സന്യാസിമാരുടെ തൃച്ചംബരത്തെ സംഗമത്തിനു. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം ആദ്യം ഹൈദരലിയുടേയും, പിന്നീട് ടിപ്പുവിന്റേയും കേരള അധിനിവേശത്തിനു ശേഷം ഈ പതിവ് തീരെ നിലച്ച് പോയി. തൃശ്ശൂരിനു വടക്കോട്ടുള്ള യാത്രകൾ സന്യാസിമാർ ഉപേക്ഷിച്ചു. പിന്നെ അനവധി കാലം ഇത് ഇല്ലാതെയായിപ്പോയി. പക്ഷെ കാസർക്കോട് ഉള്ള ഇടനീർ മഠത്തിൽ നിന്ന് അപ്പോഴും ഇവിടേക്ക് സന്യാസിമാർ വരാറുണ്ടായിരുന്നു. തൃശ്ശൂരിൽ നിന്നുള്ള സന്ന്യാസിമാരുടെ വരവ് പുനസ്ഥാപിച്ചിട്ട് ഏതാണ്ട് നാൽപത്തിയേഴ് കൊല്ലത്തോളമേ ആയിട്ടുള്ളൂ. തെക്കേ മഠത്തിലെ മുൻ മൂപ്പിൽ സ്വാമിയാർ ആയിരുന്ന ശ്രീ ശ്രീ ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാർ ആണ് ആ പതിവ് പുന:സ്ഥാപിച്ചത്. എന്തായാലും  അതിനു ശേഷം ഇതുവരെ അവർ ഈ പതിവിന് മുടക്കമേതും വരുത്തിയിരുന്നില്ല. 2014ൽ അദ്ദേഹം സമാധിയായ ശേഷം ഇപ്പോളത്തെ സ്വാമിയാരും ആ പതിവ് തുടർന്നിരുന്നു.എന്നാൽ ഈ വർഷം തെക്കേമഠം മൂപ്പിൽ സ്വാമിയാർക്കും അസൗകര്യം വന്ന് മുടങ്ങി. എന്നാൽ സന്യാസി പരമ്പരയുടെ കണ്ണിയറ്റ്‌ ഏറെ നാളായി അന്യാധീനപ്പെട്ട്‌ കിടക്കുകയായിരുന്ന മുഞ്ചിറ മഠത്തിൽ പുതിയ സ്വാമിയാർ അവരോധം കഴിഞ്ഞിട്ട്‌ അഞ്ച് വർഷം ആയിട്ടേയുള്ളൂ എങ്കിലും ആദ്യവർഷം മുതൽക്ക് തന്നെ തൃച്ചംബരത്ത് ഉത്സവത്തിന്ന് എത്തുന്ന പതിവ് തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരും മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാരുമായ ശ്രീ ശ്രീ പരമേശ്വരാനന്ദ ബ്രഹ്മാനന്ദ തീർത്ഥ സ്വാമികൾ ഇക്കുറിയും മുടക്കിയില്ല.

അത്യപൂർവ്വമായ നിരവധി പ്രത്യേകതകൾ നിറഞ്ഞ തൃച്ചംബരം ഉത്സവത്തിന്റെയും വിശേഷിച്ച് ഈ ക്ഷേത്രത്തിന്റേയും പൗരാണികതയെക്കുറിച്ചോ, ചരിത്രപരമായ പ്രാധാന്യങ്ങളെക്കുറിച്ചോ ആധികാരികമായ വിധത്തിലുള്ള പഠനങ്ങൾ ഇനിയും ഉണ്ടായിട്ടില്ല എന്നത്  വസ്തുതയാണു. വരും കാലങ്ങളിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ഈ വിഷയത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
Pudayoor Jayanarayanan

No comments:

Post a Comment