Friday, March 27, 2020

*🎼ഭാഷ്യപ്രഭ*
           *(10)*

*🎼ബ്രഹ്മസൂത്രം ആരംഭിക്കുന്നു*

ശ്രീ ശങ്കരഭഗവത്പാദരുടെ ബ്രഹ്മസൂത്രത്തിലെ ചതു:സൂത്രിയുടെ വിശദമായ ഭാഷാന്തരം)

      അരവിന്ദഗുരും വന്ദേ 
      വേദാന്തശിവരൂപിണം
      സച്ചിദാനന്ദമാത്മാനം
      സർവ്വാത്മകമനാമയം.

*🎼നീയും ഞാനും*

ചിന്തിക്കുന്ന ഒരാൾക്കു പ്രപഞ്ചാനുഭവത്തെ രണ്ടായി തിരിക്കാൻ കഴിയും. അറിയപ്പെടുന്ന വസ്തുക്കളും അറിയുന്നയാളും. അറിയപ്പെടുന്ന വസ്തുക്കളെയെല്ലാം നമുക്ക് നീ
എന്ന ശബ്ദം ചൊല്ലി വിളിക്കാം. ഞാൻ അല്ലാത്തതെല്ലാം നീ
എന്ന ആശയം ഈ ശബ്ദത്തിലൂടെ ധരിച്ചാൽ മതി.
അറിയുന്നയാളിനെ ഞാൻ എന്നും വിളിക്കാം. ഞാൻ അറിയുന്നുവെന്നാണല്ലോ എല്ലാവർക്കും അനുഭവം. നീ അറിയുന്നുവെന്ന് ആരും അനുഭവിക്കാറില്ല. ഞാനും നീയും കഴിഞ്ഞ് മൂന്നാമതെിരു പദാർത്ഥം ഈ പ്രപഞ്ചത്തിൽ കാണാനോ കേൾക്കാനോ ഇല്ലെന്നു തീർച്ച.

*🎼വിഷയവും വിഷയിയും*

നീ എന്ന ശബ്ദം കൊണ്ടർത്ഥമാക്കുന്ന ഞാനല്ലാത്ത എല്ലാ വസ്തുക്കളെയും നമുക്ക് വിഷയം ആയി കണക്കാക്കാം. വിഷയങ്ങളെ അറിഞ്ഞനുഭവിക്കുന്ന ഞാനിനെ വിഷയി'യായും കണക്കാക്കാം. വിഷയത്തോടു ബന്ധപ്പെടുന്നവൻ
വിഷയിയെന്നാണ് ശബദാർത്ഥം.
വിഷയവിഷയികൾക്ക്, പറയാവുന്ന പ്രസിദ്ധങ്ങളായ പേരുകൾ ഇനിയും പലതുണ്ട്.
വിഷയത്തെ ധർമ്മ മെന്നും വിഷയിയെ ധർമ്മിയെന്നും വിളിക്കാം. ധർമ്മം മറെറാന്നിനെ ആശയിച്ചു നിൽക്കുന്നത്. ധർമ്മി ധർമ്മത്തിന്നാശ്രയമരുളുന്നവൻ. വിഷയത്തിന് ദൃശ്യമെന്നും വിഷയിക്ക് ദൃക്കെന്നും പ്രസിദ്ധിയുണ്ട്. ദൃശ്യം കാണപ്പെടുന്നത്. ദൃക്ക് കാണുന്നവൻ. ഭോഗ്യമെന്നും
ഭോക്താവെന്നും കാര്യമെന്നും കർത്താവെന്നും ഒക്കെ വേണമെങ്കിൽ വിഷയവിഷയികളെ വിളിക്കാവുന്നതേയുളളു.

*🎼വിഷയവിഷയി സ്വഭാവം*

വിഷയവും വിഷയിയും ഇരുട്ടും വെളിച്ചവും പോലെ വിരുദ്ധപദാർത്ഥങ്ങളാണ്. ഒന്ന് ജഡം. മറ്റേത് ചേതനൻ. പുറമെ കാണപ്പെടുകയോ അറിയപ്പെടുകയോ ചെയ്യുന്നവയൊക്കെ ജഡങ്ങളാണല്ലോ. ജഡങ്ങളിൽ
ചേതനനുണ്ടെങ്കിൽത്തന്നെ പഞ്ചേന്ദ്രിയങ്ങൾകൊണ്ട് ചേതനനെ ആരും അനുഭവിക്കാറില്ല.
പഞ്ചേന്ദ്രിയങ്ങൾ കൊണ്ടനുഭവിക്കുന്ന ശബ്ദ സ്പർശ രൂപ രസ ഗന്ധങ്ങൾ ജഡങ്ങൾതന്നെ. കാണുകയും അറിയുകയും ചെയ്യുന്നയാൾ ചേതനനാകാതെ തരവുമില്ല. അറിവും കാഴ്ചയും ജഡത്തിനു സാദ്ധ്യമല്ല. അതുപോലെ ജഡം സ്വയം പ്രകാശിക്കാത്തതുകൊണ്ട് ഇരുട്ടാണ്. ചേതനൻ സ്വയം പ്രകാശിക്കുകയും മറ്റുളളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രകാശമാണ്. ജഡങ്ങൾക്കു ജനന പരിണാമ മരണങ്ങൾ കാണുന്നു. ചേതനനു ജനിക്കാനോ പരിണമിക്കാനോ മരിക്കാനോ സാധിക്കില്ല.

*🎼വിഷയവിഷയികൾ കൂടിക്കലരുമോ?*
 പ്രപഞ്ചഘടകങ്ങളായിക്കാണുന്ന വിഷയവിഷയികൾ ഇങ്ങനെ വിരുദ്ധ സ്വഭാവങ്ങളോടു കൂടിയവയാണെങ്കിൽ അവയ്ക്ക് അന്യോന്യം സമ്പർക്കം സാദ്ധ്യമല്ലല്ലൊ. ഒന്ന് മറെറാന്നിൽ നിന്ന് ഉണ്ടാകുന്നുവെന്നോ ഒന്നു മറെറാന്നുമായി കൂടിക്കലരുന്നുവെന്നോ പറയുക വയ്യാ. ഇരുട്ട് വെളിച്ചത്തിൽനിന്ന് ഉണ്ടാകുന്നുവെന്നോ വെളിച്ചം ഇരുട്ടിൽനിന്ന് ഉണ്ടാകുന്നുവെന്നോ പറയാൻ പാടില്ല. വാസ്തവത്തിൽ ഇരുട്ടും വെളിച്ചവും കൂടി കലരുന്നുവെന്നും പറയുന്നത്
ശരിയായിരിക്കുകയില്ല. ഇതു തന്നെയല്ലേ ജഡചേതനങ്ങളുടെയും സ്ഥിതി? ഇവയ്ക്ക് പരസ്പരബന്ധമൊന്നും സാധ്യമല്ലെങ്കിൽ ഇവയുടെ ധർമ്മങ്ങളും ഒന്നിന്റേതു മറെറാന്നിനുണ്ടാവുക സാധ്യമല്ലെന്നു തീർച്ച.
ജനനമരണാദിവികാരങ്ങൾ ഒരിക്കലും ചേതനനുണ്ടാകാൻ വയ്യാ. അതുപോലെ പ്രകാശവും അറിവും ജഡത്തിനും ഉണ്ടാകുന്നതല്ല. അപ്പോൾ ജഡചേതനങ്ങളായ വിഷയവിഷയികൾ ഒന്ന്
മറെറാന്നിൽനിന്ന് ഉണ്ടാവുകയോ കുടിക്കലരുകയോ ചെയ്യുന്നില്ലെന്നു
സർവ്വദാ സിദ്ധമായി.

*🎼അധ്യാസം*

അതുകൊണ്ട് ഞാൻ
എന്ന ശബ്ദം കൊണ്ടറിയപ്പെടുന്ന ജ്ഞാനസ്വരൂപനായ വിഷയിയിൽ നീ യെന്ന ശബ്ദം കൊണ്ടറിയപ്പെടുന്ന വിഷയത്തെയും അതിന്റെ ധർമ്മങ്ങളെയും വെറുതേ ഉണ്ടെന്നാരോപിച്ചിരിക്കുകയാണ്.
നേരേ തിരിച്ചും വിഷയിയേയും അതിന്റെ ധർമ്മങ്ങളെയും വിഷയത്തിലും വെറുതേ ഉണ്ടെന്നാരോപിച്ചിരിക്കുന്നു.
ഇതിനെയാണ് വേദാന്തി അധ്യാസം എന്നു പറയുന്നത്. ഈ അധ്യാസം അജ്ഞാനം കൊണ്ടുണ്ടായ ഒരു
ഭ്രമം മാത്രമാണ്. അതുകൊണ്ടിത് മിഥ്യയാണെന്ന് ഉചിതമായും തീരുമാനിക്കാം. വസ്തുബോധം വേണ്ടവിധമാകുമ്പോൾ മാറിമറയുന്ന തോന്നലാണ് മിഥ്യ.

(ശ്രീ ബാലകൃഷ്ണൻ സർ)

തുടരും...

No comments:

Post a Comment