Saturday, March 21, 2020

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് ശ്രീ തൃപ്രങ്ങോട് മഹാശിവക്ഷേത്രം. പുരാണ കഥകളുമായി ബന്ധപ്പെട്ട ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ തൃപ്രങ്ങോട് മഹാശിവക്ഷേത്രം. കാലസംഹാരമൂർത്തി സങ്കല്പത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഇവിടുത്തെ പ്രതിഷ്ഠ. കോഴിക്കോട് സാമൂതിരി രാജാവിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്

തൃപ്രങ്ങോടിന്റെ ദേശദേവതയായ ശിവനുമായി ബന്ധപ്പെട്ടാണ് തൃപ്രങ്ങോടെന്ന സ്ഥലനാമമുണ്ടായതെന്നു കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ട് വര്‍ണ്ണിക്കുന്നത് തൃപ്രങ്ങോടിനെയാണ്. പരക്രോഡം എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാൽ തൃപ്പാദംകോട് എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്.
തുപ്രന്‍, പറങ്ങോടന്‍ എന്നീ നാമങ്ങള്‍ ഭഗവാന്‍റെ നാമങ്ങളാണ്. ഈ നാമങ്ങളില്‍ നിന്നാവാം സ്ഥലത്തിന് തൃപ്രങ്ങോട് എന്ന പേര് ലഭിച്ചതെന്നും കരുതപ്പെടുന്നുണ്ട്.
ക്രോഡം എന്ന സംസ്കൃത പദത്തിൽ നിന്ന് കോട് എന്നുള്ള മലയളപദം ഉണ്ടായി. പരക്രോഡം ബഹുമാനസൂചകമായ തൃ എന്ന് കൂട്ടിച്ചേർത്തപ്പോൽ തൃപ്പരക്രോഡ് മായി. ഭാഷയിൽ അത് തൃപ്രങ്കോടും ഉച്ചാരണത്തിൽ തൃപ്രങ്ങോടും ആയിത്തീർന്നു എന്നും പറയുന്നു.

ഐതിഹൃം

പതിനെട്ട് പുരാണങ്ങളിൽ അതിപ്രസിദ്ധമായ മാർക്കണ്ഡേയപുരാണമാണ് ഈ ക്ഷേത്രത്തിന്‍റെ ഐതിഹൃം. പരശുരാമന്‍ പ്രതിഷ്ഠിച്ച ശ്രീമൂലസ്ഥാനം കൂടിയായ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ വടക്കുകിഴക്കേമൂലയിലുള്ള കാരണത്തിൽ ക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. അക്കാലത്ത് ഭാരതത്തിലെ താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ സംപ്രീതനായി പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു: 'എങ്ങനെയുള്ള മകനെ വേണം? ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ? ഭഗവാന്‍റെ ഈ പരീക്ഷണത്തില്‍ അവര്‍ ദു:ഖിതരായെങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ ബുദ്ധിമാനായ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ. വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. അവന്‍ അതീവ ശിവഭക്തനായി വളര്‍ന്നു. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാള്‍ എത്തി. തന്‍റെ പിറന്നാള്‍ ദിവസം അടുക്കുന്തോറും അതീവ ദു:ഖിതരായി കരഞ്ഞുകൊണ്ടിരിക്കുന്ന മാതാപിതാക്കളെ കണ്ട മാര്‍ക്കാണ്ഡേയന്‍ കാരൃമന്വേഷിക്കുകയും തന്‍റെ ആയുസ്സ് തീരാറായി എന്ന് മനസ്സിലാക്കുകയും ചെയ്തു. തന്‍റെ ജന്മത്തിന് അനുഗ്രഹം നല്‍കിയ ശിവന്‍ തന്നെ കാക്കുമെന്ന് മാര്‍ക്കാണ്ഡേയന് ഉറപ്പായിരുന്നു. അങ്ങനെ ദു:ഖത്തോടെ മാര്‍ക്കാണ്ഡേയന്‍ മാതാപിതാക്കളോട് യാത്ര പറഞ്ഞ് എത്രയും പെട്ടെന്ന് തൃപ്രങ്ങോട്ടപ്പനില്‍ അഭയം പ്രാപിക്കാന്‍ യാത്ര പുറപ്പെട്ടു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്തപ്പോള്‍ കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു.  പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്.
ആ സമയത്ത് മാര്‍ക്കാണ്ഡേയന്‍ തൃപ്രങ്ങോട്ടേക്കെത്തിയിരുന്നില്ല. ശ്രീ തിരുന്നാവായ നവാമുകുന്ദ ക്ഷേത്രപരിസരത്തെത്തിയതേ ഉണ്ടായിരുന്നുള്ളൂ. കാലനെ കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. സാക്ഷാല്‍ മഹാവിഷ്ണു അവിടെ പ്രതൃക്ഷപ്പെടുകയും കാലനെ പിന്തിരിപ്പിക്കാന്‍ തനിക്കാവില്ലെന്നും, ഉടനെ തൃപ്രങ്ങോട്ടപ്പനില്‍ അഭയം പ്രാപിക്കാനും അതുവരെ ജീവന്‍ നിലനിര്‍ത്താന്‍ താന്‍ സഹായിക്കാമെന്നും പറഞ്ഞു. തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.

നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. കല്ലുകളെറിയുന്തോറും കാലനില്‍ നിന്നുള്ള മാര്‍ക്കാണ്ഡേയന്‍റെ ദൂരം കൂടിവന്നു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.  ആലിനെ ചുറ്റിപോയാല്‍ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ ആല്‍മരം മാര്‍ക്കാണ്ഡേയന് വഴിയുണ്ടാക്കുവാന്‍ വേണ്ടി രണ്ടായി പിളര്‍ന്നു കൊടുത്തു. ആലിന് നടുവിലൂടെ ഓടി മാര്‍ക്കാണ്ഡേയന്‍ തൃപ്രങ്ങോട്ടപ്പന്‍റെ ശ്രീകോവിലിനുള്ളില്‍ കയറി ശിവലിംഗത്തില്‍ കെട്ടിപ്പിടിച്ചു.  കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി.ശിവലിംഗത്തില്‍ പാശം പതിച്ചതോടെ സാക്ഷാൽ പരമശിവൻ അവിടെ ഉദ്ഭവിച്ചു. അതീവ കോപാകുലനായി പ്രതൃക്ഷപ്പെട്ട ഭഗവാനെ കണ്ട് കാലന്‍ ഭയന്ന് വിറച്ചുകൊണ്ട് മാപ്പപേക്ഷിച്ചെങ്കിലും ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ് അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രകഥയുടെ ഐതിഹൃം.

വള്ളുവക്കോനാതിരിക്കുവേണ്ടി മാമാങ്കത്തിൽ പങ്കെടുത്തിരുന്ന ചാവേർ പണിക്കന്മാർ ചാകുംവരെ യുദ്ധം ചെയ്യുമെന്ന്‌ പ്രതിജ്ഞയെടുത്തിരുന്ന ക്ഷേത്രമാണ് തൃപ്രങ്ങോട്ട്‌ ശിവക്ഷേത്രം. . കാലസംഹാരമൂർത്തിയാണ് തൃപ്രങ്ങോട് ശിവക്ഷേത്ര പ്രതിഷ്ഠാ‌ സങ്കൽപ്പം. തിരുമാന്ധാംകുന്നിൽ ഭജനമിരുന്ന്‌ ചാവേർപണിക്കന്മാർ തൃപ്രങ്ങാട് ദേവസന്നിധിയിലേക്ക്‌ വരും. അവിടെവെച്ചാണ്‌ പ്രതിജ്ഞയെടുക്കുന്നത്‌. അതിനുശേഷം സാമൂതിരിയെ വധിക്കാൻ ക്ഷാത്രവ്യൂഹത്തിലേക്ക്‌ കടക്കും. ശേഷം സാമൂതിരിയുടെ പടയാളികളും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാണ് പടക്ക് പുറപ്പെടുക.

ആറേക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്രപ്പറമ്പാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിനുള്ളത്. പടിഞ്ഞാറുഭാഗത്തേയ്ക്കാണ് ക്ഷേത്രദർശനം. ക്ഷേത്രപ്പറമ്പിനെ ചുറ്റി വലിയ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. ക്ഷേത്രമതിലകത്ത് പടിഞ്ഞാറേ നടയിൽ ഒരു ചെമ്പുകൊടിമരമുണ്ട്. സാമാന്യം ഉയരമുള്ള കൊടിമരമാണിത്. ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റിക്കൊണ്ട് അത് ഉയർന്നുനിൽക്കുന്നു. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുരയാണ്. വലിയ ബലിക്കല്ലിനും സാമാന്യം വലിപ്പമുണ്ട്. കേരളത്തിൽ അത്യപൂർവ്വമായ ഗജപൃഷ്ഠാകൃതിയിൽ രണ്ടുനിലകളോടെ പണിതീർത്തതാണ് ഇവിടത്തെ ശ്രീകോവിൽ. ഇതില്‍ സ്വയംഭൂവായി സാക്ഷാല്‍ മൃുതൃുഞ്ജയേശന്‍ കുടി കൊള്ളുന്നു.

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രം. രാവിലെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകം നടക്കുന്നു. അഭിഷേകത്തിനുശേഷം മലർ നിവേദ്യമാണ്. തുടർന്ന് നടയടച്ച് ഉഷഃപൂജ നടത്തുന്നു. ആറേകാലിന് എതൃത്തപൂജയും ഗണപതിഹോമവും തുടർന്ന് ശീവേലിയുമാണ്. ശീവേലി കഴിഞ്ഞാൽ നവകാഭിഷേകവും തുടർന്ന് ശംഖാഭിഷേകവും  നടക്കുന്നു. ധാര നടത്തുന്നത് ശ്രീമൂലസ്ഥാനമായ കാരണത്തില്‍ ശ്രീകോവിലിലാണ്. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും നടത്തി പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാല് മണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് ഏഴേകാലോടെ അത്താഴപ്പൂജയും ഏഴരയോടെ അത്താഴശ്ശീവേലിയും തുടർന്ന് തൃപ്പുകയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

തൃപ്രങ്ങോട്ടപ്പന്‍റെ വാമഭാഗത്ത് ശ്രീപാര്‍വ്വതീ പ്രതിഷ്ഠയുണ്ട്. നാലമ്പലത്തിനകത്ത് ഗണപതിയും ദക്ഷിണാമൂര്‍ത്തിയും ഒരേ ശ്രീകോവിലിനകത്ത് കുടികൊള്ളുന്നു. ശ്രീകോവിലിന് മുന്‍പിലായുള്ള മണ്ഡപത്തില്‍ നന്ദികേശ്വരന്‍.
നാലമ്പലത്തിന് പുറത്ത് ശ്രീമൂലസ്ഥാനമായ കാരണത്തില്‍ ശിവന്‍റെ ശ്രീകോവിലില്‍ വലിയ ശിവലിംഗം ആണുള്ളത്. മൂന്ന് തൃപ്പാദങ്ങള്‍ മൂന്ന് ശ്രീകോവിലുകള്‍ക്കുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നൂ.  വേട്ടക്കൊരു മകന്‍റെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകളുള്ള ശ്രീകോവിലുകള്‍ കഴിഞ്ഞാല്‍, മാര്‍ക്കാണ്ഡേയ സ്മരണകളുണര്‍ത്തുന്ന വലിയ പേരാല്‍മരം. നാലമ്പലത്തിന്‍റെ തെക്കുഭാഗത്ത് അയ്യപ്പസ്വാമിയും തെക്ക് പടിഞ്ഞാറായി ഗോശാലകൃഷ്ണനും പ്രതൃേകം ശ്രീകോവിലുകളില്‍ കുടികൊള്ളുന്നൂ. രക്ഷസ്സിന്‍റെ പ്രതിഷ്ഠയും ഇവിടെയുണ്ട്. നാലമ്പലത്തിന്‍റെ വടക്കേ നടയില്‍ നവാമുകുന്ദനും കുടികൊള്ളുന്നൂ.

തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടുകള്‍ ശംഖാഭിഷേകവും ധാരയും മൃതൃുഞ്ജയഹോമവുമാണ്.
ക്ഷേത്രത്തിലെ തന്ത്രാധികാരം മാർക്കണ്ഡേയന്റെ പിന്മുറക്കാരെന്ന് പറയപ്പെടുന്ന കൽപ്പുഴ മനയിലെ വടക്കേടത്ത്, തെക്കേടത്ത് ശാഖകൾക്കാണ്. ഇവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ ശംഖാഭിഷേകം ധാര എന്നിവ നടത്തുന്നത്. ഇതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്: കാലസംഹാരത്തിനുശേഷം, മൃത്യുഞ്ജയഭഗവാൻ സ്വയം തണുപ്പിയ്ക്കുന്നതിന് വൃദ്ധവേഷത്തിൽ വന്ന് തെക്കുപടിഞ്ഞാറേമൂലയിലെ കുളത്തിൽ നിന്ന് വെള്ളമെടുത്ത് സ്വന്തം തലയിൽ ഒഴിച്ചുകൊണ്ടിരുന്നു. ഇത് കൽപ്പുഴ മനയ്ക്കലെ ഒരു ബാലൻ കാണാനിടയായി. താൻ സഹായിയ്ക്കണോ എന്ന് ചോദിച്ച ബാലനോട് ഭഗവാൻ ഇങ്ങനെ പറഞ്ഞു: 'ഇപ്പോൾ നീ സഹായിച്ചോളൂ. എപ്പോഴെങ്കിലും എന്നെ കണ്ടില്ലെങ്കിൽ ശ്രീലകത്ത് ജലം കൊണ്ട് അഭിഷേകം നടത്തണമെന്നും അതിനുള്ള തന്ത്രവിധികളും പറഞ്ഞുകൊടുത്ത ശേഷം അപ്രതൃക്ഷനായി. ഇന്നും ദിവസവും തന്ത്രിമാരുടെ നേതൃത്വത്തിൽ പന്തീരടിപൂജയ്ക്ക് ശംഖാഭിഷേകം നടത്തുന്നു. ഇതിന്റെ പൂജാവിധികളും മന്ത്രങ്ങളും തന്ത്രികുടുംബക്കാർക്കുമാത്രമേ അറിയൂ. പുലമുടക്കുള്ളപ്പോൾ മാത്രം ശംഖാഭിഷേകം നിർത്തിവയ്ക്കുന്നു. കാരണത്തിലപ്പന് ധാരയും വളരെ പ്രധാനമാണ്.

ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട് മഹാമൃത്യുഞ്ജയഹോമമാണ്. മേല്‍ശാന്തിയാണ് ഈ പൂജ ചെയ്യുന്നത്.  കാലാന്തകനായ ഭഗവാൻ കുടികൊള്ളുന്ന ഈ ശ്രീലകത്തെ മഹാമൃത്യുഞ്ജയഹോമത്തിന്, അതിനാൽത്തന്നെ കൂടുതൽ പ്രാധാന്യം കല്പിച്ചുവരുന്നു. ദീർഘായുസ്സും ആരോഗ്യവുമാണ് ഇതിന്റെ ഫലം.

തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം അതിപ്രശസ്തമാണ്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ശിവരാത്രി ആഘോഷത്തിന് വന്‍ ഭക്തജനത്തിരക്കനുഭവപ്പെടും.

ധനുമാസത്തിൽ തിരുവാതിര ആറാട്ടായി വരുന്ന എട്ടുദിവസം നീണ്ട് നില്‍ക്കുന്ന തിരുവാതിര മഹോല്‍സവം ഇവിടെ പ്രധാനമാണ്.

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ - തിരൂര്‍ (9 കി.മീ)
എയര്‍പോര്‍ട്ട് - കാലിക്കറ്റ് ടെര്‍മിനല്‍സ്.

ഫോണ്‍ നമ്പര്‍ - 0494 2566046
www.triprangodesivatemple.org

No comments:

Post a Comment